Wednesday 15 November 2023 12:56 PM IST

തുടക്കം റീലിൽ, ഇപ്പോൾ സ്വപ്നം റിയൽ ആയി: ശങ്കർ മഹാദേവനൊപ്പം ‘റക്കാ റക്കാ’ ഹിറ്റ്: മനസുതുറന്ന് നക്ഷത്ര

Binsha Muhammed

nakshathra-

കാതുകളിൽ നിന്നും ഹൃദയങ്ങളിലേക്ക് ലൂപ് മോ‍ഡിൽ ആഴ്ന്നിറങ്ങുകയാണ് ഈ പാട്ട്. കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ആ മധുരസ്വരത്തിന് ചുവടുവച്ച് റീലുകളും ഷോർട്ട് വിഡിയോകളും കൂടി ആയപ്പോൾ സംഗതി സോഷ്യൽ ലോകത്തും വൈറൽ. ദിലീപ് ചിത്രം ‘റക്കാ... റക്കാ...’ ഗാനമാണ് ഇന്ന് മലയാളികളുടെ പ്ലേ ലിസ്റ്റ് ഭരിച്ചു കൊണ്ടിരിക്കുന്നത്. അരുൺഗോപി സംവിധാനം ചെയ്ത് ദിലീപും തമന്നയും കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം ബാന്ദ്രയിലെ ഈ ഡാൻസ് നമ്പറിന് പ്രത്യേകതകളേറെ. ശങ്കര്‍ മഹാദേവനെന്ന എവർഗ്രീൻ ഗായകന്റെ ഹൃദ്യമായ സ്വരം, സാം സിഎസിന്റെ ചടുലമായ കംപോസിഷൻ. അങ്ങനെയുള്ളൊരു പാട്ടിന്റെ പിന്നണിയിൽ സ്വര സാന്നിദ്ധ്യമാകുക എന്നു പറഞ്ഞാൽ അതിൽപരം മറ്റൊരു ഭാഗ്യമുണ്ടോ?

45 ലക്ഷം പേർ യൂട്യൂബിൽ മാത്രം കണ്ട ഈ തട്ടുപൊളിപ്പൻ പാട്ടിനു പിന്നണിയിൽ ഒരു വയനാട്ടുകാരി പെണ്ണാണെന്ന് അറിയുമ്പോഴാണ് അതിന്റെ സർപ്രൈസ് ഇരട്ടിയാകുന്നത്. കൊച്ചി സെന്റ് ആൽബർട്സ് കോളജിലെ പിജി വിദ്യാർഥിയായ നക്ഷത്ര സന്തോഷിനെ തേടിയാണ് ആരും കൊതിക്കുന്ന ഈ അവസരം എത്തിയിരിക്കുന്നത്. ഗാനം ഹിറ്റ് ചാർട്ടുകളിൽ തലയയുർത്തി നിൽക്കുമ്പോള്‍ നക്ഷത്രയും ഡബിൾ ഹാപ്പി. പാട്ടിന്റെ മധുരത്തിനൊപ്പം ഈ അപ്രതീക്ഷിത അവസരത്തിന്റെ ഇരട്ടി മധുരവും പങ്കുവച്ച് നക്ഷത്ര വനിത ഓൺലൈനോട് സംസാരിക്കുന്നു.

ഇൻസ്റ്റ ഭാഗ്യം... ആരും കൊതിക്കുന്ന തുടക്കം

ഇൻസ്റ്റ വഴി വന്ന മഹാഭാഗ്യം. ഈ അസുലഭ അവസരത്തെ അങ്ങനെ വിശേഷിപ്പിക്കാനാണ് ഇഷ്ടം. കുഞ്ഞു റീലുകളും സംഗീത പരീക്ഷണങ്ങളും പാട്ടുകളുമൊക്കെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. അവിടുന്നു കിട്ടിയ ഹൃദയംതൊടും ലൈക്കുകളും കമന്റുകളും സംഗീതവഴിയിൽ വഴിവിളക്കുകളായി.– നക്ഷത്ര പറഞ്ഞു തുടങ്ങുകയാണ്.

