Monday 11 December 2023 11:48 AM IST

‘ജൂബ്ബയും കൂളിങ് ഗ്ലാസും ധരിച്ച് സുന്ദരനായി ആശുപത്രിയിലേക്ക് പോയ ഡാഡി, പക്ഷേ ജീവനോടെ തിരികെ വന്നില്ല’: കൊല്ലം അജിത്... കണ്ണീരോർമ

V.G. Nakul

Sub- Editor

kollam-ajith-4

വിവാഹപ്പന്തലിൽ വധുവായി അണിഞ്ഞൊരുങ്ങി നിൽക്കുമ്പോൾ ഗായത്രിയുടെ കണ്ണുകൾ ആ മുഖം പരതുകയായിരുന്നു. ഇവിടെയെവിടെയോ ഡാഡി നിൽക്കുന്നുണ്ടെന്നൊരു തോന്നൽ. കുസൃതിക്കുരുന്നായി, കിലുക്കാം പെട്ടിയായി ഡാഡിയുടെ മടിയിൽ കയറിയിരുന്ന് കൊഞ്ചിക്കളിച്ചിരുന്ന, തന്റെ കല്യാണത്തിന് പാട്ടും ‍ഡാൻസുമൊക്കെ വേണം ഡാഡീയെന്ന് ആഗ്രഹങ്ങൾ നിരത്തിയിരുന്ന ആ കുഞ്ഞു പെൺകുട്ടിയായിരുന്നു അപ്പോഴുമവൾ. പക്ഷേ, പ്രിയപ്പെട്ടവന്റെ കൈപിടിച്ച് അവൾ പുതിയ ജീവിതത്തിലേക്ക് കടന്നപ്പോൾ, ആ മനോഹര നിമിഷം കണ്ടു നിൽക്കാൻ, കൈപിടിച്ചേൽപ്പിക്കാൻ അവളുടെ ഡാഡിയുണ്ടായില്ല. മരണമെന്ന വാതിലിനപ്പുറത്തേക്ക് അതിനൊക്കെയെത്രയോ മുമ്പേ ആ സ്നേഹസാന്നിധ്യം പോയ് മറഞ്ഞിരുന്നു.

‘‘ഡാഡി ആശുപത്രിയിലേക്ക് പോയ ദൃശ്യം ഇപ്പോഴും എന്റെ കണ്ണുകളിലുണ്ട്. ജുബ്ബ ധരിച്ച്, കൂളിങ് ഗ്ലാസ് വച്ച്, ഒരുങ്ങി സുന്ദരനായി...അങ്ങനെ, ടിപ്പ് ടോപ്പില്‍ പോയ ആൾ പിന്നീട് ജീവനോടെ വീട്ടിലേക്ക് തിരികെ വന്നില്ല’’.– എല്ലാം ഉൾക്കൊണ്ടു തുടങ്ങിയെന്ന പോലെയാണ് ഗായത്രി സംസാരിച്ചു തുടങ്ങിയതെങ്കിലും ഇത്രയും പറഞ്ഞപ്പോഴേക്കും ആ ശബ്ദം ഇടറി. കണ്ണുകൾ നനഞ്ഞു.

അകാലത്തിൽ അന്തരിച്ച നടൻ കൊല്ലം അജിത്തിന്റെ മകളാണ് ഗായത്രി. ഇപ്പോൾ ഷാർജയില്‍ ജോലി ചെയ്ത്, കുടുംബത്തോടൊപ്പം അവിടെ താമസിക്കുന്നു. അച്ഛനെക്കുറിച്ച്, അദ്ദേഹത്തിന്റെ വിയോഗത്തെക്കുറിച്ച് ഗായത്രി മനസ്സ് തുറക്കുകയാണ്, ‘വനിത ഓൺലൈനിലൂടെ’, ഇതാദ്യമായി.

തന്റെ 56 വയസ്സിൽ, 2018 ഏപ്രിലിലാണ് കൊല്ലം അജിത്ത് മരണപ്പെട്ടത്. ഉദരസംബന്ധമായ അസുഖത്തെത്തുടർ‌ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയായിരുന്നു അന്ത്യം.

kollam-ajith-3

തൊണ്ണൂറുകളിൽ‌ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അജിത് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. രണ്ടു സിനിമകൾ സംവിധാനം ചെയ്തു. പ്രമീളയാണ് ഭാര്യ. മക്കൾ – ഗായത്രി, ഹരി. വിഷ്ണു പി വിജയ് ആണ് ഗായത്രിയുടെ ജീവിതപങ്കാളി.

