Friday 31 July 2020 01:43 PM IST

ഇതെന്തൊരു കൊച്ചാ? ഒരിക്കല്‍ ഭരതേട്ടന്‍ ചോദിച്ചു; ഒറ്റ ടേക്കില്‍ ഓക്കെയായ കാതോടു കാതോരം... ഭരതന്റെ ഓര്‍മ ദിനത്തില്‍ അനുഭവം പങ്കിട്ട് ഗായിക ലതിക

V N Rakhi

Sub Editor

lathikasinger1

ഭരതന്റെ പ്രിയഗായികയായിരുന്ന ലതിക ഭരതന്‍ ചിത്രങ്ങളിലെ പാട്ടനുഭവം ഓര്‍ക്കുന്നു...

'രവീന്ദ്രന്‍ മാഷാണ് ഭരതേട്ടന് എന്നെ പരിചയപ്പെടുത്തിയത്. ചാമരത്തിലെ രവീന്ദ്രന്‍മാസ്റ്ററുടെ പാട്ടാണ് ഭരതേട്ടനു വേണ്ടിയുള്ള എന്റെ ആദ്യഗാനം. വര്‍ണങ്ങള്‍ ഗന്ധങ്ങള്‍...എന്നു തുടങ്ങുന്ന പാട്ട്. റേഡിയോയിലൂടെ കേള്‍ക്കുന്നതായിട്ടാണ്  പാട്ട് സിനിമയില്‍ വന്നത്. അതുകൊണ്ടത് ശ്രദ്ധിക്കപ്പെടാതെ പോയി. ഭരതേട്ടന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേയിലെ പൊന്‍പുലരി പൂവിതറിയ...മുതലാണ് എന്റെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. അന്നു മുതല്‍ അദ്ദേഹത്തിന്റെ എല്ലാ പടങ്ങളിലും എനിക്കു പാട്ടുണ്ടായിരുന്നു. ഏതു സിനിമ പ്ലാന്‍ ചെയ്യുമ്പോഴും അദ്ദേഹം എന്നെ പാടാന്‍ വിളിക്കും.

അന്നും ഇന്നും അങ്ങോട്ടു ഇടിച്ചു കയറി മിണ്ടുന്ന സ്വഭാവമില്ലെനിക്ക്. 'ഇതെന്തൊരു കൊച്ചാ, പാടാന്‍ വിളിച്ചാല്‍ വരും, പാടും, പോകും. ആരോടും മിണ്ടില്ലല്ലോ. പാടാന്‍ പറഞ്ഞാല്‍ പാടും, പാട്ടില്ലെങ്കില്‍ വേണ്ട... അതിനെയൊന്നു പൊക്കിക്കൊണ്ടു വരണമല്ലോ' എന്നൊക്കെ ഭരതേട്ടന്‍ പറഞ്ഞിട്ടുണ്ട്. ലളിതച്ചേച്ചി, മോഹന്‍ലാല്‍, മുകേഷ്  സംഘത്തിന്റെ കൂടെ അന്നൊക്കെ ഗള്‍ഫ് പരിപാടികള്‍ക്ക് ഞാനുമുണ്ടാകും. അങ്ങനെ ലളിതചേച്ചിയുമായി നല്ല ബന്ധമായി. ചേച്ചിക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. ഭരതേട്ടന്‍ പടങ്ങള്‍ ചെയ്യുമ്പോള്‍ ലതികയ്ക്ക് പാട്ടില്ലേ എന്ന് ചേച്ചി ചോദിക്കും. 

lathikk5566

കാതോട് കാതോരം...

