ഇവിടെയിതാ, പ്രിയപ്പെട്ട പ്രണയാനുഭവങ്ങൾ പങ്കുവയ്ക്കുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനരചയിതാവും കവിയുമായ അൻവർ അലി
കവിയാകാനാഗ്രഹിച്ച ആ പതിനാലുകാരന്, വിരഹദുഃഖത്താലുഴറുന്ന രാഹുലനെന്ന കവിയെ, അയാളുടെ പ്രണയത്തിന്റെ ചിറകുകളിളകുന്ന പാട്ടിനെ ഇഷ്ടപ്പെടാതിരിക്കാനാകുമായിരുന്നില്ല.
അങ്ങനെയാണ്, കാലമിത്ര കഴിഞ്ഞിട്ടും ‘ഉൾക്കടലി’ലെ ‘ശരദിന്ദു മലർദീപ നാളം നീട്ടി സുരഭിലയാമങ്ങൾ ശ്രുതി മീട്ടി..’ അൻവർ അലിയുടെ പ്രിയ പ്രണയപ്പാട്ടായി തുടരുന്നത്.
‘‘എന്റെ പതിന്നാലാം വയസ്സിലാണ് ‘ഉൾക്കടൽ’ റിലീസായത്. ചിത്രത്തിലെ പ്രണയവും ശോകവും കാൽപനിക അനുഭവമായി ഉള്ളിൽ കയറി.
അക്കാലത്തു കവിതകളെഴുതി തുടങ്ങിയിരുന്നു. കവിയായ നായകൻ രാഹുലനോടു സ്വാഭാവികമായും താൽപര്യം തോന്നുമല്ലോ. എല്ലാവർക്കുമെന്ന പോലെ, പുറത്തു പറയാത്ത ചില ഉൾപ്രണയങ്ങള്‍ എനിക്കുമുണ്ടായിരുന്നു.
ഉൾക്കടലിലെ രാഹുലന്റെ കവിത റീന പാടുന്നതൊക്കെ കണ്ടപ്പോൾ, നമ്മളും അ ങ്ങനെയൊരു സാഹചര്യത്തിൽ സ്വയം സ ങ്കൽപിക്കുകയാണ്. ഒപ്പം മനോഹരമായ പാട്ടും. ഇതെല്ലാം ചേർന്നു ‘ശരദിന്ദു മലർദീപ നാളം...’ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട പ്രണയഗാനമായി മാറി’’ അൻവർ അലി പറയുന്നു.
കവിയായ നായകൻ. ചിത്രകാരിയായ നായിക. അവനെഴുതിയ കവിത അവളാലപിക്കുമ്പോൾ ഇരുവരുടെയും മനസ്സിൽ നുരയുന്ന പ്രണയം. വിഷാദത്തിന്റെ നേർത്ത ചിരിയോടെ വേണുനാഗവള്ളിയും യൗവന സൗകുമാര്യത്തിന്റെ നനുപ്പോടെ ശോഭയും പ്രേക്ഷകരുടെ മനസ്സിലലിഞ്ഞു ചേർന്ന ഈണം...
ജോർജ് ഓണക്കൂറിന്റെ അതേ പേരിലുള്ള നോവലാണ് കെ.ജി. ജോർജ് ‘ഉൾക്കടൽ’ എന്ന സിനിമയാക്കിയത്. പി.ജയചന്ദ്രനും സെൽമ ജോർജും ചേർന്നാണ് ‘ശരദിന്ദു മലർദീപ നാളം നീട്ടി’ എന്ന ഗാനം ആ ലപിച്ചിരിക്കുന്നത്. ഒഎൻവി കുറുപ്പിന്റെ വരികൾ. എം.ബി. ശ്രീനിവാസന്റെ ഈണം.
‘‘എന്റെ സുഹൃത്തുക്കളിൽ പലരും ഈ പാട്ടിന്റെ ആരാധകരാണ്. ഒന്നിച്ചിരിക്കുമ്പോൾ ഞങ്ങൾ പാടും. പലരെക്കൊണ്ടും വീണ്ടും വീണ്ടും പാടിക്കാറുമുണ്ട്. മിക്ക പ്രണയഗാനങ്ങളിലുമുള്ള ആൺകോയ്മയുടെ ഛായ ‘ശരദിന്ദു’വിലില്ല. സമഭാവനയുടെ സൗന്ദര്യമാണ് അതിന്റെ ചിത്രീകരണത്തെ മനോഹരമാക്കുന്നതെന്നു കാണാം. ആദ്യം കേട്ട നിമിഷം മുതൽ ഇന്നോളം ഈ ഗാനമെന്റെയൊപ്പമുണ്ട്.
കെ.ജി. ജോർജ് മരിച്ചപ്പോൾ എനിക്കു കാണാൻ തോന്നിയത് ‘ഉൾക്കടലാ’ണ്. ആ തീരുമാനത്തിൽ കൗമാരകാല ഓർമകളുടെ സ്വാധീനമുണ്ട്.
ഇപ്പോഴും ഈ പാട്ടിലേക്കെത്തുന്ന ഒരു നിമിഷത്തിൽ, എന്റെ കൗമാരത്തിന്റെ, അ ക്കാലത്തെ പ്രണയാനുഭവങ്ങളുടെ കിക്ക് മനസ്സിലേക്കു തിരിച്ചുവരുന്നു. മറ്റു പല പ്രണയഗാനങ്ങളെയും പോലെ പ്രണയത്തിന്റെ ആർദ്രമായ നിലവിളി അല്ല, ആ പാട്ട്. അതു പ്രണയത്തെ മനോഹരമായി തൊട്ടുനിൽക്കുകയാണ്.’’
തയാറാക്കിയത്: വി.ജി. നകുൽ
വര: ജയൻ