കുട്ടിക്കാലത്തു കേട്ടു വളർന്നതു ചിത്രചേച്ചി പാടിയ പാട്ടുകൾ. പാട്ടിനോടു താൽപര്യമുള്ളവരൊക്കെ ചേച്ചിയുടെ ആരാധകരാകും. അതിനു പ്രായഭേദമൊന്നുമില്ല. സംഗീതവാസനയുള്ള മറ്റു കുട്ടികളെപ്പോലെ തന്നെ പുതുതായി ഇറങ്ങുന്ന പാട്ടുകളൊക്കെ പാടാനും പഠിക്കാനും എനിക്ക് ഏറെ ഇഷ്ടമായിരുന്നു. ചിത്രചേച്ചിയെ ഒരു നോക്കു കാണുന്നത് ഭാഗ്യമാണെന്നു കരുതുന്ന കുടുംബമായിരുന്നു ഞങ്ങളുേടത്. ഇപ്പോൾ ചിത്രചേച്ചി തൊട്ടടുത്തിരിക്കുന്നതു കാണുമ്പോൾ അതൊക്കെ പുണ്യം എന്നല്ലാതെ ഞാൻ വേറെന്തു പറയാനാണ് ?
ഒരു റിയാലിറ്റി ഷോയിൽ വച്ചാണ് ചിത്രചേച്ചിയെ ഞാൻ ആദ്യമായി കാണുന്നത്. ഇന്നത്തെപ്പോലെ ജഡ്ജിങ് പാനലിൽ അല്ല ഞാൻ. മത്സരിക്കാൻ വന്ന ഒരു പെൺകുട്ടി. ഞങ്ങളുടെ ഭാഗ്യം കൊണ്ട് ആ ജഡ്ജിങ് പാനലിൽ ഒരാൾ ചിത്രചേച്ചിയായിരുന്നു. അങ്ങനെ ചിത്രചേച്ചിക്കു മുന്നിൽ പാടിയും തെറ്റുകൾ തിരുത്തിയുമാണ് ഞാൻ സംഗീതലോകത്തു നിൽക്കുന്നത് എന്നോർക്കുമ്പോൾ അഭിമാനം തോന്നുന്നു.
ചിത്രചേച്ചിക്കു സംഗീതമാണ് എല്ലാം. അതുകൊണ്ടാകും ഇത്രയും സാത്വികത ജീവിതത്തിലുള്ളതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഞാനൊരു മത്സരാർഥിയായിരുന്ന സമയത്തു വേദനിപ്പിക്കുന്ന ഒരു വാക്കോ എന്തിന്, ഒരു നോട്ടം പോലുമോ ചിത്രചേച്ചിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. തെറ്റായി പാടിയാൽ ചേച്ചി അതു തിരുത്തി തരുന്ന ഒരു രീതിയുണ്ട്. അത്രത്തോളം മൃദുവായി മറ്റാർക്കെങ്കിലും പറയാൻ പറ്റുമോ എന്നെനിക്ക് അറിഞ്ഞുകൂടാ. മത്സരത്തിൽ പാടിക്കൊണ്ടിരുന്ന സമയത്തു ചേച്ചി എന്നോടു പറഞ്ഞ ഒരു കാര്യമുണ്ട്.
‘സിത്താര ചില വാക്കുകൾക്ക് കൂടുതൽ ഊന്നൽ കൊടുക്കുന്നുണ്ട്. അത് ഒഴിവാക്കാൻ പറ്റുമെങ്കിൽ നന്നായിരുന്നു...’ ഞാൻ പക്ഷേ, എത്ര ശ്രമിച്ചിട്ടും അതു നടന്നില്ല. അവസാനം ചേച്ചി പറഞ്ഞു. ‘ഇനി അത് മറ്റാനൊന്നും നോക്കേണ്ട. അതു സിത്താരയുടെ ശൈലിയായി നിൽക്കട്ടെ...’ ചേച്ചി പറഞ്ഞതുപോലെ തന്നെ പിന്നീടു സംഭവിച്ചു. സിനിമയിൽ പാടുന്ന സമയത്തു പല സംഗീത സംവിധായകരും എന്നോടു പറഞ്ഞു; ‘ആ വാക്കിന് ഊന്നൽ കൊടുത്തതു നന്നായി’ എന്ന്. ഇതാണ് ചിത്രചേച്ചി. ‘നമ്മൾ നമ്മുടേതായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കണം. അതാണു നമ്മുടെ ഐഡന്റിറ്റി.’ പുതിയ പാട്ടുകാരോടു ചേച്ചി എപ്പോഴും പറയാറുണ്ട്.
ചിത്രചേച്ചിക്കു മുന്നിൽ ഒരു മത്സരാർഥിയായി നിന്ന ഞാൻ ഇന്നു ചേച്ചിയുടെ കൂടെയിരുന്നു കുട്ടികളുടെ പാട്ടു കേൾക്കുന്നു. വിലയിരുത്തുന്നു. ഇതൊരു ഭാഗ്യമാണ്. ചേച്ചിയെപ്പോലെയുള്ളവരുടെ അനുഗ്രഹമാണ്. ഒരു ദിവസം മുഴുവൻ ചേച്ചിയുടെ അടുത്തിരിക്കാം എന്നതാണ് ഇതിൽ എനിക്ക് ഏറ്റവും സന്തോഷം. നമ്മുടെ വീട്ടിലെ കുഞ്ഞുകുഞ്ഞു കാര്യങ്ങൾ പോലും അന്വേഷിക്കുന്ന, നമുക്കു പനിയോ ജലദോഷമോ ഉണ്ടെന്നറിഞ്ഞാൽ ബാഗിൽ നിന്നു മരുന്ന് എടുത്തു തരുന്ന, കുടിക്കാൻ ഫ്ലാസ്ക്കിൽ കൊണ്ടുവന്ന ചൂടുവെള്ളം തരുന്ന ചിത്രചേച്ചി ഇന്ത്യയിലെ ഏറ്റവും മികച്ച ഗായികയാണെന്ന യാഥാർഥ്യം എന്നെ അദ്ഭുതപ്പെടുത്തുന്നു.
ചിത്രചേച്ചിയോടൊപ്പം സ്റ്റേജ് ഷോകളിലൊക്കെ പാടിയിട്ടുണ്ട്. ഇപ്പോൾ റിയാലിറ്റി ഷോയുടെ ഭാഗമായി പാടാറുണ്ട്. ചിത്രചേച്ചിയുടെ ഒരുപാടു പാട്ടുകൾ എനിക്ക് പ്രിയപ്പെട്ടതാണ്. അതൊക്കെ ഞാൻ പാടാറുണ്ട്. അതിൽ ഏറ്റവും പ്രിയപ്പെട്ട ഒന്ന്;
‘കുഴലൂതും കണ്ണനുക്ക്
മയിൽ പാടും പാട്ട് കേൾക്കുതാ
കുക്കൂ......കുക്കൂ......കുക്കൂ..........’