Saturday 08 January 2022 04:16 PM IST : By ശ്യാമ

‘പെണ്ണൊരു പിണമല്ല.. പട്ടുടുത്ത പാവയുമല്ലാ..’; സമൂഹത്തിന്റെ പൊള്ളത്തരങ്ങളെ തച്ചുടച്ച് ‘പെണ്ണകം’, ആയിരങ്ങൾ കേട്ട ഗാനം (വിഡിയോ)

pennakam6677

ഫോക്‌ലോർ അക്കാദമി യുവ പുരസ്കാര ജേതാവും നാടൻ പാട്ട് കലാകാരിയുമായ രാജിയും വി.ബിയും കൂട്ടരും ഒരുക്കിയ ‘പെണ്ണകം’ സമൂഹത്തിനു നേരെ തുറന്നു വച്ച കണ്ണാടിയാണ്. 

സർവ്വതും കണ്ടും കേട്ടും സഹിച്ച പെണ്ണുങ്ങളുടെ കാലം കഴിഞ്ഞു പോയെന്നും ‘സർവ്വംസഹ’യെന്ന പട്ടം നൽകി സമൂഹം പെണ്ണിനെ വരിഞ്ഞു മുറുക്കാൻ ശ്രമിച്ചാലും അത്തരം പൊള്ളത്തരങ്ങളെ തച്ചുടച്ചും പെണ്ണ് നിശ്ചയദാർഢ്യത്തിന്റെ ചിറക് വിരിച്ചു പറക്കുന്ന കാലമാണ് മുന്നിലുള്ളതെന്നും പറഞ്ഞു വയ്ക്കുകയാണ് ‘പെണ്ണകം.’ സംഗീത സംവിധായകന്റെ നേതൃത്വത്തിലുള്ള ബോധി സൈലന്റ് സ്കേപ്സിന്റെ ബാനറിൽ യൂട്യൂബിലിറങ്ങിയ പാട്ട് ഇതിനോടകം ആയിരങ്ങൾ കേട്ടു കഴിഞ്ഞു. അഖിൽ ജി. ബാബു എഴുതി സംവിധാനം ചെയ്ത് സായ് ബാലൻ സംഗീതവും പ്രോഗ്രാമിങ്ങും ചെയ്ത് പാട്ട് പാടിയിരിക്കുന്നത് രാജി. വി.ബിയാണ്. 

‘‘പതിനെട്ട് വർഷമായി നാടൻപാട്ട് രംഗത്തുണ്ട്. കേരള സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ് അധ്യാപികയായിരുന്നു.’’ പാട്ടിന്റെ ശബ്ദത്തിനുടമയും നിർമാതാവുമായ പുതുവൈപ്പ് സ്വദേശി രാജി പറയുന്നു. ‘‘ഈ ഡിസംബറിൽ അത് അവസാനിച്ചു. സാംസ്കാരിക വകുപ്പുമായി ചേർന്ന് നടത്തിയ സ്ത്രീസുരക്ഷാ പദ്ധതിയായ ‘സമം’ എന്നെ വളരെ സ്വാധീനിച്ചിരുന്നു. അതിൽ നിന്നാണ് സ്ത്രീസമത്വത്തിനു വേണ്ടിയൊരു പാട്ട് ചെയ്യണം എന്ന ചിന്ത വന്നത്. ആദ്യം ഭർത്താവിനോട് പറഞ്ഞു. പിന്നെ അഖിൽ ജി. ബാബുവിനോടും സായ് ബാലനോടും ആശയത്തെ കുറിച്ച് സംസാരിച്ചു. അതു വളർന്നാണ് ഈ പാട്ടിലേക്കെത്തിയത്. 

സ്ത്രീകൾക്കു വേണ്ടി സംസാരിക്കണമെന്നുണ്ടായിരുന്നെങ്കിലും വല്യ സാമ്പത്തിക ഭദ്രതയൊന്നും ഇല്ലാത്തതു കൊണ്ട് സ്വന്തം കൈയിലും കഴുത്തിലും ഒക്കെ കിടന്നത് ഊരി പണയം വച്ചും ബന്ധുകളുടെ ആഭരണം പണയം വച്ചുമാണ് നിർമാണ ചിലവ് തരപ്പെടുത്തിയത്. ഇതിൽ പങ്കുചേർന്ന എല്ലാ ആർട്ടിസ്റ്റുകളും ഈയൊരു കാര്യം പറയേണ്ടതിന്റെ ആവശ്യം മുൻനിർത്തി ഒരു രൂപ പോലും വാങ്ങാതെ ഒപ്പം നിന്നവരാണ്. ആകെ ഭക്ഷണം മാത്രമാണ് അവർക്കൊക്കെ കൊടുത്തത്. ഞാൻ മനസ്സിൽ കണ്ട ആശയത്തിനായി ഇത്രയുമാളുകൾ ഒരുമിച്ചുവന്നത് തന്നെ നന്ദിയോടെ ഓർക്കുന്ന കാര്യമാണ്. 

ആളുകളിലേക്ക് നാടൻപാട്ടുകൾ എത്തിക്കാൻ തന്നെ സമയമെടുക്കുന്നുണ്ട്... ബോധി സൈലന്റ് സ്കേപ്സ് അത് നല്ല രീതിയിൽ തന്നെ അത് ഏറ്റെടുത്തു, ബിജിപാൽ സാർ പാട്ട് കണ്ടപ്പോ തന്നെ ഓകെ പറഞ്ഞു. നല്ല പ്രോത്സാഹനവും തന്നു. 

എത്ര പറഞ്ഞാലും സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല, നമുക്കൊക്കെ ഒരേ കാര്യങ്ങൾ തന്നെ ആവർത്തിച്ച് പറയേണ്ടിയും വരുന്നു. എന്റെ തലമുറയ്ക്കും ഇനി വരാനിരിക്കുന്ന തലമുറയ്ക്കും വേണ്ടി നമ്മളെ നമ്മൾ തന്നെ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നു... ഇത് നമുക്ക് കൂടി അവകാശപ്പെട്ട ഇടമാണെന്ന് അടവരയിട്ട് വയ്ക്കുന്നു... പാട്ടിൽ പറയുന്ന പോലെ ‘ആ സഹനമൊരിക്കൽ കനലാകും... ആ കനലു പടർന്നൊരു കടലാകും...’ 

Tags:
  • Movies