‘ലേഡി സൂപ്പർ സ്റ്റാർ’!
ഈ വിശേഷണത്തിനു പൂർണയോഗ്യയായിരുന്നു ശ്രീദേവി. ‘കന്ദൻ കരുണൈ’ മുതല്‍ ‘സീറോ’ വരെ തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡയിലും ഹിന്ദിയിലുമായി 301 സിനിമകള്‍. 4 വയസ്സില്‍ ബാലനടിയായി അഭിനയ ജീവിതം തുടങ്ങി. 54 വയസ്സില്‍ മരണം. സിനിമയില്‍ 50 വര്‍ഷം. ശ്രീ അമ്മ യാങ്കര്‍ അയ്യപ്പന്‍ എന്ന ശ്രീദേവി ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും വലിയ താരങ്ങളിൽ ഒരാളായിരുന്നുവെന്നതിനു മറ്റെന്തു തെളിവു വേണം...
ജീവിച്ചിരുന്നെങ്കില്‍ ഇന്നലെ ശ്രീദേവിയുടെ അറുപതാം പിറന്നാൾ...
1963 ആഗസ്റ്റ് 13 നു, അയ്യപ്പന്‍– രാജേശ്വരി ദമ്പതികളുടെ മകളായി ശിവകാശിയിലെ മീനംപട്ടിയിലായിരുന്നു ശ്രീദേവിയുടെ ജനനം. ഏക സഹോദരി ശ്രീകല. അമ്മയായിരുന്നു ശ്രീദേവിയുടെ ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം. സിനിമയിലെയും ജീവിതത്തിലെയും ശ്രീദേവിയുടെ യാത്ര ഒരു ഘട്ടം വരെ അവരുടെ നിയന്ത്രണത്തിലുമായിരുന്നു.
1967 ല്‍ എ.പി നാഗരാജന്റെ ‘കന്ദൻ കരുണൈ’ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടെ തുടക്കം. ബാല മുരുകന്റെ വേഷമായിരുന്നു അതില്‍. തുടര്‍ന്നു വിവിധ ഭാഷകളില്‍ ബാലനടിയായി നിരവധി കഥാപാത്രങ്ങള്‍. 1969 ല്‍ റിലീസായ ‘കുമാരസംഭവ’മായിരുന്നു മലയാളത്തിലെ ആദ്യ ചിത്രം. ഇതിലും ബാലമുരുകന്റെ വേഷത്തിലായിരുന്നു. തുടര്‍ന്നു ബാലനടിയായും നായികയായും 26 മലയാള സിനിമകള്‍. 1996 ല്‍ തിയേറ്ററുകളിലെത്തിയ ‘ദേവരാഗ’മായിരുന്നു മലയാളത്തിലെ അവസാന ചിത്രം.
നടിയായും നായികയായും തുടക്കകാലത്തു മലയാള സിനിമ ശ്രീദേവിക്കു നല്‍കിയ അവസരങ്ങള്‍ ചെറുതല്ല. തമിഴിലും തെലുങ്കിലും തുടര്‍ന്നു ഹിന്ദിയിലും അവരെ താരമാക്കിയതില്‍ മലയാള സിനിമയുടെ പിന്‍തുണ മറക്കാനാകില്ലെന്നു ചുരുക്കം.
1976 ല്‍ കെ ബാലചന്ദറിന്റെ ‘മൂന്‍ട്രു മുടിച്ച്’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രീദേവി നായികയായി. കമലഹാസനും രജനീകാന്തുമായിരുന്നു ഒപ്പം. ഭാരതിരാജയുടെ ‘പതിനാറു വയതിനിലേ’ വഴിത്തിരിവായി. തുടര്‍ന്നു സിഗപ്പു റോജാക്കള്‍, വരുമയിന്‍ നിറം ശിവപ്പ്, മീണ്ടും കോകില, പ്രേമാഭിഷേകം, മൂന്‍ട്രാം പിറൈ തുടങ്ങി വന്‍ വിജയങ്ങള്‍. അക്കാലത്തായിരുന്നു കമല്‍ ഹാസന്‍ - ശ്രീദേവി ജോഡി പ്രേക്ഷകരുടെ പ്രീതിനേടിത്തുടങ്ങുന്നതും. തമിഴിലും മലയാളത്തിലും ഹിന്ദിയിലുമായി 27 സിനിമകളിൽ ഇരുവരും ഒന്നിച്ചു. 2015 ല്‍ റിലീസായ ‘പുലി’യായിരുന്നു തമിഴിൽ ശ്രീദേവിയുടെ അവസാന ചിത്രം.
