Wednesday 16 June 2021 06:36 PM IST

സംഗീത പ്രേമികളെ അമ്പരപ്പിച്ച അനൂപ് മേനോന്റെ ‘ശബ്ദം’ ദാ ഇവിടെയുണ്ട്! പിന്നണിയിലും താരമാകാനൊരുങ്ങി രാജ്‌കുമാർ രാധാകൃഷ്ണൻ

Priyadharsini Priya

Sub Editor

rajkumar333

'തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴി കനവ്...' എന്ന ഗാനം അനൂപ് മേനോൻ 'തകർത്തുപാടുന്ന' വിഡിയോ ദിവസങ്ങൾക്ക് മുൻപാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയുടെ അവസാനം മാത്രമാണ് അനൂപ് പാടുകയല്ല അഭിനയിക്കുകയായിരുന്നു എന്ന സത്യം തിരിച്ചറിയുക. ആ മനോഹര ശബ്ദത്തിനു പിന്നിൽ ഒളിച്ചിരുന്ന ഗായകൻ അനൂപിന്റെ സുഹൃത്തും പിന്നണി ഗായകനുമായ രാജ്‌കുമാർ രാധാകൃഷ്ണനായിരുന്നു. പാട്ട് ശാസ്ത്രീയമായി പഠിക്കാതെ ജന്മസിദ്ധമായ കഴിവ് കൊണ്ട് സംഗീത പ്രേമികളെ അമ്പരപ്പിച്ച ഗായകനാണ് ആലുവ സ്വദേശിയായ രാജ്‌കുമാർ രാധാകൃഷ്ണൻ. 

എക്കാലത്തേയും സൂപ്പർഹിറ്റുകളായ ഗാനങ്ങൾ 'കവറിലാക്കി' യൂട്യൂബിൽ ഡിസ്‌ലൈക്കുകൾ വാങ്ങിക്കൂട്ടുന്ന ഗായകർക്കിടയിൽ വ്യത്യസ്തനാവുകയാണ് രാജ്‌കുമാർ. അവതരിപ്പിക്കുന്ന ഗാനത്തോട് നീതി പുലർത്തി രാജ്‌കുമാർ ആലപിച്ച കവറുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി. 'മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകൾ...(സ്പിരിറ്റ്), 'ശ്രീരാഗമോ...', 'മഴനീർത്തുള്ളികൾ...' തുടങ്ങി ഒരുപിടി ഗാനങ്ങൾ മനോഹാരിത ചോരാതെ പാടിയ രാജ്‌കുമാറിനെ തേടി സംഗീതലോകത്ത് നിന്നു പ്രഗത്ഭരുടെ അഭിനന്ദനങ്ങൾ തേടിയെത്തി, ഒപ്പം സിനിമയിൽ പാടാനുള്ള അവസരവും. അപ്രതീക്ഷിതമായി സിനിമാ- സംഗീതലോകത്തേക്ക് എത്തിപ്പെട്ട അനുഭവം വനിത ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് രാജ്‌കുമാർ രാധാകൃഷ്ണൻ.

ജോലി വിട്ട് സംഗീതത്തിലേക്ക് 

കുട്ടിക്കാലം മുതൽ സംഗീതത്തോട് ഇഷ്ടമുണ്ട്. വീട്ടിലെ സാഹചര്യങ്ങൾ മൂലം ശാസ്ത്രീയമായി പഠിക്കാൻ അവസരം ലഭിച്ചില്ല. എടത്തല അൽ അമീൻ കോളജിലായിരുന്നു വിദ്യാഭ്യാസം. ബികോം കഴിഞ്ഞു സിഎക്ക് പോകണം എന്നാഗ്രഹിച്ചു. പക്ഷേ, അച്ഛന്റെ ജോലി പോയതോടെ കുടുംബത്തിൽ സാമ്പത്തിക പ്രതിസന്ധിയായി. അതോടെ പഠനം നിർത്തി ജോലി തേടി. 15 വർഷം മൂന്നു ഫാർമ കമ്പനികളിലായി ഞാൻ ജോലി ചെയ്തു. അതിനിടയ്ക്ക് വിവാഹം കഴിഞ്ഞു, രണ്ടു കുട്ടികളായി, പൂർണ്ണമായും കുടുംബവുമൊത്ത് ഒതുങ്ങിക്കൂടി. പാട്ട് അപ്പോഴും കുടുംബസദസ്സുകളിൽ മാത്രമായി. 

