Tuesday 11 May 2021 05:05 PM IST

'ഇനിയൊരു കുഞ്ഞച്ചനെ മമ്മൂട്ടി ചെയ്യല്ലേ എന്നാണ് എന്റെ ആഗ്രഹം'; കോട്ടയം കുഞ്ഞച്ചനെ കുറിച്ച് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് വനിതയോട് പറഞ്ഞത്

Vijeesh Gopinath

Senior Sub Editor

kunjachan-denniss

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് ഓർമ്മയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജാവിന്റെ മകന്‍, നിറക്കൂട്ട്, ന്യൂഡല്‍ഹി, കോട്ടയം കുഞ്ഞച്ചന്‍, അഥര്‍വം, സംഘം തുടങ്ങിയ മെഗാ ഹിറ്റുകളുടെ സ്രഷ്ടാവാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. 

സൂപ്പർഹിറ്റ് ചിത്രം 'കോട്ടയം കുഞ്ഞച്ചനെ' കുറിച്ച് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് വനിതയോട് പറഞ്ഞത്. 2016 ഡിസംബർ ആദ്യ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം ചുവടെ..

സിനിമയിൽ മാത്രമല്ല, ജീവിതത്തിലും എവിടെയൊക്കെയോ വച്ച് ഈ മുഖങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. സിൽക്ക് ജൂബ കുടുക്ക് അഴിച്ച് സ്വർണമാല കാണിച്ച് പൊങ്ങച്ചം വിളമ്പുന്ന കുഞ്ഞച്ചന്മാർ. മേൽകീഴു നോക്കാതെ കുത്തിനു പിടിക്കുമെങ്കിലും സ്നേഹത്തിൻ ഇളനിലാവുള്ള ആടുതോമമാർ. ഇരട്ടച്ചങ്കോടെ പടനയിച്ച് സാമ്രാജ്യങ്ങൾ പണിത ചേറാടി കറിയമാരും ആനക്കാട്ടിൽ ഈപ്പച്ചന്മാരും. പിന്നെ മുണ്ടിന്റെ തുമ്പിൽ വീടിന്റെ താക്കോൽ കൊരുത്തിട്ട് ഉറുമ്പു കൂട്ടുന്നതുപോലെ സ്വപ്നങ്ങൾ കൂട്ടിവച്ച് ജീവിതം ഉയർത്തിയ കൊച്ചുത്രേസ്യമാർ... സിനിമയിൽ നമ്മൾ ക ണ്ട ഇവരൊക്കെയും മനസ്സിൽ മായാതെ നിൽക്കുന്നത് ജീവിതത്തോട് അത്രയ്ക്ക് ചേർന്നു നിൽക്കുന്നതു കൊണ്ടാണ്. സിനിമയുടെ മഷി നിറച്ച പേനയിലേക്ക് ജീവനോടെ ഇറങ്ങി വന്ന ആ മുഖങ്ങളെക്കുറിച്ച് തിരക്കഥാകൃത്തുക്കൾ...

ആറാം ക്ലാസുകാരന്റെ കുഞ്ഞു മനസ്സിലേക്ക് വേലി ചാടിക്കടന്നാണ് ആ കഥാപാത്രം ഇടിച്ചുകയറിയത്. സൽഗുണസമ്പന്നൻമാരായ എല്ലാ നായകന്മാരിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒരാൾ. അടികൊടുക്കുന്ന തിൽ മുതൽ സ്നേഹിക്കുന്നതിൽ വരെ മറ്റൊരു മുഖം. അതാ യിരുന്നു ആ കഥാപാത്രത്തിന്റെ പ്രത്യേകത. മുട്ടത്തുവർക്കി യുടെ "വേലി' എന്ന നോവലിലെ നായകന്റെ പേര് ഒരിക്കൽ കൂടി ആ കുട്ടി വായിച്ചു നോക്കി കോട്ടയം കുഞ്ഞച്ചൻ. 

തിരക്കഥാകൃത്ത് എന്ന വാക്കുപോലും ആലോചിക്കാതിരുന്ന കാലത്ത് ഡെന്നീസ് ജോസഫ് എന്ന ആ കുട്ടി കോട്ടയം കുഞ്ഞിനെ മനസ്സിൽ തന്നെ മടക്കി വച്ചു. പിന്നീട് സിനിമാക്കാരൻ ആയപ്പോഴും മനസ്സിന്റെ മരയലമാരിയിൽ ഇരുന്ന് കുഞ്ഞച്ചൻ ഇടയ്ക്കിടെ തലനീട്ടി ചോദിക്കും: “ഇതെന്നാ ഭാവിച്ചാ ഡെന്നിച്ചാ എന്നെ ഇങ്ങനെ എടുത്തു വച്ചിരിക്കുന്നത്? നമുക്കൊരു സിനിമ ചെയ്യണ്ടായോ..?

