Friday 01 January 2021 05:02 PM IST

‘മേ തേരീ...തൂ മേരാ... ഓ, സജ്നാ...’ ഗാനരചന, സംഗീതം, ആലാപനം: എസ് ജാനകി

V N Rakhi

Sub Editor

പാടിയ പാട്ടുകൾ ഓരോന്നിലും കാണും ജാനകിയമ്മയ്ക്കു മാത്രം സാധ്യമാകുന്ന എന്തോ ഒരു മാജിക്! കൊച്ചു കുട്ടിയുടെ കുസൃതിയോടെ ജാനകിയമ്മ പാടുമ്പോൾ കേട്ടിരിക്കാനും കണ്ടിരിക്കാനും കൗതുകം തന്നെ. ജാനകിയമ്മ തന്നെ വരികളെഴുതി, ഈണമിട്ട് പാടിയാൽ ആ പാട്ടിനെക്കുറിച്ചൊന്ന് സങ്കൽപ്പിച്ചു നോക്കൂ. ‘ഇരുപത്തി അഞ്ചിലേറെ ഭാഷകളിൽ പാടിയിട്ടുള്ള ജാനകിയമ്മയുടെ സ്വന്തം പാട്ട് ഏത് ഭാഷയിലാകും? ’ ‘അങ്ങനെയൊന്ന് കേൾക്കാനുള്ള ഭാഗ്യം ഉണ്ടാകുമോ?’  ആരാധകരുടെ മനസ്സിൽ ഏറെക്കാലമായുണ്ടായി ഇങ്ങനെ കുറച്ചു ചോദ്യങ്ങളുണ്ടായിരുന്നു.
 ഏതായാലും ലോക്ഡൗൺ സീസൺ ആയതോെട ആരാധാകരുടെ കാത്തിരിപ്പിന് തിരശീല വീണിരിക്കുകയാണ്. വീട്ടിലിരിപ്പിന്റെ ദിവസങ്ങളിൽ ജാനകിയമ്മ പാട്ടെഴുതി, ഈണമിട്ടു. മാതൃഭാഷയായ തെലുങ്കിലോ ഏറ്റവും കൂടുതൽ ഗാനമാലപിച്ചിട്ടുള്ള കന്നഡയിലോ അല്ല, ഹിന്ദിയിലായിരുന്നു രചന!  പാട്ട് റെഡി. പക്ഷെ, റെക്കോർഡ് ചെയ്യണമെങ്കിൽ സ്റ്റൂഡിയോയിൽ പോകണ്ടേ? കോവിഡ് ആയതുകൊണ്ട് സ്റ്റൂഡിയോയിൽ എങ്ങനെ പോകും? അതിനും വഴി കണ്ടെത്തി ജാനകിയമ്മ. സ്വന്തം മൊബൈൽ  തന്നെ റെക്കോർഡിങ് സ്റ്റൂഡിയോ ആക്കി മാറ്റി. റെക്കോർഡിങ്ങിനു ശേഷം അടുത്ത സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. പതിയെ പതിയെ പാട്ട് അതിർത്തികൾ കടന്നു.
ആരോരുമറിയാതെ ജാനകിയമ്മയുടെ വീട്ടിലൊരുങ്ങിയ പാട്ട് അങ്ങനെ ആരാധകർക്കെല്ലാം ആഹ്ലാദത്തിനു വകയായി. ഏറെ നാളത്തെ കാത്തിരിപ്പ് തീരുകയാണ്. ചോദ്യങ്ങള്‍ക്ക് അവസാനവുമായി.


ലതാജിയുടെ ആരാധിക
   ചെറുപ്പം തൊട്ടേ, വെറുതെയിരിക്കുമ്പോൾ പാട്ടുകള്‍ കംപോസ് ചെയ്യുന്നതും പാടുന്നതും ടേപ്പ് റെക്കോർഡറിൽ റെക്കോർഡ് ചെയ്യുന്നതും ഇഷ്ടമായിരുന്നു ജാനകിയമ്മയ്ക്ക്. ലതാ മങ്കേഷ്ക്കറുടെ വലിയ ആരാധികയായിരുന്ന ജാനകിയമ്മയുടെ പ്രധാന ഹോബി തന്നെ ലതാജിയുെട പാട്ടുകൾ സ്വയം പാടി റെക്കോർഡ് ചെയ്യുന്നതായിരുന്നുവത്രേ.  അതിനൊരു രീതിയുമുണ്ട്. ലതാജിയുടെ ഹിറ്റ് പാട്ടുകൾ ഗ്രാമഫോൺ റെക്കോർഡിട്ട് പ്ലേ ചെയ്യും. അതിനടുത്തായി ഒരു ടേപ്പ് റെക്കോർഡറുമുണ്ടാകും. പാട്ട് പ്ലേ ചെയ്തു തുടങ്ങുന്നതിനൊപ്പം ടേപ്പ് റെക്കോർഡറിലെ റെക്കോർഡ് ബട്ടണും ഓൺ ചെയ്യും. ലതാജിയുടെ പാട്ട് വരുന്നിടത്തെത്തുമ്പോൾ ഗ്രാമഫോണിന്റെ ശബ്ദം താഴ്ത്തും. അവിടെ ജാനകിയമ്മ പാടിത്തുടങ്ങും. പശ്ചാത്തലസംഗീതം വരുന്ന ഭാഗമെത്തുമ്പോൾ വീണ്ടും ഗ്രാമഫോണിന്റെ ശബ്ദമുയരും. ഒന്നും രണ്ടുമല്ല, അങ്ങനെ എത്രയോ ഗാനങ്ങൾ!

S2


അങ്ങനെ റെക്കോർഡ് ചെയ്ത ഗാനങ്ങളും ഏറ്റവും അടുത്തവർക്ക് ജാനകിയമ്മ അയച്ചുകൊടുത്തിട്ടുണ്ട്. ഇരുപതു വയസ്സുള്ളപ്പോൾ ജാനകിയമ്മ പാടിയ അത്തരമൊരു ലതാജി ഹിറ്റും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ കേട്ടിരുന്നു.
ഒരു ഇതിഹാസ ഗായികയ്ക്ക് മറ്റൊരു ഇതിഹാസ ഗായിക നൽകുന്ന പ്രണാമം എന്ന് ആരാധകർ ഇതിനെ പറയുമെങ്കിലും ജാനകിയമ്മയോട് ഇതിനെക്കുറിച്ച് ചോദിച്ചാൽ കിട്ടുന്നത് മറ്റൊരു ഉത്തരമാകും. ‘‘ലതാജിയുടെ പാട്ടുകളോടുള്ള  എന്റെ ഇഷ്ടം എനിക്കിങ്ങനെ ‘പറയാനാണ്’ ഇഷ്ടം’’ എന്ന്.