Wednesday 31 August 2022 02:07 PM IST : By സ്വന്തം ലേഖകൻ

‘എന്റെ അവസ്ഥ അനിയത്തിക്കും ഉണ്ടാകരുതെന്നു കരുതിയാകണം അച്ഛൻ കാശിനായി എവിടെയൊക്കെയോ ഓടി...’: കുറിപ്പ്

prasanth

ഡോക്ടറായ സഹോദരിയെ കുറിച്ച് യുവ സംഗീത സംവിധായകൻ പ്രശാന്ത് മോഹൻ എം.പി എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. തന്റെ അനുജത്തി ഡോക്ടർ ആയതിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനൊപ്പം അതിനായി തന്റെ അച്ഛൻ നേരിട്ട കഷ്ടപ്പാടുകളും പരാമർശിച്ച് പ്രശാന്ത് മോഹൻ എഴുതിയ കുറിപ്പാണിത്.

പ്രശാന്തിന്റെ കുറിപ്പ് –

‘Doctor Pavithra Mohan M P , Daughter of V S Mohanan and Prema Kumari..’

മൗണ്ട് സിയോൺ മെഡിക്കൽ കോളേജിലെ നിറഞ്ഞ സദസ്സിൽ ഇന്നലെ ഇങ്ങനെ അന്നൗൺസ് ചെയ്യുന്നത് കേട്ടപ്പോൾ ഞാനും അച്ഛനും അമ്മയും സത്യത്തിൽ കരയുകയായിരുന്നു. എന്റെ കുഞ്ഞനുജത്തി ഔദ്യോഗികമായി ഡോക്ടർ ആയി മാറിയിരിക്കുന്നു. ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. എന്റെ അച്ഛന്റെ സ്വപ്നമാണ് യാഥാർഥ്യമായിരിക്കുന്നത്. പവിയുടെ കോൺവെക്കേഷനിൽ പങ്കെടുത്ത് തിരിച്ച് വരുമ്പോൾ നൂറ് ഓർമകളാണ് മിന്നി മാഞ്ഞത്.

സംഗീത സംവിധാനം ചെയ്യുന്ന,പാട്ട് പാടുന്ന,ചെറിയ രീതിയിലൊക്കെ അഭിനയിക്കുന്ന പ്രശാന്ത് മോഹനെന്ന എന്നെ നിങ്ങളിൽ പലർക്കും അറിയാമായിരിക്കും. പക്ഷേ അടിസ്ഥാന വിദ്യാഭ്യാസത്തിന് പോകാൻ പോലും നിവൃത്തിയില്ലാതെ കഷ്ടപ്പെട്ട്, സ്വന്തം അധ്വാനം ഒന്ന് കൊണ്ട് മാത്രം പ്രതിസന്ധികൾ തരണം ചെയ്ത് സർക്കാർ സർവീസിൽ പ്രവേശിച്ച് സാമൂഹിക നീതി വകുപ്പിൽ ജോലി ചെയ്യുന്ന എന്റെ അച്ഛനെ നിങ്ങളിൽ പലർക്കും അറിയില്ലായിരിക്കും. അച്ഛന്റെ സ്വപ്ന സാഫല്യമായിരുന്നു ഇന്നലെ. തനിക്ക് ലഭിക്കാതെ പോയ അവസരങ്ങൾ മക്കൾക്ക് ലഭിക്കാതെ പോകരുത് എന്ന് കരുതുന്ന ഒരച്ഛൻ ഏത് മക്കളുടെയും പുണ്യമാണ്. എന്റെ അച്ഛനും അമ്മയും ഞങ്ങൾക്ക് വേണ്ടി മാത്രമാണ് ജീവിച്ചത്. ഇപ്പോഴും ഞങ്ങൾക്ക് വേണ്ടി മാത്രമാണ് ജീവിച്ച് കൊണ്ടിരിക്കുന്നത്.

കുറച്ച് വർഷങ്ങൾക്ക് മുൻപുള്ള ഒരു സെപ്റ്റംബർ 30 എനിക്കിന്നും ഓർമയുണ്ട്. അന്നായിരുന്നു ആ വർഷത്തെ മെഡിക്കൽ പ്രവേശനത്തിന്റെ അവസാന ദിനം. എൻട്രൻസിൽ റാങ്ക് ഉണ്ടായിട്ടും പവിയുടെ അഡ്മിഷൻ അപ്പോഴും confirm ആയിട്ടുണ്ടായിരുന്നില്ല. രാവിലെ മൗണ്ട് സിയോൺ മെഡിക്കൽ കോളേജിൽ നിന്ന് മാനേജ്‌മന്റിന്റെ മെരിറ്റ് ക്വാട്ടയിൽ ഒരു സീറ്റുണ്ട് എന്ന് അറിയിപ്പ് വന്നപ്പോൾ സത്യത്തിൽ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു ഞങ്ങൾ. അഡ്‌മിഷന് വേണ്ട കാശൊന്നും ഞങ്ങളുടെ കൈയിൽ ഉണ്ടായിരുന്നില്ല. മുൻപ് മെഡിക്കൽ പഠനത്തിന് വിട്ടപ്പോൾ പകുതി വഴിയ്ക്ക് അത് നിർത്തി വന്ന എന്റെ അവസ്ഥ അനിയത്തിയ്ക്കും ഉണ്ടാകരുത് എന്ന് കരുതിയിട്ടാകണം അച്ഛൻ കാശിനായി എവിടെയൊക്കെയോ ഓടി. അന്ന് ഞങ്ങളെ സഹായിച്ച കുറച്ച് നല്ല മുഖങ്ങളെ സ്നേഹത്തോടെ ഓർക്കുന്നു. കാശ് റെഡിയായതും നേരെ അടൂരിലേയ്ക്ക് പറന്നു എന്ന് പറയാം. അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി കോളേജിൽ നിന്ന് ഇറങ്ങുന്നത് രാത്രി 9:30ന്. കൈയിൽ ഒറ്റ കാശില്ലാതെയാണ് തിരിച്ച് ഞങ്ങൾ വീട്ടിൽ വന്ന് കയറിയത്. പക്ഷേ അപ്പോഴും അച്ഛന്റെ മുഖത്തെ സന്തോഷം കൊണ്ടുള്ള ആ പുഞ്ചിരി എനിക്കിന്നും ഓർമയുണ്ട്.

