Tuesday 12 February 2019 11:54 AM IST : By രൂപാ ദയാബ്ജി

നീയുമീ നോവും എന്നുമെൻ കൂടെ!

Actress Rekha Mohan Photo
ഫോട്ടോ: ശ്യാം ബാബു

‘‘മലേഷ്യയിൽ നിന്ന് ദീപാവലി ആഘോഷിക്കാനാണ് ഞങ്ങൾ നാട്ടിലേക്ക് വന്നത്. ഒക്ടോബർ 30 വരെ കാത്ത ശേഷമാണ് ഞാൻ മടങ്ങിയത്. എനിക്കൊന്നു ഡ്രൈവ് ചെയ്ത് കൊതി തീർക്കണമെന്ന് അവൾ പറഞ്ഞു. സിംഗപ്പൂരിൽ നിന്നു ഞങ്ങളുടെ ലൈസൻസ് മലേഷ്യയിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന ജോലികൾ നടക്കുന്നേ ഉണ്ടായിരുന്നുള്ളൂ. ശോഭാ സിറ്റിയിൽ വാങ്ങിയ പുതിയ ഫ്ലാറ്റിന്റെ ഇന്റീരിയർ ജോലികളൊക്കെയായി അവൾ തിരക്കിലുമായിരുന്നു. ന്യൂ ഇയർ ആഘോഷിക്കാൻ ബാലിയിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. തിരിച്ചുപോയശേഷം വിളിക്കുമ്പോൾ അവൾ തമാശയായി പറഞ്ഞു, ‘എന്നെ ആരും കൊത്തിക്കൊണ്ടു പോകുകയൊന്നുമില്ല.’ അതെനിക്ക് ഉറപ്പായിരുന്നു, പക്ഷേ, അവളെ മരണത്തിന്റെ കൈയിൽ നിന്ന് രക്ഷിക്കാൻ എനിക്കായില്ലല്ലോ...’’

ഹർത്താലും പെണ്ണുകാണലും

മഞ്ചേരിയാണ് എന്റെ സ്വദേശം. ഡിഗ്രി കഴിഞ്ഞ് ഡൽഹിയിൽ എയർലൈൻ കമ്പനിയിൽ ജോലി ചെയ്തു. പിന്നീടാണ് ദുബായിലേക്ക് പോയത്. അവിടെ ഓയിൽ ഡീലുമായി ബന്ധപ്പെട്ട ബിസിനസായിരുന്നു.1983 മുതൽ ഞാൻ അവിടെയുണ്ട്. തൃശൂർ കൊടകരയിലെ പിഷാരത്ത് കുടുംബാംഗമാണ് രേഖ. പെണ്ണുകാണാൻ വരുമ്പോൾ നാട്ടിൽ ആർക്കോ വെട്ടേറ്റു. പ്രതിഷേധ ഹർത്താൽ. ഞങ്ങൾ വഴിയിൽ കുടുങ്ങിപ്പോയി. പിന്നെയും വന്നു. ആദ്യകാഴ്ചയിൽ തന്നെ അവളെ ഇഷ്ടമായി, കണ്ണുകളിൽ അൽപം ഭയമൊക്കെ ഒളിപ്പിച്ചുവച്ച ഒരു പെൺകുട്ടി. അന്ന് അവൾക്ക് 20 വയസ്സാണ്. അഗ്രികൾച്ചറൽ ബോർഡ് ഡയറക്ടറായിരുന്ന കെ.പി. നാരായണന്റെയും ഇന്ദിര നാരായണന്റെയും മൂന്നുമക്കളിൽ ഒരാൾ.

