വാസന്തിയിലെ കണ്യാര്‍കളി ഈണത്തെക്കുറിച്ചും കണ്യാര്‍കളി വിശേഷങ്ങളും, ആ ഗാനം പാടിയ പ്രഭു അയിലൂര്‍ പങ്കുവയ്ക്കുന്നു
മികച്ച സിനിമയ്ക്കും മികച്ച നടിക്കുമടക്കം നാലഞ്ച് അവാര്‍ഡുകളുമായി വാസന്തി സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ നില്‍ക്കുന്നതില്‍ കണ്യാര്‍കളി കലാകാരന്‍ പ്രഭു അയിലൂരും അഭിമാനിക്കുകയാണ്. മികച്ച സിനിമയില്‍ ഏറെ പ്രാധാന്യമുള്ളൊരു പാട്ട് പാടിയതിന്റെ സന്തോഷം. അതിലേറെ അഭിമാനമുണ്ട് വാസന്തിയിലൂടെ കണ്യാര്‍കളി കൂടുതല്‍ പേരിലേക്ക് എത്തുന്നതിനൊരു നിമിത്തമായതില്‍. പാലക്കാട് നെന്മാറയ്ക്കടുത്തുള്ള അയിലൂര്‍ എന്ന കുഞ്ഞുഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന പ്രഭുകുമാര്‍ എന്ന പ്രഭു അയിലൂര്‍ സിനിമയില്‍ പാടിയതിനു പിന്നിലെ കഥയിങ്ങനെ.
'ലാലാലീ ലാലാ ലോ
ലേലേലീ ലേലീലോ
ലെലേലീ ലേലി ലേലി ലെലേലി ലോ...
കണ്ണമ്മേ കണ്ണമ്മേ കാരിലെന്ത്?
കാക്കയിറച്ചിയും ചോറുമാണോ?
ചെമ്പ നെല്ലിന്റെ ചോറ് തിളയ്ക്കുമ്പോ
കൈലിട്ടിളക്കെടീ കണ്ണമ്മേ...
കണ്യാര്‍കളിയുടെ ഉപവിഭാഗമായ മലയന്‍പുറാട്ടില്‍ നിന്നുള്ള ഇങ്ങനെ കുറച്ച് വരികളാണ് വാസന്തിയില്‍ പാടിയത്. ആലത്തൂര്‍-ചിറ്റൂര്‍ ഭാഗങ്ങളിലെ 32 ദേശങ്ങളിലേ കണ്യാര്‍കളി ഇപ്പോഴുള്ളൂ. പാരമ്പര്യമായി കുടുംബത്തിലെല്ലാവരും കണ്യാര്‍കളി കലാകാരന്‍മാരാണ്. അയിലൂര്‍ മണിയാശാന്റെ കീഴില്‍ അഞ്ചു വയസ്സ് മുതല്‍ കളി പഠിക്കാനും അവതരിപ്പിക്കാനും തുടങ്ങി. പാലക്കാട്ടെ ദേവീക്ഷേത്രങ്ങളില്‍ ഏപ്രില്‍-മെയ് മാസങ്ങളിലാണ് സാധാരണയായി കണ്യാര്‍കളി അവതരിപ്പിക്കാറുള്ളത്. നര്‍മവും അഭിനയവും നൃത്തവും സംഗീതവുമെല്ലാം സമന്വയിച്ച കലാരൂപമാണിത്. വാസന്തിയില്‍ ഉത്സവവുമായി ബന്ധപ്പെട്ട് നാടന്‍ പശ്ചാത്തലത്തിലുള്ള രംഗങ്ങളിലാണ് പാട്ട് വരുന്നത്. നാല് മിനിറ്റോളം വരുന്ന പാട്ടിന് സിനിമയില്‍ നല്ല പ്രാധാന്യവുമുണ്ട്. സിനിമയില്‍ പാടി എന്നതിലേറെ സന്തോഷമുണ്ട് കണ്യാര്‍കളിക്ക് സിനിമയിലും ആളുകള്‍ക്കിടയിലും കൂടുതല്‍ ശ്രദ്ധ കിട്ടുന്നതിന്.' പ്രഭു പറയുന്നു.

