Tuesday 14 July 2020 04:24 PM IST

‘ഇജ്ജാതി നിങ്ങടെ പാട്ട്....’; ജാതിക്കാത്തോട്ടം ഒരു വർഷം പിന്നിടുന്നതിന്റെ വിശേഷങ്ങളുമായി സംഗീതസംവിധായകൻ ജസ്റ്റിൻ വർഗീസ്

Nithin Joseph

Sub Editor

justin1

‘ഈ ജാതിക്കാത്തോട്ടം...ഇജ്ജാതി നിന്റെ നോട്ടം,’ കേരളത്തിന്റെയും ഇന്ത്യയുടെയും അതിർത്തികൾ താണ്ടി യൂറോപ്പിലും അമേരിക്കയിലും വരെ വൈറലായ സൂപ്പർഹിറ്റ് പാട്ടിന് ഒരു വയസ്സ് തികഞ്ഞിരിക്കുകയാണ്. സൈലന്റായി തിയറ്ററുകളിലെത്തി വയലന്റായി കലക്‌ഷൻ നേടി കോടികൾ കൊയ്ത തണ്ണീർമത്തൻ ദിനങ്ങളിലെ സൂപ്പർഹിറ്റ് ഗാനം ഒരുക്കിയത് ജസ്റ്റിൻ വർഗീസ് എന്ന യുവസംഗീതസംവിധായകനാണ്. യൂട്യൂബിൽ മാത്രം 23 മില്യൺ ആളുകളാണ് ഇതുവരെ പാട്ട് കണ്ടത്. ‘ജാതിക്കാത്തോട്ടം’ പിറന്നതിന്റെ ഒന്നാം വാർഷികത്തിൽ സംഗീതസംവിധായകൻ ജസ്റ്റിൻ വനിത ഓൺലൈനിനോട് സംസാരിക്കുന്നു, മലയാളിയുടെ പ്രിയ ഗാനത്തിന്റെ ‘ഭൂതവും ഭാവിയും വർത്തമാനവും.’

വൻവിജയത്തിന്റെ വാർഷികം. സന്തോഷമോ സമ്മർദമോ കൂടുതൽ?

ജാതിക്കാത്തോട്ടം ഇറങ്ങി ഒരു വർഷം പിന്നിടുമ്പോൾ സന്തോഷത്തിനൊപ്പം ചെറിയൊരു പേടിയുമുണ്ട്. മലയാളികളെല്ലാം ഏറ്റെടുത്ത് ഹിറ്റാക്കിയ പാട്ടാണത്. ഇനി ഞാൻ എത്ര പാട്ട് ചെയ്താലും ആളുകൾ ആ ലെവൽ പ്രതീക്ഷിക്കും. ചിലരൊക്കെ എന്നോട് ‘ജസ്റ്റിന്റെ സ്‌റ്റൈലിലുള്ള പാട്ട് വേണം’ എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നതും ജാതിക്കാത്തോട്ടമാണ്. സത്യത്തിൽ ജാതിക്കാത്തോട്ടം കംപോസ് ചെയ്യുന്ന സമയത്ത് ഞാൻ സംവിധായകൻ ഗിരീഷിനോടും പറ‍ഞ്ഞത് ‘നമ്മളൊരു വെറൈറ്റി പാട്ട് ചെയ്യുന്നു എന്ന് മാത്രം കരുതിയാൽ മതി. അല്ലാതെ, വലിയ ഹിറ്റൊന്നും ആകുമെന്ന പ്രതീക്ഷ വേണ്ട.’ എന്നാണ്. ആളുകൾക്ക് എന്താണ് ഇഷ്ടപ്പെടുന്നതെന്ന് നമുക്ക് അറിയില്ലല്ലോ. പക്ഷേ, പാട്ട് ക്ലിക്കായി.

ഇത്ര വലിയ ഹിറ്റാകുമെന്ന് തീരെ പ്രതീക്ഷിച്ചില്ലേ?

