ഉറ്റവരുടെ വിയോഗം പോലെ വേദനിപ്പിക്കുന്ന മറ്റൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. അതു വരെയുള്ള സന്തോഷങ്ങളെയും സ്വപ്നങ്ങളെയും എല്ലാം ഞൊടിയിട കൊണ്ട് തകർത്ത് തരിപ്പണമാക്കാൻ കഴിയും നമ്മുടെ പ്രിയപ്പെട്ടവരുടെ വിയോഗത്തിന്. ജീവിത സാഹചര്യങ്ങൾ മാറുന്നുണ്ടാകാം, എല്ലാം മറന്ന് ചിരിക്കാനും നമ്മൾ ശ്രമിക്കുന്നുണ്ടാകാം പക്ഷേ ഒരായുഷ്ക്കാലത്തിന്റെ മുഴുവൻ വേദന സമ്മാനിച്ചാകും നമ്മുടെ പ്രിയപ്പെട്ടവരെ വിധി തട്ടിയെടുക്കുന്നത്.
സംഗീതം കൊണ്ട് സന്തോഷം നിറച്ച കലാകാരന് ബിജിപാലിന്റെ ജീവിതത്തിലും സംഭവിച്ചത് മറ്റൊന്നായിരുന്നില്ല. സ്നേഹിച്ചും ജീവിച്ചും കൊതി തീരും മുമ്പേ നല്ല പാതിയെ വിധി തട്ടിയെടുത്തു. മക്കളായ ദയക്കും ദേവദത്തിനും അവരുടെ അമ്മയെ നഷ്ടമായി. കഴിഞ്ഞ ഒരു ഓഗസ്റ്റ് മാസത്തിലാണ് ബിജിപാലിന്റെ ഭാര്യ ശാന്തി മരണത്തിനു കീഴടങ്ങിയത്.
കാലഭേദങ്ങൾ കടന്നു പോകുമ്പോഴും ബിജിപാല് ജീവിക്കുന്നത് ഭാര്യ ശാന്തിയുടെ ഓർമ്മകളുടെ വേലിയേറ്റങ്ങൾക്കൊപ്പമാണ്. ബിജിപാലിന്റെ ഹൃദയത്തിൽ നിന്നുതിരുന്ന സംഗീതത്തിൽപ്പോലും ആ ഓർമ്മകൾ നിഴലു പോലെ നിൽക്കുന്നത് ആസ്വാദകർ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ഇരുവരുടെയും വിവാഹ വാർഷിക ദിനമായിരുന്നു കഴിഞ്ഞ ദിവസം. ഓർമ്മകളുടെ നടുക്കടലിൽ നിന്നു കൊണ്ട് ഭാര്യക്കായി എന്ത് കരുതി വയ്ക്കും എന്ന ചിന്ത ഇക്കുറിയും ബിജിപാലിനെ കൊണ്ടു ചെന്നെത്തിച്ചത് സംഗീതത്തിൽ തന്നെയാണ്.
‘ശരദിന്ദു മലർദീപ’ എന്നുള്ള ശാന്തിയുടെ ശബ്ദത്തിനൊപ്പം അതേ വരികൾ ബിജിപാലും ആലപിച്ചു. സംഗീതം സപര്യയാക്കിയ ഒരു കലാകാരൻ തന്റെ പ്രിയതമയ്ക്കായി വേറെയെന്തു കരുതി വയ്ക്കാൻ?
ഒന്നിച്ചുള്ള നല്ല നാളുകവിൽ എന്നോ ശാന്തി പാടി റെക്കോർഡ് ചെയ്തു വച്ച ആ ഗാനം ബിജിപാൽ തന്റേതായ രീതിയിൽ പുനരവതരിപ്പിക്കുകയായിരുന്നു. വീണ്ടും പുനർജനിച്ചപ്പോൾ ആ ഓർമഗീതത്തിന് മാധുര്യം കൂടിയിട്ടേ ഉള്ളുവെന്ന് കേൾവിക്കാരുടെ സാക്ഷ്യം.
സംഗീത ദിനത്തിലാണ് ഇരുവരുടെയും വിവാഹ വാർഷികമെന്നത് ഒരു പക്ഷേ കാലം അവർക്കായി കാത്തുവച്ച അപൂർവ്വതയാകാം.
ബിജിബാലിന്റെ ഭാര്യ ശാന്തി മസ്തിഷ്ക സംബന്ധമായ രോഗത്തെ തുടർന്ന് കഴിഞ്ഞ വർഷമാണ് അന്തരിച്ചത്. ശാന്തിയുടെ പിറന്നാൾ ദിനത്തിൽ ‘മയീ മീനാക്ഷി’ എന്നൊരു വിഡിയോ ബിജിബാൽ ഒരുക്കിയിരുന്നു. നൃത്ത രംഗത്ത് സജീവമായിരുന്ന ശാന്തിയാണ് രാമന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിനായി നൃത്തം ചിട്ടപ്പെടുത്തിയത്.