1975 ല്‍ ‘ജൂലി’യിലൂടെ ഹിന്ദിയിലെത്തിയ ശ്രീദേവി, 1979 ല്‍ ‘സോള്‍വാ സാവന്‍’ എന്ന ചിത്രത്തിലൂടെ നായികയുമായി. ചിത്രത്തിന്റെ പരാജയം വീണ്ടും തെന്നിന്ത്യന്‍ സിനിമകളിലേക്കു ശ്രദ്ധതിരിക്കാന്‍ ശ്രീദേവിയെ നിര്‍ബന്ധിതയാക്കി. എന്നാല്‍ 1983 ല്‍ ‘ഹിമ്മത് വാല’ എന്ന വന്‍ വിജയത്തിലൂടെ അവര്‍ ഹിന്ദിയിലേക്കു മടങ്ങിയെത്തി. തുടര്‍ന്നു ധാരാളം അവസരങ്ങള്‍. 8 ലക്ഷമായിരുന്നു അക്കാലത്തു ശ്രീദേവിയുടെ പ്രതിഫലം.
ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ ബോളിവുഡിലെ പകരക്കാരില്ലാത്ത താരചക്രവര്‍ത്തിനിയായിരുന്നു ശ്രീദേവി. മിസ്റ്റര്‍ ഇന്ത്യ, ചാന്ദിനി, ഖുദാഗവാ, നാഗിന തുടങ്ങി വലിയ വിജയങ്ങള്‍... ശ്രീദേവിയെ കിട്ടിയില്ലങ്കില്‍ മറ്റൊരു നടി എന്നതായിരുന്നു അക്കാലത്തു ബോളിവുഡിലെ രീതി.
1993 ല്‍ വിഖ്യാത ഹോളിവുഡ് സംവിധായകന്‍ സ്റ്റീഫന്‍ സ്പില്‍ ബര്‍ഗ് ‘ജുറാസിക് പാര്‍ക്ക്’ല്‍ അഭിനയിക്കുവാന്‍ ക്ഷണിച്ചെങ്കിലും താരതമ്യേന ചെറിയ കഥാപാത്രമായതിനാൽ ശ്രീദേവി ആ അവസരം നിരസിച്ചു. ‘ബാഹുബലി’ പരമ്പരയില്‍ മുഖ്യ കഥാപാത്രമായ ശിവകാമി ദേവിയും ശ്രീദേവി ഉപേക്ഷിച്ച വേഷമാണെന്നതു മറ്റൊരു കൗതുകം.
‘ജുദായി’ എന്ന ചിത്രത്തോടെ, ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിയായിരിക്കേ, 1996 ല്‍ നിർമാതാവായ ബോണി കപൂറുമായുള്ള വിവാഹ ശേഷം ശ്രീദേവി അഭിനയം നിർത്തി. കുടുംബ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ബോണിയും മക്കളായ ജാന്‍വിയും ഖുഷിയുമായി അവരുടെ ലോകം. അഭിനയത്തില്‍ നിന്നു വിട്ടു നിന്നപ്പോഴും ശ്രീദേവി വാര്‍ത്തകളിലെ താരമായിരുന്നു...
16 വർഷത്തിനു ശേഷം 2012 ല്‍, ‘ഇഗ്ലീഷ് വിഗ്ലീഷ്’ എന്ന ചിത്രത്തിലൂടെ അവര്‍ വീണ്ടും അഭിനയ രംഗത്തേക്കു മടങ്ങിയെത്തി. അഭിനേത്രിയെന്ന നിലയില്‍ പാകത നേടിയ മറ്റൊരു ശ്രീദേവിയെ രണ്ടാം വരവില്‍ പ്രേക്ഷകർ കണ്ടു. 2017 ല്‍, അഭിനയ ജീവിതത്തിന്റെ അന്‍പതാം വര്‍ഷത്തില്‍ റിലീസായ ‘മോം’ ശ്രീദേവി നായികയായ അവസാന ചിത്രമായി.