കാതോട് കാതോരത്തിലെ മൂന്നു പാട്ടിലും ഞാനുണ്ട്. ഔസേപ്പച്ചന്‍ സംഗീതസംവിധാനം ചെയ്യുന്ന ആദ്യപടം. വിദ്യാസാഗര്‍, ഏ ആര്‍ റഹ്മാന്‍ ഇവരൊക്കെ ഇന്‍സ്ട്രുമെന്റ്‌സ് വായിക്കാനെത്തിയിരുന്നു. ഒരുപാട് ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്  കാതോട് കാതോരം എന്ന പാട്ടില്‍. വലിയൊരു ഹാളില്‍ എല്ലാവരും കൂടിയിരുന്ന് ആദ്യം റിഹേഴ്‌സല്‍. പിന്നീടാണ് ശരിക്കുള്ള റെക്കോഡിങ്. വോയ്‌സ് റൂമില്‍ നിന്നാണ് ഗായകര്‍ പാടേണ്ടത്. ഔസേപ്പച്ചന്‍ സാര്‍ ഒ കെ, ടേക്ക്... എന്നു പറഞ്ഞു. ഞാന്‍ പാടിത്തുടങ്ങി. എത്രയോ കലാകാരന്മാര്‍...എല്ലാവരും ഒരേ മനസ്സോടെ ഉപകരണങ്ങള്‍ വായിച്ചു. പാടിക്കഴിഞ്ഞതും ഭരതേട്ടന്‍  ഓകേ....എന്നു പറഞ്ഞ് ചാടിയെഴുന്നേറ്റു. ഫസ്റ്റ് ടേക്കില്‍ തന്നെ പാട്ട് ഓകെ ആയി! തുടക്കം മുതല്‍ ഒടുക്കം വരെ ഒരു കട്ട് പോലും പറയാതെ റെക്കോഡിങ് തീര്‍ന്നു. ഒരു തെറ്റു പോലും വരാതെ! എല്ലാവര്‍ക്കും തൃപ്തിയായിരുന്നു. ഔസേപ്പച്ചന്‍ പറഞ്ഞു നമുക്ക് ഒരു ടേക്ക് കൂടി എടുത്തു വയ്ക്കാം എന്ന്. ഭരതേട്ടന്‍ പറഞ്ഞു, 'എന്തിന് ഇതു തന്നെ മതി'. എന്നിട്ടും വെറുതെ രണ്ടാമതൊന്നു കൂടി പാടി റെക്കോര്‍ഡ് ചെയ്തു. പക്ഷെ, ഒറ്റ ടേക്കില്‍ ഒ കെ ആയ, ആദ്യം റെക്കോര്‍ഡ് ചെയ്ത പാട്ടു തന്നെയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ''അന്ന് ലതിക കാതോട് കാതോരം  പാട്ടിലെ ഹമ്മിങ് പാടിത്തുടങ്ങിയപ്പോള്‍ വല്ലാത്തൊരു രോമാഞ്ചമുണ്ടായി. അങ്ങനെ ഒരനുഭവം പിന്നീട് ഉണ്ടായിട്ടില്ല. പക്ഷെ ഇക്കാര്യം ലതികയ്ക്ക് അറിയില്ല'' കാതോടു കാതോരത്തിലെ പാട്ടിനെക്കുറിച്ച് പിന്നീട് എത്രയോ കാലത്തിനു ശേഷം ഒരു ഇന്റര്‍വ്യൂവില്‍ ഔസേപ്പച്ചന്‍ പറയുന്നതു കേട്ടു. 

lathikkhhh800

ഭരതേട്ടന് രാഗങ്ങളെക്കുറിച്ചൊക്കെ നല്ല ധാരണയാണ്. പാട്ട് റെക്കോഡിങ്ങിനും റീ റെക്കോഡിങ്ങിനുമൊക്കെ ഭരതേട്ടനും വരും.  കാതോട് കാതോരം സോങ്ങിന്റെ തുടക്കം ഭരതേട്ടന്റെ സജഷനാണ്. പല്ലവി ഔട്ടലൈന്‍ പാടിക്കൊടുത്തതും ഭരതേട്ടന്‍ തന്നെ. ബാക്കിയെല്ലാം ഔസേപ്പച്ചന്‍ ചെയ്തു. അതുകൊണ്ടാണ് അതിന്റെ ക്രെഡിറ്റില്‍ ഭരതേട്ടന്റെ പേരു കൂടി ചേര്‍ത്തത്. ദേവദൂതര്‍ പാടി..എന്ന പാട്ട് ദാസേട്ടനും കൃഷ്ണചന്ദ്രനും ഭരതേട്ടന്റെ നാട്ടുകാരിയായ രാധികാ വാര്യരും ഞാനും ചേര്‍ന്നാണ് പാടിയത്. റെക്കോര്‍ഡ് ചെയ്ത പാട്ടില്‍ നിന്ന് അല്‍പം മാറ്റങ്ങളൊക്കെ വരുത്തിയാണ് സിനിമയില്‍ ഉപയോഗിച്ചത്.

