Wednesday 03 August 2022 11:19 AM IST : By സ്വന്തം ലേഖകൻ

‘ശനിയാഴ്ചയാകുമ്പോൾ ഒരു തോന്നൽ വരും, ജസീലാ...എന്നുവിളിച്ച് നിറചിരിയുമായി ഒരാൾ ഇപ്പോൾ വന്നുകയറും എന്ന്’

basheer-km

ഓർമകളിൽ കനലായി എരിയുകയാണ് കെഎംബി എന്ന കെഎം ബഷീര്‍. ബഷീറിന്റെ വിയോഗത്തിന് മൂന്നാണ്ടുകൾ തികയുമ്പോൾ പ്രിയപ്പെട്ടവർ ആ ഓർമകളെ തിരികെ വിളിക്കുകയാണ്. ഹൃദയംനുറുങ്ങുന്ന വേദനയോടെ ബഷീറിന്റെ നല്ലപാതി വനിതയോട് സംസാരിച്ച വാക്കുകൾ... ഓർമകളുടെ ഈ നിമിഷങ്ങളിൽ ഒരിക്കൽ കൂടി...

ഒരു മരണം നടന്ന വീടാണതെന്ന് നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്ന നിശ്ശബ്ദതയായിരുന്നു അവിടെ. ഉണ്ണിവിരലുണ്ട് മുട്ടിലിഴഞ്ഞു നടക്കുന്ന ഒരു ഒൻപതു മാസക്കാരിക്ക് മരണമുണ്ടാക്കുന്ന നിശ്ശബ്ദത എവിടെ മനസ്സിലാകാൻ! ഉമ്മയുടെ മുറിയിൽ നിന്നു കുതറിച്ചാടി പുറത്തിറങ്ങിയതാണ് അവൾ. ബഷീറിന്റെ ഇളയ മകൾ, അസ്മി. അനിയത്തിയുടെ പിന്നാലെതന്നെയുണ്ട് ഇത്താത്ത ജന്ന. സങ്കടകടൽ താണ്ടുന്ന ഉമ്മയെയും കുഞ്ഞനിയത്തിയെയും ഇനി കരുതേണ്ടത് താനാണെന്നൊരു തോന്നലുണ്ട് ഈ രണ്ടാം ക്ലാസുകാരിയിൽ.

അബ്ബ ഇനി വരില്ലെന്ന് ജന്നയ്ക്കറിയാം. മരിക്കുന്നതിന് ഒരു ദിനം മുൻപാണ് ബഷീർ അവസാ നമായി ഈ വീട്ടിലേക്കു വിളിച്ചത്. ആ സമയത്ത് ജന്ന ഭക്ഷണം കഴിക്കുകയായിരുന്നു. മോളുമായി സംസാരിക്കണമെന്നു പറഞ്ഞതു െകാണ്ട് അല്‍പസമയം കഴിഞ്ഞ് ബഷീറിന്റെ ഭാര്യ ജസീല തിരിച്ചു വിളിച്ചു. അന്ന് ജന്നയും അബ്ബയും കൂടി കുറെനേരം കൊഞ്ചിപ്പറഞ്ഞതാണ്.

പിന്നെ അവളുടെ അബ്ബ വന്നത് ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്കാണ്. പുറത്ത് ഒരുപാട് ആളുകൾ കാത്തു നിൽക്കുന്നതു കൊണ്ട് വീടിനുള്ളിൽ അഞ്ചു മിനിറ്റാണ് ഉപ്പയെ അവൾക്ക് കിട്ടിയത്. ഒന്നുമ്മ വച്ചു തീരുമ്പോഴേക്കും ഉപ്പയെ ഖബറടക്കാൻ കോഴിക്കോട്ടേക്ക് കൊണ്ടു പോയി.

ഉമ്മയെ വിഷമിപ്പിക്കരുത് എ ന്ന നിർബന്ധമുണ്ട് ജന്നയ്ക്ക്. വീട്ടിലുള്ള ബന്ധുക്കളോടെല്ലാം ഇടയ്ക്ക് ചോദിക്കും. ‘വാട്സാപ്പി ൽ അബ്ബയുടെ ഫോട്ടോ വന്നിട്ടുണ്ടേൽ കാണിക്കോ?’ എന്ന്. കണ്ടു കഴിയുമ്പോൾ പറയും, ‘ഉമ്മായെ ഈ ഫോട്ടോയും വീഡിയോയുമൊന്നും കാണിക്കല്ലേ, ഉമ്മാക്ക് വിഷമാവും.’