‘‘തീർത്തും അപ്രതീക്ഷിതമായിരുന്നു ഡാഡിയുടെ മരണം. ഞാനപ്പോൾ കോളജ് കഴിഞ്ഞിട്ടേയൂള്ളൂ. പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. അനിയന്‍ പ്ലസ് ടൂവിനും. അമ്മയുടെയും ഞങ്ങളുടെയും ജീവിതം പെട്ടെന്ന് ശൂന്യമായി. സിനിമയിൽ വില്ലൻ വേഷങ്ങളാണ് കൂടുതല്‍ അവതരിപ്പിച്ചതെങ്കിലും ജീവിതത്തിൽ ഡാഡി നായകനായിരുന്നു. നല്ല ഭർത്താവും നല്ല പിതാവുമായി, കുടുംബത്തിന്റെ നട്ടെല്ലായി ജീവിച്ച ആള്‍’’.– ഗായത്രിയുടെ വാക്കുകളിൽ ആ നഷ്ടത്തിന്റെ ആഴം തെളിഞ്ഞു.

തുടക്കം വയറുവേദനയിൽ

ഒരു റിയാലിറ്റി ഷോയിൽ ഗസ്റ്റ് ആയി പങ്കെടുത്ത് തിരികെയെത്തിയ ശേഷം ഡാഡിയ്ക്ക് വയറുവേദന കലശലായി. ജങ്ക് ഫൂഡ്സ് കഴിക്കാത്ത, കൃത്യമായ ഡയറ്റ് പിന്തുടുന്ന, ദിവസേന വ്യായാമം ചെയ്യുന്ന ആളാണ്. ഷട്ടിൽ കളിക്കും ഷോപ്പിങ്ങിനു പോകും...ആ പ്രായത്തിലും വളരെ ഊർജസ്വലനായിരുന്നു.

അങ്ങനെയൊക്കെയായതിനാൽ, ഈ ബുദ്ധിമുട്ട് എന്തെങ്കിലും ഭക്ഷണം വയറ്റിൽ പിടിക്കാത്തതിന്റെയാകുമെന്ന് കരുതി. എന്നാൽ

kollam-ajith-4 ഹരി, പ്രമീള, ഗായത്രി

ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോഴാണ്, അപ്പന്‍ഡിസൈറ്റിസ് ആണ്, പെട്ടെന്ന് സർജറി വേണമെന്ന് മനസ്സിലായത്.

ആത്മവിശ്വാസം എന്ന കരുത്ത്

വളരെയധികം ആത്മവിശ്വാസമുള്ള ആളായിരുന്നു ഡാഡി. ‘എനിക്കൊരു നല്ല കാലം വരും’ എന്ന് എപ്പോഴും പറയുമായിരുന്നു. ‘എന്നാ ഡാഡിക്ക് ഒരു അവാർഡ് കിട്ടുന്ന ഫങ്ഷനിൽ ഞങ്ങൾക്ക് പങ്കെടുക്കാനാകുന്നേ’ എന്നു ചോദിക്കുമ്പോൾ, ‘എന്നെ എല്ലാവരും അംഗീകരിക്കുന്ന ഒരു കാലം വരും’ എന്നാകും മറുപടി. ആശുപത്രിയിലേക്കു പോകുമ്പോഴും ആ മനോബലം ഡാഡിയ്ക്കുണ്ടായിരുന്നു...പക്ഷേ...

ഇപ്പോഴും എനിക്കതുൾക്കൊള്ളാനായിട്ടില്ല. എങ്ങനെയാണ് ആ ഘട്ടത്തെ അതിജീവിച്ചതെന്നും മനസ്സിലാകുന്നില്ല.

ഞങ്ങളെല്ലാവരും മാനസ്സികമായി തളർന്ന, എന്തു ചെയ്യണമെന്നറിയാതെ പതറിനിന്ന കാലം. എങ്ങനെ മുന്നോട്ടു പോകുമെന്നറിയില്ല. അമ്മ ഹൗസ് വൈഫ്, എനിക്ക് ജോലിയായിട്ടില്ല, അനിയന്‍ പഠിക്കുന്നു...

kollam-ajith-2

ഡോക്ടർമാർക്ക് പാളിയോ

ഡാഡിയുടെ മരണവുമായി ബന്ധപ്പെട്ട് എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. ഇപ്പോഴാണ് മനസ്സ് പാകപ്പെട്ടത്.

