Saturday 21 November 2020 04:27 PM IST

പത്ത് വയസ്സുകാരൻ സംഗീതസംവിധായകനും ഗായികയും ചേർന്നൊരുക്കിയ ഗാനം ; പ്രശംസ നേടി ‘ചങ്ങാതിക്കൂട്ടം’

V N Rakhi

Sub Editor

gggfgd

പത്ത് വയസ്സുകാരൻ അഭ്യുദയ് കൃഷ്ണയുടെ ഈണത്തിൽ പത്ത് വയസ്സുകാരി സനിഗ സന്തോഷ് പാടിയ കുട്ടിപ്പാട്ടിന് സംഗീതലോകത്തിന്റെ പ്രശംസ

ചങ്ങാതിക്കൂട്ടം കേറും ചെമ്മാനത്തേരിൽ

ചെമ്മേയീ ലോകം പായും വേഗം കാണാനായ്...

നാമെന്നും ഒന്നായി ചേരും കാലം വന്നീടും

നാടാകെ പന്തലൊരുക്കാൻ നമ്മൾ ചേർന്നീടും...

ഓരോ വരിയും വായിച്ച് പത്ത് വയസ്സുകാരൻ അഭ്യുദയ് കീബോർഡിലെ കീസിൽ വിരലുകളോടിച്ചു. വരികളെ നോവിക്കാത്ത ഈണമായി അത് മാറി! സംഗീതത്തിന്റെ നൊട്ടേഷനുകൾ വശമില്ലല്ലോ, ഈണമെങ്ങനെ എഴുതിവയ്ക്കും? അപ്പോഴാണ് അവൻ അതോർത്തത്. പോംവഴിയും അവൻ തന്നെ കണ്ടെത്തി. വരികളോരോന്നും പാടി അതിനൊപ്പം കീബോർഡിൽ വായിച്ച് അച്ഛന്റെ മൊബൈലിൽ റെക്കോർഡ് ചെയ്ത് അച്ഛനെ കേൾപ്പിച്ചു. ശ്രുതിയിലും ടൈമിങ്ങിലുമുള്ള ചെറിയ ചെറിയ പ്രശ്നങ്ങൾ അച്ഛൻ പറഞ്ഞുകൊടുത്തപ്പോൾ അവനതെല്ലാം ശരിയാക്കി. അച്ഛനെക്കൊണ്ടു തന്നെ ട്രാക്കും പാടിച്ചു. വെറുതെ തോന്നുന്ന ഈണങ്ങളൊക്കെ മൂളിനോക്കാറുണ്ടെങ്കിലും താൻ ആദ്യമായി ഈണമിട്ടൊരു മുഴുനീളഗാനം ഇത്രയും വലിയൊരു പ്രോജക്റ്റ് ആകുമെന്നോ ആളുകൾ ശ്രദ്ധിക്കുമെന്നോ അവനപ്പോൾ കരുതിയതേയില്ല! ഈ ചെറുപ്രായത്തിൽ സംഗീതസംവിധായകൻ എന്നൊക്കെ പറഞ്ഞു കേൾക്കുമ്പോൾ അത്ര ചെറുതല്ലാത്ത സന്തോഷമുണ്ട് അഭ്യുദയ് കൃഷ്ണ എന്ന കൊച്ചു മിടുക്കന്.

ഇക്കഴിഞ്ഞ ശിശുദിനത്തിൽ സംഗീതസംവിധായകൻ എം. ജയചന്ദ്രന്റെ എഫ്ബി പേജിലൂടെ റിലീസ് ചെയ്ത, അഭ്യുദയ് ഈണമിട്ട ഗാനത്തിന് നല്ല സ്വീകരണമാണ് സമൂഹമാധ്യമങ്ങളിൽ കിട്ടുന്നത്. ഫെയ്സ്ബുക്കിലെ പാട്ടിലൂടെ വൈറൽ ഗായികയായിത്തീർന്ന പത്തുവയസ്സുകാരി സനിഗ സന്തോഷ് ആണ് ഗാനം പാടിയിരിക്കുന്നത്.

‘‘ എന്റെ ചെറിയച്ഛന്റെ ചങ്ങാതി ജ്യോതിഷ് കാശി അങ്കിളിന്റേതാണ് വരികൾ. തൃശൂരിലെ കുട്ടികളുടെ കൂട്ടായ്മയായ അപ്പൂപ്പൻതാടിക്കു വേണ്ടി അങ്കിൾ നേരത്തേ എഴുതി വച്ച വരികളാണിത്. ഞാൻ മുമ്പ് ചെയ്ത ചില ട്യൂണുകൾ അങ്കിൾ കേട്ട് ഇഷ്ടപ്പെട്ടാണ് ഈ വരികൾ എനിക്ക് ട്യൂൺ ചെയ്യാൻ തരുന്നത്. വേഗം തന്നെ ട്യൂൺ കിട്ടി. അച്ഛൻ ചില തെറ്റുകളൊക്കെ തിരുത്തിത്തന്നു. ഓർക്കസ്ട്ര അറേഞ്ച് ചെയ്തത് സംഗീതസംവിധായകൻ അൽഫോൺസ് അങ്കിളിന്റെ സഹോദരൻ കെ ജെ ജോമോൻ അങ്കിളാണ്. അദ്ദേഹവും ഉപകരണങ്ങൾ വായിച്ച എല്ലാവരും ബിജിഎം ചെയ്യാൻ ഒരുപാട് സഹായിച്ചു. ആദ്യം ഞാൻ ഇട്ട ട്യൂൺ കുറച്ച് വ്യത്യാസമുണ്ടായിരുന്നു. ഇവരുടെയെല്ലാം അഭിപ്രായം കൂടി കേട്ട് മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോൾ കേൾക്കുന്ന ട്യൂൺ ഉണ്ടായത്. ’’ ഈണത്തിന്റെ പിറവിയെക്കുറിച്ച് അഭ്യുദയ് പറഞ്ഞു.

സുമേഷ് പരമേശ്വർ (ഗിറ്റാർ), റൈസൺ മുട്ടിച്ചുക്കാരൻ(ഫ്ലൂട്ട് ആൻഡ് സാക്സഫോൺ), പി.കെ. സുനിൽകുമാർ(തബല), എന്നിവരും ഗാനത്തിന്റെ ഭാഗമാണ്. നല്ല ഗാനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആകാശ് പ്രകാശ് മ്യൂസിക് ആൻഡ് എന്റർെടയ്ൻമെന്റ്സ് ചാനലാണ് വിഡിയോ സോങ് നിർമിച്ചത്. പ്രകാശ് നായർ ആണ് നിർമാതാവ്. സജി ആർ(മിക്സിങ് ആൻഡ് മാസ്റ്ററിങ്), ദീപേഷ് പടശ്ശേരി(എഡിറ്റിങ്), റഫീക് റഹീം(ഛായാഗ്രഹണം)എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നു.

സ്വകാര്യ കോളജിൽ അധ്യാപകനും കലാകാരനുമായ വിപുൽ സൃഷ്ടിയുടെയും കേന്ദ്രീയവിദ്യാലയത്തിൽ അധ്യാപികയായ ചിന്നുവിന്റെയും മകനായ അഭ്യുദയ് തൃശൂർ കുരിയച്ചിറ സെന്റ് ജോസഫ്സ് മോഡൽ ഹയർസെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.

Tags:
  • Movies