കുട്ടികൾ ഇല്ല എന്നുള്ളത് ഞങ്ങളെ സംബന്ധിച്ച് ഒരു സമ്മർദമല്ലെന്നും എന്നാൽ കുട്ടികളില്ലാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ പല ആവർത്തി നേരിടേണ്ടി വന്നിട്ടുണ്ടെന്നും യാതൊരു പരിചയവുമില്ലാത്ത ആളുകൾക്കു പോലും ഇക്കാര്യം വലിയ പ്രശ്നമാണെന്നും ഗായകൻ വിധു പ്രതാപും ഭാര്യയും നർത്തകിയുമായ ദീപ്തിയും.
കുട്ടികൾ വേണോ, വേണ്ടയോ എന്നൊന്നും പുറമേ നിന്നൊരാൾ ചോദിക്കേണ്ട യാതൊരു ആവശ്യവുമില്ല. കുട്ടികളില്ലെന്നു പറഞ്ഞാൽ പിന്നെ അതെന്താ എന്നു ചോദിക്കേണ്ട ആവശ്യമില്ല. ചോദ്യങ്ങൾക്കു പരിധികൾ ഉണ്ടാകണമെന്നും ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ വിധു പറഞ്ഞു.
‘ഞങ്ങളോട് വളരെ കരുതലോടെ, എത്രയും വേഗം കുഞ്ഞിക്കാൽ കാണാൻ അനുഗ്രഹമുണ്ടാകട്ടെ എന്നൊക്കെ ചിലർ കമന്റിടുന്നതു കണ്ടിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികൾ ഇല്ലെന്നറിഞ്ഞിട്ടും കുട്ടികളില്ലേ എന്നു വേദനിപ്പിക്കാൻ വേണ്ടി ചോദിക്കുന്നവരുമുണ്ട്.
ഇപ്പോൾ എല്ലാവരോടുമായി ഞാൻ പറയുകയാണ്, കുട്ടികളില്ലാത്ത ദമ്പതികള്‍ ദൈവം അനുഗ്രഹിക്കാതെ പോയവരോ സങ്കടപ്പെട്ടിരിക്കുന്നവരോ ഒന്നുമല്ല. അത് അവരുടെ സ്വന്തം തീരുമാനമണ്. അതെന്തുമാകാം. അങ്ങനെ തന്നെ ആയിരിക്കട്ടെ. മറ്റുള്ളവർ അതൊന്നും അറിയേണ്ട കാര്യമില്ല. പുതുതലമുറയിലെ കുട്ടികളൊന്നും ഇത്തരം കാര്യങ്ങൾ ചോദിക്കാറില്ല’.– ദീപ്തി പറയുന്നതിങ്ങനെ.