‘ഞങ്ങളുടെ വൃക്ക മോൾക്ക് ചേർന്നില്ല, മാലാഖയെപ്പോലെ സുനിത എത്തി’: സംഗീതസമർപ്പണവുമായി ഈ അച്ഛൻ

Mail This Article
‘നൻമതൻ വെളിച്ചമേ’ എന്ന പേരിലുണ്ട് എല്ലാം....മനുഷ്യസ്നേഹത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ ഒരു സംഗീതസാഗരം....ന്യൂയോർക്കിലെ വി.എ.എം.എസ് മ്യൂസിക്കൽ ഒരുക്കിയ ‘നന്മതൻ വെളിച്ചമേ’ എന്ന ക്രിസ്തീയ ഭക്തിഗാനം യു ട്യൂബിൽ റിലീസ് ചെയ്തത് ഇതിനോടകം ആസ്വാദക ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രശസ്ത ഗായകൻ പി.ജയചന്ദ്രനും യുവഗായിക സ്നേഹാ വിനോയിയും ചേർന്ന് ആലപിച്ചിരിക്കുന്ന ഈ പാട്ടിനു പിന്നിൽ കരുണയുടെയും സ്നേഹത്തിന്റെയും അധികമാരുമറിയാത്ത ഒരു കഥയുണ്ട്.
‘നൻമതൻ വെളിച്ചമേ’ യുടെ നിർമാതാവും സംഗീതസംവിധായകനുമായ വിനോയ് ജോൺ സുനിതാ അനീഷിന് സമർപ്പിച്ചു കൊണ്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. എന്താണതിന്റെ കാരണം എന്നു തിരയുമ്പോഴാണ് മേൽപ്പറഞ്ഞ നൻമയുടെ കഥ നമ്മളറിയുക.

വിനോയിയുടെ മൂത്ത മകളുടെ കിഡ്നികൾ രണ്ടും തകരാറിലായിരുന്നു. എത്രയും പെട്ടെന്ന് കിഡ്നി മാറ്റിവച്ചെങ്കിൽ മാത്രമേ മുന്നോട്ടു പോകുവാനാകൂ എന്ന നിലയിലായിരുന്നു. വിനോയിയുടെയും ഭാര്യയുടെയും കിഡ്നി മകൾക്ക് ചേരില്ല. മറ്റെന്താണു വഴി എന്നു ചിന്തിച്ചപ്പോഴാണ് ഫെയ്സ്ബുക്കിൽ ആവശ്യം വിശദീകരിച്ച് ഒരു പോസ്റ്റ് പങ്കുവയ്ക്കാൻ തീരുമാനിച്ചത്. നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. അക്കൂട്ടത്തിലൊരാൾ സുനിതയായിരുന്നു. തനിക്ക് മുൻപരിചയമോ അടുപ്പമോ ഇല്ലാത്ത ഒരു ചെറിയ പെൺകുട്ടിക്ക് തന്റെ കിഡ്നികളിലൊന്ന് നൽകാൻ ആ ചെറുപ്പക്കാരി തീരുമാനിക്കുകയായിരുന്നു....
‘‘സുനിതയ്ക്ക് സമർപ്പിച്ചാണ് ഞാൻ ‘നൻമതൻ വെളിച്ചമേ’ ചെയ്തത്. എന്റെ മൂത്ത മോൾക്ക് കിഡ്നി നൽകിയത് സുനിതയാണ്. എന്റെയും ഭാര്യയുടെയും കിഡ്നി മോൾക്ക് ചേരുന്നില്ലാത്തതിനാൽ ഞങ്ങൾ ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു. അതു കണ്ടാണ് സുനിത വന്നത്. ഞങ്ങൾക്ക് അവരെ പരിചയമുണ്ടായിരുന്നില്ല.

മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വിവിധ ടെസ്റ്റുകൾക്കു ശേഷം സുനിത ട്രാൻസ്‌പ്ലാന്റ് സർജറിയ്ക്കു വിധേയയായി. തന്റെ ഒരു കിഡ്നി എന്റെ മോൾക്ക് ദാനം ചെയ്തു കൊണ്ട് സുനിത ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചമായി. എല്ലാവരും ഇപ്പോൾ സന്താഷമായിരിക്കുന്നു.
മലയാളത്തിന്റെ ഭാവഗായകൻ പി.ജയചന്ദ്രനും എന്റെ ഇളയ മകള്‍ സ്നേഹയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്’’.– വിനോയ് ‘വനിത ഓൺലൈനോട്’ പറയുന്നു.

ന്യൂയോർക്കിൽ ജനിച്ചു വളർന്ന സ്നേഹ ഒൻപതാം ഗ്രേഡ് വിദ്യാർഥിനിയാണ്. വിവിധ സംഗീത മൽസരങ്ങളിൽ പങ്കെടുത്ത സ്നേഹ, നിരവധി ഭക്തി ആൽബങ്ങളിൽ പാടുകയും ചെയ്തു. വിനോയ് പ്രൊഫഷനൽ ബാസ് ഗിറ്റാറിസ്റ്റാണ്.

പാട്ടിന്റെ വരികൾ എഴുതിയത് വിദ്യ മാലിനി, ഫ്ലൂട്ട് & സാക്സ്: കലാഭവൻ ചാക്കോച്ചൻ, റിഥം: സന്ദീപ് എൻ വെങ്കിടേഷ്, ഓർകസ്ട്രേഷൻ & പ്രോഗ്രാമിങ് – കെ.എക്സ്. വിൽസൺ, സന്ദീപ് എൻ വെങ്കിടേഷ്, വീണ: എ.ആർ.ബിജു, ക്യാമറ : റോബിൻ, സുദീപ്, മഞ്ജു വിനോയ്, കീബോർഡ്: വിൽസൺ കെ.എക്സ്, എഡിറ്റിങ്: സ്നേഹ വിനോയ്.