ഡോക്ടർമാരുടെ ഭാഗത്തു നിന്ന് ചില വീഴ്ചകൾ സംഭവിച്ചുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് .

ഇത്രയും ഗുരുതരമായി എത്തിയ ഒരാൾക്ക് പെട്ടെന്ന് ശസ്ത്രക്രിയ ചെയ്യാതെ, അവർ എന്തുകൊണ്ട് മൂന്ന് ദിവസം വൈകിപ്പിച്ചു എന്നാണ്എനിക്ക് മനസ്സിലാകാത്തത്.

ഷുഗറിന്റെ വ്യതിയാനമാണ് കാരണമായി പറഞ്ഞതെങ്കിലും, പിന്നീടറിഞ്ഞത്, ഏതോ ഒരു ഡോക്ടർക്ക് വേണ്ടി കാത്തിരുന്നുവെന്നാണ്. സാധാരണ നാല് മണിക്കൂറിനുള്ളിൽ തീരേണ്ട സർജറി ഏഴ് മണിക്കൂറിലാണ് പൂർത്തിയായത്. സർജറിക്കു ശേഷം രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും വയറിലെ ഗ്യാസ് കുറഞ്ഞില്ല. വയർ വീർത്ത നിലയിലായിരുന്നു. ശരിയാകും ശരിയാകും എന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. ഡോക്ടർമാർക്കും ഇതെന്തുകൊണ്ടാണെന്നു കണ്ടു പിടിക്കാനാകുന്നില്ല. എനിക്ക് മനസ്സിലാകാത്ത മറ്റൊരു കാര്യം, ഇത്രയും സംവിധാനമുള്ള ഒരു ആശുപത്രിയിൽ, ഒരു രോഗിക്ക് സർജറി കഴിഞ്ഞ് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് അവർ പരിശോധിക്കാത്തതെന്തെന്നാണ്. ചോദിക്കുമ്പോഴൊക്കെ, കുഴപ്പമില്ല, കുഴപ്പമില്ല എന്നാണവർ പറഞ്ഞത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ഡിസ്ചാർജ് എഴുതിയില്ല. വരട്ടേ വരട്ടേ എന്നായിരുന്നു മറുപടി. കുറച്ചു കഴിഞ്ഞപ്പോൾ ഡാഡിക്ക് ബ്രീത്തിങ് പ്രശ്നങ്ങൾ തുടങ്ങി. അത്രകാലം കാര്യമായ അസുഖങ്ങളൊന്നും വന്നിട്ടില്ലാത്ത, മരുന്ന് കഴിച്ചിട്ടില്ലാത്ത ആൾ ഇത്രയൊക്കെ ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിച്ചതോടെ മാനസികമായും തളർന്നു. പെട്ടെന്ന് ഒരു ഘട്ടത്തിൽ അവർ പറയുകയാണ്, ‘അജിത്തിന്റെ ശരീരത്തിലെല്ലാം ഇൻഫക്ഷൻ വ്യാപിച്ചു’ എന്ന്. അതെന്തേ അവർക്ക് അത്ര ദിവസം മനസ്സിലായില്ല. ഡാഡിയെ ഉടൻ ഐ.സി.യുവിലേക്കു മാറ്റി. ഞങ്ങള്‍ കാണാൻ കയറിയപ്പോൾ, ‍ഡാഡി പറഞ്ഞത്, ‘എന്നെ ഇനി രക്ഷിക്കാനാകില്ല, അവസ്ഥ ഗുരുതരമാണെന്ന് നഴ്സുമാർ പറയുന്നത് കേട്ടു’ എന്നാണ്.

kollam-ajith-5 ഗായത്രി, വിഷ്ണു

മരണം വരെ ഡാഡി ബോധവാനായിരുന്നു.

കൃത്യമായി പ്രതികരിക്കുന്നുണ്ടായിരുന്നു. അതിനാൽ നഴ്സുമാർ പറയുന്നതൊക്കെ കേട്ടു. ചിന്തിച്ച് നോക്കൂ, എത്ര ക്രൂരമാണത്. രോഗിയുടെ മുന്നിൽ നിന്നു ഇതൊക്കെ എങ്ങനെ പറയാനാകുന്നു.