വിവാദങ്ങളും സംഘർഷങ്ങളും നിറഞ്ഞതായിരുന്നു ശ്രീദേവിയുടെ പ്രണയങ്ങളും വിവാഹവും. ഒരു കാലത്തു ഹിന്ദി സിനിമയിലെ താരരാജാവായിരുന്ന മിഥുന്‍ ചക്രവര്‍ത്തിയായിരുന്നു ശ്രീദേവിയുടെ പ്രണയ കഥയിലെ ആദ്യ നായകന്‍. നായികാ നായകന്‍മാരായ ‘ജാഗ് ഉഠാ ഇന്‍സാന്‍ ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇരുവരും പ്രണയത്തിലായത്. ഊട്ടിയിലായിരുന്നത്രേ രഹസ്യവിവാഹം. എന്നാല്‍ അതിനു മുന്‍പേ യോഗീത ബാലിയുമായി മിഥുന്റെ വിവാഹം കഴിഞ്ഞിരുന്നു. അവര്‍ ഗര്‍ഭിണിയുമായിരുന്നു. മിഥുന്‍ ശ്രീദേവിയുമായി അടുത്തു എന്നറിഞ്ഞ യോഗീത ജീവനൊടുക്കാൻ ശ്രമിച്ചു. തങ്ങളുടെ പ്രണയത്തിനു മുന്‍പേ മിഥുനും യോഗീതയുമായി ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ ഗര്‍ഭിണിയായിരുന്നുവെന്നും അറിഞ്ഞ ശ്രീദേവി മാനസികമായി തകര്‍ന്നു. 3 മാസം മാത്രം നീണ്ട ഈ അടുപ്പം അതോടെ അവസാനിച്ചു.

ശ്രീദേവിയുടെ വലിയ ആരാധകനായിരുന്നു ഹിന്ദിയിലെ പ്രമുഖ നിര്‍മ്മാതാവും കപൂർ കുടുംബത്തിലെ അംഗവുമായ ബോണി കപൂര്‍. എങ്ങനെയും ശ്രീദേവിയെ തന്റെ സിനിമയില്‍ സഹകരിപ്പിക്കുക എന്നതായിരുന്നു ബോണിയുടെ ലക്ഷ്യം. അങ്ങനെ ശ്രീദേവി അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനില്‍ ബോണി നിത്യ സന്ദര്‍ശകനായി. എന്നാല്‍ മിഥുന്‍ ചക്രവര്‍ത്തിയുമായി ശ്രീദേവി പ്രണയത്തിലാണെന്നു മനസ്സിലായതോടെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ബോണി ടെലിവിഷന്‍ നിര്‍മ്മാതാവായിരുന്ന മോന കപൂറിനെ ഭാര്യയാക്കി. എങ്കിലും ബോണിയുടെ മനസ്സില്‍ ശ്രീദേവിയായിരുന്നു. അങ്ങനെ ചോദിച്ചതിലും ഒരു ലക്ഷം രൂപ അധികം നല്‍കി ബോണി ശ്രീദേവിയെ ‘മിസ്റ്റര്‍ ഇന്ത്യ’യില്‍ നായികയാക്കി. 1987 ല്‍ തിയേറ്ററുകളിലെത്തിയ ചിത്രം വന്‍ വിജയമായി. ‘മിസ്റ്റര്‍ ഇന്ത്യ’യുടെ ലൊക്കേഷനില്‍ വച്ചു ബോണിയും ശ്രീദേവിയും അടുത്തു. മിഥുനുമായുള്ള ബന്ധം തകര്‍ന്നതിന്റെ നിരാശയിലായിരുന്ന ശ്രീദേവിക്കു ബോണിയുടെ സൗഹൃദം വലിയ ആശ്വാസമായിരുന്നു. പതിയെപ്പതിയെ സൗഹൃദം പ്രണയമായി. അതോടെ മോന - ബോണി ബന്ധം തകർന്നു. ബോണിയുടെ മനസ്സില്‍ ശ്രീദേവിയാണെന്നു മനസ്സിലാക്കിയ മോന വിവാഹ മോചനത്തിനു തയാറായി. 1996 ല്‍ ഇരുവരും പിരിഞ്ഞതോടെ ബോണിയും ശ്രീദേവിയും വിവാഹിതരായി. ബോളിവുഡിലെ യുവനായകന്‍ അര്‍ജുന്‍ കപൂറും അന്‍ഷുല കപൂറുമാണു ബോണി - മോന ദമ്പതികളുടെ മക്കള്‍. 2012 മാര്‍ച്ച് 25 നു അര്‍ബുദ ബാധിതയായിരുന്ന മോന മരണത്തിനു കീഴടങ്ങി.