രേഖയ്ക്ക് ഇരട്ടസഹോദരിയുണ്ട്, രാഖി. ഐഡന്റിക്കൽ ഇരട്ടകളല്ല, കണ്ണും ചുണ്ടുമൊക്കെ വ്യത്യാസമുണ്ട്. അവളുടെ വിവാഹം നേരത്തേ ഉറപ്പിച്ചിരുന്നു. ഞങ്ങളുടെ പ്രായവ്യത്യാസം പറഞ്ഞ് ആരോ ആലോചന മുടക്കാൻ നോക്കിയെങ്കിലും നടന്നില്ല. നാട്ടുമ്പുറത്തെ വീട്ടുമുറ്റത്ത് വച്ച് താലി കെട്ടി അവളെ സ്വന്തമാക്കി. എന്നെ വിവാഹം കഴിക്കാൻ അവളാണ് നിർബന്ധം പിടിച്ചതെന്ന് പിന്നീട് അറിഞ്ഞപ്പോൾ വല്ലാത്ത കൗതുകം തോന്നി. ‘എന്തിനായിരുന്നു നിർബന്ധം?’ ‘നല്ല ഒരു കുരങ്ങനെ കിട്ടാൻ...’ അവൾ കുസൃതിച്ചിരി ചിരിച്ചു. എന്നേക്കാൾ 10 വയസ്സിന്  ഇളയതാണെങ്കിലും എന്നെ അവൾ വിളിച്ചിരുന്നത് മോനേ എന്നാണ്. ഇടയ്ക്ക് ‘എടാ’ എന്നോ ‘അപ്പൂസ്’ എന്നോ വിളിക്കും. കുസൃതിവിളി വിളിക്കുന്നതാണ് ‘കുരങ്ങാ’ എന്ന്. ‘മോളേ’ എന്നല്ലാതെ ഞാനും വിളിച്ചിട്ടില്ല. പിണങ്ങിയിരിക്കുമ്പോൾ ‘രേഖൂസ്’ എന്നു വിളിക്കുന്നതു കേട്ട് അവൾ ചിരിക്കും.

rekha4.jpg.image.784.4101990 മെയ് അഞ്ചിനായിരുന്നു വിവാഹം. ആയിടയ്ക്കാണ് രാജീവ് ഗാന്ധി വധം. ദുബായിലേക്ക് നേരിട്ട് ഫ്ലൈറ്റില്ല. മുംബൈയിലുള്ള ചേട്ടന്റെ അടുത്ത് പോയി രണ്ടുദിവസം നിന്നിട്ടാണ് പോയത്. യാത്രയായിരുന്നു ഞങ്ങളുടെ പ്രധാന ഹോബി. 70 രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു. കുട്ടിയൊക്കെ ആകും മുമ്പ് പറന്നുതീർക്കണമെന്നായിരുന്നു അന്നത്തെ ചിന്ത. ഏതു പാതിരാത്രി വന്നുകയറി പുലർച്ചയ്ക്കുള്ള ഫ്ലൈറ്റിൽ പോകണമെന്നു പറഞ്ഞാലും അവൾ റെഡിയായിരുന്നു. ആ സമയത്താണ് സിനിമയിലേക്ക് വിളി വരുന്നത്. അഭിനയവും പാട്ടും നൃത്തവുമൊക്കെ താത്പര്യമുള്ള കൂട്ടത്തിലായിരുന്നു രേഖ. ഇരിങ്ങാലക്കുട സെന്റ് തോമസ് കോളജിൽ ബികോമിന് പഠിക്കുമ്പോൾ യൂണിയൻ ഭാരവാഹിയായിരുന്നു.