അങ്ങനെയൊക്കെയാണെങ്കിലും മരിക്കുന്നതിനു തൊട്ടു മുൻപും, ‘ഞാൻ തിരിച്ചു വരും’ എന്നൊരു ആത്മവിശ്വാസം ഞങ്ങൾക്കായി ഡാഡി പ്രകടിപ്പിച്ചിരുന്നു. ഒടുവിൽ, ‘വെന്റിലേറ്ററിലെങ്കിലും പ്രവേശിപ്പിച്ച് എന്റെ ഡാഡിയെ രക്ഷിക്കാമോ’ എന്ന് ഞാൻ കരഞ്ഞു കൊണ്ടു ചോദിച്ചപ്പോൾ, ‘ഒന്നും ചെയ്യാൻ പറ്റില്ല’ എന്നായിരുന്നു ഡോക്ടറുടെ മറുപടി.

നികത്താനാകാത്ത നഷ്ടം

ഡാഡി മരിച്ച ശേഷം ആ നഷ്ടത്തിന്റെ വലുപ്പം ഞങ്ങൾ വളരെയധികം തിരിച്ചറിഞ്ഞു. ആദ്യമൊക്കെ ബന്ധുക്കളും മറ്റും സഹായിച്ചിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ അവരിൽ ചിലർ ചെയ്ത സഹായങ്ങൾ തിരികെച്ചോദിക്കാൻ തുടങ്ങി. അപ്പോഴും ഞങ്ങൾക്ക് ആവശ്യമുള്ള സമയത്ത് മമ്മൂക്ക സഹായവുമായി ഓടിയെത്തി. ഇടവേള ബാബുച്ചേട്ടനും ഇന്നസേന്റേട്ടനുമൊക്കെ ഒപ്പം നിന്നു. സ്വന്തം വീട് എന്നത് ഡാഡിയുടെ വലിയ സ്വപ്നമായിരുന്നു. ‘അമ്മ’ അസോസിയേഷനാണ് ‍ഞങ്ങൾക്ക് വീട് വച്ചു തന്നത്. ഇപ്പോഴും പ്രേക്ഷകർ ഡാഡിയെ ഓർക്കുന്നുണ്ട്. ഞാൻ ഡാഡിയുടെ ഒരു ചിത്രമോ, സിനിമയിലെ സീനോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുമ്പോൾ നല്ല പ്രതികരണങ്ങൾ ധാരാളം വരും.

ഞാൻ കുഞ്ഞിലേ ഡാഡിയോട് പറയും, എന്റെ കല്യാണത്തിന് അതു വേണം, ഇതു വേണം, പാട്ട് വേണം, ഡാൻസ് വേണം എന്നൊക്കെ. എല്ലാം ഡാഡി സമ്മതിക്കും. പക്ഷേ.... കല്യാണ ദിവസം ഞാൻ ഡാഡിയെ ഒരുപാട് മിസ് ചെയ്തു.

എന്റെ കല്യാണഫോട്ടോയിൽ ഡാഡിയുടെ ചിത്രം കൂടി ഉൾപ്പെടുത്താനുള്ള തീരുമാനം ആദ്യം അമ്മയോടും അനിയനോടും പറഞ്ഞിരുന്നില്ല. സർപ്രൈസ് ആയിട്ടാണ് കാണിച്ചത്. ഗിരിശങ്കറാണ് ആ ഡിജിറ്റൽ വർക്ക് ചെയ്തത്. ചിത്രം വളരെയേറെ വൈറലായി.

അതിജീവനം

ഡാഡി മരിച്ച് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ഞാൻ ജോലിക്ക് ശ്രമിച്ചു തുടങ്ങി. അങ്ങനെ ഇൻഫോപാർക്കില്‍ ജോലി കിട്ടി. അവിടെയും ഡാഡിയുടെ മകൾ എന്ന പരിഗണന കിട്ടിയിരുന്നു. പിന്നീട് കസിൻ വിനുച്ചേട്ടനാണ് എന്നെ ദുബായിലേക്ക് കൊണ്ടു പോയത്. അവിടെ എൻ.എം.സി മെഡിക്കൽ സെന്ററിൽ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. രണ്ട് വർഷം കഴിഞ്ഞപ്പോൾ, അമ്മയെയും അനിയനെയും ഇങ്ങോട്ട് കൊണ്ടു വന്നു. അനിയനും എൻ.എം.സി മെഡിക്കൽ സെന്ററിൽ കാഷ്യർ ആയി ജോലി ലഭിച്ചു. ഇപ്പോൾ ജീവിതം കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു.

ദുബായില്‍ ജോലി കിട്ടിയ ശേഷമായിരുന്നു കല്യാണം. ഇവിടെ വച്ചാണ് വിഷ്ണുവിനെ പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാർ ആലോചിച്ച് വിവാഹം തീരുമാനിക്കുകയായിരുന്നു.