Friday 24 April 2020 02:37 PM IST

അരുണിന്റെ ഓര്‍മ്മദിവസം നല്‍കിയ കിറ്റ് വാങ്ങാന്‍ അവന്‍ എത്തിയിരുന്നു, ആരോടും ഒന്നും പറയാതെ അവന്‍ പോയി! ഷാബുവിന്റെ ഓര്‍മ്മകളില്‍ നീറി നോബി

Binsha Muhammed

shaburaj-news

നഷ്ടങ്ങളുടെ മറ്റൊരു പേരാണ് നോബിക്കിപ്പോള്‍ ഏപ്രില്‍. അടുത്ത രണ്ടു ചങ്ങാതിമാരെയാണ് ഏപ്രിലിന്റെ ക്രൂരത തട്ടിയെടുത്തത്. ഒമ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് അരുണ്‍ എന്ന ചങ്കിനെ തട്ടിപ്പറിച്ചെടുത്ത മരണം ഇക്കുറി കൊണ്ടുപോയത് ഷാബു എന്ന പ്രിയപ്പെട്ടവനെ. അവനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കിടുമ്പോള്‍ വാക്കുകള്‍ ഇപ്പോഴും വിറ കൊള്ളുന്നു. 'ജീവിതം അവനെ വല്ലാതെ കൊതിപ്പിച്ചു. സൗഭാഗ്യങ്ങളും സന്തോഷങ്ങളും കൈക്കുമ്പിളില്‍ കിട്ടുമെന്ന് ആശിപ്പിച്ചു. പത്തു പേര്‍ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോഴേക്കും കൊണ്ടു പൊയ്ക്കളഞ്ഞു. ഇതെന്ത് വിധിയാണ്...' – നോബിയുടെ വാക്കുകള്‍ ഇടറുന്നു. 

ഷാബുരാജിന്റെ ചിതയിലെ തീ കെട്ടങ്ങുമ്പോഴും നോബിയുടെ ഓര്‍മകള്‍ കെടാതെ എരിഞ്ഞു കൊണ്ടേയിരുന്നു. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പു വരെ കണ്ടു മടങ്ങിയതാണ്. ഒത്തിരി നേരം വര്‍ത്തമാനം പറഞ്ഞു, തമാശകള്‍ പങ്കിട്ടു. ആ കൂട്ടുകാരനാണ് മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു പോയത്. അരുണിന്റെ ഓര്‍മകള്‍ മനസിനെ കുത്തിനോവിച്ച് രണ്ടു ദിനം പിന്നിട്ടപ്പോഴാണ് ഷാബുവിനെയും മരണം കൊണ്ടുപോയത്. രണ്ടു ചിരിമുത്തുകളുടെ  കണ്ണീരായി പെയ്തിറങ്ങുന്ന ഓര്‍മകള്‍ വനിത ഓണ്‍ലൈന്‍ വായനക്കാരുമായി പങ്കുവയ്ക്കുമ്പോള്‍ നോബിയുടെ വാക്കുകള്‍ കണ്ണീര്‍ കടലായി. 

മരണം പോലും മറഞ്ഞു നിന്നു

ഇത്തിരി വേദനയുണ്ടെങ്കില്‍ അത് ഒത്തിരിയായി കാണിക്കുന്നവരാണ് മനുഷ്യര്‍. പക്ഷേ ഷാബു എല്ലാം മറച്ചു വച്ചു. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ പരാധീനതകള്‍ എല്ലാം. പലപ്പോഴും അവന്‍ ഉള്ളില്‍ നീറുകയായിരുന്നു. കുടുംബത്തെ ഓര്‍ത്ത്, മക്കളുടെ ഭാവി ഓര്‍ത്ത് വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു അവന്‍. എന്ത് ചെയ്യും, ചിരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവന് സങ്കടം ഉള്ളിലൊതുക്കിയല്ലേ ശീലം...

മിമിക്രിയില്‍ സജീവമായി തുടങ്ങിയ നാള്‍തൊട്ട് ഷാബുവിനെ അറിയാം. നിരവധി ട്രൂപ്പുകളില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. സിനിമയില്‍ സജീവമായ ശേഷവും ഞാന്‍ ആരംഭിച്ച ടീം ഓഫ് ട്രിവാന്‍ഡ്രം എന്ന ട്രൂപ്പിലും ഷാബു ഉണ്ടായിരുന്നു. മിമിക്രി ലോകത്തെ മികച്ച പ്രതിഭകളെ അണിനിരത്തിയ ആ ട്രൂപ്പില്‍ ഷാബു എത്തിയതിനു പിന്നില്‍ ഒരു അത്ഭുതവും ഇല്ല എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. കാരണം, അത്രയ്ക്കും പ്രതിഭാധനന്‍ ആയിരുന്നു അദ്ദേഹം. ആദ്യകാലത്ത് തിരുവനന്തപുരം സരിഗയിലും ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് ഞങ്ങള്‍ റിഹേഴ്‌സല്‍ ചെയ്യുന്ന സ്ഥലത്തിന്റെ അടുത്തായിരുന്നു ഷാബുവിന്റെ വീട്. എന്നിട്ടു പോലും ഷാബുവും കുടുംബവും അനുഭവിക്കുന്ന വേദന ഞങ്ങള്‍ തിരിച്ചറിയാതെ പോയി. ഷാബുവിന്റെ ഭാര്യയേയും ഹൃദ്രോഗം പോലുള്ള ബുദ്ധിമുട്ടുകള്‍ അലട്ടുന്നുണ്ട് എന്ന വിവരം ആരും അറിഞ്ഞില്ല. ആരെയും അറിയിച്ചിരുന്നില്ല എന്ന് പറയുന്നതാകും കൂടുതല്‍ ശരി. കോമഡി സ്റ്റാര്‍സ് വേദിയില്‍ ജഡ്ജ് ആയി അടുത്തിടേയും ചെന്നിരുന്നു. അന്നും ഒരുപാട് നേരം സംസാരിച്ചു. അപ്പോഴും തന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് അദ്ദേഹം ഞങ്ങളോട് ആരോടും പറഞ്ഞിട്ടില്ല.

നാല് മക്കളേയും കൂട്ടി ജീവിതം പതിയെ കരയ്ക്കടുപ്പിക്കുകയായിരുന്നു ആ മനുഷ്യന്‍. സ്‌കിറ്റുകളിലൂടെ ഷാബുവിനെ ശ്രദ്ധിച്ച് തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. പത്ത് പേര്‍ ആ പ്രതിഭയെ തിരിച്ചറിഞ്ഞു വരികയായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹം സിനിമയിലെത്തും എന്ന് ഉറച്ചു വിശ്വസിച്ച നാളുകളില്‍ ആരുമറിയാതെ അദ്ദേഹത്തെ മരണം പിടികൂടി. മരണം പതിയിരുന്ന് ഹാര്‍ട്ട് അറ്റാക്ക് രൂപത്തില്‍ എത്തിയത് ഷാബു പോലും അറിഞ്ഞില്ല. ആ മരണകാരണം പോലും രഹസ്യമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെ പോലെ. 

ഏപ്രിലിന്റെ നഷ്ടം

പ്രിയപ്പെട്ടവരെ മരണം തട്ടിയെടുക്കുന്നത് ഇതാദ്യമായല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതു പോലൊരു ഏപ്രില്‍ മാസത്തിലാണ് എനിക്കെന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ അരുണിനെ നഷ്ടമാകുന്നത്. മരണത്തിലേക്ക് കാറോടിച്ച് പോയ ആ യാത്രയില്‍ ഞാനും അവനൊപ്പം ഉണ്ടായിരുന്നു. അന്ന് എന്നെ ദൈവം വെറുതെ വിട്ടു. അവനെ കൊണ്ടു പോയി. ആ മരണം വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും വിങ്ങലായി അവശേഷിക്കുകയാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് അവന്റെ ഓര്‍മദിനത്തില്‍ ലോക് ഡൗണില്‍ അവശത അനുഭവിക്കുന്ന മിമിക്രി കലാകാരന്‍മാര്‍ക്കായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തിരുന്നു. അരുണ്‍ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ സഹായം ഏറ്റുവാങ്ങാന്‍ അന്ന് ഷാബുവും എത്തി. അന്ന് ഒരുപാട് നേരം സംസാരിച്ചിട്ട് പിരിഞ്ഞതാണ്. പിറ്റേദിവസം 19നാണ് ഷാബുവിന് ഹൃദയാഘാതം സംഭവിക്കുന്നത്. അതിന്റെ അടുത്ത ദിവസം മരണവും സംഭവിച്ചു. ആ മരണ വാര്‍ത്ത കേട്ട് തളര്‍ന്നിരുന്നു പോയി എന്നതാണ് സത്യം. എന്നോട് സംസാരിച്ച് പിരിഞ്ഞ ഷാബു ഇനിയില്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ ഏറെ ബുദ്ധിമുട്ടുകയായിരുന്നു ഞാന്‍. ഷാബുവിന്റെ ഓര്‍മകള്‍ മാത്രമാണ് ഇന്ന് ഞങ്ങള്‍ സുഹൃത്തുക്കളെ മുന്നോട്ടു നയിക്കുന്നത്. ആ വേദനയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നഷ്ടവും മനസിലാക്കുന്നു. ആ കുടുംബത്തിനായി ഞങ്ങള്‍ കലാകാരന്‍മാര്‍ ആവുന്നത് ചെയ്യും എന്ന് മാത്രം ഈ നിമിഷം പറയുന്നു. നോബി പറഞ്ഞു നിര്‍ത്തി.