ബോൾഡ് ആയിരുന്നു അവൾ

ഐ.വി. ശശിയുടെ സിനിമകൾക്കൊക്കെ സ്ക്രിപ്റ്റ് എഴുതിയിട്ടുള്ള വി.ജെ. മാത്യൂസ് എന്റെ സുഹൃത്താണ്. വിവാഹവിരുന്നിന് പോകുമ്പോൾ അദ്ദേഹം അവളോട് അഭിനയിക്കാൻ താത്പര്യമുണ്ടോ എന്നു ചോദിച്ചിരുന്നു. നടൻ സോമനുമായി ഞങ്ങൾക്ക് അടുത്ത ബന്ധമുണ്ട്. ആയിടയ്ക്ക് കമൽഹാസന്റെ നായികയായി ഒരു സിനിമയിലേക്ക് സോമേട്ടൻ വഴി ചാൻസ് വന്നു. ചെന്നൈയിൽ പോയി സ്ക്രീൻ ടെസ്റ്റൊക്കെ കഴിഞ്ഞതാണ്. പക്ഷേ, വലിയ സെറ്റപ്പും സന്നാഹവുമൊക്കെ ക ണ്ടപ്പോൾ അവൾ പേടിച്ചു. സുഹൃത്തായ സെവൻ ആർട്സ് വിജയകുമാറാണ് ‘ഒരു യാത്രാമൊഴി’യിൽ അവസരം തരുന്നത്. ഒരുപാട് സീനുകളുണ്ടായിരുന്നു അതിൽ. പക്ഷേ, ഇടയ്ക്കുവച്ച് രേഖ നിർത്തിപ്പോന്നു. അവിടെ വച്ചുണ്ടായ എന്തോ പ്രശ്നം കൊണ്ടാണ് അത്. അവളഭിനയിച്ച ഭാഗങ്ങൾ കഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തി പിന്നീട് ഉൾപ്പെടുത്തുകയായിരുന്നു.

‘സ്ത്രീജന്മ’ത്തിൽ വച്ചും ഇങ്ങനെയൊരു സംഭവമുണ്ടായി. 100 എപ്പിസോഡ് എന്നുപറഞ്ഞാണ്  അഭിനയിച്ചു തുടങ്ങിയത്. പിന്നെ അത് 200 ആയി. അതുകഴിഞ്ഞപ്പോൾ 50 കൂടി. അവിടെ നിന്നും പിണങ്ങിപ്പോന്നു. ബോൾഡ് ആയിരുന്നു അവൾ. വാക്ക് തെറ്റിക്കുന്നവരെ ഇഷ്ടമില്ലായിരുന്നു. അഭിനയം അത്രമാത്രം രസിച്ചു ചെയ്തിരുന്നതാണ്. സങ്കടം അഭിനയിക്കാൻ അവൾക്ക് ഗ്ലിസറിൻ വേണ്ടായിരുന്നു. പിന്നീട് വിജയകുമാറിന്റെ തന്നെ ‘ഉദ്യാനപാലക’ൻ ചെയ്തു. സിബി മലയിലിനെയും നേരത്തേ അറിയാം. അന്നും പ്രോംപ്റ്റിങ്ങിന്റെ പേരിൽ പക്ഷേ, ഒരു തർക്കമുണ്ടായി. ഇതിനു പിന്നാലെ കുറേ ചാൻസ് മിസ്സായ ശേഷമാണ് ‘നീ വരുവോളം’ ചെയ്തത്.

Actress Rekha Mohanപണത്തിനുവേണ്ടി അഭിനയം തുടരേണ്ട കാര്യം ഇല്ലായിരുന്നു. സ്വന്തം വണ്ടിയിലേ പോകൂ, അവൾ പറയുന്ന ഹോട്ടലിലേ താമസിക്കൂ. നിർമാതാവ് കൊടുക്കുന്നതിന്റെ ബാക്കി തുക അവൾ പേ ചെയ്യും. 16 വർഷമായി രേഖയുടെ ഡ്രൈവറാണ് അബ്ദുൾ ജബ്ബാർ. ഞങ്ങളുടെ കുടുംബത്തിലെ അംഗത്തെ പോലെ. ഷൂട്ടിങ്ങിന് പോകുമ്പോൾ ജബ്ബാറാണ് കൂട്ട്. ആർക്കും വഴങ്ങാത്ത ഈ സ്വഭാവം കൊണ്ടുതന്നെ പല ഓഫറുകളും പോയി.   രേഖയെ മനസ്സിൽ കണ്ട് ശ്രീനിവാസൻ എഴുതിയതാണ് ‘ചിന്താവിഷ്ടയായ ശ്യാമള’. പക്ഷേ, ഷൂട്ടിങ് തുടങ്ങുന്നതിനു ഒരു മാസം മുമ്പ് മറ്റൊരു നടിയെ തീരുമാനിച്ചു. ഇതറിഞ്ഞപ്പോഴും രേഖയ്ക്ക് വിഷമമൊന്നും ഉണ്ടായിരുന്നില്ല.

