Friday 25 November 2022 12:09 PM IST

‘ഒരു ദിവസം രണ്ടു കൊച്ചുമക്കളുണ്ടായതിന്റെ സന്തോഷം പറഞ്ഞറിയിക്കാനായില്ല, അവരായിരുന്നു ഏട്ടന്റെ ജീവൻ’

Roopa Thayabji

Sub Editor

kodiyeri-family

വിവാഹം കഴിഞ്ഞ് നാലു വർഷത്തിനു ശേഷമാണ് കോടിയേരി ബാലകൃഷ്ണനും വിനോദിനിയും പുതിയ വീട്ടിലേക്കു മാറിയത്. തലശ്ശേരിയിലെ കോടിയേരി തറവാടിനോടു ചേർന്നു പണിത, ഒരു മുറിയും ഹാളും അടുക്കളയുമുള്ള കൊച്ചുസ്വർഗം. കഷ്ടിച്ച് ഒരു വയസ്സേയുള്ളൂ അന്ന് ബിനീഷിന്. ബിനോയിക്ക് മൂന്നര വയസ്സും. മക്കൾ വളരുന്നതിനൊപ്പം വീടു വളർന്നു. മരുമക്കളും കൊച്ചുമക്കളുമായി സന്തോഷവും ചിരിയും നിറഞ്ഞ ആ വീട്ടിൽ ഇപ്പോൾ വിനോദിനി മാത്രമേയുള്ളൂ. വീടിന്റെ സന്തോഷം മാഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സ്നേഹത്തിന്റെ കാണാച്ചരടു കൊണ്ട് കൂട്ടിക്കെട്ടിയ നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. അതിനേക്കാൾ ആർദ്രതയോടെ അദ്ദേഹം കുടുംബത്തെ ചേർത്തുനിർത്തി. ആ ഓർമകൾ പറയുമ്പോൾ വിനോദിനി ബാലകൃഷ്ണന്റെ വാക്കുകൾ മുറിഞ്ഞു.

‘‘എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ബാലകൃഷ്ണേട്ടനെ കാണുന്നത്. തലശ്ശേരി എംഎൽഎ കൂടിയായ എന്റെ അച്ഛൻ രാജു മാസ്റ്ററെ കാണാൻ വീട്ടിൽ വന്നതാണ്. സ്നേഹം കലർന്ന വാത്സല്യത്തോടെ ‘നല്ല പയ്യൻ’ എന്ന് അച്ഛൻ പറയുന്നതു കേട്ട് ആ മുഖം എന്റെ മനസ്സിൽ പതിഞ്ഞു.

അധ്യാപകനായ അച്ഛനും സ്കൂളിൽ ജോലിയുള്ള അമ്മയ്ക്കും മക്കളെ നന്നായി പഠിപ്പിക്കണമെന്നു നിർബന്ധമായിരുന്നു. ഞങ്ങൾ ആറു മക്കളാണ്. രണ്ടാമത്തെയാളാണ് ഞാൻ. പത്താം ക്ലാസ്സു കഴിഞ്ഞ് എന്നെ ബെംഗളൂരുവിൽ ടിടിസിക്കു ചേർത്തു. അവിടേക്കു പോകുമ്പോഴേ വിവാഹം പറഞ്ഞു വച്ചിരുന്നു. നാലു ചേച്ചിമാരുടെ കുഞ്ഞനിയനാണ് ബാലകൃഷ്ണേട്ടൻ. ചേച്ചിമാരൊക്കെ വിവാഹം കഴിഞ്ഞ് മ ക്കളുണ്ടായ ശേഷമാണത്രേ അമ്മ ഏട്ടനെ പ്രസവിച്ചത്.

ഒരു ദിവസം അച്ഛൻ വിളിച്ചു പറയുന്നു, ‘1980 ഏപ്രിൽ 27നാണു വിവാഹം.’ ജാതകപ്പൊരുത്തമൊന്നും നോക്കിയില്ല. 15 ദിവസത്തെ ലീവിനു ‍നാട്ടിലെത്തി.

