Wednesday 01 June 2022 09:47 AM IST : By സ്വന്തം ലേഖകൻ

കൈകൾ വിരിച്ച്, യാത്ര പറയും പോലെ അവസാന ചിത്രം...: ഒടുവിൽ പങ്കുവച്ചത് കൊൽക്കത്തയിലെ ചിത്രങ്ങൾ

kk-3

മരണത്തിലേക്ക് മറയും മുമ്പ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കെ.കെ പങ്കുവച്ചത് കൊൽക്കത്തയിലെ വേദിയിൽ താൻ പാടുന്നതിന്റെ ചില ചിത്രങ്ങളാണ്. നിറഞ്ഞ സദസ്സിനെ നോക്കി ഇരു കൈകളും വശങ്ങളിലേക്ക് വിടർത്തി കെ.കെ നിൽക്കുന്നതാണ് അതിൽ ഒന്ന്...കെ.കെ ഈ ലോകത്തിൽ നിന്നു മറഞ്ഞ ശേഷം ആ ചിത്രം കാണുമ്പോൾ അതൊരു യാത്ര പറച്ചിൽ പോലെ തോന്നുന്നു....

‘Pulsating gig tonight at Nazrul Mancha. Vivekananda College !! Love you all’.– ആ ചിത്രങ്ങൾക്കൊപ്പം കെ.കെ കുറിച്ചതിങ്ങനെ.

ഇന്നലെ കൊല്‍ക്കത്തയിലെ നസ്റുള്‍ മഞ്ചില്‍ ഒരു സംഗീത പരിപാടി കഴിഞ്ഞു ഹോട്ടലിലേക്കു മടങ്ങിയെത്തിയ കെ.കെയെ ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്നു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

53 വയസ്സില്‍ പാതിപാടിയ ഒരു പാട്ടു പോലെ അദ്ദേഹം ജീവിതം എന്ന വേദിയില്‍ നിന്നിറങ്ങിപ്പോയി...ആ ഞെട്ടലിലാണ് ഇന്ത്യൻ സിനിമാ–സംഗീത ലോകം.

ബോളിവുഡിലെ ജനപ്രിയ ഗായകനനും മലയാളിയുമാണ് കെ.കെ എന്ന കൃഷ്ണകുമാർ കുന്നത്ത്. ആൽബങ്ങളിലൂടെയും ജിംഗിളുകളിലൂടെയും സിനിമാഗാനങ്ങളിലൂടെയും സംഗീതപ്രേമികളുടെ ഹൃദയം കവർന്ന കെകെ തൃശൂർ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ൽ ഡൽഹിയിലാണു ജനിച്ചത്. പഠനകാലത്ത് സ്വന്തമായി റോക്ക് മ്യൂസിക് ഗ്രൂപ്പുണ്ടാക്കിയാണ് സംഗീത രംഗത്തേക്കുള്ള വരവ്. കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് മാർക്കറ്റിങ് എക്‌സിക്യൂട്ടീവായെങ്കിലും വൈകാതെ പരസ്യട്യൂണുകൾ മൂളി സംഗീതരംഗത്തേക്കു തിരികെയെത്തി.

മുംബൈയിലെത്തിയതോടെയാണ് കെ.കെ സംഗീത രംഗത്ത് സജീവമായത്. 3500ൽ അധികം ജിംഗിളുകളും ടെലിവിഷൻ സീരിയലുകൾക്കായി നിരവധി ഗാനങ്ങളും പാടി.

മാച്ചിസ് എന്ന ‌ചിത്രത്തിലെ ‘ഛോടായേ ഹം വോ ഗലിയാം....’ എന്ന ഗാനത്തോടെയാണ് കെകെ ശ്രദ്ധേയനായത്. ഹം ദിൽ ദേ ചുകെ സനം എന്ന ചിത്രത്തിലെ ‘തടപ് തടപ്’ എന്ന ഗാനവും തൂ ആഷികി ഹെ (ജങ്കാർ ബീറ്റ്‌സ്), ആവാര പൻ (ജിസം), ഇറ്റ്‌സ് ദ ടൈം ഫോർ ഡിസ്‌കോ (കൽ ഹോ നാ ഹോ) എന്നീ ഗാനങ്ങളും കെ.കെയെ താരമാക്കി.

എ.ആർ. റഹ്മാന്റെ സംഗീതത്തിൽ മിൻസാരക്കനവിൽ പാടിയാണു ദക്ഷിണേന്ത്യൻ സിനിമയിലേക്കു പ്രവേശിച്ചത്. വൈകാതെ തമിഴിലും തെലുങ്കിലും സ്‌ഥിരം ഗായകനായി. മലയാളത്തിൽ പുതിയ മുഖത്തിലെ ‘രഹസ്യമായ്’ അദ്ദേഹത്തിന്റെ ഹിറ്റ് ഗാനമാണ്.

1999ൽ പുറത്തിറങ്ങിയ ‘പൽ’ എന്ന ആൽബം കെകെയെ ഇൻഡി-പോപ്പ് ചാർട്ടുകളിൽ മുകളിലെത്തിച്ചു. രണ്ടാമത്തെ ആൽബം ഹംസഫറും വൻ തോതിൽ ആരാധകരെ നേടി. ഹിന്ദിയിൽ ക്യാ മുജെ പ്യാർ ഹെ (വോ ലംഹെ), ആംഖോം മെ തേരി (ഓം ശാന്തി ഓം), ഖുദാ ജാനെ (ബച്‌നാ ഏ ഹസീനോ), പിയ ആയേ നാ (ആഷിഖി 2), തൂഹി മേരെ ഷബ് ഹെ (ഗാങ്സ്റ്റർ), തൂനെ മാരി എൻട്രിയാൻ (ഗൂണ്ടേ) തുടങ്ങിയ ഗാനങ്ങളും തമിഴിൽ സ്ട്രോബറി കണ്ണേ (മിൻസാര കനവ്), അപ്പടി പോട് (ഗില്ലി), ഉയിരിൻ ഉയിരേ (കാക്ക കാക്ക) എന്നിവയും കെകെയുടെ ഹിറ്റ് ലിസ്റ്റിൽ പെടുന്നു. 5 തവണ ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പെപ്സിയുടെ ‘യേ ദിൽ മാംഗേ മോർ’ കെകെ പാടിയ പരസ്യചിത്രഗാനമാണ്.

ജ്യോതിയാണ് ഭാര്യ. മകൻ നകുൽ കെകെയുടെ ആൽബമായ ഹംസഫറിൽ പാടിയിട്ടുണ്ട്.