Wednesday 22 February 2023 11:09 AM IST : By സ്വന്തം ലേഖകൻ

വർഷങ്ങളോളം വാടകയ്ക്ക് താമസിച്ചു, ഒടുവിൽ സ്വപ്നം പോലൊരു വീട്: സൗഭാഗ്യങ്ങൾ ഉപേക്ഷിച്ച് സുബി മടങ്ങുമ്പോൾ

subi-suresh-demise

പ്രിയപ്പെട്ടവരെ നമ്മിൽ നിന്നും നിർദാക്ഷിണ്യം അകറ്റുന്ന വിധിയുടെ പേരാണ് മരണം. കേരളം ഇന്നു മിഴിതുറന്നതും അത്തരം ഒരു ക്രൂരമായ വിധി കേട്ടു കൊണ്ടാണ്. സുബി സുരേഷിനെ മരണം കൊണ്ടു പോകുമ്പോൾ ആഗ്രഹങ്ങളും അഭിലാഷങ്ങളും ബാക്കിയായിരുന്നു. ചിരിപ്പിക്കാനും രസിപ്പിക്കാനും സുബിയെ കാത്ത് ഇനിയും സുബിയെ കാത്ത് വേദികൾ പുറത്തുണ്ടായിരുന്നു.

സ്വന്തമായി ഒരു വീട് വച്ച് അതിൽ താമസിച്ച് കൊതിതീരും മുമ്പാണ് ഈ മടക്കം എന്നത് വേദനയേറ്റുന്നു.വേദനകളില്ലാത്ത ലോകത്തേക്ക് മറഞ്ഞ സുബിയെ ഹൃദയത്തോടു ചേർക്കുമ്പോൾ വീടിനെ കുറിച്ച് സുബി പങ്കുവച്ച വാക്കുകളും ശ്രദ്ധേയമാകുകയാണ്.

‘വരാപ്പുഴയിലാണ് ഞാന്‍ ഇപ്പോള്‍ താമസിക്കുന്നത്. വര്‍ഷങ്ങളോളം വാടകയ്ക്ക് താമസിച്ച ശേഷം 6 വര്‍ഷം മുമ്പാണ് സ്വന്തമായി വീട് വാങ്ങിയത്. എന്റെ വീട് എന്നാണ് പേര്. ആ പേര് നിര്‍ദേശിച്ചത് രമേഷ് പിഷാരടിയാണ്. മമ്മിയ്ക്ക് കൃഷിയോടൊക്കെ വലിയ താല്‍പര്യമാണ്. അങ്ങനെ വീടിന്റെ ടെറസില്‍ ചെറിയ തോതില്‍ കൃഷി തുടങ്ങി. അടുത്തിടെയാണ് പരിചയമുള്ള ഒരു അങ്കിളിന്റെ വസ്തുവില്‍ ഞങ്ങള്‍ കുറച്ചു കൂടി വിപുലമായി കൃഷി ചെയ്യാന്‍ തുടങ്ങിയത്. ഞങ്ങളുടെ വീടിന്റെ മുന്നില്‍ തന്നെയാണ് ഈ സ്ഥലം. ഇപ്പോള്‍ അവിടെ വാഴയും കപ്പയും ചീരയുമൊക്കെ കൃഷി ചെയ്യുന്നു. അടുത്ത വീട്ടിലെ മറ്റൊരു അങ്കിളും സഹായിക്കുന്നുണ്ട്. അവിടെ നിന്നുള്ള വിളവുകളുടെ ചിത്രമാണ് ഞാന്‍ അടുത്തിടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.’– സുബി വനിത ഓൺലൈനോട് പങ്കുവച്ച വാക്കുകൾ.

കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. കരൾ പൂർണമായും പ്രവർത്തന രഹിതമായതിനെ തുടർ‌ന്ന് കരൾ‌ മാറ്റിവയ്ക്കാൻ ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു അന്ത്യം. രമേഷ് പിഷാരടി അടക്കമുള്ള സഹപ്രവർത്തകർ ഇന്നലെ ആശുപത്രിയിൽ സുബിയെ സന്ദർശിച്ചിരുന്നു. വരാപ്പുഴയ്ക്കടുത്ത് കൂനമ്മാവിലാണ് നിലവിൽ സുബി താമസിച്ചിരുന്നത്. മൃതദേഹം രാജഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം നാളെ നടക്കും. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍: എബി സുരേഷ്.

മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്.
സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും തിളങ്ങി.