Saturday 06 January 2024 02:33 PM IST

‘കുറേ നേരം എന്നെ കാണാതിരുന്നാൽ നീ എന്തു ചെയ്യും’: മരണത്തിന്റെ തലേന്ന് അനിച്ചേട്ടൻ എന്നോട് പറഞ്ഞു : ആ ഓർമകൾ ദീപ്തം

Tency Jacob

Sub Editor

anil-panachuran

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്‍ വിടപറഞ്ഞിട്ട് മൂന്നു വർഷം പൂർത്തിയാകുന്നു. 2021 ജനുവരി മൂന്നിനാണ് അദ്ദേഹം ഈ ലോകത്തോടു പറഞ്ഞത്. മരിച്ചിട്ടും തന്റെ കവിതകളിലൂടെ ഹൃദയങ്ങളോടു സംവദിക്കുന്ന അനിൽ പനച്ചൂരാന്റെ ഓർമകൾ തന്റെ പ്രിയപ്പെട്ടവരിലൂടെ പുനർജനിക്കുകയാണ്. ആ വേർപാടിന്റെ ആഴം ഉൾക്കൊണ്ട് അനിൽ പനച്ചൂരാന്റെ കുടുംബം വനിതയോട് പങ്കുവച്ച വാക്കുകൾ. വനിത 2021 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ലേഖനം ചുവടെ വായിക്കാം..

----

മരണത്തിനു തലേന്ന്, ആമുഖമില്ലാതെ, പെട്ടെന്ന് അനില്‍ പനച്ചൂരാന്‍ ഭാര്യ മായയോടു ചോദിച്ചു. ‘കുറേ സമയം എന്നെ കാണാതിരുന്നാൽ നീ എന്തു ചെയ്യും?’

‘അതിനെന്താ, ഞാൻ വന്നു നോക്കി കണ്ടുപിടിക്കും.’ മായ പറഞ്ഞു.

കുേറ നേരം മായയുെട കണ്ണില്‍ േനാക്കിയിരുന്ന്, അ നില്‍ പറഞ്ഞു, ‘നീ തേടി നടക്കുമ്പോൾ ഞാൻ പിന്നിലൂടെ വന്നു നിന്നെ കെട്ടിപ്പിടിക്കും.’

ഓർമ പറയുമ്പോൾ മായയുടെ കണ്ണുകളിൽ പ്രണയം തിളങ്ങി. പിന്നെ, അനിലിന്റെ ഡയറിയെടുത്തുെകാണ്ടു വ ന്ന് ഒരു പേജ് വായിക്കാൻ തന്നു.

ആ നറുംവാക്കുകൾ അനിൽ പനച്ചൂരാൻ കവിതയായി കുറിച്ചിട്ടിരിക്കുന്നു. മരണമെത്തുന്നതിനു തൊട്ടു തലേന്ന് കുറിച്ച വരികള്‍.

നീയെന്നെയെങ്ങനെ കണ്ടുപിടിക്കും

ഞാൻ നിന്നെ വന്നു കെട്ടിപ്പിടിക്കും.

കായംകുളം ദേവികുളങ്ങര പുതുപ്പള്ളി പനച്ചൂർ വീടിന്റെ തെക്കേമുറ്റത്ത് അനിലിന്റെ ചിതയിൽ ആരോ ഒരു വെളുത്ത പൂവ് ഇറുത്തു വച്ചിരിക്കുന്നു. ‘‘ഈയിടെയായി എഴുതുന്ന കവിതകളെല്ലാം വീട്ടുകാരനാകുന്നതിനെക്കുറിച്ചായിരുന്നു. ഒരു തിരക്കഥയും നോവലും എഴുതുന്നുണ്ടായിരുന്നു. ഒന്നും മുഴുമിപ്പിക്കാതെ എഴുത്തുമേശയിൽ എല്ലാം അടുക്കിവച്ച് അനിച്ചേട്ടൻ പോയി.’’