lathika4eyghhu

കേളിയിലെ പാട്ടുകളുടെ ഈണം ഭരതേട്ടനാണല്ലോ. താരം വാല്‍ക്കണ്ണാടി കൂടാതെ  പോലേലം പാറി നടന്ന്...എന്നു തുടങ്ങുന്ന പക്കാ ഒരു നാടന്‍പാട്ടു കൂടിയുണ്ട് ആ പടത്തില്‍.അതെനിക്കു തന്നു. പടത്തിന്റെ റീ റെക്കോഡിങ് സമയത്തായിരുന്നു ആ പാട്ടിന്റെയും റെക്കോഡിങ്.  ചിത്രത്തിന്റെ ടൈറ്റിലില്‍ എന്റെ പേരുമുണ്ട്. ഭരതേട്ടന്‍ എഴുതിയ പാട്ടാണ് ചിലമ്പിലെ താരും തളിരും മിഴിപൂട്ടി... അതിലെ പാതിമയക്കത്തില്‍ എന്ന വരി കഴിഞ്ഞു വരുന്ന ഹമ്മിങ്ങിന്റെ ഭാഗത്ത് ആദ്യം അതുണ്ടായിരുന്നില്ല. ഭരതേട്ടന്‍ പറഞ്ഞു, ലതിക അവിടെ എന്തെങ്കിലുമൊന്നു പാടിയിട്...എന്ന്. അങ്ങനെ എന്റെ തന്നെ സംഭാവനയാണ് ആ ഹമ്മിങ്. 

സൂപ്പര്‍ഹിറ്റ് ഹമ്മിങ്ങുകളുമായി

ഹമ്മിങ്ങിന്റെ കാര്യം പറഞ്ഞാല്‍ എണ്‍പതുകളിലെ മിക്കവാറും സിനിമകളില്‍ പശ്ചാത്തലസംഗീതത്തില്‍ ഒരുപാട് ഹമ്മിങ്‌സ് ഞാന്‍ പാടിയിട്ടുണ്ട്. ഇതിനെക്കുറിച്ചു പറയുന്ന ഒരു വിഡിയോ ഇപ്പോഴും വാട്‌സ് ആപിലൊക്കെ കാണാറുണ്ട്. വന്ദനത്തിലെ ലാലാ ലാല ലലല...എന്ന സൂപ്പര്‍ഹിറ്റ് ഹമ്മിങ്ങും ചിത്രത്തിലെയും താളവട്ടത്തിലെയും മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നുവിലെയും ഹമ്മിങ്ങുകളുമൊക്കെ റിങ് ടോണ്‍ രൂപത്തിലും വിഡിയോകളിലും കോമഡി ഷോകളിലും സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചും കേള്‍ക്കാറുണ്ടിപ്പോഴും.ഇത് ആരാണ് പാടിയതെന്ന് ആര്‍ക്കും അത്ര അറിയില്ല എങ്കിലും ഇതെല്ലാം വലിയ ഹിറ്റാണ്. ഈ ചിത്രങ്ങളുടെയെല്ലാം റീ റെക്കോഡിങ് അതായത് പശ്ചാത്തലസംഗീതം ജോണ്‍സണ്‍ മാസ്റ്ററാണ്. 