ഈ പാട്ടിനുള്ള വിഷ്വൽസെല്ലാം ഷൂട്ട് ചെയ്തതിനു ശേഷമാണ് ഞാൻ പാട്ട് കമ്പോസ് ചെയ്തത്. പാട്ട് കേട്ടയുടൻ സിനിമയുടെ നിർമാതാവും ക്യാമറാമാനുമായ ജോമോൻ ടി ജോണ്‍ മികച്ച അഭിപ്രായം പറഞ്ഞു. പടം ഇറങ്ങുമ്പോൾ ഈ പാട്ട് ഉറപ്പായിട്ടും വൻ ഹിറ്റാകും, അന്നേരം വിഷ്വൽസ് മോശമാകരുത്. അതുകൊണ്ട് നമുക്ക് കുറച്ചുകൂടി വിഷ്വൽസ് വേണമെന്ന് പറഞ്ഞ് വീണ്ടും ഷൂട്ട് ചെയ്യുകയായിരുന്നു. അപ്പോഴും എനിക്ക് ടെൻഷൻ ആയിരുന്നു. ‘ചേട്ടാ, അധികം പ്രതീക്ഷയൊന്നും വയ്ക്കണ്ട കേട്ടോ എന്നായിരുന്നു’ എന്റെ ഡയലോഗ്. എന്തായാലും ഞങ്ങൾ പുതിയ വിഷ്വൽസ് ഒക്കെയായിട്ട് പാട്ടങ്ങ് കളറാക്കി മാറ്റി. സുഹൈൽ എഴുതിയ വരികൾക്കൊപ്പിച്ച് ജാതിക്കാത്തോട്ടത്തിൽ വച്ചുള്ള മനോഹരമായ സീനുകളൊക്കെ അങ്ങനെ സംഭവിച്ചതാണ്.

justin2

പാട്ടിനൊപ്പം പടവും ബമ്പർഹിറ്റാകുമെന്ന് വിചാരിച്ചിരുന്നോ?

ഗിരീഷ് എന്നോട് കഥ പറയുന്ന സമയത്ത് തുടക്കം മുതൽ ഒടുക്കംവരെ ഞാൻ ഒരുപാട് ചിരിച്ചു. ഇതുവരെ ആരും കേൾക്കാത്ത വമ്പൻ കഥയൊന്നുമല്ല ഈ പടത്തിന്റേത്. പക്ഷേ, എല്ലാവരെയും രസിപ്പിക്കാൻ പോന്നതാണ്. ഗിരീഷിന്റെ കഥപറച്ചിൽ കേൾക്കാൻ ഭയങ്കര രസമാണ്. ആദ്യ ഷെഡ്യൂളിന്റെ ഷൂട്ട് കഴിഞ്ഞപ്പോൾ ഞങ്ങൾ എല്ലാ സീനുകളും സ്റ്റൂഡിയോയിൽവച്ച് കണ്ടു. അതുവരെ ഉണ്ടായിരുന്ന കോൺഫിഡൻസെല്ലാം ആ നിമിഷം പോയി. മൊത്തത്തിൽ ഒട്ടം രസം തോന്നുന്നില്ല, വളരെയധികം ലാഗ്, അങ്ങനെ എന്തൊക്കെയോ പ്രശ്നങ്ങൾ. ചെറുതായിട്ട് പണി പാളിയോ എന്നൊരു സംശയം തോന്നി. പക്ഷേ, എഡിറ്റിങ്ങൊക്കെ കഴിഞ്ഞപ്പോൾ ഹാപ്പിയായി. പിന്നങ്ങോട്ട് പൊസിറ്റീവായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഡബിൾ അല്ല, ട്രിപ്പിൾ സന്തോഷമാണ് തണ്ണീർമത്തൻ ദിനങ്ങളിലൂടെ കിട്ടിയത്. പാട്ട് സൂപ്പർ ഹിറ്റായി. പടം ഹിറ്റായി, ഇതൊന്നും പോരാഞ്ഞിട്ട് 50 കോടി കലക്‌ഷനും നേടി.

സംഗീതസംവിധായകനായ കഥ?

ചൈന്നൈയില്‍ സൗണ്ട് എൻജിനീയറിങ് പഠിക്കുന്ന സമയത്ത് ലഭിച്ച സുഹൃത്തുക്കളാണ് തൈക്കൂടം ബ്രിഡ്ജിലെ ഗോവിന്ദ് മേനോനും വിപിൻ ലാലും. അവരാണ് എന്നെ മ്യൂസിക് പ്രോഗ്രാമിങ്ങൊക്കെ പഠിച്ചത്. അതിനു ശേഷം സംഗീതസംവിധായകരായ ഗോപി സുന്ദർ, അൽഫോൺസ് ജോസഫ്, ബിജിബാൽ എന്നിവരെ അസിസ്റ്റ് ചെയ്തു. ബിജിച്ചേട്ടന്റെ കൂടെ സ്ഥിരമായിട്ട് നിന്നു. നൂറിലധികം സിനിമകളിൽ പ്രവർത്തിക്കാൻ സാധിച്ചു.

‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യുടെ സംവിധായകൻ അൽത്താഫിനെ കണ്ടുമുട്ടിയത് ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. ഞങ്ങൾ പരിചയപ്പെട്ട് കുറച്ച് നാളുകൾക്കു ശേഷമാണ് അൽത്താഫിന്റെ സിനിമ ഓണ്‍ ആകുന്നത്. സ്വന്തമായി ഒരു സിനിമയ്ക്ക് സംഗീതം ചെയ്യാനുള്ള കോൺഫിഡൻസൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. പ്രേമവും വടക്കൻ സെൽഫിയുമെല്ലാം ഹിറ്റായി, നിവിൻ പോളി സൂപ്പർതാരമായി തിളങ്ങുന്ന സമയത്താണ് ഈ സിനിമ പ്ലാൻ ചെയ്യുന്നത്. ഉത്തരവാദിത്തം വലുതാണ്. പക്ഷേ, അൽത്താഫിന്റെ പടം എന്ന ഒറ്റക്കാരണംകൊണ്ട് ഞാൻ ഓകെ പറഞ്ഞു.

ബിജിച്ചേട്ടൻ എനിക്ക് ഗുരുസ്ഥാനീയനാണ്. ഞാൻ ഓരോ പാട്ടും ചെയ്തതിനു ശേഷം ബിജിച്ചേട്ടനെ കേൾപ്പിക്കാറുണ്ടോയെന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ, എനിക്കിപ്പോഴും അതിനുള്ള ധൈര്യമില്ല. പാട്ട് കേട്ടിട്ട് ഇഷ്ടമായില്ലെന്ന് പറയുമോയെന്ന പേടിയാണ് എപ്പോഴും മനസ്സിൽ. ജാതിക്കാത്തോട്ടം പാടിയിരിക്കുന്നത് സൗമ്യ രാമകൃഷ്ണനും ബിജിച്ചേട്ടന്റെ മോൻ ദേവദത്തും ചേർന്നാണ്. അതുകൊണ്ട് ആ പാട്ട് മാത്രം ചേട്ടന്‍ നേരത്തെ കേട്ടു.

മറക്കാനാവാത്ത അഭിനന്ദനങ്ങളെക്കുറിച്ച്?

ചില പാട്ടുകൾ വൈറലാകുമ്പോൾ ആളുകൾ അതു വച്ച് ടിക്ടോക് വിഡിയോകളൊക്കെ ചെയ്യുന്നത് കണ്ടിട്ടില്ലേ. പണ്ട് ഞാനും വിചാരിച്ചിട്ടുണ്ട്, എന്റെയൊരു പാട്ട് എന്നെങ്കിലും ഇതുപോലെ ഹിറ്റായിരുന്നെങ്കിൽ എന്ന്. ജാതിക്കാത്തോട്ടം വന്നതോടെ ആ ആഗ്രഹം സഫലമായി. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പാട്ടിനെ ആഘോഷമാക്കി. വിദേശികൾ പോലും ജാതിക്കാത്തോട്ടം പാടുന്ന ധാരാളം വിഡിയോകൾ ഇറങ്ങി. ട്രോളൻമാരും വിട്ടില്ല, നിറയെ ട്രോൾ വിഡിയോകൾ വന്നു.

ഇതുവരെ ചെയ്തതിൽ ഏറ്റവും ഹിറ്റായത് ജാതിക്കാത്തോട്ടമാണെങ്കിലും സംഗീതമേഖലയിൽനിന്ന് കൂടുതൽ‌ അഭിനന്ദനം കിട്ടിയത് ആദ്യസിനിമയായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യിലെ ‘നനവേറെ തന്നിട്ടും’ എന്ന പാട്ടിനാണ്. പാട്ട് കേട്ട ബിജിച്ചേട്ടൻ ‘കൊള്ളാം’ എന്ന് പറഞ്ഞു. എനിക്കത് ഓസ്കറിനു തുല്യമാണ്. ‘ഈയടുത്ത് കേട്ടതിൽ ഏറ്റവും മികച്ച പാട്ട്’ എന്നാണ് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. ‘വളരെ മനോഹരമായ പാട്ട്. ഇത് ആരാണ് ചെയ്തതെന്ന് അറിയില്ല’ എന്നായിരുന്നു പ്രശസ്ത ഗായകൻ ശ്രീനിവാസിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ഞാൻ അതിനു താഴെ കമന്റ് ചെയ്തു, ‘സാർ, ഞാനാണ് ആ പാട്ട് ചെയ്തത്.’ അങ്ങനെ ഒരുപാട് പേരുടെ നല്ല വാക്കുകൾ കേൾക്കാൻ സാധിച്ചു.