ആയിടയ്ക്കാണ് സ്മ്യൂള്‍ തരംഗമായത്. അതോടെ മനസ്സിൽ ഉറങ്ങിക്കിടന്ന ആ പഴയ ഇഷ്ടം പതുക്കെ പുറത്തുവന്നു. ഓഫിസിൽ നിന്ന് വന്നുകഴിഞ്ഞാൽ പിന്നെ പാട്ടിന്റെ ലോകത്തായി. പുറത്തുനിന്ന് നല്ല പ്രോത്സാഹനം കൂടി ലഭിച്ചു തുടങ്ങിയപ്പോൾ ഇനിയെനിക്ക് സംഗീതം മാത്രം മതിയെന്ന് തോന്നി. മ്യൂസിക്കിൽ നിന്ന് വിട്ടുനിൽക്കാൻ പറ്റാത്ത അവസ്ഥയായി. ജോലിയിൽ എക്സിക്യൂട്ടീവ് പോസ്റ്റിൽ നിന്ന് മാനേജർ പോസ്റ്റ് വരെ എത്തിയ സമയമായിരുന്നു അത്. ഉത്തരവാദിത്തങ്ങൾ കൂടുതലുള്ള ജോലി, പാട്ട് ഒപ്പം കൊണ്ടുപോകാൻ പറ്റില്ലെന്ന് മനസ്സിലായി. രണ്ടും കൽപ്പിച്ച് ഞാനാ തീരുമാനം എടുത്തു. 2018 ൽ ജോലി രാജിവച്ചു.   

rajkumar888

ജോലി വേണ്ടെന്നുവച്ചതോടെ ഗാനമേളകളിൽ പാടി തുടങ്ങി. ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ ചേച്ചിയുമായുള്ള പരിചയം ഡബ്ബിങ്ങിലേക്കും എന്നെ എത്തിച്ചു. വരുമാനത്തിന് വേണ്ടിയായിരുന്നു ഡബ്ബിങ് ചെയ്തത്. സീരിയലുകൾക്കൊപ്പം ഒരു കന്നഡ ചിത്രത്തിന് വേണ്ടിയും ഡബ്ബിങ് ചെയ്തു. ജോലിയ്ക്കിടെ ഉച്ചത്തിൽ അലറിക്കരയുന്നതൊക്കെ പാട്ടിനെ ബാധിക്കുമെന്ന് തോന്നിയതോടെ ഡബ്ബിങ് അവസാനിപ്പിച്ചു. 

ഡിഗ്രി കാലഘട്ടത്തിൽ 11 മാസം ഞാൻ കലാഭവനിൽ സംഗീതം പഠിക്കാൻ പോയിരുന്നു. മാമങ്കലം മധുസൂദനൻ മാസ്റ്ററുടെ അടുത്ത് അഞ്ചു മാസത്തോളം പാട്ട് പഠിച്ചു. ഓരോ കാരണങ്ങൾ കൊണ്ട് സംഗീത പഠനം പകുതിയ്ക്ക് വച്ച് നിർത്തേണ്ടി വന്നു. ഇപ്പോൾ വീണ്ടും പാട്ട് പഠിക്കാൻ തുടങ്ങി, നൗഷാദ് മാഷാണ് ഗുരു. അൽ അമീൻ കോളജിൽ പഠിക്കുമ്പോൾ കരിം സാറിന്റെ ഗാനമേള ട്രൂപ്പിലാണ് ആദ്യമായി പാടിയത്. 'മേരെ സപ്നോം കി റാണി' എന്ന ആ പാട്ട് ഇന്നും മറക്കാനാകാത്ത അനുഭവമാണ്. 

rajkumar444

കര കയറ്റിയ സൗഹൃദങ്ങൾ 

കറ കളഞ്ഞ സൗഹൃദങ്ങളാണ് എന്നെ സംഗീതത്തിന്റെ ലോകത്തേക്ക് പിടിച്ചു കയറ്റിയത്. ബെംഗളൂരുവിൽ ബിൽഡറായ രമേഷ് നമ്പ്യാർ മുഖേനയാണ് ധാരാളം സ്റ്റേജുകളിൽ പാടാനുള്ള അവസരം ലഭിച്ചത്. ഗായകൻ എം ജയചന്ദ്രനെ പോലുള്ള സംഗീത ലോകത്തെ പ്രഗത്ഭരുമൊത്ത് വേദി പങ്കിടാൻ കഴിഞ്ഞു. 

എന്നെ സോഷ്യൽ മീഡിയ വഴി സുപരിചിതനാക്കിയത് പോപ്പ് മീഡിയയാണ്. ലീഫ് കോൺസെപ്റ്റിലുള്ള കവർ സോങ്ങുകൾ ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു. ഓർക്കസ്ട്രയില്ലാതെ പ്രകൃതിയുടെ ആമ്പിയൻസിൽ വെള്ളമൊഴുകുന്ന ശബ്ദത്തിലും കാറ്റിന്റെ സംഗീതത്തിലും പാടിയ പാട്ടുകൾ ഹിറ്റുകളായി. അതിനു അവസരം ഒരുക്കിയ ജോയ്‌സ് തോന്ന്യാമല, നിനോയ് വർഗീസ്, ഷോജി സെബാസ്റ്റ്യൻ ഷെല്ലി ജോയ് എന്നിവരോട് പ്രത്യേകം നന്ദിയുണ്ട്. പോപ്പ് മീഡിയ വഴി ഡിവോഷണൽ ഗാനങ്ങൾ ഉൾപ്പെടെ നിരവധി പാട്ടുകൾ പാടാൻ എനിക്ക് കഴിഞ്ഞു.