ഡെന്നീസ് ജോസഫിന്റെ കയ്യിൽ അപ്പോൾ കഠാരയും തോക്കും ബോംബും ഒക്കെയാണ് ഇരിക്കുന്നത്. വാക്കിനൊപ്പം തോക്കുകൊണ്ടും ഉത്തരം പറയുന്ന നായകന്മാർ, രാജാവിന്റെ മകനിലെ വിൻസെൻറ് ഗോമസിന്റെയും ന്യൂഡൽഹിയിലെ ജി.കെയുടെയും ചിരിക്കു പോലും ഒരു ബുള്ളറ്റിൻ മൂർച്ചയുണ്ടായിരുന്നു. ഈ തോക്കൊന്നു താഴെവയ്ക്കട്ടെ. എന്നിട്ടു വരാമെന്നു പറഞ്ഞ് ഡെന്നീസ് പിന്നെയും പോയി.

കുട്ടപ്പായിയും കുഞ്ഞച്ചനും

അങ്ങനെയാണ് വർഷങ്ങൾ ഏറെ കഴിഞ്ഞ് ആ പോസ്റ്ററിൽ മൈദപ്പശ പുരളുന്നത്. കൂളിങ് ഗ്ലാസ് മുഖവും, ജൂബയുമിട്ട് ചിരിച്ചു നിൽക്കുന്ന മമ്മൂട്ടിയുടെ മുഖത്തിനു താഴെ ഇങ്ങനെ എഴുതിയിരുന്നു. കോട്ടയം കുഞ്ഞച്ചൻ.

മുട്ടത്തുവർക്കിയുടെ വേലി എന്ന നോവലിലെ കഥാപാത്രമാണ് കോട്ടയം കുഞ്ഞച്ചൻ. ആ കഥാപാത്രത്തിന്റെ പേരും സ്വഭാവവും മാത്രമേ ഞാൻ സിനിമയിൽ സ്വീകരിച്ചിട്ടുള്ളൂ. സുന്ദരനായ ഒരു കുരുത്തംകെട്ടവൻ. ബാക്കിയൊക്കെ ഞാൻ തന്നെ എഴുതിയ 'സംഘ'ത്തിലെ കുട്ടപ്പായിയുടെ ഒരു തുടർച്ച  എന്നു പറയാം. 'സംഘം' ഉണ്ടായതുകൊണ്ടാണ് കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമ ഉണ്ടാവുന്നത്. ഡെന്നീസ് ജോസഫ് ആദ്യം കുട്ടപ്പായിയെ ആണ് മുന്നിലേക്ക് കൊണ്ടു നിർത്തിയത്.

“അതുവരെ ഉണ്ടായിരുന്ന ക്രിസ്ത്യൻ കഥാപാത്രങ്ങളിൽ നിന്ന് ഏറെ മാറി നിൽക്കുന്നതായിരുന്നു സംഘം സിനിമയിലെ കുട്ടപ്പായി. ഏറെ സമ്പത്തുള്ള അച്ഛന്റെ മകൻ. പക്ഷേ, അച്ഛൻ സമ്പാദിച്ച പണം കളയുകയാണ് അയാളുടെ ജോലി. കുട്ടപ്പായി എന്ന ആ കഥാപാത്രത്തെ എഴുതാനിരിക്കുമ്പോൾ ഞാൻ ആദ്യം ഓർത്തത് കോട്ടയം ഏറ്റുമാനൂരിലെ എന്റെ വീടിനു തൊട്ടടുത്തുള്ള കുട്ടപ്പൻ ചേട്ടനെയാണ്. വീടിന്റെ ജനൽ തുറന്നാൽ മതി കുട്ടപ്പൻ ചേട്ടൻറ കാരിക്കാത്തടം എന്ന വീട് കാണാം.

