ഭിന്ന ലൈംഗികതയുടെ ഭാവങ്ങളെ കർണാടക സംഗീതത്തിന്റെ പ്രൗഢ സുന്ദര ആലാപന ഭംഗിയോട് ചേർത്തു വച്ചു തികച്ചും വ്യത്യസ്തമായ ആൽബം ഒരുക്കിയിരിക്കുകയാണ് കർണാടക സംഗീതജ്ഞയും ഐ ടി പ്രഫഷണലുമായ രേണുക അരുൺ. മാരവൈരി രമണി എന്ന കീർത്തനത്തിന്റെ പശ്ചാത്തലത്തിൽ ആധുനികത നിറഞ്ഞ ദൃശ്യ ഭംഗിയിൽ ഭിന്ന ലൈംഗികതയുടെ സ്ത്രീ മുഖം കോറിയിടുന്നു രേണുകയുടെ മാര വൈരി രമണി എന്ന ആൽബം.ലെസ്ബിയൻ പ്രണയ നിമിഷങ്ങളെയും സ്ത്രീ സ്വതന്ത്രൃത്തെയും പ്രഖ്യാപിക്കുന്ന ആൽബം പാരമ്പര്യ വാദികളെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും പുതു തലമുറ കൈനീട്ടി സ്വീകരിക്കുന്നു.
"ഭിന്ന ലൈംഗികതയുടെ അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു ആൽബം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കർണാട്ടിക് കൃതികൾ ഫ്യൂഷൻ രീതിയിൽ അവതരിപ്പിക്കുക, അതിൽ വ്യത്യസ്ത പ്രമേയങ്ങൾ കൊണ്ടുവരുക എന്നിവ വിമർശനങ്ങൾ വിളിച്ചു വരുത്തും എന്നറിയാം. പക്ഷെ സർഗാത്മകതയ്ക്ക് പരിധിയും പരിമിതിയും ഇല്ലെന്നാണ് എന്റെ വിശ്വാസം " രേണുക പറയുന്നു.
" ഒരു വർഷം മുമ്പ് നടന്ന കൃതി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലാണ് ആദ്യമായി ഇത് പ്രദർശിപ്പിച്ചത്. ഒരു വർഷമായി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും മറ്റു വേദികളിലും ഈ ആൽബം പ്രദർശിപ്പിച്ചിട്ടുണ്ട്. അവിടുന്നെല്ലാം നല്ല പ്രതികരണം ആയിരുന്നു. ലൈംഗികതയിൽ വ്യത്യസ്തമായി സഞ്ചരിക്കുന്ന ലെസ്ബിയൻ, ഗേ, ബൈ സെക്ഷ്വൽ ട്രാൻസ്‌ജൻഡർ കമ്മ്യൂണിറ്റിയുടെ ആത്മാഭിമാന ബോധം അഥവാ 'ക്യുവർ പ്രൈഡ്' ആഘോഷിക്കുക എന്നതായിരുന്നു ആദ്യത്തെ ഉദ്ദേശം. അതിന് ഒരു മാർഗമായി സംഗീതത്തെ ഉപയോഗപ്പെടുത്തി. പ്രോഗ്രസീവ് കർണാട്ടിക് റോക്ക് ശൈലിയിലേയ്ക്ക് കൃതിയെ മാറ്റുകയാണ് ആദ്യം ചെയ്തത്. മ്യൂസിക് പ്രോഗ്രാമിങ്ങും ഓർക്കസ്ട്രേഷനും പൂർത്തിയായതിനു ശേഷമാണ് വീഡിയോയുടെ പ്രമേയം ഇത്തരത്തിലാവാം എന്ന് തീരുമാനിക്കുന്നത്.
തംബുരു മീട്ടി ഭക്തിപൂർവ്വം ഈ കീർത്തനം ആലപിക്കുക എന്നത് കൂടുതൽ പേരുടെ പ്രീതി നേടിയെടുക്കാൻ നല്ല മാർഗം ആണ്. പക്ഷെ എൽ.ജി.ബി.റ്റി.ക്യു കമ്മ്യൂണിറ്റിയോടുളള എന്റെ സ്നേഹവും പിന്തുണയും അറിയിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഇതിന് എന്റെ സംഗീതത്തെ ഉപയോഗപ്പെടുത്തി. കാമം അല്ല പ്രണയം എന്നു പറയാൻ വേണ്ടിയാണ് കാമഹാരിണിയായ പാർവതീ ദേവിയുടെ കീർത്തനം തന്നെ തിരഞ്ഞെടുത്തത്. "