നിസ്കാരപ്പായയിലിരുന്ന് ബഷീറിന്റെ ഉമ്മ ത സ്ബീഹ് ചൊല്ലിക്കൊണ്ടേയിരുന്നു. പിന്നെ പടച്ചോനോെടന്ന പോെല പറഞ്ഞു, ‘‘എന്റെ അള്ളാ, എനിക്കിതിനല്ലാതെ എന്തിനാവും. മരിച്ചേന്റെ കുറച്ചു മണിക്കൂറുകൾക്കു മുൻപ് എന്നെ ഫോണിൽ വിളിച്ച് ഉമ്മൂമ്മാന്റെ അസുഖത്തെക്കുറിച്ച് തിരക്കിയ മോനാണ്. പിന്നെ കേട്ടത്...’’

അന്ന് പുലർച്ചയ്ക്ക്...

മലപ്പുറം തിരൂർ വാണിയന്നൂർ ശാദുലിഹാൾ റോഡിൽ കണ്ടിയിൽ മുഹമ്മദ് ഹാജിയുടെയും തിത്താച്ചുമ്മ ഹജ്ജുമ്മയുടെയും ആറ് മക്കളിൽ മൂന്നാമത്തെയാളാണ് കെ എം ബഷീർ.

‘‘ഓന് പതിമൂന്നു വയസ്സുള്ളപ്പോൾ ഉപ്പ മരിച്ചതാണ്. കോഴിക്കോട് കാരന്തൂർ മർക്കസ്സയിൽ താമസിച്ചാണ് ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിച്ചത്. പൈസയ്ക്ക് ഉമ്മയെ ബുദ്ധിമുട്ടിക്കണ്ടാന്നു കരുതി ഡിഗ്രിക്കു പഠിക്കുമ്പോൾ തന്നെ സിറാജ് പത്രത്തിന്റെ റിപ്പോർട്ടറായി ജോലി ചെയ്യാൻ തുടങ്ങി. എന്നോടൊരാവശ്യത്തിനും പൈസ ചോദിക്കലില്ല. കുറച്ചു ദിവസം മുൻപ് എന്നെ ഹോസ്പിറ്റലിൽ കൊണ്ടോയി ചെക്കപ്പൊക്കെ നടത്തി. ഒ ന്നും ഞാൻ ആവശ്യപ്പെട്ടിട്ടല്ല.’’ ഉമ്മ പറയുന്നു.

‘‘ഞങ്ങളുടെ പൊരേനടുത്തു തന്നെയാണ് ശാദുലി ഹാൾ. അവിടെ മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച സ്വലാത്ത് ഉണ്ടാവും. എത്ര തിരക്കാണെങ്കിലും അതിനു ഓനെത്താതിരിക്കില്ല. ബഷീർ ബാവ എന്നായിരുന്നു കുട്ടിക്കാലത്ത് വിളിച്ചിരുന്നത്.

അവസാനം വന്നു പോയത് മരിക്കണേനു മുൻപുള്ള തിങ്കളാഴ്ചയാണ്. കാലത്ത്, ഞാൻ കോലായിലിരുന്ന് ഓതുമ്പോഴാണു വന്നത്. ഇളയ മോന്റെ വണ്ടിയിൽ കയറി റെയിൽവേസ്േറ്റഷനിൽ പോകാൻ നേരവും ചോദിച്ചു.‘എന്താ വേണ്ട്യേ, നിങ്ങക്ക്? ബേക്കറി പലഹാരം വേണോ?’ ‘പലഹാരം തിന്നാൻ ഞാനെന്താ കുട്ടിയാണോന്ന്’ ചോദിച്ച് ഞാന്‍ വെറുതെ ഒാനെ മൂപ്പിച്ചു.