lathikjjg8899

ജോണ്‍സണ്‍ മാസ്റ്ററുടെ റീ റെക്കോര്‍ഡിങ് വലിയ ഒരു അനുഭവം തന്നെയാണ്. പടത്തിന്റെ റീല്‍ കണ്ട് അഞ്ച്- പത്ത് മിനിറ്റിനുള്ളില്‍ മാഷ് ബിജിഎം കംപോസ് ചെയ്ത് പാടിക്കേള്‍പ്പിക്കും. ബാക്ഗ്രൗണ്ട് സ്‌കോര്‍ വേണ്ടിടത്ത് അദ്ദേഹം അടയാളമിട്ടു വയ്ക്കും. അവിടെയെത്തുമ്പോള്‍ കൈകൊ്ണ്ട് ''പാടിക്കോ'' എന്നു കാണിക്കും. അപ്പോള്‍ തന്നെ റെക്കോര്‍ഡിങ്ങും കഴിയും. ഒരു ദിവസം നാല് റീലൊക്കെ അങ്ങനെ ഹമ്മിങ് പാടും. വൈശാലിയില്‍ ദുംദുംദും ദുന്ദുഭി നാദം...എന്ന പാട്ടു കൂടാതെ ഹമ്മിങ്ങുകളും പാടാനുണ്ടായിരുന്നു. അതുപോലെ ഒരുപാട് ഹമ്മിങ്ങുകളുള്ള പടമായിരുന്നു ഭരതേട്ടന്റെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം. എല്ലാം ജോണ്‍സണ്‍ മാസ്റ്ററുടെ ബ്രില്യന്റ് ട്യൂണ്‍സ്. 

ഒത്തിരി ഒത്തിരി മോഹങ്ങള്‍...

പ്രണാമം എന്ന ഭരതേട്ടന്റെ ചിത്രത്തില്‍ കൃഷ്ണചന്ദ്രനും എംജി ശ്രീകുമാറും ജോണ്‍സണ്‍മാസറ്ററും ഭരതേട്ടനുമൊപ്പം ഒരു പാട്ടു പാടി. കടലിളകി...എന്നു തുടങ്ങുന്ന പാട്ട്. ജോണ്‍സണ്‍മാസ്റ്ററുടെ സംഗീതം. അദ്ദേഹത്തിന്റെ ഏതെങ്കിലും പടത്തില്‍ എനിക്ക് പാട്ട് കിട്ടിയിട്ടില്ല എങ്കില്‍ അത് ഞാന്‍ ഗാനമേളകള്‍ക്കായി വിദേശത്തോ മറ്റോ പോയതു കൊണ്ടു മാത്രം. ഒരിക്കല്‍ എന്നെ കണ്ടപ്പോള്‍ ഭരതേട്ടന്‍ ചോദിച്ചു നീ ഇവിടെ ഇല്ലായിരുന്നോ മാളൂട്ടിയിലേക്ക് വിളിച്ചപ്പോള്‍ സ്ഥലത്തില്ല എന്നാണല്ലോ പറഞ്ഞത് എന്ന്. സത്യത്തില്‍ ഞാന്‍ നാട്ടില്‍ തന്നെയുണ്ടായിരുന്നു. അന്ന് റെക്കോര്‍ഡിങ്ങിന്റെ ചുമതലകളെല്ലാം ചെയ്തിരുന്നത് റെക്കോര്‍ഡിങ് ഇന്‍ചാര്‍ജ്മാരായിരുന്നു. അവരാണ് ഗായകരെ വിളിച്ച് ബുക്ക് ചെയ്യുന്നതെല്ലാം. പതിവുപോലെ ഭരതേട്ടന്‍ മാളൂട്ടിയിലേക്ക് പാടാന്‍ വിളിക്കാന്‍ ഇന്‍ചാര്‍ജിനോട് പറഞ്ഞു. ഞാന്‍ സ്ഥലത്തില്ല എന്നാണ് അദ്ദേഹം ഭരതേട്ടന് നല്‍കിയ മെസേജ്. അതുകൊണ്ട് വേറെ ആളെ നോക്കാന്‍ പറഞ്ഞു. അങ്ങനെയും കുറച്ച് പാട്ടുകള്‍ മിസ് ആയി. കല്യാണമൊക്കെ കഴിഞ്ഞ് പാലക്കാട് ചെമ്പൈ സംഗീതകോളജില്‍ പഠിപ്പിക്കാനായി പോയ സമയത്തും ഭരതേട്ടന്‍ പാടാന്‍ വിളിച്ചിട്ടുണ്ട്. അമരത്തിലെ പുലരേ പൂങ്കോടിയില്‍..., വെങ്കലത്തിലെ ഒത്തിരിയൊത്തിരി മോഹങ്ങള്‍...ഇതൊക്കെ പാലക്കാട് പോയ ശേഷം പാടിയതാണ്. 

