Saturday 30 July 2022 11:29 AM IST : By വി.എൻ രാഖി

‘പരാതിയോ പരിഭവമോ ഇല്ല, വല്ലാത്ത വിഷമവും പ്രതിഷേധവുമുണ്ട് താനും’: ‘ദേവദൂതർ...’ തരംഗമാകുമ്പോൾ ലതിക പറയുന്നു...

lathika

1985ൽ മമ്മൂട്ടിയും സരിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌, ഭരതൻ സംവിധാനം ചെയ്ത ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ‘ദേവദൂതർ പാടി...’ എന്നാരംഭിക്കുന്ന ഗാനം മലയാളത്തിലെ ക്ലാസിക്ക് ഹിറ്റാണ്. ഇപ്പോഴിതാ, ഒ.എൻ‍.വി. കുറുപ്പ് രചിച്ച്‌, ഔസേപ്പച്ചൻ ഈണം നൽകിയ ആ സൂപ്പർ ഹിറ്റ്‌ ഗാനം വീണ്ടും വെള്ളിത്തിരയിൽ. കുഞ്ചാക്കോ ബോബൻ നായകനായി, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ്‌ കൊട്‌’ എന്ന ചിത്രത്തിലാണ് പാട്ട് വീണ്ടും ഉപയോഗിച്ചിരിക്കുന്നത്. പാട്ടും ചാക്കോച്ചന്റെ നൃത്തവും ഇതിനോടകം സോഷ്യല്‍ മീഡിയയിൽ വൈറലാണ്.

ഇപ്പോഴിതാ, ‘ദേവദൂതർ പാടി...’ മുപ്പത്തിയേഴ് വർഷങ്ങൾക്കു ശേഷം തരംഗമാകുമ്പോള്‍, പാട്ടിന്റെ ആദ്യരൂപത്തിൽ സാന്നിധ്യമായതിന്റെ അനുഭവങ്ങൾ ‘മനോരമ ഓൺലൈനിൽ’ പങ്കുവച്ചിരിക്കുകയാണ് ഗായിക ലതിക.

‘‘ഭരതേട്ടന്‍ ഒരുപാട് അധ്വാനിച്ചും ബുദ്ധിമുട്ടിയും ചെയ്ത സിനിമയാണ് കാതോട് കാതോരം. അദ്ദേഹത്തിന്റെ പേര് എവിടെയും പരാമര്‍ശിക്കപ്പെടുന്നില്ല. ഭരതേട്ടനുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്ന് സംഭവിക്കുമോ എന്നറിയില്ല’’. – ലതിക പറയുന്നു.

‘‘പുതിയ പാട്ടിന് ഇത്രയും സ്വീകാര്യത കിട്ടുമ്പോഴും അതിലെവിടെയും നമ്മുടെ പേരുകള്‍ പരാമര്‍ശിക്കപ്പെടുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. പാട്ടിന്റെ ഭംഗി നഷ്ടപ്പെടാതെ നല്ലരീതിയില്‍ അത് സിനിമയില്‍ ഉപയോഗിച്ചതിലും ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍ നമുക്കൊരു സന്തോഷം തോന്നുന്നതിലും ഭരതേട്ടനെപ്പോലൊരു സംവിധായകന്റെ കൂടി പങ്കുണ്ട്. അപ്പോള്‍ അദ്ദേഹത്തെയും ഓര്‍ക്കേണ്ടതല്ലേ? ദാസേട്ടന്റെ സോളോ അല്ല, എന്നിട്ടും ഒഎന്‍വി സര്‍, ഔസേപ്പച്ചന്‍, ദാസേട്ടന്‍– മൂന്നുപേരുടെ പേരാണ് കൊടുത്തിരിക്കുന്നത്. അതില്‍ ഫീമെയില്‍ വോയ്‌സ് നല്ലപോലെ കേള്‍ക്കാമല്ലോ. ദാസേട്ടന്റെ ശബ്ദമായിത്തോന്നുന്നുണ്ടോ അതും? ഗാനത്തിന്റെ ചുവട്ടില്‍ 'പഴയ ദേവദൂതരും കേള്‍ക്കുന്നു' എന്നും സരിതയുടെ ഭാവാഭിനയത്തെക്കുറിച്ചു വരെയും കമന്റ്‌സ് കാണുന്നു. വിരലിലെണ്ണാവുന്നവരേ എന്റെ പേര് പരാമര്‍ശിക്കുന്നുള്ളൂ. പരാതിയോ പരിഭവമോ ഇല്ല. വല്ലാത്ത വിഷമവും പ്രതിഷേധവുമുണ്ട് താനും. ഇത്തരം അവഗണനകള്‍ പണ്ടു മുതലേ ഞാന്‍ അനുഭവിച്ചു വരുന്നതാണല്ലോ. കുറേ ആയപ്പോള്‍ അത് ശീലമായി. അങ്ങനെ മാറ്റി നിര്‍ത്താനുള്ളൊരാളാക്കി എല്ലാവരും എന്നെ. ഒന്നിനും പ്രതികരിച്ചിട്ടില്ല, പ്രതികരിക്കാറുമില്ല. ഒരാള്‍ എന്നെ വിളിച്ചു ചോദിച്ചു, പാട്ട് ഭയങ്കര വൈറല്‍ ആണല്ലോ ടീച്ചറേ, പക്ഷേ, ടീച്ചറുടെ പേര് വയ്ക്കാത്തതെന്താ എന്ന്. എന്താണ് പറയേണ്ടത് ?’’.– ലതിക ചോദിക്കുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം