Saturday 01 October 2022 11:13 AM IST

‘ശ്വേതയെ അന്ന് നോക്കിയിരുന്നത് എന്റെ അമ്മ, അതുപോലെ ശ്രേഷ്ഠയെ ഏറ്റെടുത്ത് ശ്വേതയെ ഞാൻ ഫ്രീയാക്കി’

V R Jyothish

Chief Sub Editor

sujatha-mohan

മാറിയത് ഓണമാണോ അതോ മനസ്സാണോ എ ന്നറിയില്ല! എന്തായാലും ഓണം വല്ലാതെ മാറിയിട്ടുണ്ട്. അല്ലെങ്കിൽ തന്നെ കുട്ടിക്കാലത്തല്ലേ നിഷ്കളങ്കതയോടെ നമ്മൾ ഓണം ആഘോഷിക്കുന്നത്. അച്ഛനോ അമ്മയോ ബന്ധുക്കളോ ഓണക്കോടി വാങ്ങിത്തരുമ്പോൾ ഉള്ള സന്തോഷം സ്വന്തമായി ഓണക്കോടി വാങ്ങുമ്പോൾ ഉണ്ടാകില്ല. ബാല്യത്തിൽ നുണഞ്ഞ ഓണ രുചികളും സന്തോഷവും കാലമെത്ര കഴിഞ്ഞാലും മനസ്സിലുണ്ടാകും. മലയാളസിനിമയിലെ പ്രശസ്തരുെട മൂന്ന് അമ്മമാർ ഓണം ഓർമകൾ പങ്കുവയ്ക്കുന്നു.

പൂവിളി, പൂവിളി... പൊന്നോണമായി സുജാത

നാലു പതിറ്റാണ്ടോളമായി ചെന്നൈയിലാണ് താമസം. ഈ നഗരത്തോട് എന്തോ വല്ലാത്തൊരു ഇഷ്ടം പണ്ടേയുണ്ട്. എ ങ്കിലും ഏതെങ്കിലും ഓണപ്പാട്ടിന്റെ നാലുവരി മതി നാട്ടിലെത്താൻ. ആ വരികൾ കേൾക്കുമ്പോൾ തന്നെ ഉള്ളിൽ നാട് നിറയും. അതെന്തുകൊണ്ടെന്ന് ചോദിച്ചാൽ എനിക്കറിഞ്ഞുകൂടാ. അച്ഛനെന്നും അമ്മയെന്നും സ്വന്തം നാടെന്നും കേൾക്കുമ്പോഴുള്ള സന്തോഷം ഓണം എന്നും കേൾക്കുമ്പോഴും ഉള്ളിലുണരും. അതുകൊണ്ടാണ് കേരളത്തിന് പുറത്തുള്ളവർ ഇത്രയും ഭംഗിയായി ഓണം ആഘോഷിക്കുന്നതെന്ന് എനിക്ക് തോന്നുന്നു.

എനിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. ഡോക്ടറായിരുന്നു അച്ഛൻ. എനിക്ക് സുജാത എ ന്ന പേരിട്ടതിനു ശേഷം ‘ഡോക്ടർ സുജാത’ എന്ന് അ ച്ഛൻ എഴുതി വച്ചിരുന്നു. എന്നെ ഡോക്ടറാക്കണമെന്ന് അച്ഛൻ എന്തുകൊണ്ട് അന്നേ ആഗ്രഹിച്ചു എന്നെനിക്കറിഞ്ഞുകൂടാ. അച്ഛൻ ആഗ്രഹിച്ച പോലെ ഞാൻ ഡോക്ടറായില്ല. പകരം പാട്ടിന്റെ വഴിയിലൂടെയായിരുന്നു സഞ്ചാരം. കുട്ടിക്കാലം മുതലേ പാട്ടാണ് എന്റെ കൂട്ടുകാരി. അതുകൊണ്ട് തന്നെ മറ്റു കുട്ടികളെ പോലെ വ്യത്യസ്തമായ ആഘോഷ ഓർമകൾ എനിക്കില്ല. പാട്ടിൽ കൊരുത്തതാണ് ഓണം ഓർമകളും. ഏഴാം വയസ്സിൽ ഗാനമേളയ്ക്ക് പോയിത്തുടങ്ങി. ഒൻപത് വയസ്സുള്ളപ്പോൾ പാടാൻ ചെന്നപ്പോൾ ദാസേട്ടൻ സ്റ്റേജിലേക്ക് എടുത്ത് നിർത്തിയതൊക്കെ ഇന്നും പ്രിയപ്പെട്ട ഓർമയാണ്.

അമ്മാവന്മാരുടെ സ്നേഹത്തണൽ

എങ്കിലും കുട്ടിക്കാലത്തെ ഓണം ഇപ്പോഴും മനസ്സിലുണ്ട്. അച്ഛനില്ലാത്ത കുട്ടിയായതു കൊണ്ടാകാം അമ്മാവന്മാരൊക്കെ എനിക്ക് പ്രത്യേക പരിഗണന തന്നിരുന്നു. ഓണവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ സന്തോഷം ദൂരെയുള്ള ബന്ധുക്കൾ ഓണത്തിന് വരും എന്നതാണ്. പതിവുപോലെ പൂക്കളവും ഓണസദ്യയുമൊക്കെ ഉണ്ടാകും. കൂട്ടത്തിൽ എന്റെ പാട്ടും.