പൊലർച്ചെ നാലരയ്ക്ക് ആരോ വാതില് തുറക്കുന്ന ശ ബ്ദം കേട്ടാണ് ഞാൻ ഉണര്‍ന്നത്. നോക്കുമ്പോൾ ഇളയമോൻ എവിടേക്കോ പോകാൻ നിൽക്കുന്നു. ‘ജ്ജ് എങ്ങടാ പോണേന്ന് ചോദിച്ചപ്പോൾ, ഇക്കാക്കാന്റെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു’ എന്നു പറഞ്ഞു. പുറത്തേക്കിറങ്ങിയപ്പോ മുറ്റം നിറയെ ആള്. എന്താന്നു ചോദിച്ചിട്ടും ആരും കാര്യം പറഞ്ഞില്ല.

ആ സമയത്ത് എന്റെ ആങ്ങള വിളിച്ച് ‘ബഷീറിനെന്താ പറ്റിയത്’ എന്നു ചോദിച്ചപ്പോഴേ എന്റെ ഉള്ളിൽ ആധി കയറി. ‘എന്റെ മോന് എന്തോ പറ്റിയേക്കണ്’. പിന്നീട് എപ്പോഴോ ഓ ന്റെ മോള് വന്നു ‘എന്റെ ഉപ്പാന്റെ പോസ്റ്റ്മാർട്ടം കഴിഞ്ഞേന്’ എന്നു പറയുന്നതു കേട്ടപ്പോൾ ചങ്കു പൊട്ടിപ്പോയി. എത്തരം ചെറിയ കുട്ടികളാണ്. ഇനി അവരെന്താക്കും...

എന്തു പറഞ്ഞാലും ഓന്റെ മുഖത്ത് എപ്പോഴും ചിരിയുണ്ടാവും. ആ ചിരി മരിച്ചപ്പോഴും ഓന്റെ മുഖത്തുണ്ടായിരുന്നു. അ വസാനം കാണുമ്പോൾ ‘ ഉമ്മാ, പെരുന്നാള് നമുക്ക് പുതിയ വീട്ട്ന്നാക്കാം’ എന്നു പറഞ്ഞു പോയതാണ് എന്റെ മോൻ...

ഞങ്ങൾക്ക് നീതി വേണം

‘‘ബന്ധുക്കളെല്ലാം ചേർന്നൊരു വാട്സാപ്പ് ഗ്രൂപ്പുണ്ട്. അതിൽ വെള്ളിയാഴ്ച രാത്രി ഒൻപതരയ്ക്ക് ബഷീറിന്റെ മെസേജുണ്ടായിരുന്നു.‘ബലി പെരുന്നാൾ പന്ത്രണ്ടിന്’. അതായിരുന്നു അവസാന കയ്യൊപ്പ്. പിന്നെ കേൾക്കുന്നത്...’’ ബഷീറിന്റെ മൂത്ത സഹോദരൻ അബ്ദുറഹിമാൻ പറഞ്ഞു തുടങ്ങി.

‘‘അബദ്ധത്തിൽ സംഭവിച്ച തെറ്റാണെന്നു കരുതി ഞങ്ങൾ ഉറ്റവരൊന്നും ഒരു പ്രകോപനവും ഇതുവരെ നടത്തിയിട്ടില്ല. പക്ഷേ, നീതി നടപ്പാക്കേണ്ട ഒരു വ്യക്തി തെറ്റിനെ മായ്ക്കാൻ നടത്തുന്ന ശ്രമങ്ങൾ എല്ലാവരും കാണുന്നുണ്ടല്ലോ. തെറ്റിനെക്കുറിച്ച് പൂർണ ബോധ്യം ഉള്ള ആളാണ് എല്ലാ പഴുതുകളും അടച്ച് രക്ഷപ്പെടാൻ നോക്കുന്നത്. ഞങ്ങൾക്ക് ആ മനുഷ്യ നോട് ഒരു വിദ്വേഷവും ഇല്ല. അയാളെ അങ്ങനെ ചെയ്യണം ഇ ങ്ങനെ ചെയ്യണം എന്നൊന്നും വിചാരിച്ചിട്ടില്ല. പറ്റിയ തെറ്റ് അംഗീകരിക്കുക എന്നുള്ളതാണ് ശരിയും മനുഷ്യത്വവും. ‘സംഭവിച്ചു പോയി’ എന്ന് ഏറ്റു പറഞ്ഞിരുന്നെങ്കിൽ ഇത്ര വേദനയുണ്ടാകില്ല. അതിനു വേണ്ടി കുറേ നുണകൾ പറയുന്നതു കാണുമ്പോഴാണ് സങ്കടവും വേദനയും തോന്നുന്നത്.

സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. സത്യം എന്നായാലും പുറത്തു വരും. അന്വേഷണം തൃപ്തികരമായി നീങ്ങുന്നില്ലെങ്കിൽ കേസ് ഉന്നത തലത്തിലേക്ക് കൈമാറുമെന്നാണ് പ്രതീക്ഷ. ആദ്യം കേസന്വേഷിച്ച പൊലീസുകാരിൽ ഞങ്ങൾ തൃപ്തരല്ലായിരുന്നു. പിന്നീടു വന്നവർ, ബഷീർ ജോലി ചെയ്തിരുന്ന സിറാജ് പത്രത്തിന്റെ അധികാരികൾ പരാതി കൊടു ക്കാൻ വൈകിയതു കൊണ്ടാണ് ശ്രീറാമിന്റെ രക്തപരിശോധന സമയത്ത് ചെയ്യാൻ പറ്റാതെ പോയതെന്നെല്ലാം പറയുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നുന്നു. പൊലീസിന് സ്വമേധയാ കേസെടുക്കാവുന്ന സാഹചര്യമുണ്ടായിട്ടും അതു ചെയ്യാതെ മറ്റുള്ളവരുടെ മേലേ കുറ്റം ചാരുന്നത് ശരിയല്ല. അന്വേഷണം ശരിയായ രീതിയിലേക്ക് വരണം. ബഷീർ പത്രപ്രവർത്തകനായതുകൊണ്ട് ഒരുപാടുപേർ ശബ്ദിക്കാനുണ്ട്. ഞങ്ങളെപ്പോലെ ഒരു സാധാരണക്കാരനായിരുന്നെങ്കിൽ എന്തായാനേ..

അസമയത്ത് അവര്‍ രണ്ടുപേരെയും കണ്ടപ്പോൾ ബഷീർ ഫോട്ടോ എടുക്കാൻ ശ്രമിച്ചിട്ടുണ്ടാവും, അവരെ പിന്തുടർന്നിട്ടുണ്ടാവും എന്നെല്ലാമുള്ള വാദങ്ങൾ വരുന്നുണ്ട്. ഇതൊരു അപകടമരണമാണോ കൊലപാതകമാണോ എന്നതൊക്കെ പുറത്തു വരണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്. ബഷീറിന്റെ രണ്ടു ഫോണിൽ സ്മാർട്ട് ഫോൺ ഇതുവരെ കണ്ടെത്താത്തത് ദുരൂഹത തന്നെയാണ്.’’

തുടക്കകാലത്ത് സിറാജിന്റെ തിരൂരിലെ റിപ്പോർട്ടറായിരുന്നു ബഷീർ. പിന്നീട് മലപ്പുറത്തേക്ക് മാറി. അവിടെ നിന്നാണ് തിരുവനന്തപുരത്തേക്കു പോകുന്നത്. അവിെട ബ്യൂറോചീഫായിരുന്നു. നിയമസഭാ റിപ്പോർട്ടിങ്ങിലെ മികവിനു കേരള മീഡിയ അക്കാദമിയുടെ അവാർഡും കിട്ടിയിട്ടുണ്ട്. വ്യക്തിപരമായി അറിയപ്പെടാൻ ഓൻ ഇഷ്ടപ്പെട്ടിരുന്നില്ല. തൊണ്ണൂറു ശതമാനം നാട്ടുകാരും ബഷീറിന്റെ മരണശേഷമാണ് ഓനെന്തായിരുന്നു എന്ന് തിരിച്ചറിയുന്നത്.

നാട്ടുകാർക്കോ ബന്ധുക്കൾക്കോ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലോ കാന്‍സര്‍ െസന്‍ററിലോ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഒാനാണു സഹായിച്ചിരുന്നത്. ആർസിസിയിലുള്ളവരൊക്കെ പറഞ്ഞിട്ടുണ്ട്, ‘ബഷീറിനെ കണ്ടാൽ മതി. ഒ രു ടോക്കൺ ഞങ്ങൾ മാറ്റി വയ്ക്കുമെന്ന്.’

ചെറിയ അനിയന്റെ കല്യാണമുണ്ടായിരുന്നു മൂന്നരമാസം മുൻപ്. അതോടൊപ്പം തന്നെ പൊരേകൂടലും നടത്താമെന്നു തീരുമാനിച്ച് കുറച്ച് ധൃതിയിൽതന്നെയാണ് പണികൾ നടത്തിയത്. അതുകൊണ്ട് കുറച്ചു കടബാധ്യതകളുമുണ്ട്.

ഒരു മാസം മുൻപ് ഒാന്‍റെ പഴ്സ് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടു. ഉപ്പ ചെറുപ്പത്തിൽ കൊടുത്ത ഒരു പത്തുരൂപ നോട്ട് അതിൽ സൂക്ഷിച്ചു വച്ചിരുന്നു. പിന്നീട്, പഴ്സും അതിലുണ്ടായിരുന്ന രേഖകളും തിരിച്ചു കിട്ടിയെങ്കിലും പണം നഷ്ടപ്പെട്ടിരുന്നു.‘ എനിക്കെന്തോ ആപത്തു വരാൻ പോകുന്നുണ്ട്, അതുകൊണ്ടാണ് ഉപ്പ തന്ന ആ നോട്ടു പോയതെന്ന്’ ബന്ധുക്കളോട് പറഞ്ഞിരുന്നുവത്രേ.

ഓന്റെ ഭാര്യ ജസീലയോട് അപകടം പറ്റിയെന്നേ ആദ്യം പറഞ്ഞുള്ളൂ. ഓള് ഉടനെതന്നെ ബഷീറിന്റെ കൂട്ടുകാരൻ പ്രദീപിന് വിളിച്ചു. പ്രദീപ് ഒന്നും പറയാനാകാതെ കരഞ്ഞുപോയി. ജസീലയ്ക്ക് കാര്യങ്ങൾ മനസ്സിലായിരിക്കണം. പിന്നെ അവർ ബോധം മറഞ്ഞു വീണു. ഇപ്പോൾ ഒന്നു ശരിയായി വരുന്നേയുള്ളൂ... അവരുടെ നിക്കാഹ് കഴിഞ്ഞിട്ട് ഡിസംബറിലേക്ക് പത്തുകൊല്ലമേ ആവുന്നുള്ളൂ.

കണ്ടു കൊതിതീർന്നിരുന്നില്ല

വീണ്ടും കൂടുതൽ നിശ്ശബ്ദമായ ഒരിടത്തേക്കാണ് ചെന്നെത്തുന്നത്. ഉറ്റുനോക്കുന്ന ശൂന്യമായ ഇടങ്ങളിലെല്ലാം കണ്ണിൽ നിറയുന്നത് മറ്റൊരു മുഖമാണെന്ന് ആ മൗനം പറഞ്ഞു. ‘‘ബഷീറിന്റെ വലിയൊരു സ്വപ്നം സ്വന്തമായൊരു വീടായിരുന്നു. അതുകൊണ്ടാണ് ഞാനും മോളും തിരുവനന്തപുരത്തു നിന്നു വാണിയന്നൂർക്ക് പോന്നത്.’’ ജസീല വാക്കുകളിടറി അൽപനേരമിരുന്നു. ‘‘ഞാൻ ബഷീറിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരാളായിരുന്നു. എന്തെങ്കിലും സാധനങ്ങൾ മേടിക്കാനുണ്ടെങ്കിൽ പോലും ആഴ്ചയവസാനം വരുന്ന ബഷീറിനെ കാത്തിരിക്കും. ഇടയ്ക്ക് ബഷീർ പറയും. ‘എന്റെ തണലിൽ മാത്രം ജീവിക്കാതെ കാര്യങ്ങൾ ചെയ്തു പഠിക്ക്.’ പക്ഷേ, എനിക്കതായിരുന്നു ഇഷ്ടം.