‘ട്രാഫിക്കി’ൽ ലെന ചെയ്ത വേഷത്തിലേക്ക് രാജേഷ് പിള്ള വിളിച്ചിരുന്നു. അന്ന് ഞങ്ങൾ സിംഗപ്പൂരിലാണ്. ആ സിനിമയുടെ ആവശ്യത്തിനായി നാട്ടിൽ വന്ന സമയത്താണ് ഇടതുമാറിടത്തിൽ കല്ലിപ്പു പോലെ തോന്നുന്നു എന്നുപറഞ്ഞ് എറണാകുളം മെഡിക്കൽ സെന്ററിൽ പോയത്. അവിടെ നടത്തിയ വിശദമായ പരിശോധനയിലും ബയോപ്സിയിലും കാൻസർ കണ്ടെത്തി. ട്രാഫിക് അങ്ങനെ  വേണ്ടെന്നു വച്ചു. രേഖയ്ക്ക് നേരത്തേ തൈറോയിഡ് കാൻസർ വന്നിരുന്നു, 2000ത്തിൽ. സീരിയലിൽ അഭിനയിക്കുന്ന കാലത്ത്. അതിന്റെ തുടർചികിത്സകളൊക്കെയായി മൂന്നാലു വർഷം സിംഗപ്പൂരിലായിരുന്നു. മഴവിൽ മനോരമ തുടങ്ങിയ സമയത്ത് സീരിയലിലേക്ക് വിളിച്ചിരുന്നു. പക്ഷേ, തന്നെയൊരു കാൻസർ സർവൈവറായി മറ്റുള്ളവർ നോക്കുന്നത് അവൾക്ക് ഇഷ്ടമില്ലായിരുന്നു. ഞാൻ തന്നെ എഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ അവളെ നായികയാക്കണമെന്ന് തീരുമാനിച്ചിരുന്നതാണ്.

ചിലപ്പോൾ മകളായി

രേഖയ്ക്ക് തൃശൂരിനോടുള്ള ഇഷ്ടം കൊണ്ടാണ് ശോഭ സിറ്റിയിൽ വില്ല വാങ്ങിയത്, ആറു വർഷം മുമ്പ്. സിംഗപ്പൂരിൽ നിന്ന് മലേഷ്യയിലേക്ക് ബിസിനസ് മാറിയിട്ട് നാലഞ്ചു മാസമേ ആയിട്ടുള്ളൂ. അവിടെ വീട് വാങ്ങി. ആ സമയത്താണ് ഇവിടത്തെ വില്ല വിറ്റത്. പക്ഷേ, നാടുമായുള്ള ബന്ധം നിലനിർത്തണമെന്നുള്ളതു കൊണ്ട് ഇവിടെതന്നെ അപ്പാർട്മെന്റ് വാങ്ങി. ഫർണിഷിങ് നടക്കുന്നതു കൊണ്ട് സുഹൃത്തിന്റെ ഈ ഫ്ലാറ്റി ൽ തങ്ങിയതാണ്.

rekha2.jpg.image.784.410പാചകമായിരുന്നു അവളുടെ മറ്റൊരു ഇഷ്ടം. ഞങ്ങൾ രണ്ടുപേരും വെജിറ്റേറിയനാണ്. പക്ഷേ, അതിഥികൾ വരുമ്പോൾ നോൺവെജിറ്റേറിയനും  കുക്ക് ചെയ്യും. ലെബനീസ്, ഇറ്റാലിയൻ, ഇറാനിയൻ... പ ലതരം റെസിപ്പികൾ എഴുതി വച്ചിട്ടുണ്ട്. ‘എന്തിനാണ് ഇതൊക്കെ എഴുതിവയ്ക്കുന്നത്’ എന്നുചോദിച്ചപ്പോൾ തമാശയായി പറഞ്ഞു, ‘ഞാനെങ്ങാനും  മരിച്ചു പോയാലും വല്ലതും വച്ചുണ്ടാക്കാൻ അറിയണ്ടേ...’ ഏത് രാജ്യത്തു പോയി പുതിയ ഭക്ഷണം കഴിച്ചാലും റെസിപ്പി ചോദിച്ചറിയാതെ വരാറില്ല. വീട്ടിലാണെങ്കിലും ബ്രഡ് മേക്കർ വച്ച് ഉണ്ടാക്കുന്ന ബ്രഡാണ് ഞങ്ങൾ കഴിച്ചിരുന്നത്. മുട്ടയില്ലാതെ ഉണ്ടാക്കുന്ന ബ്രഡായിരുന്നു അവളുടെ സ്പെഷൽ.