കോളജ് കാലം തൊട്ടേ അനിച്ചേട്ടനു സിനിമാ സംവിധായകനാകാനായിരുന്നു ഇഷ്ടം. ഞാനാണ് ഒരു കവിയും ഗാനര ചയിതാവുമാകണം എന്ന മോഹം ആ മനസ്സിൽ നട്ടത്. എനിക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു ആ കവിതകൾ.’’

അനിൽ എഴുതാനിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന പൂമുഖത്ത് തനിയെയിരുന്നു മായ ഒരു നിമിഷം നിശബ്ദയായി.

‘‘ഞങ്ങളുടെ പ്രണയത്തെക്കുറിച്ചല്ലാതെ എനിക്കൊന്നും ഈ നിമിഷത്തിൽ ഓർത്തെടുക്കാനാകുന്നില്ല. ആ കാലത്തിലേക്കാണ് ഞാൻ വീണ്ടും വീണ്ടും വീണു കൊണ്ടിരിക്കുന്നത്.

ശബ്ദമാണ് ആദ്യം കേട്ടത്

അമ്മയ്ക്ക് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിലായിരുന്നു ജോലി. അങ്ങനെയാണ് ഞങ്ങൾ ആ നാട്ടുകാരായത്. പത്താംക്ലാസ്സിൽ പഠിക്കുമ്പോള്‍ അമ്മയുടെ നാടായ മാവേ ലിക്കരയിൽ ഒരു കല്യാണത്തിനു പോയി. അപ്പോഴാണ് ആദ്യമായി അനിൽ പനച്ചൂരാൻ എന്ന പേരു കേൾക്കുന്നത്. ബന്ധുവായ ഒരു ചേട്ടൻ ‘എന്റെ നാട്ടിൽ ഒരു കവിയുണ്ട്, ചെറുപ്പമാണ്, പക്ഷേ, ആൾ സ്വാമിജിയാണ്’ എന്നെല്ലാം പറഞ്ഞു.

കവിത വായിക്കാനും കേൾക്കാനും എനിക്കു വലിയ ഇഷ്ടമായിരുന്നതുകൊണ്ട് അനിച്ചേട്ടന്റെ ‘പൂക്കാത്ത മുല്ല’ എന്ന കവിതയും ചൊല്ലി കേൾപ്പിച്ചു. പിന്നീടു ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോള്‍ എന്റെ ഒരു സുഹൃത്തു ഫോൺ ചെയ്ത പ്പോൾ പിന്നണിയിൽ ആരോ ഈ കവിത പാടുന്നു. ‘ഇതെനിക്ക് അറിയാവുന്ന കവിതയാണല്ലോ, നിനക്കിത് എവിടുന്നു കിട്ടി’ എന്നു ഞാൻ അമ്പരപ്പോടെ ചോദിച്ചു. കുറേ അന്വേഷിച്ചിരുന്നെങ്കിലും അതുവരെ ഒരു പുസ്തകത്തിലും ഞാൻ അനി ൽ പനച്ചൂരാെന്‍റ കവിത കണ്ടിരുന്നില്ല.

‘എന്റെ കൂടെ പഠിക്കുന്ന ആളാണ്. ഞങ്ങളൊരുമിച്ചാണ് താമസിക്കുന്നത്.’ എന്നു സുഹൃത്ത് പറഞ്ഞു. അനിച്ചേട്ടൻ സ ന്യാസമൊക്കെ ഉപേക്ഷിച്ചു തിരുവനന്തപുരം ലോ അക്കാദമിയിൽ പഠിക്കുന്ന കാലമായിരുന്നു അത്.

‘എന്നെയൊന്നു പരിചയപ്പെടുത്തി തരണേ’ എന്നു സുഹൃത്തിനോടു പറഞ്ഞെങ്കിലും കുറച്ചു ദിവസം കഴിഞ്ഞിട്ടാണ് ആ സ്വരം കേൾക്കാൻ കഴിഞ്ഞത്.

‘എടീ, മോളെ’ എന്നൊക്കെ വിളിച്ചു വാത്സല്യത്തിലായിരുന്നു സംസാരം. നല്ല അറിവുള്ള മനുഷ്യൻ എന്നു വിലയിരുത്തുകയും ചെയ്തു. പതിയെ പതിയെ എല്ലാം മറന്നു.