വീടു വച്ചതിനുശേഷം വീട്ടിൽ നിൽക്കാൻ വല്ലാത്ത പൂതിയായിരുന്നു. കണക്കു കൂട്ടിയാൽ പത്തു ദിവസമേ ഈ വീട്ടിൽ നിന്നിട്ടുണ്ടാവൂ. കോഴിക്കോട്ടേക്ക് മാറ്റം വാങ്ങി വരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഒടുവിൽ വന്നത് എന്റെ ജ്യേഷ്ഠത്തിയുടെ മകന്റെ കല്യാണത്തിനാണ്. ഞായറാഴ്ച തിരിച്ചു പോകുന്നെന്നു പറഞ്ഞതു കൊണ്ട് ഞാനും മക്കളും കല്യാണവീട്ടിൽ കൂടാൻ തീരുമാനിച്ചു. തിരുവനന്തപുരത്തേക്ക് പോ യോന്നറിയാൻ വിളിച്ചപ്പോള്‍ പറയുന്നു, ‘എനിക്ക് പോകാൻ മടിയാവുന്നു. നാളെ കാലത്തു പോകാം’ എന്ന്. അതു കേട്ടതോെട ഞാൻ വേഗം വീട്ടിലേക്കു പോന്നു. പിറ്റേന്ന് കാലത്ത് യാത്ര പറഞ്ഞു പോയി.

ഞങ്ങൾ തമ്മിൽ അഞ്ചു വയസ്സ് വ്യത്യാസമുണ്ട്. നിക്കാഹ് കഴിഞ്ഞ സമയത്തേ നിർബന്ധമായി പറഞ്ഞു, ‘ബഷീർ എന്നു വിളിച്ചാൽ മതി. ഇക്കാന്നെല്ലാം വിളിക്കുമ്പോൾ പ്രായം കൂടിയ പോലെ തോന്നും. നമുക്കെപ്പോഴും ഒരേപോലെയിരുന്നാൽ മതി.’

കല്യാണത്തിനു ശേഷമാണ് ഞാൻ ഡിഗ്രിയെടുത്തത്. ബ ഷീറിന് മലയാള സാഹിത്യം പഠിക്കണമെന്നു നല്ല മോഹമുണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ നിർബന്ധത്താൽ കണക്കായിരുന്നു എടുത്തത്. ഒരു ദിവസം ഞാൻ ചോദിച്ചു, ‘എന്നാൽ നമുക്കൊരുമിച്ചു പഠിച്ചാലോ?.’ അപ്പോ ചിരിച്ചോണ്ടു പറഞ്ഞു, ‘വേണ്ട, നിന്റെ വീട്ടുകാർ കളിയാക്കില്ലേ, പുതിയാപ്ല ഇ പ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണെന്ന്’

basheer nw

ഇനിയില്ല, ഒരു യാത്രയും

യാത്ര വലിയ ഇഷ്ടമുള്ള ഒരാൾ. ഒരു മടുപ്പില്ലാതെ ലോകത്തിന്റെ അറ്റം വരെയും പോയി വരും. ഈ പെരുന്നാൾക്കും കൂട്ടുകാരോടൊത്ത് ടൂർ പ്ലാൻ ചെയ്തിരുന്നതാണ്. കഴിഞ്ഞ കൊല്ലം ഓണത്തിന് ഞങ്ങളെ തിരുവനന്തപുരത്തേക്കു കൊണ്ടുപോയിരുന്നു. ചെറിയൊരു ട്രിപ് പ്ലാൻ ചെയ്ത് ട്രെയിനിൽ ഇരിക്കുമ്പോഴാണ് ഓഫിസിൽ നിന്നു വിളി വന്നത്. പ്രളയം കാര്യമായി ബാധിച്ച എവിടേക്കോ പോകാനാണ്. പോയി വന്നിട്ടു പറഞ്ഞു. ‘നമ്മളൊക്കെ എത്ര ഭാഗ്യമുള്ളവരാണ്. അവരുടെയൊക്കെ അവസ്ഥ കാണണം.’ പക്ഷേ, ഇപ്പോ... ഈ ഒാണത്തിന്...’ ജസീലയുെട കണ്ണുകളിൽ തെളിയുന്നുണ്ട് ഉള്ളിലെ പെരുങ്കടലിന്റെ ഇരമ്പം.