നായ്ക്കളെ വലിയ ഇഷ്ടമായിരുന്നു. ദുബായിൽ 20 വർഷത്തോളം ലാബ്രഡോറും ബീഗിളും ഉണ്ടായിരുന്നു. പേട്ടയിൽ ആദ്യം വീട് വാങ്ങിയ സമയത്ത് അവയെ കൊണ്ടുവരാൻ പ്ലാൻ ചെയ്തതാണ്. പക്ഷേ, കൊണ്ടുവരാൻ പറ്റിയില്ല. ഇക്കഴിഞ്ഞ പ്രാവശ്യം വിളിക്കുമ്പോഴും നായയെ വാങ്ങുന്ന കാര്യം പറഞ്ഞു. ‘യാത്ര പോകുമ്പോഴൊക്കെ പ്രയാസമാകില്ലേ’ എന്നു ചോദിച്ചപ്പോൾ ‘നീ പോകുമ്പോൾ അവന് ഞാൻ കൂട്ടിരുന്നോളാം’ എന്നായിരുന്നു മറുപടി. രേഖ നല്ല ഡോഗ് ട്രെയിനറാണ്. അവളുടെ നായ്ക്കളെല്ലാം നല്ല ഡിസിപ്ലിൻ ഉള്ളവരായിരുന്നു. ഡ്രൈവിങ്ങായിരുന്നു അവളുടെ മറ്റൊരിഷ്ടം. ബിഎംഡബ്ല്യൂ കൺവെർട്ടിൽ പാട്ടുവച്ച് ഇരമ്പിപ്പാഞ്ഞു പോകാൻ വലിയ ഹരമായിരുന്നു. ആദ്യമായി അപകടം ഉണ്ടാകുന്നത് ഈയിടെയാണ്. നാട്ടിൽ വച്ച് കാറെടുത്ത് ടൗണിൽ പോയപ്പോൾ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. കുഴപ്പമൊന്നും വന്നില്ലെങ്കിലും വണ്ടി വർക്ക്ഷോപ്പിലായി.

ഭാര്യയെ എന്നതിനെക്കാൾ കൊച്ചുകുട്ടിയെ പോലെ അവളെ കൊണ്ടുനടക്കുന്നതായിരുന്നു എനിക്കിഷ്ടം. നീട്ടിവളർത്തിയ മുടി റബർ ബാൻഡിട്ട് കെട്ടിവയ്ക്കുന്നതായിരുന്നു മുമ്പ് എന്റെ സ്റ്റൈൽ. പിന്നെ, അപകടത്തിൽ മുറിവേറ്റ് എന്റെ തലയിലെ സ്കിൻ മാറ്റിവച്ചു. അങ്ങനെയാണ് മുടിയൊക്കെ പോയത്. ചിലരൊക്കെ രേഖ മകളാണോ എന്നുചോദിക്കുമ്പോൾ ഞാൻ തമാശയായി സമ്മതിക്കും. പക്ഷേ, അത് അവളെ വല്ലാതെ ചൊടിപ്പിക്കുമായിരുന്നു. ഞാൻ മൊട്ടയടിച്ച് നടക്കുന്നതായിരുന്നു രേഖയ്ക്ക് ഇഷ്ടം. മലേഷ്യയിൽ പോയ ശേഷം മീശ വെട്ടിയൊതുക്കി പിരിച്ചുകയറ്റിവച്ച ഫോട്ടോ അവൾക്ക് അയച്ചിരുന്നു. പക്ഷേ, അതു നേരിട്ടു കാണാൻ അവൾ നിന്നില്ല.