ഏറെനാള്‍ ഒരു ദിവസം ഫോൺ ബെല്ലടിച്ച് എടുത്തപ്പോ ൾ ‘ഹലോ, ആരാണ്’ എന്നു ഗാംഭീര്യത്തിലൊരു ചോദ്യം.

‘ഞാൻ മായയാണ്.’ എന്നു പറഞ്ഞപ്പോള്‍ ‘ഞാൻ സത്യമാണ്’ എന്നു മറുപടി. അതോെട ആളെ മനസ്സിലായി. അനിച്ചേട്ടന്‍ വീണ്ടും പറഞ്ഞു, ‘ഓർമയുണ്ടോ, നമ്മൾ കൃത്യം ഒരു വർഷം മുൻപ് ഇതേ ദിവസമാണ് സംസാരിച്ചു വച്ചത്.’’

അതൊരു പ്രണയതുടക്കമാണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു.

anil-panachuran-fam

ഒഴുകി വന്ന പ്രണയനദി

ഞങ്ങൾ ഫോണിൽ സംസാരിക്കുന്നതു പതിവായി. കൊച്ചുവർത്തമാനങ്ങളൊന്നുമല്ല, ഗൗരവ വിഷയങ്ങളാണ് എന്നോടു പങ്കുവയ്ക്കുന്നത്. എന്റെ സുഹൃത്തു പോലുമറിയാതെ എ ന്തിനാണിങ്ങനെ വിളിക്കുന്നതെന്നു ഞാൻ പലപ്പോഴും ചിന്തിച്ചു. ഒരു ദിവസം അനിച്ചേട്ടൻ അതു തെളിച്ചു പറഞ്ഞു.‘ഒരു പ്രണയനദി ഇവിടെ നിന്ന് ഒഴുകി ഒഴുകി അവിടേക്ക് വരുന്നുണ്ട്. മായ അതു കാണുന്നുണ്ടോ?’

അപ്പോഴേക്കും ഞാനും ആ നദിയിലേക്കിറങ്ങാൻ കൊതിച്ചിരുന്നു. പിന്നെ, തമ്മിൽ കാണണമെന്നാഗ്രഹമായി രണ്ടുപേർക്കും. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം അമ്പലത്തിൽ സ്ഥിരമായി പോകുന്ന ആളായിരുന്നു ഞാൻ. അവിടെവച്ചു കാണാമെന്നു പറ‍ഞ്ഞു. കാത്തു നിന്നു കണ്ടപ്പോൾ ഞെട്ടിപ്പോയി. താടിയും മുടിയുമൊക്കെ നീട്ടി വളർത്തി, മുറുക്കി ചുവപ്പിച്ച്, ചുരുണ്ടു കൂടിയ ചേരാത്തൊരു ഉടുപ്പും തേഞ്ഞു തീരാറായ ചെരുപ്പും ധരിച്ച ഒരു പ്രാകൃത രൂപം. തിരിച്ചു പോയാലോ എന്നാണ് ആദ്യം മനസ്സിൽ വന്നത്. ആ നിമിഷം തന്നെ അനിച്ചേട്ടൻ എന്നെ കണ്ടു. അപരിചിതത്വമൊന്നുമില്ലാതെ വ ന്നു സംസാരിച്ചു. എനിക്ക് ആ സ്നേഹം മനസ്സിലായി. ഹൃദയം കൊണ്ടു സംവദിക്കുന്ന ഒരാൾ. ഞാനും അകലമൊട്ടുമില്ലാ തെ ആ ഹൃദയത്തിനരികിലേക്കു ചേരാൻ തുടങ്ങി.

ഒരിക്കലും ഞങ്ങൾക്കിടയിൽ ഇഷ്ടമാണോ, കല്യാണം ക ഴിക്കാമോ എന്നുള്ള ചോദ്യങ്ങൾ ഉണ്ടായിട്ടേയില്ല. ‘ഞാൻ പഠിത്തം കഴിഞ്ഞു പോകുമ്പോൾ എന്റെ കൂടെ നീയുമുണ്ടാകും’ എന്നൊരു വാക്കു മാത്രം.