അവസാനമായി വിളിച്ച ദിവസവും ജോലിക്കൂടുതലുള്ളതുകൊണ്ട് ഓഫിസിൽ തന്നെ കിടക്കുകയാണെന്നു പറഞ്ഞിരുന്നു. മരണം നടന്ന ദിവസവും അതുപോലെ കിടന്നാൽ മതിയായിരുന്നു. പോവണമെന്നു വിധിച്ചിട്ടുണ്ടാവും, അതുകൊണ്ടായിരിക്കും...

മൂത്തമോള് ചെറുതായിരുന്നപ്പോൾ മൂത്രമൊഴിക്കുമോ എ ന്നു പേടിച്ച് എടുക്കാൻ മടിയായിരുന്നു. ചെറിയ മോള് ഉണ്ടായപ്പോൾ ഈ പേടി പോയി. ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നു, കുറച്ചുകാലമേ അബ്ബയുടെ സ്നേഹം ഉണ്ടാവുള്ളൂ എന്നു വച്ചിട്ടാകും മോളെ എടുത്തു കൊഞ്ചിച്ചത്.

നിറയെ സ്വപ്നങ്ങൾ കാണുന്ന ഒരാളായിരുന്നു. ഓരോന്നും എന്നോടു വിശദീകരിക്കും. ജോലിയിൽ നിന്നു വിരമിച്ചു കഴിയുമ്പോൾ നിറയെ പുസ്തകങ്ങളെഴുതണം. പിന്നെ ആളുകളെ സഹായിക്കാൻ പറ്റുന്ന ഒരു ഓഫിസ് തുടങ്ങണം എന്നൊക്കെയായിരുന്നു ആഗ്രഹം. അതെല്ലാം ബാക്കിവച്ചിട്ടല്ലേ പോയത്.

ശനിയാഴ്ച കാലത്താകുമ്പോൾ ഒരു തോന്നൽ വരും. ജ സീലാ... എന്നു വിളിച്ചുകൊണ്ടു മുഖം നിറയെ ചിരിയുമായി ഇപ്പോൾ വന്നു കയറും എന്ന്. ആള് ഏതവസ്ഥയിലാണെങ്കിലും ജീവനോടെ ഉണ്ടായാൽ മതിയായിരുന്നു. ഞാൻ നോക്കിയേനെ. എന്നും എന്റെയൊപ്പം ഉണ്ടാവൂലോ, ആ കൂടെ എനിക്ക് ജീവിക്കാലോ... അവര് പോയതോടെ ഞങ്ങളുടെ സുഖങ്ങളൊക്കെ കഴിഞ്ഞു.

ഓഫിസിൽ ഫാമിലി മീറ്റ് വരുമ്പോൾ ഞങ്ങളെ കൊണ്ടുപോകാൻ വലിയ ഉത്സാഹമാണ്. ഞാൻ മടിച്ചു നിൽക്കുമ്പോ ൾ പറയും. ‘ഫാമിലി ഇല്ലാതെ എന്തു ഫാമിലി മീറ്റ്?’ ഞങ്ങൾ ചെല്ലുമ്പോൾ എന്നെയും മക്കളെയും എല്ലാവരേയും പരിചയപ്പെടുത്തും.

ഉമ്മൻചാണ്ടി സാറിനെയും വി.എസ്. അച്യുതാനന്ദനെയും വലിയ ഇഷ്ടമായിരുന്നു. രാഷ്ട്രീയപരമായിരുന്നില്ല, അവരുടെ വ്യക്തിത്വത്തോടുള്ള ഇഷ്ടമായിരുന്നു അത്. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിച്ച വാർത്തയൊക്കെ വായിച്ച് ബഷീർ ആവേശപൂർവ്വം സംസാരിച്ചത് ഓർമയുണ്ട്. പുതിയ ഐഎഎസുകാരിൽ പ്രതീക്ഷയുള്ള ആളാണെന്നും പറഞ്ഞിരുന്നു. ആ ആളാണ്...