പ്ലസ് ടു പഠിക്കുന്ന സമയത്താണ് സംഗീത വഴിയിലെ ആദ്യ അവസരം എനിക്കു മുന്നിലേക്കെതേതുന്നത്. ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. പക്ഷേ, എന്റെ ഫൈനൽ എക്സാം നടക്കുന്ന സമയമായിരുന്നു. അതുകൊണ്ട്, പങ്കെടുക്കാൻ പറ്റിയില്ല. പിന്നെ, റിയാലിറ്റി ഷോകളെപ്പറ്റി ചിന്തിച്ചില്ല. പക്ഷേ സോഷ്യൽ മീഡിയ എന്ന വിശാലമായ പ്ലാറ്റ്ഫോം എനിക്കു മുന്നിൽ അവസരങ്ങൾ തുറന്നിട്ടു. എന്റെയുള്ളിലെ സംഗീതം റീൽസുകളിലൂടെയും ഷോർട്ട് വിഡിയോകളിലൂടെയും സഹൃദയർക്കു മുന്നിലേക്കുവച്ചു. ആ ശ്രമം വെറുതെയായില്ല.

nakshathra-1

എആർ റഹ്മാൻ സാർ സംഗീതം നിർവഹിച്ച 99 സോങ്സ് എന്ന സിനിമയിലെ ഒരു പാട്ടായിരുന്നു പാട്ടു വഴിയിൽ വഴിത്തിരിവ് സമ്മാനിച്ചത്. ആ സിനിമയുടെ പ്രമോഷനു വേണ്ടി ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. ഞാനും ആ മത്സരത്തിൽ പങ്കെടുത്തു. ആ മത്സരത്തിൽ വിജയിച്ചില്ലെങ്കിലും എന്റെ പാട്ട് ശ്രേയാ ഘോഷാൽ ഷെയർ ചെയ്തു. അതു വലിയ രീതിയിലുള്ള ജനശ്രദ്ധയ്ക്ക് കാരണമായി. മലയാളത്തിലെ പലരും എന്നെ ശ്രദ്ധിക്കുന്നതും അങ്ങനെയാണ്. 'ഹേ സിനാമിക'യിലെ തോഴി എന്ന പാട്ടിന്റെ കവറും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്റെ ഓഡിയോ വച്ച് കുറെ റീലുകൾ വന്നു. വൈറൽ ഗായികയായി സോഷ്യൽ മീഡിയ ഹൃദയത്തിൽ ഏറ്റെടുക്കുന്നത് അങ്ങനെയാണ്.

nakshathra-5 സാം സി.എസിനൊപ്പം നക്ഷത്ര സന്തോഷ്

ഫ്രം റീൽ ടു റിയാലിറ്റി

ബാന്ദ്രയുടെ സംഗീത സംവിധായകൻ സാം സാം സാർ എന്നെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തേയും. ആ സോഷ്യൽ മീഡിയ ബന്ധമാണ് ഈയൊരു അവസരം എനിക്കു തന്നത്. കവർ വേർഷനുകൾ ഉൾപ്പെടെയുള്ള എന്റെ പാട്ടുകൾ കേട്ടിട്ടുള്ള സാം സാര്‍ എന്നെ നേരിട്ട് കോണ്ടാക്റ്റ് ചെയ്തു. പാടിയ കുറച്ചു ട്രാക്കുകൾ അയച്ചു കൊടുക്കാനും പറഞ്ഞു. ഞാന്‍ മുൻപ് പാടിയിട്ടുള്ള ചില പാട്ടുകളും കവർ വേർഷനുകളും സാറിന് അയച്ചു കൊടുത്തു. സൗത്ത് ഇന്ത്യയിലെ അറിയപ്പെടുന്നൊരു സംഗീത സംവിധായകൻ എന്നെ കോണ്ടാക്റ്റ് ചെയ്തപ്പോഴേ ഞാൻ എക്സൈറ്റഡായിയിരുന്നു. ഒടുവിൽ ദിലീപേട്ടന്റെ ബാന്ദ്രയിലെ ഒരു പാട്ട് പാടാനുള്ള അവസരം ഉണ്ടെന്നറിഞ്ഞപ്പോൾ കിട്ടി ആദ്യത്തെ സർപ്രൈസ്.

nakshathra-2

സാം സാര്‍ തന്നെ മ്യൂസിക് ചെയ്യുന്ന ഫിനിക്സ് എന്ന സിനിമയ്ക്കു വേണ്ടി പാടാനാണ് ശരിക്കും വിളിച്ചത്. ആ പാട്ട് റെക്കോർഡ് ചെയ്തു കഴിഞ്ഞപ്പോൾ ബാന്ദ്രയിലെ പാട്ടും കൂടി പാടിയാലോ എന്ന് അദ്ദേഹം ചോദിക്കുകയായിരുന്നു. ശങ്കർ മഹാദേവനൊപ്പം ഡ്യൂയറ്റാണ് എന്നു കൂടി അറിഞ്ഞപ്പോൾ ശരിക്കും സ്വപ്നലോകത്തായതു പോലൊരു ഫീൽ. എന്നെപ്പോലൊരു തുടക്കക്കാരിക്ക് അതൊരു അതിലും വലിയൊരു അവസരം ഇനി കിട്ടാനില്ലായിരുന്നു. അത്രമാത്രം ഞാൻ ഹാപ്പിയായി.