rajkumaar99

എനിക്ക് ജീവിതത്തിൽ ഏറ്റവും കടപ്പാടുള്ള വ്യക്തിയാണ് നടൻ അനൂപ് മേനോൻ. അനൂപേട്ടനുമായി നല്ല സൗഹൃദമുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം 'പദ്മ'യിൽ രണ്ടു സോളോ ഗാനങ്ങൾ പാടാനുള്ള ഭാഗ്യം ലഭിച്ചു. സംഗീത സംവിധായകൻ രാഹുൽ രാജിന്റെ മ്യൂസിക്കിൽ ലാലേട്ടൻ ചിത്രം ആറാട്ടിലും പാടാൻ അവസരം കിട്ടി. പുതുമുഖമായ എന്നെ സപ്പോർട്ട് ചെയ്യാൻ തോന്നിയത് അവരുടെയൊക്കെ വലിയ മനസ്. മുൻപ് രണ്ടു ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. അതൊന്നും റിലീസ് ആയിട്ടില്ല, കാത്തിരിക്കുകയാണ്.

ദാസേട്ടനെ അനുകരിക്കുന്നതല്ല... 

'ശ്രീരാഗമോ..' എന്ന പാട്ട് സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. സംഗീത സംവിധായകൻ കൈലാസ് മോനോൻ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക് പേജിലൂടെ വിഡിയോ ഷെയർ ചെയ്തു. എന്റെ തലവര മാറ്റിയ സംഭവം അതാണ്. ഇതോടെ കൂടുതൽ ആളുകളിലേക്ക് പാട്ടെത്തി. പാട്ടിനനുസരിച്ച് ഞാൻ ലിപ് അനക്കുന്നതാണ് എന്ന രീതിയിലുള്ള കമന്റുകൾ വിഡിയോയ്ക്ക് താഴെ വന്നു. ക്രെഡിറ്റ് ആയാണ് അത്തരം കമന്റുകളെ ഞാൻ കണ്ടത്. അതിനുശേഷം സിനിമയിൽ നിന്ന് അവസരങ്ങൾ എന്നെ തേടിവന്നു. 

ദാസേട്ടനെ, വിജയ് യേശുദാസിനെ ഒക്കെ അനുകരിക്കുന്നു എന്ന് പറയുന്നവരുണ്ട്. ഞാൻ ആരെയും അനുകരിക്കാൻ ശ്രമിച്ചിട്ടില്ല. ദാസേട്ടന്റെ പാട്ടുകൾ കേട്ടാണ് വളർന്നത്. ആ പ്രചോദനം എന്നിൽ ഉണ്ടാകും. ആർട്ടിഫിഷ്യൽ ആയി പാടാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഒരിക്കൽ ഈ വിഷയത്തെപ്പറ്റി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ എന്നോട് പറഞ്ഞു, 'രാജു ഒരിക്കലും അനുകരിക്കുകയാണെന്ന് ഞാൻ പറയില്ല. ദാസേട്ടൻ പാടുന്ന പാട്ടുകൾ അതേ ഫീലോടു കൂടി പാടാൻ രാജിന് കഴിയുന്നുണ്ട്'. ഹരീഷേട്ടന്റെ ഈ വാക്കുകൾ എനിക്ക് വലിയൊരു അംഗീകാരം ആയിട്ടാണ് തോന്നിയത്. 

ലെജന്റ്സ് ആയ ആളുകൾ പാടിവച്ച പാട്ടുകൾ അതുപോലെ കേൾക്കാനാണ് സംഗീതപ്രേമികൾക്ക് ഇഷ്ടം. അതുകൊണ്ട് കവർ ചെയ്യുമ്പോൾ അത്തരം പാട്ടുകൾ മാറ്റി പാടാറില്ല. എന്നാലും എന്റെയൊരു ശൈലി പാട്ടിൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. കൂടുതൽ മെച്ചപ്പെടുത്താൻ ശാസ്ത്രീയ സംഗീതത്തോടൊപ്പം ഹിന്ദുസ്ഥാനിയും പഠിക്കുന്നുണ്ട്. കൂടുതൽ ഫീലോടെ പാടാൻ ഹിന്ദുസ്ഥാനി സംഗീതം ഉപകരിക്കുമെന്ന് അറിവുള്ളവർ പറയാറുണ്ട്. എന്റെ പാട്ടിന്റെ ശൈലിയിൽ എന്തെങ്കിലുമൊരു മാറ്റം ഉണ്ടാവുകയാണെങ്കിൽ വളരെ നല്ലത്. 

rajkumar22
Tags:
  • Movies