മലയാളത്തിന്റെ മഞ്ഞൾപ്രസാദം മോനിഷ വിടപറഞ്ഞിട്ട് 32 വർഷം...
1992 ഡിസംബർ 5 ശനി.
പുലരി മഞ്ഞിനെ വകഞ്ഞു മാറ്റി എറണാകുളം ലക്ഷ്യമാക്കി പോകുകയാണ് ഒരു അംബാസിഡർ കാർ. ഡ്രൈവർ ഉൾപ്പടെ 4 യാത്രക്കാരുണ്ടായിരുന്നു അതിൽ.
മുന്നിൽ ഡ്രൈവറിന്റേതിനോടു ചേർന്നുള്ള സീറ്റിലിരിക്കുന്നയാളും പിന്നിലെ സീറ്റിലിരിക്കുന്നവരിലെ പെൺകുട്ടിയും നല്ല ഉറക്കം. രാത്രിയിൽ തുടങ്ങിയ യാത്രയായതിനാൽ ഡ്രൈവർ ഉറങ്ങിപ്പോകാനുള്ള സാധ്യതയും അതുണ്ടാക്കിയേക്കാവുന്ന അപകടങ്ങളും പരിഗണിച്ചു പെൺകുട്ടിയുടെ അമ്മയായ യുവതി അയാളോടു സംസാരിക്കുന്നുണ്ടായിരുന്നു.
സമയം രാവിലെ 6.15.
എക്സ്റേ ജങ്ഷൻ, ചേർത്തല.
തിരക്കില്ലാത്ത നല്ല റോഡായതിനാൽ കാർ സുഗമമായി മുന്നോട്ടു പോകുന്നു. അതിനിടെ ഡ്രൈവർ ചെറുതായൊന്നു മയങ്ങിയോ ? അറിയില്ല! എന്തായാലും കാത്തിരുന്നു ദുരന്തം അവരുടെ മേർ മരണഗന്ധത്തോടെ പറന്നിറങ്ങാൻ സെക്കൻഡുകളുടെ ദൈർഘ്യം ധാരാളമായിരുന്നു. യാതൊരു സൂചനയും നൽകാതെ വശത്തു നിന്നു കയറി വന്ന ഒരു ബസ് കാറിനെ ഇടിച്ചു തെറിപ്പിച്ചു... അത്ര നേരം ശാന്തമായിരുന്ന ഒരു പ്രഭാതം നിമിഷങ്ങൾക്കകം ദുരന്തക്കളമായി... ഡോർ തുറന്നു പുറത്തേക്കു തെറിച്ചു വീണതിനാൽ യുവതി മാത്രം രക്ഷപ്പെട്ടു. ബാക്കി മൂന്നു പേരെയും മരണം കവർന്നു...
അപകടം കണ്ടും വലിയ ഒച്ച കേട്ടും ഓടിക്കൂടിയവർ തകർന്നു മറിഞ്ഞ കാറിനുള്ളിൽ നിന്നു ചോരയിൽ കുളിച്ച മനുഷ്യരെ പുറത്തേക്കു വലിച്ചെടുക്കുമ്പോൾ, നാട്ടുകാരിൽ ആരോ അതിലൊരു മുഖം ഞെട്ടലോടെ തിരിച്ചറിഞ്ഞു –
മോനിഷ!
വാർത്ത തീ പോലെ പടർന്നു –
‘കാറപകടത്തിൽ നടി മോനിഷ മരിച്ചു!’
ചിലപ്പോൾ മരണത്തിനു നടുക്കമെന്നും അവിശ്വസനീയമെന്നും അർഥങ്ങളുണ്ട്. മോനിഷയുടെ വിയോഗം ഈ രണ്ടു അനുഭവങ്ങളുമായാണ് മലയാളികളെ തേടിയെത്തിയത്. മോനിഷ പോയി, വർഷം മുപ്പത്തിരണ്ട് കഴിയുമ്പോഴും മനോഹരമായ ആ ചിരിയും സുന്ദരമായ മുഖവും പ്രേക്ഷക മനസ്സുകളിലെ ബിഗ് സ്ക്രീനിൽ തെളിഞ്ഞു തുളുമ്പുന്നതും അതുകൊണ്ടാണല്ലോ...
മരിക്കുമ്പോൾ 25 വയസ്സായിരുന്നു മോനിഷ ഉണ്ണി എന്ന മോനിഷയ്ക്ക്. അതിനിടെ, 6 വർഷത്തിനുള്ളിൽ, മലയാളത്തിലും തമിഴിലും കന്നഡയിലുമായി 25 സിനിമകളിൽ അവർ അഭിനയിച്ചിരുന്നു. 15 വയസില്‍, ആദ്യ സിനിമയിൽ, മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ മോനിഷ നൃത്തത്തിലും തന്റെ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്.