ആദ്യം കണ്ടുമുട്ടിയ ഓർമയ്ക്ക് മൂന്നു വരികൾ എന്റെ കയ്യിലുണ്ടായിരുന്ന സംഗീത പുസ്തകത്തിൽ കുറിച്ചിട്ടിരുന്നു.

കനവിൽ വിരിയും

പൂക്കളിറുത്തൊരു

വരണമാല്യമണീക്കാം ഞാൻ...’’

അരികു പൊടിഞ്ഞു തുടങ്ങിയ പഴക്കമേറിയ പുസ്തകത്തിലെ സ്നേഹം തിണർത്തു കിടക്കുന്ന ആ വരികളിൽ മായ തലോടിക്കൊണ്ടേയിരുന്നു.

ജീവിത തീരത്തടുക്കുന്നു

‘‘അനിച്ചേട്ടന്റെ അച്ഛൻ ഉദയഭാനു, അമ്മ ദ്രൗപദി. അച്ഛ ൻ മിലിട്ടറിയിൽ നിന്നു വിരമിച്ച ശേഷം മുംബൈയിൽ ജോലി ചെയ്തിരുന്നു. അനിച്ചേട്ടൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛന് അസുഖമായി ജോലിക്കു പോകാൻ കഴിയാതെ വീട്ടിലിരിക്കുന്നത്. ആ സമയത്ത് ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ ആവശ്യക്കാർക്ക് ചെയ്തു കൊടുത്താണ് അനിച്ചേട്ടൻ വീടു കൊണ്ടുപോയിരുന്നത്.

സ്വാമിജിയായി ജീവിച്ചിരുന്ന ഒരാൾ അതിൽ നിന്നൊക്കെ മാറി വൈവാഹിക ജീവിതത്തിലേക്കു കടക്കുന്നത് അനിച്ചേട്ടന്റെ ചുറ്റുമുള്ളവർക്ക് ഇഷ്ടപ്പെട്ടില്ല. എന്റെ വീട്ടുകാർക്ക് അനിച്ചേട്ടന്റെ മദ്യപാനവും സാമ്പത്തിക ബുദ്ധിമുട്ടുമൊക്കെയായിരുന്നു പ്രശ്നം. ഞാൻ ഇറങ്ങിച്ചെല്ലാൻ തയാറായിരുന്നെങ്കിലും അമ്മ കൈ പിടിച്ചു തന്നാൽ മാത്രമേ കൊണ്ടു പോകുകയുള്ളൂ എന്നായിരുന്നു അനിച്ചേട്ടന്റെ നിലപാട്.

താൽപര്യമില്ലാത്തതു കൊണ്ടു അച്ഛൻ ഒഴിഞ്ഞുമാറി. ഒ ടുവിൽ, രണ്ടു മൂന്നു ബന്ധുക്കളെ കൂട്ടി അമ്മ എന്നെ അമ്പലത്തിലെത്തിച്ചു. പുലർച്ചെയായിരുന്നു മുഹൂർത്തം. എത്താതായപ്പോൾ അമ്മ തിരിച്ചു പോകാനൊരുങ്ങി. പക്ഷേ, എനിക്കുറപ്പായിരുന്നു വരുമെന്ന്. വൈകിയെത്തിയതിന്റെ പരിഭ്രമത്തിൽ എന്റെയടുത്തേക്ക് ഓടിയെത്തി കൈ കവർന്ന ആ നിമിഷം!

അരികത്തു നീ വന്നു നിറഞ്ഞുനിന്നാൽ

അഴലൊക്കെ അകലേക്കു പോയൊളിക്കും

അഴകിന്റെ അഴകാകും ആത്മസഖീ–നിന്റെ

നിഴലിനെ പോലും ഞാൻ സ്നേഹിക്കുന്നു.