പിൽക്കാലത്ത് സാമ്പത്തികമായി ഞങ്ങളുടെ കുടുംബം മെച്ചപ്പെട്ടു. ഞാനും ബിസിനസ്സും ഒക്കെയായി തിരക്കായി. പക്ഷേ അതിനിടയിൽ വിശ്വസിച്ച് കൂടെ നിർത്തിയ ചിലർ പിന്നിൽ നിന്നും കുത്തിയത് കാരണം വലിയ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് ഞാനും പോയി. എന്നാൽ അവിടെയൊന്നും ഞാൻ വീഴാത്തതിന് ഒറ്റ കാരണം എന്റെ അച്ഛനാണ്. ഇതിലും വലിയ പ്രതിസന്ധികൾ പുല്ല് പോലെ കടന്ന് വന്ന എന്റെ അച്ഛനെ പോലൊരാൾ മാതൃകയായി മുന്നിൽ നിൽക്കുമ്പോൾ നമ്മൾ എന്തിന് വീണ് പോണം ? അവിടെ നിന്ന് ഓരോന്നായി തിരിച്ച് പിടിക്കാൻ തുടങ്ങി. പതുക്കെ പതുക്കെ പഴയ അവസ്ഥയിലേയ്ക്ക് മടങ്ങുകയാണ് ഞാനും. അതിനും നന്ദി ദൈവത്തോടും അച്ഛനോടും അമ്മയോടും ഭാര്യയോടും എന്റെ കുടുംബത്തോടും , വളരെ ചുരുക്കം സുഹൃത്തുക്കളോടും തന്നെയാണ്.

പവി ഡോക്ടറായി സേവന മേഖലയിലേയ്ക്ക് കടന്ന് വരുമ്പോൾ അവളുടെ തോളിൽ കൈ ഇട്ടുകൊണ്ട് പൂർണ പിന്തുണയുമായി നിൽക്കുന്ന അവളുടെ ഭർത്താവ് അരുൺ പി ദേവ് ചേട്ടൻ ഒരു വശത്ത്. പവിയുടെ ഓരോ നേട്ടവും സ്വന്തം നേട്ടം പോലെ കരുതുന്ന എന്റെ ഭാര്യ ആൻസി മറുവശത്ത്. ഇതൊക്കെ കണ്ട് സന്തോഷിക്കുന്ന അച്ഛനും അമ്മയും മറ്റൊരു വശത്ത്. ഇതിലും വലിയ സന്തോഷം വേറെന്ത് വേണം. ഇന്ന് ഇങ്ങനെ ഈ പോസ്റ്റ് ഞാൻ എഴുതുമ്പോൾ മുഖത്ത് നോക്കിയും അല്ലാതെയും ഞങ്ങളുടെ കുടുംബത്തെ പരിഹസിച്ച നിരവധി മുഖങ്ങൾ മിന്നി മായുന്നുണ്ട്. ‘അവരുടെ കുടുംബത്തിൽ ഡോക്ടർ ഒന്നും ഉണ്ടാകാൻ പോകുന്നില്ല’, ‘ഓ ഡോക്ടർ ആകുന്നതൊന്നും വലിയ കാര്യമൊന്നുമല്ല’, ‘ഓ അവള് മെഡിസിന് പഠിക്കുന്നത് എന്തോ സംഭവമാണെന്നാണ് അവരുടെയൊക്കെ വിചാരം’ ഇങ്ങനെ നിരവധി പരിഹാസങ്ങൾ.

അന്ന് പരിഹസിച്ചവരോടായി ഒരു കാര്യം മാത്രം പറഞ്ഞോട്ടെ.

‘നാളെ നിങ്ങൾക്കോ കുടുംബത്തിലുവർക്കോ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ വന്നാൽ മുൻപ് ഞങ്ങളെ പറ്റി പറഞ്ഞ കാര്യങ്ങളോർത്ത് എന്റെ അനിയത്തിയുടെ അടുത്ത് വരാതിരിക്കരുത്. നിങ്ങൾ കാണിച്ചത് പോലെ തിരിച്ച് കാണിക്കാനല്ല,സഹജീവികളെ സേവിക്കാനാണ് അവൾ ഡോക്ടറായത്...