Friday 29 September 2023 09:54 AM IST : By സ്വന്തം ലേഖകൻ

ഒന്നരക്കോടിയിൽ നൽകിയത് 3ലക്ഷം മാത്രം, ഫ്ലാറ്റിലും ചതി... 12 ലക്ഷത്തിന്റെ കടം വീട്ടാൻ കിടപ്പാടം വിൽക്കണം: പ്രതിസന്ധികളിലൂടെ ശോഭ രവീന്ദ്രൻ

raveendran

മലയാള ചലച്ചിത്രഗാനശാഖയ്ക്ക് അമൂല്യമായ നിരവധി സംഭാവനകൾ നൽകിയ സംഗീതസംവിധായകനാണ് രവീന്ദ്രൻ. അദ്ദേഹത്തിന്റെ മരണം സൃഷ്ടിച്ച വിടവ് ഇപ്പോഴും സിനിമാസംഗീതത്തിൽ വ്യക്തമായി അവശേഷിക്കുന്നു.

എന്നാൽ, മലയാളിയുടെ ആസ്വാദനലോകത്ത വിശാലമാക്കിയ ഈ അനുഗ്രഹീത കലാകാരന്റെ ഭാര്യ ശോഭ രവീന്ദ്രന്റെ ഇപ്പോഴത്തെ ജീവിതം പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ. ചില ചതികളിൽ പെട്ട്, കടക്കെണിയിലായി, സ്വന്തം കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിലാണവർ.

കൊച്ചി പാലച്ചുവടിലെ വാടകവീട്ടിലാണ് ഇപ്പോൾ ശോഭയുടെ താമസം. അവരെ ഈ നിലയിലെത്തിച്ചത് ചില പാഴ് വാഗ്ദാനങ്ങളാണ്. 12 ലക്ഷം രൂപയുടെ കടമുണ്ട് ശോഭയ്ക്ക്. അത് വീട്ടാനാണ് സ്വന്തമായുള്ള ഫ്ളാറ്റ് വിൽക്കാനൊരുങ്ങുന്നതും വാടക വീട്ടിലേക്ക് മാറുന്നതും.

9 വർഷംമുന്പ് ‘രവീന്ദ്രസംഗീതസന്ധ്യ’എന്ന പരിപാടി സംഘടിപ്പിച്ചപ്പോള്‍ ശോഭയ്ക്ക് ലഭിച്ച വാഗ്ദാനം ഒരു ഫ്ലാറ്റും 25 ലക്ഷം രൂപയുമാണ്. ബെംഗളൂരുവിലെ ഒരു ഇവന്‍റ് മാനേജ്‌മെൻറ് കമ്പനിയായിരുന്നു സംഘാടനം.

ശോഭ നേരിട്ടാണ് ഗായകരെയും അഭിനേതാക്കളെയുമെല്ലാം ക്ഷണിച്ചത്. പരിപാടിയിൽ യേശുദാസും ചിത്രയുമുൾപ്പെടെയുള്ളവരെല്ലാമെത്തി. പ്രതിഫലം വാങ്ങാതെയാണ് എല്ലാവരും പാടിയതും. ഗ്രൗണ്ടും സൗജന്യമായിരുന്നു. പരിപാടിയുടെ സംപ്രേഷണാവകാശം സ്വകാര്യചാനൽ വാങ്ങിയത് 56 ലക്ഷം രൂപയ്ക്കാണ്. ആ വേദിയിൽ വച്ചാണ് ഫ്ളാറ്റിന്റെ താക്കോൽ ശോഭയ്ക്ക് കൈമാറിയത്.

ഏപ്രിലിൽ ഫ്ലാറ്റിലേക്ക് താമസം മാറിയെങ്കിലും അവിടെ വൈദ്യുതി കണക്‌ഷൻ പോലുമില്ലായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഫ്ളാറ്റ് രജിസ്റ്റർചെയ്ത് നൽകാൻ തയ്യാറായതുമില്ല. ‘രവീന്ദ്രസംഗീതസന്ധ്യ’യിൽ നിന്നു സ്പോൺസർഷിപ്പുൾപ്പെടെ ഒന്നരക്കോടിയിലധികം രൂപ സംഘാടകർക്ക് ലഭിച്ചെങ്കിലും ശോഭയ്ക്ക് നൽകിയത് വെറും 3ലക്ഷം. തരാമെന്നുപറഞ്ഞ തുകയ്ക്കായി പലവട്ടം സമീപിച്ചെങ്കിലും അവർ പലതും പറഞ്ഞൊഴിഞ്ഞു.

ആ അപ്പാർട്ട്‌മെന്റിലെ ഓരോ ഫ്ലാറ്റും ആറരലക്ഷം രൂപയ്ക്ക് ഈടുവച്ച് നിർമാതാക്കൾ വായ്പയെടുത്തിരുന്നുന്നെന്ന് പിന്നീടാണറിഞ്ഞത്. ഒടുവിൽ താമസക്കാരുടെ അസോസിയേഷന് ഫ്ലാറ്റുകളെല്ലാം കൈമാറിയെങ്കിലും ലോൺ ബാധ്യത താമസക്കാരുടെ തലയിലായി. ആ ഘട്ടത്തിൽ മൂന്നുലക്ഷം രൂപ കടംവാങ്ങിയാണ് ശോഭ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയത്.

ഫ്ലാറ്റ് അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുകയും താമസക്കാരെല്ലാം മറ്റിടങ്ങളിലേക്ക് മാറുകയും ചെയ്തതോടെ ശോഭയും അടുത്തുതന്നെയുള്ള ഒരു വീടിന്റെ മുകൾനിലയിലേക്ക് താമസംമാറ്റി. മൂന്നരമാസം എന്നു പറഞ്ഞു തുടങ്ങിയ പണി ഒന്നരവർഷമായിട്ടും തീർന്നിട്ടില്ല. ഇടയ്ക്ക് വായ്പ ക്കുടിശ്ശികയിലേക്ക് രണ്ടു ലക്ഷം കൊടുത്തെങ്കിലും ആ തുക ഫ്ലാറ്റിന്റെ അറ്റകുറ്റപ്പണികൾക്കായാണ് ഉപയോഗിച്ചത്.

മറ്റു താമസക്കാരെല്ലാം വായ്പ കുടിശ്ശിക അടച്ചു. രവീന്ദ്രനോടുള്ള ആദരവെന്നോണം ശോഭയുടെ പണം തൽക്കാലത്തേക്ക് അസോസിയേഷൻ നൽകിയെങ്കിലും പലിശസഹിതം അതിപ്പോൾ 12 ലക്ഷം രൂപയായി. ഈ തുക നൽകിയാലേ ഫ്ലാറ്റിന്റെ രേഖകൾ കിട്ടൂ. അതിനാലാണ് ഫ്ലാറ്റ് വിൽക്കാനുള്ള ആലോചനയിലേക്ക് ശോഭ എത്തിയത്.