ADVERTISEMENT

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പ്രൗഢ ഗംഭീരമായ ഏടാണ് ദണ്ഡിയിൽ നടന്ന ഉപ്പ് സത്യാഗ്രഹം. മഹാത്മാഗാന്ധി ഒരു പിടി ഉപ്പ് കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ തന്നെ ഇളക്കിയ ചരിത്രം. സാധാരണക്കാരന്റെ നിത്യോപയോഗ വസ്തുവായ ഉപ്പിന് ബ്രിട്ടിഷുകാർ 1882 മുതൽ കനത്ത നികുതിയായിരുന്നു പിരിച്ചത്. അതിനെതിരെ 1930 മാർച്ച് 12 ന് സബർമതിയിൽ നിന്ന് ഗാന്ധിജി ദണ്ഡിയിലേക്കുള്ള യാത്ര ആരംഭിച്ചു. ദണ്ഡി കടൽത്തീരത്ത് ഉപ്പു കൈയിലെടുത്തു , ഉപ്പ്‌ നിയമം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. ഇതേ തുടർന്ന്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ പദയാത്ര നടത്തുകയും കടൽ തീരങ്ങളിൽ ഉപ്പു നിർമിക്കുകയും ചെയ്തു. ഗാന്ധിജിയെയും, ആയിരകണക്കിന് അനുയായികളെയും ജയിലിൽ അടച്ചെങ്കിലും ഒരു വർഷത്തിനു ശേഷം ഉപ്പു നിയമം എടുത്തു കളയാൻ ബ്രിട്ടിഷുകാർ നിർബന്ധിതരായി.

ഉപ്പുകൊണ്ട് എഴുതിയ ചരിത്രം

ADVERTISEMENT

ഉപ്പു സത്യാഗ്രഹത്തിന്റെ ഓർമയ്ക്കായി 2019 ൽ നിലവിൽ വന്നതാണ് ദണ്ഡിയിലെ 'നാഷനൽ സാൾട് സത്യാഗ്രഹ മോണുമെന്റ്. പതിനഞ്ചേക്കർ സ്ഥലത്താണ് സത്യാഗ്രഹ മോണുമെന്റ് സ്ഥിതി ചെയ്യുന്നത്. കവാടം കടന്ന് കയറി ചെല്ലുന്നിടത്ത് ഗാന്ധിയുടെ ചെറിയൊരു പ്രതിമ കാണാം. കറുത്ത പ്രതിമയുടെ കഴുത്തിൽ നൂലു കൊണ്ടുണ്ടാക്കിയ വെള്ള മാല അണിയിച്ചിരുന്നു. അതിനടുത്ത് ഭിത്തിയിൽ ഇങ്ങനെ കുറിച്ചിട്ടുണ്ട്, " കൈയൂക്കിനെതിരെയുള്ള സത്യ യുദ്ധത്തിൽ എനിക്ക് ലോകത്തിന്റെ അനുകമ്പ ആവശ്യമാണ് ". ഈ പ്രസ്താവന ഗാന്ധിയുടെ കൈപ്പടയിൽ കൊത്തി വച്ചിരുന്നു. ദണ്ഡി യാത്രയുമായി ബന്ധപ്പെട്ട 24 ബാസ് റിലീഫ് ശിൽപ വിവരണങ്ങൾ ഇവിടെയുണ്ട്.