അഴകിന്റെ പര്യായമായിരുന്നു ശ്രീദേവി. നിത്യ യുവത്വത്തിന്റെ ശാലീന മാതൃക. വിടര്‍ന്ന കണ്ണുകളും വശ്യമായ ചിരിയും അവരെ ഇന്ത്യന്‍ യുവത്വതത്തിന്റെ പ്രിയങ്കരിയാക്കി. എന്നാല്‍ സൗന്ദര്യ വര്‍ദ്ധനത്തിനായും യുവത്വം നിലനിര്‍ത്തുന്നതിനും അവര്‍ വിവിധങ്ങളായ സർജറികൾക്കു വിധേയയായത്രേ. മൂക്കിന്റെ രൂപമാറ്റം മുതല്‍ ചുണ്ടുകളുടെ ആകൃതിയിലുണ്ടായ വ്യത്യാസത്തിൽ വരെ അത്തരം അഭ്യൂഹങ്ങള്‍ പരന്നു.
സ്വാഭാവികവും അനായാസവുമായിരുന്നു ശ്രീദേവിയുടെ അഭിനയ ശൈലി. ഹാസ്യവും പ്രണയവും നൃത്തവും വൈകാരികതകളുമൊക്കെ അതിന്റെതായ തെളിമയില്‍ അവര്‍ കഥാപാത്രങ്ങളിലേക്കു പകര്‍ന്നു. നൃത്ത രംഗങ്ങളിലും ഗ്ലാമര്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങി. കെ.ബാലചന്ദറും ബാലുമഹേന്ദ്രയും ഭാരതിരാജയും തുടങ്ങി ഇതിഹാസ തുല്യരായ സംവിധായകരുടെ സിനിമകളായിരുന്നു ശ്രീദേവിയുടെ അഭിനയ കളരി. അതുകൊണ്ടു തന്നെ വര്‍ണ്ണശബളമായ ബോളിവുഡിലെ കമ്പോളസിനിമകള്‍ നടിയെന്ന നിലയില്‍ അവരെ ഭയപ്പെടുത്തിയില്ല. നടിയെന്ന നിലയില്‍ വെല്ലുവിളിയാകുന്ന തരം കഥാപാത്രങ്ങള്‍ ഹിന്ദിയില്‍ അധികമൊന്നും ശ്രീദേവിക്കു ലഭിച്ചില്ലെന്നു മാത്രമല്ല അവിടുത്തെ തിരക്കും വിജയങ്ങളുടെ ബാഹുല്യവും േപാകെപ്പോകെ അവരിലെ നടിയെ ഇല്ലാതെയാക്കി. എണ്ണിയെടുക്കാവുന്ന സിനിമകളൊഴിവാക്കിയാല്‍ വിലയേറിയ താരസുന്ദരി എന്ന വൃത്തത്തില്‍ കുടുങ്ങാനായിരുന്നു ശ്രീദേവിയുടെ വിധി. കരിയറിന്റെ ഏറ്റവും ഉന്നതമായ ഒരു ഘട്ടത്തില്‍ അവര്‍ അഭിനയം നിര്‍ത്തിയതും മറ്റൊരു കാരണമായി പരിഗണിക്കാം. മരണം കവര്‍ന്നിരുന്നില്ലങ്കില്‍ മോമിലെ ദേവകി സബർവാളിനെപ്പോലെ മികവാര്‍ന്ന കഥാപാത്രങ്ങളുമായി അവരെ വീണ്ടും കാണാമായിരുന്നു. 2013 ല്‍ രാജ്യം പത്മശ്രീ നല്‍കി ശ്രീദേവിയെ ആദരിച്ചു. ‘മോം’ലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡും (2018) മരണാനന്തര അംഗീകാരമായി അവരെ തേടിയെത്തി.