കുട്ടപ്പൻ ചേട്ടന്റെ അച്ഛൻ കുഞ്ഞുദേവസ്യചേട്ടൻ ചെറിയ കൃഷികൾ ചെയ്ത് പിന്നീട് വലിയ പണക്കാരനായ ആളായിരുന്നു. അപ്പൻ ഉണ്ടാക്കിയത് മുൻപിൻ നോക്കാതെ കുട്ടപ്പൻ ചേട്ടൻ ചെലവാക്കും. അൽപം റൗഡിസവും കയ്യിലുണ്ട്. പക്ഷേ, ഒരു കവലച്ചട്ടമ്പിയല്ല. ആ റൗഡിസത്തിൽ ഒരു കുസൃതിയും രസികത്വവും ഒക്കെയുണ്ടായിരുന്നു. നാൽപതു വയസ്സുണ്ടെങ്കിലും പിള്ളേരായിരുന്നു കുട്ടപ്പൻ ചേട്ടൻറ കൂട്ടുകാർ.

ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉത്സവത്തിനും അതിരമ്പുഴ പള്ളിയിലെ പെരുന്നാളിനും കുട്ടപ്പൻ ചേട്ടൻ ഉണ്ടാവും. അടിപിടി മുതൽ ആനയോടി എന്നു പറഞ്ഞ് ഭീതി പരത്തൽ വരെ. ഇതൊക്കെ ഒരു ഹരമായിരുന്നു. ഏതിരാളികളെ ഒറ്റയ്ക്കടിച്ചു മലർത്തും. ഇങ്ങനൊക്കെയായിരുന്നെങ്കിലും വീട്ടിലെത്തു മ്പോൾ കുട്ടപ്പൻ ചേട്ടൻ പാവം ആവും. അപ്പന്റെ മുന്നിൽ ബഹുമാനത്തോടെ നിൽക്കും. അതായിരുന്നു സംഘത്തിലെ മ മ്മൂട്ടിയുടെ കുട്ടപ്പായിയും തിലകൻ ഇല്ലിക്കൽ റപ്പായിയും.

ഈ സിനിമ വിജയിച്ചപ്പോഴാണ് എനിക്ക് തോക്കും ബോംബുമൊക്കെ ഒന്നു താഴെ വയ്ക്കാനുള്ള കോൺഫിഡൻസ് കിട്ടിയത്. ആ സമയത്ത് സുരേഷ് ബാബുവിനു വേണ്ടി ഒരു സിനിമ എഴുതാൻ മമ്മൂട്ടി എന്നോടു പറഞ്ഞു. അങ്ങനെയാണ് പണ്ടു വായിച്ച കോട്ടയം കുഞ്ഞച്ചൻ എന്ന കഥാപാത്രത്തെ ഓർമവരുന്നത്.

കുഞ്ഞച്ചൻ വന്നേ.....

മധ്യതിരുവിതാംകൂറിൽ ഏതു കലുങ്കെടുത്താലും അന്നും ഇന്നും ഒരു കോട്ടയം കുഞ്ഞച്ചനെയെങ്കിലും കാണാം. കുട്ടപ്പൻ ചേട്ടന്റെ പല സ്വഭാവങ്ങളും കോട്ടയം കുഞ്ഞച്ചനിലും ഉണ്ട്. നോൺസ്റ്റോപ് ചീത്ത വിളിക്കുന്ന ആളാണ് കുഞ്ഞച്ചൻ. ഒരു വാക്കിൽ നിന്നു കൊളുത്തിക്കൊളുത്തി പോവുന്ന ചീത്ത വിളി. ഇത് കുട്ടപ്പൻ ചേട്ടനിലും ഉണ്ടായിരുന്നു. രസികനും ഉഴപ്പനും അടിപിടി ഉണ്ടാക്കുന്നവനും ആയിരുന്നു കുട്ടപ്പൻ ചേ ട്ടൻ. പക്ഷേ, അതൊന്നും ആർക്കും പക ഉണ്ടാക്കില്ല. അതി ൻ ഏറ്റവും അടിയിൽ മാന്യതയുണ്ടായിരുന്നു. അതാണ് ഇ രൂപത്തഞ്ചിലേറെ വർഷം കഴിഞ്ഞിട്ടും കോട്ടയം കുഞ്ഞച്ചൻ ഇന്നും മനസ്സിൽ നിൽക്കുന്നത്.