‘രാവിലത്തെ ഫ്ലൈറ്റ് കിട്ടാൻ തിരുവനന്തപുരത്തു നിന്നു പോകുകയായിരുന്നു. നല്ല റോഡാണെങ്കിലും മുന്നിൽ നിന്നു വരുന്ന വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിന്റെ പ്രകാശം ഡ്രൈവറുടെ മുഖത്തേക്കു അടിക്കുന്നുണ്ടായിരുന്നു. ഡ്രൈവർ ഉറങ്ങാതിരിക്കാൻ ഞാനും ഉറങ്ങാതെ സംസാരിച്ചുകൊണ്ടിരുന്നതിനാൽ അതു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മകൾ ഉറങ്ങുകയായിരുന്നു. സമയം ഏതാണ് ആറു മണി. നല്ല മഞ്ഞുണ്ട്. സൈഡിൽ നിന്നു കയറി വന്ന ബസിന്റെ ലൈറ്റ് ഞാൻ കണ്ടു. പെട്ടന്ന് ബസ് നേരെ പോകുന്ന ഞങ്ങളുടെ കാറിനെ ഇടിക്കുകയായിരുന്നു. ഡ്രൈവർ അൽപ്പ സമയം ഉറങ്ങിപ്പോയിട്ടുണ്ടാകാം. അറിയില്ല. അതിനു മുമ്പു വരെ ഞങ്ങൾ സംസാരിക്കുകയായിരുന്നു. ഉണർന്നിരുന്ന ഞാൻ പോലും അറിഞ്ഞില്ല എന്താണു സംഭവിച്ചതെന്ന്... ഒരു ശബ്ദം മാത്രമാണ് കേട്ടത്. അത്ര പെട്ടന്നായിരുന്നു അപകടം. ഡോർ തുറന്നു ഞാൻ പുറത്തേക്കു തെറിച്ചു പോയി. കാർ പിന്നിലേക്കു മറിഞ്ഞു. ഒരു ആശുപത്രിയുടെ മുമ്പിലായിരുന്നു അപകടം. നാട്ടുകാർ ഓടിക്കൂടി. അതൊരു സ്ഥിരം അപകടമേഖലയായിരുന്നുവെന്ന് പിന്നീടറിഞ്ഞു...’. – പിന്നീടൊരിക്കൽ ആ ദുരന്തത്തെക്കുറിച്ചു ‘മനോരമ ന്യൂസി’നോടു മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി പറഞ്ഞതിങ്ങനെ.
തിരുവനന്തപുരത്തു ജി.എസ്. വിജയന്റെ ‘ചെപ്പടിവിദ്യ’ എന്ന സിനിമയുടെ ലോക്കേഷനില്‍ നിന്നാണു മോനിഷയും അമ്മ ശ്രീദേവി ഉണ്ണിയും ഒരു അംബാസിഡര്‍ കാറില്‍ രാത്രി എറണാകുളത്തേക്കു പോയത്. പ്രൊഡ്യൂസറുടെ ബന്ധുവും കാറിൽ ഉണ്ടായിരുന്നു. ഒരു നൃത്ത റിഹേഴ്‌സലിനു വേണ്ടി, കൊച്ചി വരെ കാറിലും അവിടെ നിന്നു വിമാനത്തിൽ ബാംഗ്ലൂരിലേക്കും പോകാനായിരുന്നു തീരുമാനം. അപകടത്തില്‍ മോനിഷയും ഡ്രൈവറും പ്രൊഡ്യൂസറുടെ ബന്ധുവും കൊല്ലപ്പെട്ടു.
തലയിലേറ്റ ക്ഷതമായിരുന്നു മോനിഷയുടെ മരണകാരണം. ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബാംഗ്ലൂരിലേക്കു കൊണ്ടു പോയ മോനിഷയുടെ മൃതദേഹം അവിടെയാണ് സംസ്ക്കരിച്ചത്. ദുരന്തത്തിനു വേദിയായ എക്‌സറേ കവല പിന്നീട് മോനിഷ കവല എന്ന പേരിലും അറിയപ്പെട്ടു തുടങ്ങി.
1971 ജനുവരി 24 നു പി.നാരായണനുണ്ണിയുടെയും ശ്രീദേവിയുടെയും മകളായി കോഴിക്കോട്ടായിരുന്നു മോനിഷയുടെ ജനനം. പിതാവിന്റെ ജോലിയുടെ ഭാഗമായി ബാംഗ്ലൂരിലായിരുന്നു കുടുംബം. മോനിഷയുടെ ബാല്യവും അവിടെയായിരുന്നു. നർത്തകിയായ അമ്മ ശ്രീദേവിയിൽ നിന്നായിരുന്നു നൃത്തത്തിന്റെ ആദ്യപാഠങ്ങൾ. 9 വയസ്സിൽ അരങ്ങേറ്റം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മൗണ്ട് കാർമൽ കോളജിൽ നിന്നു സൈക്കോളജിയിൽ ബിരുദം നേടിയ മോനിഷ കർണാടക സർക്കാർ ഭരതനാട്യ നർത്തകർക്കായി നൽകുന്ന കൗശിക അവാർഡും സ്വന്തമാക്കിയിട്ടുണ്ട്.
കുടുംബസുഹൃത്തും മലയാളത്തിന്റെ പ്രിയസാഹിത്യകാരനുമായ എം.ടി വാസുദേവൻ നായരാണ് മോനിഷയ്ക്ക് സിനിമയിലേക്കുള്ള വഴി കാട്ടിയത്. 1986 ൽ, എം.ടി എഴുതി, ഹരിഹരന്റെ സംവിധാനത്തിലൊരുങ്ങിയ ‘നഖക്ഷതങ്ങൾ’ ആണ് മോനിഷയുടെ ആദ്യ ചിത്രം. അതിലെ ഗൗരി എന്ന കഥാപാത്രം മോനിഷയെ രാജ്യത്തെ മികച്ച നടിയാക്കി. ചെറിയ പ്രായത്തിൽ ഈ ബഹുമതി നേടിയ ഏക അഭിനേത്രി.
പിന്നീടു മലയാളത്തിലും തമിഴിലും കന്നഡയിലുമൊക്കെയായി 25 സിനിമകളിലും ‘സാമഗാനം’ എന്ന സീരിയലിലും മോനിഷ അഭിനയിച്ചു. താരപദവിയുടെ ഉന്നതിയിൽ നിൽക്കവേയായിരുന്നു അപ്രതീക്ഷിത വിയോഗം.