lathijnkjhj0087

ചെന്നൈയിലും വിദേശപരിപാടികളുമൊക്കെയായി ഗാനമേളകളില്‍ ഓടിനടന്നു പാടിയിരുന്നൊരു കാലമുണ്ടായിരുന്നു. പിബി ശ്രീനിവാസന്‍ സാറിന്റെ ട്രൂപ്പിലെ പ്രധാന ഗായികയായിരുന്നു ഞാന്‍. അങ്ങനെയൊരിക്കല്‍ സിങ്കപ്പൂരില്‍ ഒരു ഗാനമേളയ്ക്കായി പോയപ്പോള്‍ ശ്യാം സാറിന്റെ വിളി വന്നു. ഒരു പ്രോഗ്രാം ഉണ്ട്. നീ വന്നില്ലെങ്കില്‍ റെക്കോഡിങ് കാന്‍സല്‍ ചെയ്യും എന്നു പറഞ്ഞു. എനിക്കു പകരം നല്ലൊരു ഗായികയെ തരാം എന്നു പറഞ്ഞു ഞാന്‍. അങ്ങനെ എന്റെ സഹോദരന്‍ അന്ന് സാറിന് ഒരു പുതിയ ഗായികയെ പരിചയപ്പെടുത്തി. നമ്മുടെ സ്വന്തം ചിത്രയെ! ശ്യാം സാറിന്റെ ട്രൂപ്പില്‍ പിന്നെ കുറേക്കാലം കൃഷ്ണചന്ദ്രനും ഉണ്ണിമേനോനും ചിത്രയും പിന്നെ ഞാനുമായി പ്രധാന ഗായകര്‍. അങ്ങനെയാണ് ചിത്രയുമായുള്ള സൗഹൃദം ആഴത്തിലായത്. 'എനിക്ക് നാലു ഗുരുക്കന്മാരാണുള്ളത്. എന്റെ ആദ്യഗുരുവായ അമ്മ, ഓമനക്കുട്ടി ടീച്ചര്‍, തെലുങ്ക പഠിപ്പിച്ച എസ്പിബി സാര്‍, തമിഴ് പഠിപ്പിച്ച ലതിക. ' എന്ന് ചിത്ര ഈയടുത്തു പോലും ഏതോ ഇന്റര്‍വ്യൂവില്‍ പറയുന്നതു കേട്ടു. 

മറ്റു ഭാഷകളിലും എന്നെ ഹമ്മിങ് പാടാന്‍ വിളിക്കുമായിരുന്നു. ആ ഹമ്മിങ്ങുകള്‍ കേട്ട് ഇഷ്ടപ്പെട്ടാണ് എസ്പി വെങ്കിടേഷ് മലയാളത്തിലെ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ രാജാവിന്റെ മകനില്‍ എന്നെ പാടാന്‍ വിളിക്കുന്നത്. പാടാം ഞാനാ ഗാനം വീണ്ടും ഇതാ ഇതാ...എന്ന പാട്ട്. ഞാന്‍ പാടിയ പാട്ടുകള്‍ പലതും മറ്റു ഗായികമാരുടെ പേരില്‍ അറിയപ്പെടുന്നു. എന്റെ സ്വരമുണ്ടെങ്കിലും പേരു വയ്ക്കാതെ ഇറങ്ങിയ പാട്ടുകളുമുണ്ട്.' എന്നിട്ടും ലതികയുടെ സ്വതസിദ്ധമായ ചിരിയില്‍ പരാതിയുടെ ലാഞ്ഛന പോലുമില്ലായിരുന്നു...

Tags:
  • Movies