ഏതു കഥാപാത്രത്തിലേക്കു വേണമെങ്കിലും രൂപമാറ്റം വരുത്താവുന്ന മുഖം ദൈവം മമ്മൂട്ടിക്ക് അറിഞ്ഞു നൽകിയിട്ടുണ്ട്. ഒരു മേക്കപ്പിന്റെയും ആവശ്യമില്ല. മീശയൊന്നു പിരി ച്ചു വച്ചതോടെ മമ്മൂട്ടി കോട്ടയം കുഞ്ഞച്ചനായി. കോട്ടയം ഭാഷ മറ്റ് ആർട്ടിസ്റ്റുകളെ പറയാൻ പഠിപ്പിച്ചത് മമ്മൂട്ടി ആയിരു ന്നു. അതിൽ കെപിഎസി ലളിത ചേച്ചിയുടെ കഥാപാത്രത്തി ൻറ് ഡയലോഗ്: “നീയിത് എന്നാ പണിയാ കാണിച്ചത്?” എ ന്നാണു ഞാൻ എഴുതിയത്. പക്ഷേ, ചേച്ചി പറഞ്ഞത് “നീയി എന്നാ കാട്ടായ്മയാ കാണിച്ചത് എന്നാണ്. ആ വാക്ക് അദ്ദേഹമാണു പറഞ്ഞുകൊടുത്തത്. വൈക്കത്തിനടുത്ത് ചെമ്പിൽ പിറന്ന മമ്മൂട്ടിക്ക് കോട്ടയം ഭാഷയുടെ സ്വാദ് അങ്ങനങ്ങ് മറക്കാനാവില്ലല്ലോ...

ഹിറ്റിലേക്ക്

ചില സിനിമകൾ എഴുതുമ്പോഴേ തോന്നും. ഇത് ഹിറ്റാവും. അങ്ങനെ ഒരു സിനിമയായിരുന്നു കോട്ടയം കുഞ്ഞച്ചൻ. പേരിൽ കോട്ടയം ഉണ്ടെങ്കിലും ചെറിയൊരു ഷോട്ട് ഒഴിച്ച് ബാക്കിയെല്ലാം അമ്പൂരിയിൽ ആയിരുന്നു ചിത്രീകരിച്ചത്. ഭാഷയുടെ കൃത്യത കിട്ടാനായി സ്ക്രിപ്റ്റ് മുഴുവൻ ഞാൻ തന്നെ വായിച്ച് റിക്കോർഡ് ചെയ്തു. ഈയൊറ്റ സിനിമ ഇങ്ങനെ ഞാൻ ചെയ്തിട്ടുള്ളൂ.

മധ്യതിരുവിതാംകൂറിൽ പൊങ്ങച്ചവും അൽപം റൗഡിസവും കൊണ്ടു നടക്കുന്ന ആൾക്കാർക്ക് ഈ സിനിമ കഴിഞ്ഞതോടെ ഒരു പേരു കിട്ടി. കോട്ടയം കുഞ്ഞച്ചൻ. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ ഏറ്റവും കൂടുതൽ അനുകരിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നായി കുഞ്ഞച്ചൻ മാറി. കുറഞ്ഞ പക്ഷം പല ജാതിയിലും പേരിലും ഒക്കെയായി അൻപതു കോട്ടയം കുഞ്ഞച്ചന്മാരെയെങ്കിലും മമ്മൂട്ടി ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇനിയൊരു കുഞ്ഞച്ചനെ മമ്മൂട്ടി ചെയ്യല്ലേ എന്നാണ് എന്റെ ആഗ്രഹം. ഈ സിനിമയുടെ രണ്ടാം ഭാഗം ചെയ്യാൻ പറഞ്ഞപ്പോഴും ഞാൻ ചെയ്യാതിരുന്നത് ഇതുകൊണ്ടായിരുന്നു.

സംഘവും കോട്ടയം കുഞ്ഞച്ചനും ഹിറ്റായതോടെ കുട്ടപ്പൻ ചേട്ടനും പ്രശസ്തനായി. “നീ എങ്ങനാടാ എന്നെ ഇങ്ങനെ മനസ്സിലാക്കിയത് എന്ന് അദ്ദേഹം വന്നു ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് അദ്ദേഹം മരിക്കുന്നത്. അവസാന കാലമായപ്പോഴേക്കും ചെറുപ്പത്തിന്റെ വേഗത്തിൽ നിന്ന് അദ്ദേഹം ഇറങ്ങി നിന്നു. പ്രാർഥനയും പള്ളിയുമൊക്കെയായി ജീവിച്ചു. അതായിരുന്നു കുട്ടപ്പൻ ചേട്ടന്റെ ജീവിതത്തിലെ ട്വിസ്റ്റ്...

Tags:
  • Celebrity Interview
  • Movies