Monday 21 September 2020 04:10 PM IST

കാതോർത്തു കേൾക്കാൻ കൊതിപ്പിക്കുന്ന മെലഡിയുടെ മധുരിമയുമായി രഞ്ജിൻ രാജ് വീണ്ടും

Sreerekha

Senior Sub Editor

ranjin-raj5556

'ജോസഫി'ലെ ഹൃദയത്തിൽ തൊടുന്ന പാട്ടുകളിലൂടെ മലയാളികളുടെ മനസ്സു കവർന്ന സംഗീത സംവിധായകൻ രഞ്ജിൻ രാജ് പുതിയ ഹിറ്റ് പാട്ടുകളുമായി വീണ്ടുമെത്തുന്നു. നവാഗത സംവിധായകനായ ശരത് ജി. മോഹന്റെ സിനിമ 'കർണൻ നെപ്പോളിയൻ ഭഗത് സിങ്ങി'നായി രഞ്ജിൻ ഒരുക്കിയ ഗാനങ്ങളാണ് ശ്രദ്ധേയമാകുന്നത്. 'കാതോർത്തു കാതോർത്തു ഞാനിരിക്കെ ', 'സായാഹ്ന തീരങ്ങളിൽ ' എന്നീ ഗാനങ്ങൾ മെലഡിയുടെ മധുരസംഗീതവും പ്രണയാർദ്രമായ വരികളും കൊണ്ട് മനസ്സിനെ തഴുകുന്ന അനുഭവമായി മാറുന്നു. (കാതോർത്തു കാതോർത്തു ഞാനിരിക്കെ : ആലാപനം  ഉണ്ണിമേനോൻ, വരികൾ, ഹരിനാരായണൻ.  'സായാഹ്ന തീരങ്ങളിൽ ' ആലാപനം ഹരിശങ്കർ, വരികൾ  റഫീക് അഹമ്മദ്. ) മെലഡികളുടെ മാധുര്യത്തെ ഏറെയിഷ്ടപ്പെടുന്ന രഞ്ജിൻ ഈ പുതിയ സിനിമയിലും ആ റൊമാന്റിക് സോഫ്ട് ശൈലിയിലുള്ള പാട്ടുകൾ ഒരുക്കാനായതിന്റെ സന്തോഷം പങ്കിടുന്നു:

"ജോസഫി'നു ശേഷം അഞ്ചു പാട്ടുകൾ ചെയ്യാൻ അവസരം ലഭിച്ച സിനിമയാണിത്. ടൊവിനോയുടെയും നിവിൻ പോളിയുടെയും കസിൻ ബ്രദറായ ധീരജ് ഡെന്നിയാണ് ഇതിൽ നായകൻ.  മ്യൂസിക്കൽ ആയ സിനിമയാണ്.  ഇതിൽ ഞാൻ ഒരുക്കിയ നാലു പാട്ടുകളും റൊമാന്റിക് ഭാവമുള്ള മെലഡികളാണെന്നതാണ് സന്തോഷം. ഞാൻ പാടിയ ഒരു റൊമാന്റിക് സോങ്ങും കൂടി ഇറങ്ങാനുണ്ട്.

ഉണ്ണി മേനോൻ പാടിയ റൊമാന്റിക് ഗാനവും ഹരിശങ്കർ പാടിയ പാഥോസ് സോങ്ങും ആണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. രണ്ടിനും നല്ല റെസ്പോൺസ് കിട്ടുന്നതിൽ ഏറെ ഹാപ്പി.  ഇത്തരം പാട്ടുകൾ ചെയ്യാനെനിക്ക് പ്രത്യേകിച്ചൊരു ഇഷ്ടക്കൂടുതലുണ്ട്. അനായാസമായി തന്നെ എനിക്കു വഴങ്ങുന്നുണ്ട് ഈ ശൈലി. ആളുകളുടെ റെസ്പോൺസിൽ നിന്ന് എനിക്കു മനസ്സിലാകുന്നതും ഞാൻ പോകുന്ന റൂട്ട് കറക്ട് ആണെന്നതാണ്.