rekha5.jpg.image.784.410യാത്ര പറയാതെ

നവംബർ 10, വ്യാഴാഴ്ച. മലേഷ്യയിൽ നിന്ന് ഞാൻ രാവിലെ വിളിക്കുമ്പോൾ അവൾ പറഞ്ഞിരുന്നു വ്രതമെടുക്കുകയാണെന്ന്. തേനും പഴങ്ങളും മാത്രം കഴിച്ച് ഇത് പതിവുള്ളതാണ്. പിന്നെ വാട്ട്സ്ആപ്പ് മെസേജ് ഇട്ടു. വെള്ളിയാഴ്ച രാവിലെ ഒരു മീറ്റിങ്ങുണ്ടായിരുന്നു. അതുകഴിഞ്ഞ് മെസേജ് ഇടുമ്പോൾ ഡെലിവേർഡ് ആകുന്നില്ല. ഓഫ്‌ലൈൻ ഇട്ടതാകുമെന്നു കരുതി. വൈകിട്ടത്തെ നടത്തം കഴിഞ്ഞുവന്ന് നോക്കുമ്പോഴും മാറ്റമൊന്നുമില്ല. അതോടെ ജബ്ബാറിനെ വിളിച്ചു. പിറ്റേന്ന് രാവിലെ തന്നെ പോയി നോക്കാൻ പറഞ്ഞു. രാവിലെ ജബ്ബാർ വരുമ്പോൾ വീട് അകത്തുനിന്ന് പൂട്ടിയിട്ടുണ്ട്. രണ്ടുദിവസത്തെ പത്രം പുറത്തും. എന്നും ബെഡ് ടീ ഉണ്ടാക്കുന്നത് എന്റെ ജോലിയാണ്. ചായയുമായി ചെല്ലുമ്പോൾ അവൾ പത്രത്തിലേക്ക് മുഖംകുനിച്ചിരിപ്പുണ്ടാവും.  

ജബ്ബാർ വിവരം വിളിച്ചുപറഞ്ഞതനുസരിച്ച് പൊലീസ് വന്നാണ് വാതിൽ തുറന്നത്. ഡൈനിങ് ടേബിളിൽ തല ചായ്ച്ചുവച്ച് അവളിരിക്കുന്നു. പത്രം വായിക്കുമ്പോഴും ലാപ്ടോപ് നോക്കിയിരിക്കുമ്പോഴും ഇടയ്ക്ക് തലചായ്ച്ചു കിടക്കുന്നത് പതിവാണ്. ഇതു കാണുമ്പോൾ ഞാൻ ചോദിക്കും, ‘ഉറങ്ങുകയാണോ.’ അന്നേരം ചിരിച്ചുകൊണ്ട് അവൾ എഴുന്നേൽക്കും. അന്നും അങ്ങനെയൊന്നു ചാഞ്ഞുകിടന്നതാകും. പക്ഷേ, ഉറക്കത്തിൽ പതിയെ വന്ന് മരണം അവളെ കൂട്ടിക്കൊണ്ടുപോയി. അവളിരുന്ന കസേര അനങ്ങിയിട്ടില്ല. പത്രത്തിന് ഒരു ചുളിവു പോലുമില്ല.

ഞാൻ വന്ന ശേഷം അവളെ എടുത്താൽ മതിയോ എന്നു ചോദിച്ചു. ഒന്നു വിളിച്ചാൽ ചിരിയോടെ അവളുണരും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ഉറുമ്പുകയറി തുടങ്ങിയ അവളെ ഇരുത്താനാകില്ലായിരുന്നു. അന്നു രാത്രി ഞാനെത്തി.   