അമ്മയുടെ കുടുംബത്തിൽ മിക്കവരും സംഗീതവാസനയുള്ളവരായതുകൊണ്ട് ഓണാഘോഷങ്ങളിൽ പാട്ട് പ്രധാന വിഭവമായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടെ ഓണം വളരെ വ്യത്യസ്തവുമായിരുന്നു.

എറണാകുളം സെന്റ് തെരേസാസിലായിരുന്നു കോളജ് പഠനം. ഓണക്കാലത്താണല്ലോ ഗാനമേളകൾ കൂടുതൽ. അതുകൊണ്ട് പലപ്പോഴും ഓണദിവസങ്ങളിൽ വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നിട്ടുണ്ട് ചിലപ്പോൾ ഓണം കഴിഞ്ഞ ശേഷമാകും ഞങ്ങൾ കുടുംബക്കാർ എല്ലാവരും കൂടി ചേർന്ന് ഓണം ആഘോഷിക്കുന്നത്.

ഓണത്തിന് ശ്വേതയേയും കൊണ്ട് നാട്ടിൽ വരുമായിരുന്നു. പക്ഷേ, എന്റെ കുട്ടിക്കാലത്തെ പോലെയുള്ള ആ ഘോഷങ്ങൾ ഒന്നും തറവാട്ടിൽ ഉണ്ടാകാറില്ല. അതുകൊണ്ട് അവൾക്ക് ഓണത്തെക്കുറിച്ചുള്ള ഓർമ ഗാനമേളയും യാത്രകളും തന്നെയാകും.

ഇപ്പോൾ കൊച്ചുമകൾക്കൊപ്പം ആണ് എന്റെ ഓണം. ശ്വേതയുടെ മകൾ ശ്രേഷ്ഠയ്ക്ക് അഞ്ചു വയസ്സാകുന്നു. അവൾ വന്നതിനു ശേഷം ഞാൻ പരിപാടികൾക്കൊന്നും അധികം പോകാറില്ല. ശ്വേതയ്ക്ക് നല്ല തിരക്കാണ്. അവ ൾ പോകുമ്പോൾ കുഞ്ഞിന്റെ കാര്യങ്ങൾ ഞാൻ ഏറ്റെടുക്കും. ശ്വേത കുഞ്ഞായിരുന്നപ്പോൾ അവളുടെ കാര്യങ്ങ ൾ നോക്കിയിരുന്നത് എന്റെ അമ്മയായിരുന്നു. അതുപോലെ ശ്രേഷ്ഠയെ ഞാൻ ഏറ്റെടുത്ത് ശ്വേതയെ ഫ്രീയാക്കി. അതുകൊണ്ട് ഇപ്പോൾ ഓണവും വിഷവുമൊക്കെ പേരക്കുട്ടിക്കൊപ്പം ആഘോഷിക്കാൻ സമയം കിട്ടുന്നു. സദ്യ കഴിക്കാൻ ഇഷ്ടമാണെങ്കിലും എല്ലാം ഉണ്ടാക്കാൻ അറിയില്ലായിരുന്നു. ഇപ്പോഴാണ് പാചക പരീക്ഷണം കാര്യമായി തുടങ്ങിയത്. ഞാൻ ഉണ്ടാക്കുന്ന ആഹാരം നല്ലതെന്ന് എപ്പോഴും പറയുന്ന ഒരാളെയുള്ളൂ ലോകത്ത്. അത് ശ്വേതയുടെ ഭർത്താവ് അശ്വിനാണ്.

ചെന്നൈയിൽ ധാരാളം മലയാളികൾ ഉണ്ട്. മാത്രമല്ല ഇവിടെയുള്ളവർ മലയാളി എന്നോ തമിഴർ എന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഓണം ആഘോഷിക്കും.

ഞാൻ ഒരുപാട് ഓണപ്പാട്ടുകൾ പാടിയിട്ടുണ്ട് പലപല ആൽബങ്ങളിലായി. എങ്കിലും സ്റ്റേജിൽ ഏറ്റവും കൂടുതൽ പാടിയിട്ടുള്ള ഓണപ്പാട്ട് ‘വിഷുക്കണി’ എന്ന സിനിമയിലെ ദാസേട്ടന്റെ ഗാനമാണ്. സലിൽ ചൗധരിയാണ് സംഗീതം. രചന ശ്രീകുമാരൻ തമ്പി സർ. ‘പൂവിളി ... പൂവിളി... പൊന്നോണമായി, നീ വരൂ... നീ വരൂ... പൊന്നോണത്തുമ്പി..’ എന്ന പാട്ട് എത്ര പ്രാവശ്യം പാടിയിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല.’’