ഉപ്പു നിയമത്തിനെതിരെ ലോർഡ് ഇർവിന് കത്തെഴുത്തുന്ന ശിൽപമാണ് ആദ്യത്തേത്. ലോർഡ് ഇർവിൻ അനുകൂലമായി നടപടി എടുക്കാതിരുന്നപ്പോഴാണ് ഗാന്ധിജി തന്റെ പ്രിയപ്പെട്ട എഴുപത്തിയെട്ടു അനുയായികളുമായി പദയാത്ര ആരംഭിച്ചത്. പദയാത്രക്ക് മുൻപ് , പോകുന്ന വഴിയിൽ സൗകര്യം ഒരുക്കാൻ സൈക്കിളിൽ ഇറങ്ങിയ പതിനാറു കുട്ടികളുടെ സംഘത്തിന്റെ ശിൽപമാണ് അടുത്തത്. 1930 മാർച്ച് 12 ന് കസ്തൂർബ ഗാന്ധിജിയെ തിലകമണിയിച്ചു യാത്രയാക്കുന്ന ശിൽപത്തിനു ശേഷം ദണ്ഡി യാത്രയുമായി ബന്ധപ്പെട്ട ഹൃദയ സ്പർശിയായ പല കാഴ്ചകളും കാണാം. കടന്നു പോയ ഗ്രാമത്തിൽ നൂറ്റിയഞ്ചു വയസ്സുള്ള വൃദ്ധ ഗാന്ധിജിയെ ആശിർവദിക്കുന്നതും , തന്റെ വിലകൂടിയ വളകൾ ഊരി കൊടുക്കുന്ന കൗമാരക്കാരിയും , ഗാന്ധിജിക്ക് പുഴ കടക്കാൻ ഗ്രാമീണർ കാളവണ്ടികൾ നിരത്തിയതും, ഗാന്ധിയെ കാണാൻ വഴിയിലെ മരങ്ങളിൽ പോലും നിലയുറപ്പിച്ച ഗ്രാമീണരുടെയുമെല്ലാം ശിൽപങ്ങൾ... ഇരുപത്തിനാലു ദിവസത്തെ പദയാത്രയ്ക്കൊടുവിൽ ഏപ്രിൽ അഞ്ചാം തീയതി ദണ്ഡിയിലെ സൈഫി വില്ലയിൽ എത്തുന്നതാണ് ഇരുപത്തി രണ്ടാമത്തെ ശിൽപം. ഏപ്രിൽ ആറാം തീയതി രാവിലെ , ദണ്ഡി കടപ്പുറത്തു സ്നാനം ചെയ്ത ശേഷം ഒരു പിടി ഉപ്പ് കൈയിലെടുത്തു ഉപ്പ് നിയമം ലംഘിക്കുന്നതാണ് ഇരുപത്തിമൂന്നാമത്തെ ശിൽപം. ഗാന്ധിജിയെ മെയ് അഞ്ചാം തീയതി അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നതാണ് അവസാനത്തെ ശിൽപം. ഈ ശിൽപക്കാഴ്ചകളിലൂടെ കടന്നു പോയാൽ ഗാന്ധിക്കൊപ്പം ദണ്ഡി യാത്രയിൽ നമ്മളും ഒപ്പം സഞ്ചരിച്ച പ്രതീതി ലഭിക്കും.

പതിനാറടി പൊക്കമുള്ള ഗാന്ധി

dandi08
ADVERTISEMENT

24 ബാസ് റിലീഫ് ശിൽപങ്ങൾക്കു ശേഷം ഗാന്ധിജിയും എഴുപത്തിയെട്ടു അനുയായികളും പദയാത്രയായി നടക്കുന്നതിന്റെ ആവിഷ്കരണം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. സത്യാഗ്രഹത്തിൽ പങ്കെടുത്ത ഓരോരുത്തരുടെയും വെങ്കലത്തിൽ നിർമിച്ച പൂർണകായ പ്രതിമ അവിടെയുണ്ട്.. പതിനാറു വയസ്സുകാരൻ വിത്തൽ ലീലാധർ മുതൽ അറുപത്തിയൊന്ന് വയസ്സുള്ള ഗാന്ധിജി വരെയുള്ളവരുടെ ശിൽപങ്ങൾ. അന്ന് അവർ ധരിച്ചിരുന്ന വസ്ത്രധാരണ രീതി പോലും അനുകരിച്ചു, ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വന്ന ശിൽപികൾ വെങ്കലത്തിൽ നിർമിച്ചെടുത്തതാണിവ. ഇവിടത്തെ കേന്ദ്ര ബിന്ദുവായ പ്രതിമ ഗാന്ധിയുടേതായിരുന്നു. വിലങ്ങനെ കുത്തി നിർത്തിയ രണ്ടു വലിയ സ്റ്റീൽ വടികളുടെ അറ്റത്തു സ്ഥാപിച്ചിട്ടുള്ള 2500 കിലോ ഭാരമുള്ള ഒരു ഗ്ലാസ് ക്യൂബ്. രണ്ടു കൈകളെ പ്രതിനിധാനം ചെയ്യുന്നതിനാണ് വടികൾ എങ്കിൽ , ഉപ്പു കണത്തെ പ്രതിനിദാനം ചെയ്യാനായിരുന്നു ക്യൂബ് സ്ഥാപിച്ചത്. അതിന്റെ താഴെ പതിനാറടി പൊക്കമുള്ള ഗാന്ധിജിയുടെ ശിൽപം.