കുറച്ച് ഇമോഷനൽ ആയ പാട്ടുകൾ ഒരുക്കാൻ വളരെയിഷ്ടം തോന്നാറുണ്ട്. എല്ലാത്തരം പാട്ടുകളും ചെയ്തിട്ടുണ്ട്. പക്ഷേ, മനസ്സിലേക്ക്  പെട്ടെന്നു വരുന്ന ഈണം മെലഡിയാണ്. 'ജോസഫി'ലെ അഞ്ചു പാട്ടുകളിൽ നാലും മെലഡി ആയിരുന്നു. എനിക്ക് മലയാളത്തിൽ ഏറ്റവും ഇഷ്ടം എൺപതുകളിലെയും തൊണ്ണൂറുകളിലെയും നൊസ്റ്റാൾജിക് ഗാനങ്ങളാണ്‌. ജോൺസൺ മാഷ്, രവീന്ദ്രൻ മാഷ്, ഔസേപ്പച്ചൻ സാർ ഇവരുടെയെല്ലാം മെലഡികളുടെ ആരാധകനാണു ഞാൻ. ആ സ്വാധീനമൊക്കെ അറിയാതെ നമ്മുടെ പാട്ടിലും കടന്നു വരുന്നുണ്ടാകാം.  

കല്യാണീ രാഗത്തിൽ ഒരു പാട്ട് ചെയ്യുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ ഓ‍ർക്കുന്നത് ജോൺസൺ മാഷിനെയാണ്. കാരണം, കല്യാണീരാഗത്തിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ പാട്ടുകളൊരുക്കിയ സംഗീത സംവിധായകനാണ് അദ്ദേഹം. 'കാതോർത്ത് കാതോർത്ത് ' ശരിക്കും ഖരഹരപ്രിയയും രീതിഗോവ്ളയും മിക്സ് ആയിട്ടാണു ചെയ്തിരിക്കുന്നത്. 'സായാഹ്ന തീരങ്ങളിൽ ' രാഗമൊന്നും നോക്കി ചെയ്ത പാട്ടല്ല. ഫ്ളൂട്ട് വായിക്കുമ്പോ ചില സ്ഥലങ്ങൾ കാനഡ പോലെ തോന്നി. ചില സ്ഥലങ്ങൾ മൽഹാർ, കാപി രാഗം ഇവ പോലെ തോന്നി. ഫ്ളൂട്ട് വായിച്ചത് കരിം കമലാകർ ആണ്. എ. ആർ. റഹ്മാൻ സാറിന്റെയൊക്കെ കൂടെ  ഒരുപാട് പാട്ടുകളില്‍ വർക് ചെയ്ത പ്രശസ്ത ഫ്ളൂ ട്ടിസ്റ്റ്... അദ്ദേഹത്തോട് ഞാൻ ചോദിച്ചു, 'ഇത് ഏതു രാഗത്തിലുള്ള പാട്ടാണെന്നാകും പറയാനാവുക?'

അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു: ''ഇതു സിനിമാ രാഗം സാർ..  ഒരുപാട് രാഗങ്ങളുടെ മിക്സ് ഉണ്ട്. എന്താണെന്ന് കൃത്യമായി വേർതിരിച്ച് പറയാനാവില്ല. സിനിമ രാഗം ആയി കണക്കാക്കിയാൽ മതി." അതിൽ ഞാൻ രാഗം ബേസ് ചെയ്തല്ല  പോയിട്ടുള്ളത്. ആ പാട്ടിന്റെ ഇമോഷൻ, ഫീലിങ് അത് അടിസ്ഥാനമാക്കിയാണ്. എപ്പോഴും പാട്ടിന് ഈണം ഒരുക്കുമ്പോൾ  എനിക്ക് ആദ്യം മനസ്സിൽ വരുന്ന ഈണമായിരിക്കും കറക്ട്  ആവുക. ഒരു സിറ്റ്വേഷൻ പറയുമ്പോൾ ആദ്യം എന്റെ മനസ്സിലേക്ക് ഓടിയെത്തുന്ന ഈണം കൃത്യമായി കറക്ട് ആകാറുണ്ട്. വീണ്ടും വീണ്ടും ചെയ്തു നോക്കാൻ തോന്നാറില്ല. ഈ പാട്ടുകൾ ചെയ്തപ്പോഴും അതായിരുന്നു അനുഭവം."- രഞ്ജിൻ പറയുന്നു.

'ഓർമയിൽ ഒരു ശിശിരം ', 'അൽമല്ലു' തുടങ്ങിയ സിനിമകളാണ് 'ജോസഫി'നു ശേഷം രഞ്ജിൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രങ്ങൾ. ഇപ്പോൾ 'കർണൻ നെപ്പോളിയൻ ഭഗത് സിങ്ങി'ന്റെ തിയേറ്റർ റിലീസിനായി കാത്തിരിക്കുകയാണ് രഞ്ജിനും സിനിമയുടെ അണിയറ പ്രവർത്തകരും.

Tags:
  • Movies