എറ്റവും പ്രിയപ്പെട്ട സംഗീതസംവിധായകൻ?

ഏറെ ഇഷ്ടമുള്ള ഒരുപാട് പേരുള്ളതുകൊണ്ട് ഒരാളുടെ പേര് പറയാൻ ബുദ്ധിമുട്ടാണ്. വിദ്യാസാഗർ സാറിന്റെ പാട്ടുകൾ പ്രിയപ്പെട്ടതാണ്. പിന്നെ, ഔസേപ്പച്ചൻ സാർ, എ.ആർ റഹ്മാൻ, അങ്ങനെ ലിസ്റ്റ് നീണ്ടുപോകും.

താങ്കളുടെ സംഗീതത്തിൽ പാടികേൾക്കണമെന്ന് ആഗ്രഹമുള്ള ഗായകൻ/ഗായിക?

ഒരിക്കലും യാഥാർഥ്യമാകില്ലെന്ന് ഉറപ്പുള്ള ആഗ്രഹമാണത്. എനിക്കേറെ ഇഷ്ടമുള്ള ഗായികയാണ് സ്വർണലത. അവരുടെ ശബ്ദത്തിൽ ഞാൻ ഈണം നൽകിയ പാട്ട്, അതൊരു വലിയ ആഗ്രഹമായി എന്നും മനസ്സിലുണ്ട്.

സന്തുഷ്ട കുടുംബത്തെക്കുറിച്ച്?

വിവാഹിതനാണ്. ഭാര്യ മീര അധ്യാപികയാണ്. ഒരു മകളുണ്ട്, പേര് തൻവി. എന്റെ പാട്ടിന്റെ ഏറ്റവും വലിയ ഫാൻ അവളാണ്. ഞാൻ ചെയ്തിട്ടുള്ള പാട്ടുകളിൽ ഏറ്റവുമിഷ്ടം ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യിലെ ‘എന്താവോ എന്ന പാട്ടാണെന്ന് സ്ഥിരം പറയുമായിരുന്നു. പക്ഷേ ദാ, ഇപ്പോ ചുമ്മാതൊന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ‘ജാതിക്കാത്തോട്ടം’ എന്ന്. ഇനി നാളെ ഏത് പറയുമെന്ന് നോ ഐഡിയ. അങ്കമാലിയ്ക്കടുത്ത് കറുകുറ്റിയാണ് സ്വദേശം. അപ്പന്റെ പേര് വർഗീസ്. അമ്മ മേരി. പിന്നെയുള്ളത് ഒരനിയനാണ്, പേര് ജെയ്സൺ.

ഭാവിപരിപാടികൾ എന്തൊക്കെയാണ്?

ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത് ആന്റണി വർഗീസ് നായകനാകുന്ന ‘അജഗജാന്തര’ത്തിന്റെ ബാക്ഗ്രൗണ്ട് സ്കോർ ചെയ്യുന്നത് ഞാനാണ്. അതിനു ശേഷം വരാനുള്ളത് തണ്ണീർമത്തൻ ടീമിന്റെ രണ്ട് സിനിമകളാണ്. തണ്ണീർമത്തന്റെ സംവിധായകൻ ഗിരീഷിന്റെയും തിരക്കഥാകൃത്ത് ഡിനോയ് പൗലോസിന്റെയും പടങ്ങൾ. കൂടാതെ, തണ്ണീർമത്തൻ ദിനങ്ങൾ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്. തമിഴ് പതിപ്പിന്റെ സംഗീതം ചെയ്യുന്നതും ഞാൻ തന്നെ. അതിനു ശേഷം വരാനുള്ളത് ഒരു സ്വപ്നസാക്ഷാത്കാരമാണ്. എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കുറെ ഫൈറ്റൊക്കെയുള്ള ഒരു മാസ് പടത്തിന് സംഗീതം ചെയ്യണമെന്ന്. അത് യാഥാർഥ്യമാക്കിക്കൊണ്ട്, നിവിൻ പോളിയുടെ അടുത്ത സിനിമയ്ക്കും സംഗീതം നൽകാനുള്ള അവസരം വന്നിരിക്കുകയാണ്. ഒഫീഷ്യൽ അനൗൺസ്മെന്റ് ഉടനെ ഉണ്ടാകും. ബാക്കിയെല്ലാം വഴിയേ അറിയാം.

Tags:
  • Movies