'അനുഷ്ഠാനകലയെന്ന നിലയിലും അല്ലാതെയും കണ്യാര്‍കളി അവതരിപ്പിക്കാറുണ്ട്. അനുഷ്ഠാനകലയെന്ന നിലയിലാണെങ്കില്‍ ഒമ്പതുകാല്‍ പന്തലില്‍ കുട്ടികള്‍ മുതല്‍ 90 വയസ്സുള്ളവര്‍ വരെ ദേവിയെയും ദൈവങ്ങളെയും സ്തുതിച്ചു പാടിയാണ് അവതരണം. വട്ടക്കളി എന്നു വിളിക്കുന്ന ഇതില്‍ ചെണ്ടയും ചേങ്ങിലയും ഇലത്താളവും മദ്ദളവുമാണ് വാദ്യങ്ങള്‍. പല്ലാവൂര്‍, പല്ലശ്ശന, മഞ്ഞളൂര്‍ ദേശങ്ങളില്‍ കൊമ്പും കുഴലും കൂടി ഉപയോഗിക്കാറുണ്ട്. വാളും ചിലമ്പും പന്തലിലേക്ക് എഴുന്നള്ളിച്ചു കൊണ്ടുവന്ന് കേളികൊട്ടോടെ ദേവിയെ സ്തുതിച്ചു പാടിയാണ് തുടക്കം. രാത്രി എട്ടു മണിയോടെ തുടങ്ങി പുലര്‍ച്ചെ നാല്- അഞ്ച് മണിക്ക് കേളിയോടെ അവസാനം. മൂന്നു ദിവസങ്ങളില്‍ മൂന്നു രീതികളിലായി ഇതു തുടരും.
അനുഷ്ഠാനകലയല്ലാതെ അവതരിപ്പിക്കുന്നതാണ് പുറാട്ട്കളി. തൊഴിലും ജീവിതാനുഭവങ്ങളും വൈകാരികതയും തര്‍ക്കങ്ങളും സങ്കടങ്ങളുമെല്ലാം ഇതില്‍ വിഷയമാകാറുണ്ട്. ഒന്നോ രണ്ടോ ആളുകള്‍ അവതരിപ്പിക്കുന്നത് ഒറ്റപ്പുറാട്ട്. പുരുഷന്മാര്‍ തന്നെയാണ് സ്ത്രീവേഷങ്ങളും കെട്ടുന്നത്. ചുരമിറങ്ങി വരുന്ന വേടരുടെയോ മലയന്റെയോ കഥയായി പുറാട്ട് അവതരിപ്പിക്കുമ്പോള്‍ തമിഴാണ് ഉപയോഗിക്കുക. ഇതിനെ കൂട്ടപ്പുറാട്ട് എന്നാണ് പറയുന്നത്. പതിനാലു പേരുടെ ഒരു സംഘമാണിത് അവതരിപ്പിക്കുക. ഇതൊക്കെ അറിയുന്നവര്‍ ഇന്നു ചുരുക്കമാണ്.
കോമഡി ഉത്സവത്തില്‍ അവതരിപ്പിച്ച കണ്യാര്‍കളിയാണ് വാസന്തിയിലെ ഈ ഗാനം പാടാനുള്ള ഭാഗ്യവുമായെത്തിയത്. പരിപാടി കണ്ട റഹ്മാന്‍ സഹോദരങ്ങള്‍ അവരുടെ സുഹൃത്ത് സുമേഷ് വഴി എന്റെ ഗുരു അയിലൂര്‍ മണിയാശാനുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് വാസന്തിയില്‍ പാടാന്‍ അവസരം കിട്ടിയത്. ഹരീഷ് അയിലൂര്‍, മനു അയിലൂര്‍, രാകേഷ് പുളിനെല്ലി, വിഷ്ണു ചേരാമംഗലം തുടങ്ങി ആശാന്റെ വേറെയും കുറച്ച് ശിഷ്യന്‍മാരും ഗാനത്തില്‍ പങ്കാളികളാണ്. എല്ലാം ഗുരുവിന്റെ അനുഗ്രഹം.'
കണ്യാര്‍കളിക്കൊപ്പം സ്വകാര്യസ്ഥാപനത്തിലെ ജോലിയും ഒരുമിച്ചുകൊണ്ടുപോകുകയാണ് പ്രഭു. ചെണ്ടയും തിമിലയും പഠിപ്പിക്കുന്നുമുണ്ട്. പെണ്‍കുട്ടികളെയും കണ്യാര്‍കളി പഠിപ്പിക്കുന്നുണ്ട്. അച്ഛന്‍ കൃഷ്ണന്‍കുട്ടി നായര്‍. അമ്മ രാധ. ഐടി രംഗത്തുള്ള പ്രമീതയാണ് ഭാര്യയും മകന്‍ നാലു വയസ്സുകാരന്‍ നിരഞ്ജന്‍ കൃഷ്ണയുമൊത്ത് അങ്കമാലിയിലാണ് താമസം.