വീണ്ടും മുന്നോട്ടു നടന്നാൽ നാൽപതു സോളാർ മരങ്ങൾ കാണാം. സൗരോർജത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കാനായിരുന്നു സോളാർ പാനലുകൾ മരത്തിന്റെ ആകൃതിയിൽ പണിതു വച്ചിരുന്നത്. സ്വയം പര്യാപ്തത നേടുക എന്നതായിരുന്നല്ലോ ഗാന്ധിജിയുടെ മുഖ്യ സന്ദേശങ്ങളിൽ ഒന്ന്. ഇവിടത്തെ വൈദ്യുതി ആവശ്യങ്ങൾ മൊത്തം നിറവേറ്റാൻ പര്യാപ്തമാണ് ഈ സോളാർ മരങ്ങൾ. ശിൽപങ്ങളും, ഉപ്പ് കണത്തിന്റെ ശിൽപവും , സോളാർ മരങ്ങളും എല്ലാം സ്ഥാപിച്ചിരിക്കുന്നത് ഒരു കൃത്രിമ തടാകത്തിനു ചുറ്റുമായിട്ടാണ്. ദണ്ഡി കടപ്പുറത്തിന്റെ ഓർമയ്ക്കായിട്ടാണ് ഈ തടാകം. മഴവെള്ള സംഭരണിയായിട്ടും അതിനെ ഉപയോഗപ്പെടുത്തുന്നു.

എങ്ങും നിറയുന്നു, ഗാന്ധി

dandi03
ADVERTISEMENT

നാലു മുറികൾ ഉള്ള കെട്ടിട സമുച്ചയമാണ് അടുത്ത കാഴ്ച. ഒരു മുറിയിൽ ഗാന്ധിജിയുടെ എൺപതു അനുയായികളുടെ മുഖങ്ങൾ ഓർമപ്പെടുത്തുന്ന ശിൽപം ഉണ്ട്. ഗാന്ധിജി എഴുപത്തിയെട്ടു അനുയായികളെ കൊണ്ടാണ് യാത്ര തിരിച്ചതെങ്കിലും , പിന്നീട് രണ്ടു പേർ കൂടി പദയാത്രയിൽ പങ്കെടുത്തിരുന്നു. ആ മുറിയിലെ ഭിത്തിയിൽ രാജമുന്ദ്രിയിലെ ‘രത്‌നം’ എന്നയാൾ സമ്മാനിച്ച പേന പ്രദർശിപ്പിച്ചിട്ടുണ്ട്. ജനങ്ങളോട് വിദേശത്തു നിന്നുള്ള സാധനങ്ങൾ ബഹിഷ്കരിച്ചു , സ്വന്തമായി ഉൽപന്നങ്ങൾ നിർമിക്കാൻ ഗാന്ധിജി ആഹ്വാനം നടത്തിയപ്പോൾ രത്നം, പേനയാണ് നിർമിച്ചത്. രത്നത്തെ അഭിനന്ദിച്ചു കൊണ്ട് ഗാന്ധിജി എഴുതിയ കത്ത് പേനക്കൊപ്പം പ്രദർശിപ്പിച്ചിട്ടുണ്ട്. അവിടെ പ്രദശിപ്പിച്ചിരുന്ന ഒരു സൂക്ഷ്മ ശിൽപം ആരെയും അദ്ഭുതപ്പെടുത്തും.

 

വാറങ്കൽ നിന്നുള്ള അജയകുമാർ എന്ന ശിൽപി, സൂചിയുടെ ദ്വാരത്തിൽ ഗാന്ധിജിയുടെയും ഏഴു അനുയായികളുടെയും ശിൽപം നിർമിച്ചു വച്ചിരിക്കുന്നു. അവിടെയുള്ള മൈക്രോസ്കോപ്പിലൂടേ മാത്രമേ ഈ ശിൽപം കാണാൻ സാധിക്കുകയുള്ളൂ ! തൊട്ടടുത്ത മുറിയിൽ ഗാന്ധിജിയെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി കാണാം. അതിനോട് ചേർന്നുള്ള തുറന്ന മുറിയിലാണ് കടൽ വെള്ളത്തിൽ നിന്ന് ഉപ്പ് ഉണ്ടാകുന്ന യന്ത്രങ്ങൾ വച്ചിരുന്നത്. അവിടെയുണ്ടാക്കുന്ന ഉപ്പ് ചെറിയ കുപ്പികളിലാക്കി വാങ്ങാൻ സാധിക്കും.

ദണ്ഡി യാത്ര കഴിഞ്ഞു ഒരുപാട് വർഷങ്ങൾക്കു ശേഷമാണു ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചത്. എന്നിരുന്നാലും സാധാരണക്കാരെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ വലിയൊരു പ്രചോദനമായിരുന്നു ദണ്ഡി യാത്ര. നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനു പിന്നിലെ ചരിത്രത്തിലേക്ക് ഓരോ പൗരനും ഒന്നു തിരിഞ്ഞുനടക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ, ഈ മണ്ണിൽ ഒരുപാടു മനുഷ്യർ ജീവൻ വെടിഞ്ഞ് നമുക്ക് നേടി തന്ന സ്വാതന്ത്ര്യത്തിന്റെ മഹത്വം ഉള്ളുതൊടൂ.

dandi07


(വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്: മിത്ര സതീഷ്)

dandi05

ADVERTISEMENT