ഞാൻ മോളെ പ്രസവിച്ചു കിടക്കുന്ന സമയത്ത് എന്റെയടുത്തു വരാനുള്ള ബസ് കാശു പോലുമില്ലായിരുന്നു. കവിതകളെഴുതി സ്വയം ഈണമിട്ടു പാടി കസറ്റിലാക്കി വിൽക്കുകയായിരുന്നു അക്കാലത്ത്. കവിയരങ്ങിനു പോയാൽ ചെറിയൊരു തുക കിട്ടും. അ തൊക്കെയായിരുന്നു അന്നത്തെ വരുമാന മാർഗങ്ങൾ. കിട്ടുന്ന പൈസ വളരെ സൂക്ഷിച്ചേ ചെലവാക്കുകയുള്ളൂ.

പിന്നീടു സിനിമയിലെത്തി. അറബിക്കഥയിലെ ‘ചോര വീ ണ മണ്ണില്‍...’, ‘തിരികേ ഞാൻ വരുമെന്ന...’ എന്നീ പാട്ടുകളാണ് ഹിറ്റായത്. അന്നു ജോലിയന്വേഷിച്ചു ഗൾഫിൽ പോകാനായി പാസ്പോർട്ട് എടുത്തിരുന്നു. പക്ഷേ, ആദ്യത്തെ അവാ ർഡ് വാങ്ങാൻ പോകാനായിരുന്നു നിയോഗം. പിന്നീടു സിനിമയിൽ തിരക്കായി.

anil-panachuran-wife

ഇതിനിടയിലായിരുന്നു അനിച്ചേട്ടന്റെ അച്ഛന്റെ മരണം.ഒരു പെങ്ങൾ ഗൾഫിൽ ജോലി ചെയ്യുന്നതു കൊണ്ട് അമ്മ കുഞ്ഞിനെ നോക്കാനായി അവരുടെ വീട്ടിലേക്കു പോയി. ഞാൻ തിരുവനന്തപുരത്തു നിന്നു മകളേയും കൂട്ടി കായംകുളത്തെ വീട്ടിലേക്കു വന്നു. അപ്പോഴേക്കും ഞാൻ സോഷ്യോളജിയിലും സൈക്കോളജിയിലും ബിരുദാനന്തരബിരുദം നേടിയിരുന്നു. നൃത്തപഠനം തുടങ്ങാനും അനിച്ചേട്ടനായിരുന്നു താൽപര്യം. അമ്പലങ്ങളിൽ നൃത്തം അവതരിപ്പിക്കാൻ പോകുമ്പോൾ വേണ്ട ഒരുക്കങ്ങളൊക്കെ ചെയ്യുന്നതും സിഡി മാറ്റിയിട്ടു തരുന്നതുമെല്ലാം അനിച്ചേട്ടനായിരുന്നു.

നാളെയെന്നതില്ല...

എപ്പോഴും വീട്ടിലിരിക്കാൻ ഇഷ്ടപ്പെടുന്ന ആളായിരുന്നു. അച്ഛനും മക്കളുമായി വളരെ സ്വാതന്ത്ര്യത്തോടെ ഇടപെ ടലൊന്നുമില്ല. അതെല്ലാം എന്നോടാണ്. എനിക്കിഷ്ടമുള്ള ഭ ക്ഷണം കിട്ടിയാൽ ആളുടെ പങ്ക് ആരും കാണാതെ എനിക്കു കൊണ്ടുതരും.

കഴിഞ്ഞ ക്രിസ്മസിനു കേക്ക് വാങ്ങിയപ്പോൾ പകുതി മുറി ച്ച് എല്ലാവരും കഴിച്ച ശേഷം ബാക്കി നാളെ എടുക്കാമെന്നു പറ‍ഞ്ഞു മാറ്റിവച്ചു. ‘അനിച്ചേട്ടൻ അങ്ങനെയല്ലല്ലോ പറയാറ്’ എന്നു ഞാൻ പറഞ്ഞപ്പോൾ ആൾക്കാകെ അമ്പരപ്പ്. ‘നാളെയെന്നതില്ല, നമ്മൾ ഇന്നു തന്നെ തീർക്കണം.’ എന്നല്ലേ കവിതയിൽ എഴുതിയിരിക്കുന്നതെന്ന് േചാദിച്ചപ്പോള്‍ പൊട്ടിച്ചിരിച്ചു.