rekha1.jpg.image.784.410ഇരുട്ടിന്റെ തുരുത്തിൽ

രണ്ടാമത്തെ സർജറി കഴിഞ്ഞ സമയത്ത് ന്യൂമോണിയ വന്ന് അവൾ വിഷമിച്ചു. ചുമയ്ക്കുമ്പോൾ നെഞ്ചിലെ തുന്നലുണങ്ങാത്ത മുറിവിൽ അതികഠിനമായ വേദന. മരുന്ന് കൊടുത്തിട്ടും ഉറങ്ങാൻ പറ്റുന്നില്ല. ഉറങ്ങാതിരുന്ന ഒരു രാത്രി എന്റെ കൈ പിടിച്ച് അവൾ കരഞ്ഞു, ‘എന്തെങ്കിലും മരുന്ന് തന്ന് എന്നെ കൊന്നേക്കൂ.’. പക്ഷേ, പിറ്റേദിവസം അത് തിരുത്തി, ‘അങ്ങനെ തളർന്നുപോയാൽ ഞാൻ നിന്റെ രേഖൂസ് ആകില്ലല്ലോ...’

ചെറുപ്പത്തിൽ നന്നായി നെയ്യൊക്കെ കഴിച്ചാണ് വളർന്നത്, അതുകൊണ്ട് എന്തുകഴിച്ചാലും ഒന്നും പറ്റില്ല എന്നായിരുന്നു അവളുടെ തത്വം. അവസാനം നടത്തിയ പരിശോധനയിലും ഹാർട്ടിന് ഒരു കുഴപ്പവും കണ്ടിരുന്നില്ല. പക്ഷേ, മരണത്തിന്റെ മിടിപ്പെത്തിയത് ഹൃദയാഘാതത്തിന്റെ രൂപത്തിലായിരുന്നു. പിഷാരടി സമുദായമായതിനാൽ മരിച്ചാൽ ഇരുത്തിയാണ് സംസ്കരിക്കുന്നത്. പക്ഷേ, ഇത്ര ദിവസം കഴിഞ്ഞുപോയതിനാൽ അതൊന്നും പറ്റിയില്ല. ദേവസ്വം ബോർഡിന്റെ ശാന്തിമഠത്തിൽ സംസ്കരിക്കുകയായിരുന്നു.

സാമ്പത്തിക ബാധ്യത കാരണം അവൾ ആത്മഹത്യ ചെയ്തതാണ് എന്നു വാർത്തകളുണ്ടായിരുന്നു. അതിൽ സത്യമില്ല. കാൻസർ സർവൈവർ ആയതുകൊണ്ട് വാടകഗർഭപാത്രത്തിലൂടെ കുഞ്ഞുണ്ടാകാൻ ആലോചിച്ചിരുന്നെങ്കിലും തടസ്സങ്ങളുണ്ടായി. ഒരു സുഹൃത്തിന്റെ കുട്ടിക്ക് വേണ്ട സഹായമൊക്കെ ചെയ്ത് സപ്പോർട്ട് ചെയ്യണമെന്ന് ആലോചിച്ചിരുന്നു. അതും നടന്നില്ല. പിന്നീടാണ് ഞങ്ങളുടെ പേരിൽ ഒരു ട്രസ്റ്റ് ഉണ്ടാക്കാമെന്ന് തീരുമാനിച്ചത്. അമല ഹോസ്പിറ്റലിലെ അച്ചനോട് അവൾ പറഞ്ഞിരുന്നു മരണശേഷം കണ്ണും മറ്റും ദാനം ചെയ്യാമെന്ന്. പക്ഷേ, അവളുടെ ആ ആഗ്രഹം നടന്നില്ല.

ദീപാവലിക്ക്് ആഘോഷവും വെളിച്ചവും അവളുടെ ചിരിയും നിറഞ്ഞ ഈ വീട്ടിൽ ഇരുട്ടിന്റെ തുരുത്തിലാണ് ഞാൻ. നടുക്കടലിൽ തനിച്ചായതുപോലെ. എല്ലായിടത്തും അവളുണ്ട്. ഒറ്റയ്ക്കിരിക്കുമ്പോൾ രേഖ അഭിനയിച്ച സിനിമയിലെ പാട്ടാണ് ഓർമ വരുന്നത്, ‘‘നീയുമീരാവും എന്നുമെൻ കൂടെയുണ്ടെങ്കിൽ...’’