Friday 24 July 2020 04:39 PM IST

ആ ‘മഞ്ഞണിക്കൊമ്പിൽ’ കേട്ടപ്പോൾ നിത്യയെ വിളിക്കാതിരിക്കാനായില്ല; നിത്യാ മാമ്മന് പിറന്നാൾ ആശംസയേകി കൈലാസ് മേനോൻ

V N Rakhi

Sub Editor

kai

‘ഇൻസ്റ്റഗ്രാമിൽ എനിക്ക് ഒരുപാട് ഗായകർ പാട്ടുകൾ അയച്ചുതരാറുണ്ട്. അതു കേൾക്കുകയും വ്യത്യസ്തമായ സ്വരങ്ങൾ നോട്ട് ചെയ്ത് വയ്ക്കുകയും ചെയ്യാറുമുണ്ട്. അതുപോലെ നിത്യയും എനിക്ക് അയച്ചുതന്നിരുന്നു. പക്ഷെ എന്തോ ഞാൻ വെറുതെ പ്രൊഫൈൽ മാത്രം നോക്കി. പാട്ട് കേട്ടില്ല. അത്ര കാര്യമാക്കിയതുമില്ല.

പിന്നീടൊരിക്കൽ അമ്മ ഏതോ സെലിബ്രിറ്റിയുടെ വെഡിങ് വിഡിയോയോ മറ്റോ യൂട്യൂബിൽ കാണുകയായിരുന്നു. ലൈവ് പാടുന്ന കുട്ടിയെക്കാണിച്ച് അമ്മ പറഞ്ഞു, ‘ഈ കുട്ടി നന്നായി പാടുന്നുണ്ട്...ലക്ഷ്മി റായിയെപ്പോലെ ഉണ്ട് കാണാൻ... ’അപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്. ഉടനെ നിത്യ അയച്ചു തന്ന ലിങ്കുകളും യൂട്യൂബിലെ ബാക്കി ലിങ്കുകളും കേട്ടു. മഞ്ഞണിക്കൊമ്പിൽ... മനോഹരമായി പാടുന്നതു കേട്ടപ്പോൾ പിന്നെ ഒരു രക്ഷയുമില്ല. ബാക്കി കവർ സോങ്ങുകളും കേട്ടു. എല്ലാം നന്നായി പാടുന്നുണ്ട്. അങ്ങനെയാണ് എടക്കാട് ബറ്റാലിയനിലെ  ‘നീ ഹിമമഴയായ്’...ട്രാക്ക് പാടാൻ വിളിച്ചത്.

കംപോസ് ചെയ്യുമ്പോൾ തന്നെ ഇത് നന്നായി വർക് ആകും എന്ന് തോന്നിയ പാട്ടായിരുന്നു  ‘നീ ഹിമ മഴയായ്’.... ശ്രേയയ്ക്ക് എത്രയോ പാട്ടുകളിൽ ഒന്നു മാത്രമാകും ഇത്,പക്ഷെ പുതിയ ഒരു ഗായികയാണെങ്കിൽ കരിയർ തന്നെ മാറ്റിയേക്കാവുന്ന പാട്ടാകും എന്നും തോന്നി. ശ്രേയ ഘോഷാലിനു വച്ച പാട്ടായിരുന്നു അത്. ഹരിശങ്കർ, ശ്രേയ ഹരിനാരായണൻ,ഞാൻ ,ടൊവിനോ-,സംയുക്ത... അങ്ങനെ തീവണ്ടിയിലെ അതേ ടീം ആവർത്തിക്കാനായിരുന്നു പ്ലാൻ. പ്രൊഡ്യൂസറോട് ശ്രേയയാണ് പാടുന്നത് എന്ന് പറയുകയും ചെയ്തു. സാന്ദ്ര തോമസ് നിത്യയുടെ പാട്ട് കേട്ടപ്പോൾ വളരെ നന്നായി പാടിയിട്ടുണ്ടല്ലോ. നമുക്ക് ഈ വോയ്സ് തന്നെ പോരേ എന്നു ചോദിച്ചു. എനിക്കതിൽ സന്തോഷമേ ഉള്ളൂ എന്ന് ഞാൻ.

അങ്ങനെ നിത്യയെ വീണ്ടും വിളിച്ച് കുറച്ചൂടെ നന്നാക്കി പാടി റെക്കോർഡ് ചെയ്തു. അന്നേ ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയി. ഇന്ന് നിത്യയെ വിളിച്ച് ബെർത് ഡേ വിഷ് ചെയ്തു. ഞാൻ സംഗീതം നൽകുന്ന അടുത്ത പടം മെമ്പര്‍ രമേശൻ ഒമ്പതാം വാർഡിലും നിത്യയുടെ പാട്ടുണ്ട്. കഴിഞ്ഞ പത്തു വർഷമായി നിത്യ നല്ലൊരു പാട്ടിനു വേണ്ടി ശ്രമിക്കുന്നുണ്ടായിരുന്നു. നമ്മൾ അറിയാതെ പോകുന്ന വേറെയും നല്ല ഗായികമാരുണ്ട്...’ കൈലാസ് മേനോൻ പറഞ്ഞു.

Tags:
  • Movies