കല്യാണം കഴിഞ്ഞതു മുതൽ എല്ലാ പിഎസ്‌സി പരീക്ഷകളും എഴുതിച്ചിട്ടുണ്ട്. അവസാനം വിളിച്ചപ്പോഴും പിഎസ്‌സി പരീക്ഷയെക്കുറിച്ചു പറഞ്ഞാണ് വച്ചത്. ഇപ്പോ സര്‍ക്കാര്‍ എ നിക്ക് േജാലി തരുന്നു എന്നു സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞു. കിട്ടിയാൽ പോണം എന്നു തന്നെയാണ് ആഗ്രഹം. എത്രനാൾ മറ്റുള്ളവരെ ആശ്രയിച്ച് കഴിയും. മക്കളൊക്കെ വളർന്നു വരാൻ കാലമെത്ര ബാക്കിയാണ്.

ഒരപേക്ഷ കൂടിയുണ്ട്. ബഷീറിനു രണ്ടു ഫോണുണ്ടായിരുന്നതിൽ ചെറിയ ഫോൺ ആകെ പൊട്ടിതകർന്ന നിലയിൽ കിട്ടിയെന്നു പറഞ്ഞു. സ്മാർട് ഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ല. ആ നമ്പറിൽ വിളിച്ചു നോക്കിയപ്പോൾ താൽക്കാലികമായി ലഭ്യമല്ല എന്ന മെസേജാണ് കേൾക്കുന്നത്.

അതെനിക്ക് തിരികെ കിട്ടണം. ആ ഫോണിൽ ഞങ്ങൾ നാലുപേർ ഒരുമിച്ചെടുത്ത കുറെ നല്ല ചിത്രങ്ങളുണ്ട്. ഇനിയെനിക്ക് അതൊക്കെയല്ലേയുള്ളൂ... ടെക്നോളജി ഇത്രയും വികസിച്ചിട്ടും ഒരു സ്മാർട് ഫോൺ കണ്ടെത്താനാകുന്നില്ലെന്നു പറയുമ്പോൾ സംശയം തോന്നുന്നു.

മോള് കഴിഞ്ഞ ദിവസം പറഞ്ഞു. അവൾക്ക് ഈ ദുനിയാവില് ഒട്ടും ഇഷ്ടമില്ലാത്ത ഒരാൾ ആ മനുഷ്യനാണെന്ന്. നമ്മുടെ വീട്ടിലേക്ക് വന്നാൽ കയറാൻ സമ്മതിക്കരുത് ഉമ്മാ. ’ എന്നു പറഞ്ഞ് െകഞ്ചി. െകാച്ചുകുഞ്ഞല്ലേ, അവള്‍ക്കൊന്നുമറിയില്ലല്ലോ. ഞാനവളെ തിരുത്തി ‘അങ്ങനെയൊന്നും പറയരുതു മോളേ... ആരോടും പകയുണ്ടാകരുത്. അബ്ബയ്ക്കത് ഇഷ്ടമാവില്ല....’

ജീവിച്ചു കൊതിതീരാത്ത ഒരു മനുഷ്യനെയാണ് അവര്‍ ഇല്ലാതാക്കി കളഞ്ഞത്. ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം ഒറ്റയടിക്ക് കെടുത്തി. ഇനി ഒന്നേയുള്ളൂ. സംഭവിച്ചതെന്താണെന്ന് ഞങ്ങള്‍ക്കറിയണം. നീതി കിട്ടുകയും വേണം.

അപകടം ഉണ്ടാക്കിയവരോടും അതു തേച്ചുമാച്ചു കളയാന്‍ കൂട്ടു നിന്നവരോടും ഒന്നേ േചാദിക്കാനുള്ളൂ, ‘സത്യത്തെ എത്ര നുണ കൊണ്ടു മറച്ചാലും അള്ളാഹുവിന്റെ കണ്ണിൽ നിന്നു മറയ്ക്കാനാവുമോ?’

വനിത 2020ൽ പ്രസിദ്ധീകരിച്ച ലേഖനം

ഫോട്ടോ; ഇൻസാഫ്