അർഹിക്കുന്ന അംഗീകാരം ലഭിക്കാത്തതിൽ എനിക്കായിരുന്നു സങ്കടം. ‘മരണത്തിനു ശേഷമല്ലേ അവാർഡുകൾ വരുന്നത്, അന്ന് എല്ലാവരും എന്നെക്കുറിച്ചു പറയുന്നതു കേട്ടു നിനക്കു സന്തോഷിക്കാൻ പറ്റും.’ എന്നു ചിരിക്കുമായിരുന്നു. അത് അറംപറ്റിയ വാക്കുകളായി.

മകൾ മൈത്രേയി പ്ലസ്ടു കഴിഞ്ഞു. അവളെ ഡോക്ടറാക്കണമെന്നൊരു സ്വപ്നം അനിച്ചേട്ടനുണ്ടായിരുന്നു. മകൻ അരു ൾ ഏഴാം ക്ലാസിൽ പഠിക്കുന്നു.

വരാനിരുന്ന നല്ല നാളുകൾ

ഒരിക്കലൊരു ജ്യോതിഷി പറഞ്ഞു, അനിച്ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലം വരാന്‍ േപാകുന്നേയുള്ളൂ എന്ന്. ഇത്രനാൾ ചെയ്ത അധ്വാനത്തിനു ഫലമായി അംഗീകാരവും പ്രശ്സതിയും കിട്ടുമെന്നും അറിയിച്ചു. ആൾ അതിെന്‍റ ഭയങ്കര സന്തോഷത്തിലും പ്രതീക്ഷയിലുമായിരുന്നു. ഇക്കൊല്ലം വെറുതെയിരുന്നാൽ പറ്റില്ല, നന്നായി വർക്കു ചെയ്യണം എന്നൊക്കെ തീരുമാനത്തിലായിരുന്നു. ഈ കോവിഡു കാലത്തു പുറത്തിറങ്ങിയിട്ടേയില്ല. എവിടെ നിന്നാണു കോവിഡ് ബാധിച്ചതെന്നു അറിയില്ല.

ഞായറാഴ്ച പുലർച്ചെ മറ്റം മഹാദേവ ക്ഷേത്രത്തിൽ പോ യി. നട കയറുന്നതിനു മുൻപേ കൂടെയുണ്ടായിരുന്നവരോടു ‘തളർച്ച പോലെ തോന്നുന്നു’വെന്നു പറഞ്ഞു. ആ നിമിഷം തന്നെ കുഴഞ്ഞു വീഴുകയും ചെയ്തു. െപട്ടെന്നു തന്നെ ആശുപത്രിയിലേക്കു കൊണ്ടുപോയി.

മക്കളെ അമ്മയെ ഏൽപിച്ച് ഞാൻ ഹോസ്പിറ്റലിലേക്കു പോയി. േകാവിഡ് ഉണ്ടെന്നു േഡാക്ടര്‍മാര്‍ പറഞ്ഞതായി ഒരു സുഹൃത്ത് വിളിച്ചറിയിച്ചു. ഡ്രൈവ് ചെയ്യുന്നതിനിടയിലും എന്റെ മനസ്സിൽ ഭയാശങ്കകളൊന്നുമുണ്ടായിരുന്നില്ല. രണ്ടാഴ്ച അനിച്ചേട്ടനെ എനിക്കു മാത്രമായി കിട്ടുന്നു. അതിന്റെയൊരു ഗൂഢസന്തോഷവും ഉള്ളിലുയർന്നു.

പിന്നീടു കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അവിടെ പരിേശാധിച്ചപ്പോൾ ഇസിജിയിൽ ചെറിയ പ്രശ്നം. അപ്പോഴും അനിച്ചേട്ടൻ എന്നെ സമാധാനിപ്പിച്ചു. ‘പേടിക്കാനൊന്നുമില്ല, നീ തളരരുത്. നീ തളർന്നാൽ പിന്നെ, എനിക്കു പറ്റില്ല.’