2018 ഫെബ്രുവരി 24 : ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ നായിക നിത്യമായ ഉറക്കത്തെ പുണർന്നു: 54 വയസ്സില്‍!
സങ്കീര്‍ണ്ണമായ കഥാഗതിയുള്ള ഒരു സിനിമ പോലെയായിരുന്നു ശ്രീദേവിയുടെ മരണവും അതുണ്ടാക്കിയ അഭ്യൂഹങ്ങളും. ആത്മഹത്യയെന്നും കൊലപാതകമെന്നും വ്യാഖ്യാനിക്കാവുന്ന തരത്തില്‍ സംശയത്തിന്റെ നിഴല്‍ ശ്രീദേവിയുടെ വിയോഗത്തിനു ചുറ്റും പടർന്നു. ദുബായിലെ ഹോട്ടലില്‍ മുറിയുടെ കുളിമുറിയില്‍ ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലിയ താരസുന്ദരിമാരിലൊരാള്‍ മരണത്തിന്റെ തണുപ്പില്‍ പുതഞ്ഞു കിടന്നപ്പോള്‍ തോന്നിയവര്‍ തോന്നിയതു പോലെ വാര്‍ത്തകളെഴുതി...
ഹൃദയാഘാതമാണു മരണകാരണമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. സൗന്ദര്യ വര്‍ദ്ധക ചികിത്സകളും അതിനെത്തുടര്‍ന്നുള്ള അമിതമായ ഔഷധ ഉപയോഗവുമാണു മരണകാരണമെന്നായി മറ്റൊരു വാദം. കുളിത്തൊട്ടിയിലെ വെള്ളത്തില്‍ ശ്രീദേവി മുങ്ങിമരിക്കുകയായിരുന്നുവെന്ന നിഗമനത്തോടെ, ബോധരഹിതയായി വീണ ശ്രീദേവിയുടെ തലയില്‍ മുറിവു കണ്ടെന്നതും കൊലപാതകമെന്ന അഭ്യൂഹത്തെ സജീവമാക്കി. വിശധമായ പരിശോധനയില്‍ ശ്രീദേവിയുടെ ചോരയിൽ മദ്യത്തിന്റെ അംശമുണ്ടെന്നു തെളിഞ്ഞപ്പോൾ, താരത്തിന്റെ മരണം ആത്മഹത്യയാണെന്നായി മറ്റൊരു വിഭാഗം. ബന്ധുവിന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുവാനെത്തിയ ശ്രീദേവി ഭര്‍ത്താവും മകളും മുംബൈയിലേക്കു മടങ്ങിയിട്ടും ദുബായില്‍ തന്നെ തങ്ങിയതും ചേർത്തു, തുടക്കം മുതലേ വാര്‍ത്തകളിലും അവയുടെ അവതരണത്തിലുമുണ്ടായ പല തരം പൊരുത്തക്കേടുകള്‍ ആശങ്കയുടെ വിത്തുകള്‍ പാകുന്നതായിരുന്നു. ഒടുവില്‍ ശ്രീദേവിയുടെ മരണം സ്വാഭാവികമെന്ന ഉറപ്പിൽ അനേ്വഷണം അവസാനിപ്പിക്കുവാനുള്ള തീരുമാനം വരെ അതൊക്കെയും ഏറെ ആഘോഷിക്കപ്പെട്ടു...
യഥാര്‍ത്ഥ താരമായിരുന്നു ശ്രീദേവി. ആ വാക്കിനും വിശേഷണത്തിനും ഏറ്റവും അനുയോജ്യ. രണ്ടാം വരവില്‍ നല്ല കഥാപാത്രങ്ങളുമായി നടിയെന്ന നിലയില്‍ പാകത നേടിയ മറ്റൊരു ശ്രീദേവിയെയെ കണ്ടെങ്കിലും ആ നടനത്തിന്റെ അനുഭവം കണ്ടു തീര്‍ക്കും മുന്‍പേ മരണം ശ്രീദേവിയെ ഒപ്പം കൊണ്ടു പോയി...