വിവാഹദിവസം ഒറ്റയ്ക്ക്

തലശ്ശേരി ടൗൺ ഹാളിൽ വച്ചായിരുന്നു വിവാഹം. താലി കെട്ടി, മാലയിട്ടു. അന്നു മന്ത്രിമാരായിരുന്ന എ.സി. ഷണ്‍‌മുഖദാസും എം.വി. രാഘവനും കെ.ടി. കുഞ്ഞമ്പു മാഷുമൊക്കെ വിവാഹത്തിൽ പങ്കെടുത്തു. വീട്ടിലെത്തിയ പാടേ ഏട്ടൻ പോയി, പാ ർട്ടി സമ്മേളനത്തിന്. രാത്രി ഉറക്കമിളച്ചു കാത്തിരുന്ന എന്നോടു ചേച്ചിയാണ് പറഞ്ഞത്, ‘ഇന്നിനി വരുമെന്നു തോന്നുന്നില്ല, ഉറങ്ങിക്കോ.’ ‌അമ്മയാണ് കൂട്ടുകിടന്നത്. പിറ്റേന്നു വെളുപ്പിന് ഒന്നും സംഭവിക്കാത്ത മട്ടിൽ അതാ വരുന്നു നവവരൻ. അന്നു വൈകിട്ട് തലശ്ശേരിയിലെ പഴയ മുകുന്ദ് ടാക്കീസിൽ പോയി സിനിമ കണ്ടു, ‘അങ്ങാടി.’

അടുത്ത ദിവസം ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളനമുണ്ട്. അതിനു വേണ്ടി കോട്ടയത്തേക്കായിരുന്നു ആദ്യയാത്ര. കുമരകത്തു ബോട്ടിങ്ങൊക്കെ നടത്തി. കെ.ആർ. അരവിന്ദാക്ഷൻ സഖാവിന്റെ വീട്ടിലായിരുന്നു താമസം. അദ്ദേഹത്തിന്റെ ഭാര്യ ഉഷ കരിമീൻ പൊള്ളിച്ചതൊക്കെ ഉണ്ടാക്കി സൽക്കരിച്ചു. പിന്നെ, ലീവു കഴിഞ്ഞ എന്നെ ബെംഗളൂരുവിലേക്കു ബസ് കയറ്റിവിട്ടു.

സന്തോഷത്തിന്റെ കാലം

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ സന്തോഷവാർത്തയെത്തി, ഞാൻ ഗർഭിണിയാണ്. വിവരം പറയാൻ നാട്ടിലേക്ക് ട്രങ്ക് കാൾ ബുക് ചെയ്തെങ്കിലും ഏട്ടനെ കിട്ടിയില്ല. ചേച്ചിയോടാണ് ആദ്യം വിവരം പറഞ്ഞത്. രാത്രി വീട്ടിലെത്തിയ ഏട്ടൻ ഹോസ്റ്റലിലേക്ക് ആഹ്ലാദത്തോടെ വിളിച്ചു.

എനിക്കു ഛർദിയും വിഷമവുമൊക്കെയുണ്ട്. കൂടെ പ ഠിക്കുന്ന മലയാളി കുട്ടികളാണ് ആകെയുള്ള സഹായം. ക്ലാസ് മുടങ്ങുമെന്നതിനാൽ ഒൻപതു മാസം പൂർത്തിയായിട്ടാണ് നാട്ടിലേക്കു വന്നത്. ഒരു ദിവസം രാത്രി പ്രസവവേദന വന്നു. അമ്മയാണ് കൂടെ വന്നത്. പ്രസവിച്ച് കുഞ്ഞുമായി റൂമിലെത്തിയ ശേഷമാണ് ഏട്ടൻ എത്തിയത്.

പതിെനട്ടു ദിവസം കഴിഞ്ഞു പരീക്ഷയാണ്. മുലകുടി മാറാത്ത കുഞ്ഞുമായാണ് െബംഗളൂരുവിലേക്ക് പോയത്. കോഴ്സ് കഴിഞ്ഞ് ഒന്നു രണ്ടു സ്കൂളുകളിൽ ലീവ് വേക്കൻസിയിൽ ജോലി ചെയ്തെങ്കിലും സ്ഥിരജോലി കിട്ടിയില്ല. അങ്ങനെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിൽ ക്ലർക്കായി കയറി. ആ സമയത്താണ് ഏട്ടൻ ആദ്യം എംഎൽഎ ആയത്. അപ്പോഴേക്കും ബിനീഷും ജനിച്ചു. നിയമസഭ ഉള്ളപ്പോൾ ഒരാഴ്ച ഞങ്ങളെല്ലാം കൂടി തിരുവനന്തപുത്തു പോയി നിൽക്കും. ബിനോയ് പത്താംക്ലാസ് പാസായപ്പോൾ തിരുവനന്തപുരത്തേക്കു താമസം മാറി.