പക്ഷേ, കാലിൽ നിന്നു ഹൃദയത്തിലേക്കുള്ള ആർട്ടറി പൊട്ടിയിരുന്നത് ഡോക്ടർമാർക്ക് മനസ്സിലായില്ല. കാലു വേദനിക്കുന്നുവെന്നു അനിച്ചേട്ടൻ പറയുന്നുണ്ട്. മറ്റു ഗുരുതര പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വേറെ ഏതെങ്കിലും ഹോസ്പി റ്റലിലേക്കു കൊണ്ടുപോകാൻ അവരും നിർദേശിച്ചു. അങ്ങ നെയാണ് തിരുവനന്തപുരത്തേക്കു കൊണ്ടുപോകുന്നത്.

ആംബുലൻസിൽ ഹോസ്പിറ്റൽ എത്തുവോളം എന്റെ കൈപിടിച്ചാണ് കിടന്നത്. സംസാരിക്കുന്നതിനിടയിലും കയ്യി ൽ പതിയെ അമർത്തിക്കൊണ്ടിരുന്നു. അതൊരു യാത്ര പറച്ചിലായിരുന്നോ? ഹോസ്പിറ്റലിൽ ഡോക്ടർമാരോടു രോഗവിവിരം പറ ഞ്ഞതും അനിച്ചേട്ടനാണ്. അതിനിടയിൽ പെട്ടെന്നാണു ഹൃദയം നിലച്ചത്. വേഗം വെന്റിലേറ്ററിലേക്കു മാറ്റി. ഡോക്ടര്‍മാര്‍ വന്നു പറഞ്ഞു െകാണ്ടിരുന്നു. ‘ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. തിരിച്ചു വരാനുള്ള സാധ്യത കുറവാണ്...’ ഞാന്‍ ഒന്നും േകള്‍ക്കുന്നുണ്ടായിരുന്നില്ല. ആംബുലന്‍സില്‍ വച്ച് കയ്യില്‍ അമര്‍ത്തിപ്പിടിച്ചതിന്‍റെ ബലത്തിലായിരുന്നു ഞാന്‍.

കുറേനേരം കഴിഞ്ഞ് ഒരു േഡാക്ടര്‍ വന്നു പറഞ്ഞു, ‘കഴിഞ്ഞു.’ ഞാൻ ഉറക്കെ കരഞ്ഞു. മക്കൾ ടിവിയിൽ നിന്നാണ് വാര്‍ത്ത അറിഞ്ഞത്. ഫേക്ക് ന്യൂസെന്നാണ് അവർ കരുതിയത്.

എന്നോടു സംസാരിച്ചു പോയ ആ ജീവനുള്ള മുഖത്തിനു മേൽ ജീവനില്ലാത്ത നിഴലുകൾ വീഴാൻ ഞാൻ ആഗ്രഹിച്ചില്ല.അതുകൊണ്ടുതന്നെ അനിച്ചേട്ടനെ കാണേണ്ടെന്നു ഞാൻ തീരുമാനിച്ചു. കണ്ടാൽ ഒരുപക്ഷേ, ഞാൻ വല്ലാതെ കരഞ്ഞു പോയേക്കും. ശരിക്കും, ശരിക്കും എനിക്കു കരയേണ്ടായിരുന്നു...

ഇഷ്ടഗാനങ്ങൾ

ചങ്ങഴി മുത്തുമായി... (ലൗഡ് സ്പീക്കർ)

ചെറുതിങ്കൾ തോണി... (സ്വ.ലേ.)

അരികത്തായാരോ പാടുന്നു... (ബോഡിഗാർഡ്)

മിഴി തമ്മിൽ പുണരുന്ന നേരം... (മിന്നാമിന്നിക്കൂട്ടം)

നെഞ്ചിനുള്ളിലാകെ... (തട്ടുംപുറത്ത് അച്യുതൻ)