പാട്ട് റിലീസ് ആകുന്നതിന് ഒരു മാസം മുൻപായിരുന്നു റെക്കോഡിങ്. കൊച്ചിയിൽ വച്ചാണ് എന്റെ പോർഷൻ റെക്കോഡ് ചെയ്തത്. ശങ്കർ സാർ നേരത്തെ റെക്കോഡ് ചെയ്തിട്ടുണ്ടായിരുന്നു. സാം സാർ ഫോണിലൂടെയാണ് കറക്ഷനൊക്കെ പങ്കുവച്ചിരുന്നത്. എന്തായാലും ഒരുപാട് കാത്തിരിക്കാതെ പാട്ട് പെട്ടെന്നിറങ്ങിയതിൽ ഏറെ സന്തോഷം.

2021ലായിരുന്നു പ്ലേബാക്ക് സിംഗറായിട്ടുള്ള എന്റെ അരങ്ങേറ്റം . കൂൺ എന്ന ചിത്രത്തിനു വേണ്ടി പാടി. ആ സിനിമ ഇതു വരെ പുറത്തിറങ്ങിയിട്ടില്ല. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ഫീനിക്സിലും ഒരു പാട്ട് ഞാൻ പാടിയിട്ടുണ്ട്. അതാണ് ഇനി പുറത്തു വരാനുള്ള പ്രോജക്ട്.  മലയാളം എന്ന ചിത്രത്തിൽ അഫ്സല്‍ യൂസഫിന്റെ സംഗീതത്തിൽ ഒരുപാട്ടു പാടിയിട്ടുണ്ട്. പിന്നണി പാടിയ കോള് എന്നൊരു ചിത്രവും പുറത്തു വരാനുണ്ട്. തമന്ന അഭിനയിച്ച ബബ്ളി ബൗൺസർ എന്ന ചിത്രത്തിനു വേണ്ടിയുള്ള പാട്ട് പാടിയിരുന്നു.

സിനിമയ്ക്കു പുറമേ കുറേ സ്വതന്ത്രമായി കുറേ പ്രോജക്ടുകളിലും സഹകരിച്ചിട്ടുണ്ട്. അഫ്സൽ യൂസഫ് സാർ സംഗീതം ചെയ്ത സഖി എന്ന പാട്ട് ഒരുപാട് ആരാധകരെ സമ്മാനിച്ചിട്ടുണ്ട്. ശ്രീകാന്ത് ഹരിഹരനൊപ്പം പാടിയ മഞ്ജുളാംഗി എന്ന ഗാനവും സോഷ്യൽ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

nakshathra-3

കട്ട സപ്പോർട്ടുമായി കുടുംബം

വയനാട്ടിലെ വൈത്തിരിയാണ് എന്റെ നാട്. ബിഎസ്.സി സുവോളജി ഇരിങ്ങാലക്കുടയിൽ നിന്നും പൂർത്തിയാക്കി. ഇപ്പോൾ കൊച്ചി സെന്റ്.ആൽബർട്സ് കോളജിൽ സൂവോളജിയിൽ പി.ജി ചെയ്യുന്നു. അച്ഛൻ സന്തോഷ് എക്സൈസ് വകുപ്പ് ഉദ്യാഗസ്ഥനാണ്. അമ്മ രജനി ഹോംമേക്കർ. ഒരു അനുജനുണ്ട്. റക്കാ റക്കാ... ഗാനം നാട് മുഴുവൻ ആഘോഷിക്കുമ്പോൾ ആ സന്തോഷം വീട്ടുകാരുമായി പങ്കുവയ്ക്കാനാണ് ഞാനേറ്റവും ആഗ്രഹിക്കുന്നത്. പക്ഷേ പാട്ട് ഇറങ്ങിയതിനു ശേഷം ഞാനിതു വരെ നാട്ടിലേക്കു പോയിട്ടില്ല. കൂട്ടുകാരും വീട്ടുകാരും പരിചയക്കാരുമെല്ലാം സ്റ്റാറ്റസും റീലുമൊക്കെയായി റക്കാ റക്കാ ആഘോഷിക്കുന്നത് കണ്ട് ത്രില്ലടിച്ചിരിപ്പാണ്. കുടുംബക്കാരും പ്രിയപ്പെട്ടവരും മുതൽ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർമാര്‍ വരെ എന്റെ പാട്ട് ഷെയർ ചെയ്യുമ്പോൾ, അവരത് പെർഫോം ചെയ്യുമ്പോൾ ഗായിക എന്ന നിലയിൽ ഇരട്ടി സന്തോഷം. പഠന തിരക്കുകൾ കഴിയട്ടെ, വീട്ടിലേക്ക് പോയി അവർക്കൊപ്പം ഈ സന്തോഷം സെലിബ്രേറ്റ് ചെയ്യണം.

nakshathra-42