സിനിമയോടു പ്രിയം

സിനിമയായിരുന്നു ഏട്ടന്റെ വിനോദം. തമാശ വലിയ ഇഷ്ടമാണ്. തിയറ്ററിലിരുന്നു മതിമറന്നു ചിരിക്കും. ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ റിലീസായ സമയം. ഡിഗ്രി കയ്യിലുണ്ടെങ്കിലേ ജീവിതത്തിൽ വിജയിക്കാനാകൂ എന്നല്ലേ അതിന്റെ സന്ദേശം. ആ സിനിമ മോനെ കാണിക്കണമെന്ന് ഏട്ടനു മോഹം. സിനിമ കണ്ട് തിരിച്ചെത്തിയ പാടേ ബിനോയിയെ അടുത്തു വിളിച്ചു, ‘സിനിമ കണ്ടിട്ട് എന്തു മനസ്സിലായി...’ സീരിയസ്സായ ആ ചോദ്യത്തിനു ബിനോയിയുടെ മറുപടി പറഞ്ഞു, ‘നാളെ മുതൽ വർക് ഷോപ്പിൽ പോണം...’

ഒരിക്കൽ ഡൽഹിയിൽ നിന്നു വരുമ്പോൾ വിമാനത്തി ൽ കുഞ്ചാക്കോ ബോബനുണ്ട്. സീറ്റ് ബെൽറ്റിടാൻ ഏട്ടനെ സഹായിച്ചതൊക്കെ ചാക്കോച്ചനാണ്. അന്നുതോട്ടേ നല്ല പരിചയമാണ്. ‘ന്നാ താൻ കേസ് കൊട്’ സിനിമയുടെ പരസ്യത്തിലെ കുഴിയുെട േപരില്‍ ചില ബഹളങ്ങള്‍ നടന്നപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ഇതു പാര്‍ട്ടിയുെട എതിര്‍പ്പാന്നും അല്ല’ എന്ന്. ‘വാശി’യും ‘ജനഗണമന’യും ഒടിടിയി ലാണ് കണ്ടത്. ആശുപത്രിയിൽ കിടക്കുമ്പോഴും സ്റ്റാൻഡിലുറപ്പിച്ച ഫോണിൽ പുതിയ സിനിമകൾ കണ്ടു.

ഏട്ടൻ ആഭ്യന്തരമന്ത്രിയായ കാലത്താണ് ബിനോയിയുടെ വിവാഹം. അന്ന് അഖില എംബിബിഎസിനു പഠിക്കുകയാണ്. എംഎസും സൂപ്പർ സ്പെഷ്യാലിറ്റിയും കഴി‍ഞ്ഞ് ഫീറ്റൽ മെഡിസിൻ സ്പെഷലിസ്റ്റാണ് ഇന്നവൾ. ബിനീഷിനു വേണ്ടി ആലോചിച്ചപ്പോൾ റിനീറ്റ (ഞങ്ങളുടെ ചക്കു) ബികോം പാസായി നിൽക്കുകയാണ്. വീണ്ടും പഠിക്കാനും ജോലിക്കു പോകാനും ചക്കുവിനെ നിർബന്ധിച്ചു. പക്ഷേ, ‘അച്ഛനെയും അമ്മയെയും ബിനീഷേട്ടനെയും കുഞ്ഞുങ്ങളെയും നോക്കി വീട്ടിലിരിക്കാനാണ് ഇഷ്ടം’ എ ന്ന അവളുടെ തീരുമാനത്തിൽ അദ്ദേഹം അലിഞ്ഞു.

ബിനോയുടെയും ബിനീഷിന്റെയും ഭാര്യമാർ ഒരേ സമയത്താണ് ഗർഭിണിയായത്. ചക്കു ചെക്കപ്പിനു പോയപ്പോ ൾ ഡോക്ടർക്ക് എന്തോ സംശയം, അങ്ങനെ അഡ്മിറ്റ് ചെയ്തു. പിറ്റേന്നു സിസേറിയൻ നടത്തി. ഭദ്രമോളെ കയ്യിൽ വാങ്ങിയത് ഏട്ടനാണ്.

അഭിമുഖത്തിന്റെ പൂർണരൂപം വനിത നവംബർ ആദ്യ ലക്കത്തിൽ