Sunday 15 August 2021 11:07 AM IST

സ്വാതന്ത്ര്യത്തിന്റെ ഊർജ്ജവുമായി 'വീ ഗോട്ട് ഫ്രീഡം'; സൈബർ ലോകത്ത് ശ്രദ്ധ നേടിയ 'മലയാളി പോപ്പ്' ഗാനം

Priyadharsini Priya

Senior Content Editor, Vanitha Online

ffllddd555

സ്വാതന്ത്ര്യത്തിന്റെ ഊർജ്ജവുമായി ഒരു ഗാനം. ഇംഗ്ലീഷിൽ കംപോസ് ചെയ്ത 'വീ ഗോട്ട് ഫ്രീഡം' എന്ന പോപ്പ് ഗാനമാണ് സംഗീതപ്രേമികളുടെ സിരകളിൽ ദേശസ്നേഹം നിറയ്ക്കുന്നത്. ആലുവ സ്വദേശിയായ ഫിലിപ്പ് ജയകുമാർ ആണ് ഈ മനോഹര സംഗീതത്തിന് പിന്നിൽ. സംഗീതം, വരികൾ, പാടിയത് എല്ലാം ഫിലിപ്പ് തന്നെ. സോഷ്യൽ മീഡിയയിൽ ഇതിനോടകം നിരവധിപേരാണ് ഈ ഗാനം ഏറ്റെടുത്തത്. സംഗീത വിശേഷങ്ങൾ വനിതാ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ഗായകൻ ഫിലിപ്പ് ജയകുമാർ.

"ഇന്ത്യയിലുടനീളം യാത്ര ചെയ്യുന്ന ഒരാളാണ് ഞാൻ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ വിശാലമായ സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ് നമ്മൾ. നമുക്ക് അത് മനസ്സിലാകുന്നില്ലെന്ന് മാത്രം. രാജ്യത്തിൻറെ നന്മ ആഗ്രഹിക്കുന്ന ഒരാളെന്ന നിലയിൽ എന്റെയൊരു ചെറിയ കോൺട്രിബ്യൂഷൻ, അത്രയേ കരുതിയുള്ളൂ.. ഞാൻ തന്നെയാണ് പാട്ടെഴുതി കംപോസ് ചെയ്തതും പാടിയതും. അത് കൂടുതൽ ആളുകളിലേക്ക് എത്തിയതിൽ സന്തോഷം. രാഷ്ട്രീയപരമായും മതപരമായും വിവേചനങ്ങളില്ലാതെ ജനങ്ങൾ സമത്വവും സമാധാനവും അനുഭവിക്കണം. പുതിയ ഇന്ത്യയെ കുറിച്ചുള്ള എന്റെ സ്വപ്നമാണ്. 

2005 മുതൽ ഞാൻ സംഗീതരംഗത്ത് ഉണ്ട്. റോക്ക് മ്യൂസിക്, വെസ്റ്റേൺ ആണ് കൂടുതലിഷ്ടം. ശുദ്ധ വെസ്റ്റേൺ കേൾക്കാൻ ആളുകൾക്ക് ഇഷ്ടമാണ്. പക്ഷേ, മലയാളി വെസ്റ്റേൺ പാടുന്നത് അത്രപെട്ടെന്ന് സ്വീകരിക്കില്ല. തൊണ്ണൂറുകൾക്ക് മുൻപ് ഇംഗ്ലീഷിലുള്ള റോക്ക് ബാൻഡുകൾ കൊച്ചിയിൽ ഉണ്ടായിരുന്നു. റഹ്‌മാൻ സംഗീതത്തിന്റെ വരവോടെ പഴയ പ്രതാപമില്ലാതായി. ഇപ്പോഴുള്ള റോക്ക് ബാൻഡുകളൊക്കെ മലയാളത്തിലുള്ളതാണ്. എങ്കിലും, നല്ല മാറ്റമാണ്. നമ്മുടെ ഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. 

ഏറ്റവുമധികം ക്രിസ്ത്യൻ ഡിവോഷണൽ പാട്ടുകളാണ് ഞാൻ പാടിയിരിക്കുന്നത്. ഇതുവരെ നൂറിലധികം പാട്ടുകൾ പാടിയിട്ടുണ്ട്. ഗിറ്റാറിസ്റ്റ് കൂടിയാണ്. 2009 മുതൽ ക്രിസ്തുജയന്തി രാജഗിരി സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്നു. കുട്ടികൾക്ക് സംഗീതം പകർന്നുകൊടുക്കുന്നത് ഒരു ഭാഗ്യമല്ലേ!  

'മ്യൂസിക് ഫോർ പാഷൻ.. നോട്ട് ഫോർ സെയിൽ' എന്നാണ് സംഗീതത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്. അതുകൊണ്ട് പണത്തിനുവേണ്ടി പാടാൻ മനസ്സ് അനുവദിച്ചില്ല. സംഗീതത്തെ പ്രശസ്തിയ്ക്ക് വേണ്ടി ഉപയോഗിച്ചില്ല. സമൂഹത്തിനു വേണ്ടിയാണ് പലപ്പോഴും പാട്ടുകൾ ഒരുക്കിയത്. 2016 ൽ സോങ് ഫോർ ഗേൾ ചൈൽഡ് എന്ന പേരിൽ ആൽബം ഇറക്കിയിരുന്നു. അടുത്തതായി റിഥം ഓഫ് കേരള എന്ന ഒരു ആൽബം കൂടി പുറത്തിറക്കുന്നുണ്ട്."- ഫിലിപ്പ് പറയുന്നു. 

ddggredlkj
Tags:
  • Movies