കൊല്ലം സുധി എല്ലാവരെയും ഒരുപാടു ചിരിപ്പിച്ചു. എന്നിട്ടു സ്വയം കരഞ്ഞു. ഒരു ദിവസം എ ല്ലാവരെയും കരയിച്ച് ജീവിതത്തിൽ നിന്നു കടന്നുകളഞ്ഞു. കൊല്ലം വാളത്തുംഗൽ ബോയ്സ് സ്കൂളിൽ നിന്നാണ് ആ ചിരി തുടങ്ങിയത്. കോട്ടയം പൊങ്ങന്താനത്തെ വാടകവീട്ടുമുറ്റത്ത് ആ ചിരി നിലച്ചു.
ഉത്സവപറമ്പുകളിലും ആർട്സ് ക്ലബുകളിലും തുടങ്ങി ചാനലുകളിലൂടെ സിനിമയിലെത്തിയ കലാകാരനായിരുന്നു കൊല്ലം സുധി. അനുകരണ കലയിൽ തന്റേതായ ഇടം സുധി കണ്ടെത്തി. സുധിയുെട കഥാപാത്രങ്ങൾക്ക്, പ്രത്യേകിച്ചു സ്ത്രീകഥാപാത്രങ്ങൾക്ക് ആരാധകർ ഏറെയായിരുന്നു.
‘പരിപാടികൾ ഹിറ്റാണെങ്കിലും ജീവിതം ഫ്ലോപ്പായിപ്പോയി’ തന്നെക്കുറിച്ച് സുധി പറഞ്ഞ ഈ ഡയലോഗാണ് ഇന്നു സുഹൃത്തുക്കളെ ഏറെ വേദനിപ്പിക്കുന്നത്. സുധിയുടെ സുഹൃത്തുക്കൾ ഓർമകൾ പങ്കുവയ്ക്കുകയാണ് ഇവിടെ.
ആരായിരുന്നു ആ അപരിചിതൻ ?
സുധിയുടെ അപകടം നടന്നതിന്റെ തലേന്ന് എ നിക്കു പരിചയമില്ലാത്ത ആരോ വിളിച്ചു.
‘ചേട്ടാ കൊല്ലം സുധി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണോ?’
ഞാൻ പറഞ്ഞു; ‘അങ്ങനെയാണെങ്കിൽ മെഡിക്കൽ കോളജിന് അടുത്തു താമസിക്കുന്ന ഞാൻ അറിയേണ്ടേ...’
സുധിയെ വിളിച്ചു നീ ആശുപത്രിയിലാണോ എന്നു ചോദിക്കുന്നതു ശരിയല്ലല്ലോ? അതുകൊണ്ട് ഞാൻ ചില സുഹൃത്തുക്കളെ വിളിച്ചു. സുധി ഏതോ പരിപാടിയുടെ റിഹേഴ്സൽ ക്യാംപിലാണെന്നു മനസ്സിലായി.
പിറ്റേന്ന് എനിക്കു മഴവിൽ മനോരമയുടെ ഷൂട്ടിങ് ഉ ണ്ടായിരുന്നു. രാത്രി വൈകി നല്ല ക്ഷീണത്തോടെ കിടന്നുറങ്ങി. അതിരാവിലെ ഉറക്കത്തിനിടയിലാണ് ആ വാർത്ത അറിയുന്നത്. കേട്ടപ്പോൾ തന്നെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. സുധി എനിക്ക് അത്രയ്ക്കും വേണ്ടപ്പെട്ട സുഹൃത്തായിരുന്നു. കഴിഞ്ഞമാസം സൗദി അറേബ്യയിൽ ഞങ്ങൾ ഒരുമിച്ചു പരിപാടിക്കു പോയിരുന്നു. യാത്രകളിലാണ് കുടുംബകാര്യങ്ങളും മറ്റു വിശേഷങ്ങളുമൊക്കെ വിശദമായി സംസാരിക്കുന്നത്. പലപ്പോഴും അവന്റെ വിഷമങ്ങളാണു പറഞ്ഞിരുന്നത്. അന്നു പക്ഷേ, ഒരുപാടുകാലമായി തുഴയുന്ന വഞ്ചി കര കണ്ടുതുടങ്ങുന്ന സന്തോഷത്തിലായിരുന്നു. അഞ്ചു സെന്റ് സ്ഥലം, അതിലൊരു ചെറിയ വീട്, മക്കളുടെ പഠനം ഇതൊക്കെയായിരുന്നു അവന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ.
ആദ്യം കാണുന്നവരോടു പോലും വളരെക്കാലത്തെ സൗഹൃദമുണ്ട് എന്ന രീതിയിലാണു സുധി ഇടപെട്ടിരുന്നത്. ഇല്ലായ്മകളും വല്ലായ്മകളുമൊക്കെ എന്നോടു പങ്കു വയ്ക്കാൻ കാരണം ഞാനും അതേ സാഹചര്യങ്ങളിലൂടെയൊക്കെ കടന്നുവന്ന ആളാണല്ലോ എന്നതുകൊണ്ടാകും.
സുധി നല്ല കലാകാരനായിരുന്നു. ഏതു കഥാപാത്രത്തെ അവതരിപ്പിച്ചാലും ന ന്നാകും. അതിനു കാരണം സുധിയുടേതായ ചില ചലനങ്ങളും ൈടമിങ്ങും ഒക്കെയാണ്. സ്ത്രീ കഥാപാത്രങ്ങളെ സുധി നന്നായി അവതരിപ്പിച്ചിരുന്നു. എന്നെ അദ്‍ഭുതപ്പെടുത്തിയ മറ്റൊരു സംഗതി ഒരുപാട് റിഹേഴ്സൽ ഒന്നും ഇല്ലാതെയാണ് സുധി സ്റ്റേജിൽ കയറിയിരുന്നത് എന്നതാണ്. പക്ഷേ, സ്റ്റേജിൽ അപാരമായ പെർഫോമൻസായിരിക്കും.
വിദേശത്തു പോകുമ്പോൾ ഭാര്യയ്ക്കും മക്കൾക്കും എന്തെങ്കിലും വാങ്ങുന്നതല്ലാെത സ്വന്തമായി അവനൊന്നും വാങ്ങാറില്ലായിരുന്നു. ‘പുതിയ ഡ്രസ്സിന്റെ മണമടിച്ചാ ൽ എനിക്കു തലവേദന വരും.’ എന്നൊക്കെ പറയും. അതുകൊണ്ടാകും സുധിയുടെ മൃതദേഹത്തിൽ പുതിയ കോട്ടും സ്യൂട്ടും ഒക്കെ അണിയിച്ചപ്പോൾ അവന്റെ ഭാര്യ ചോദിച്ചത് ‘പതിവില്ലാതെ പുതിയ ഡ്രസ്സൊക്കെയിട്ട് എങ്ങോട്ടാണു പോകുന്നത്’ എന്ന്.
ആദ്യഭാര്യ പിരിഞ്ഞു പോകുമ്പോൾ കുഞ്ഞിന് ഒന്നരയോ രണ്ടോ വയസ്സു പ്രായം. സുധി അവനെ നെഞ്ചോടു േചർത്തു. സ്റ്റേജ് ഷോയ്ക്ക് വരുമ്പോൾ കുഞ്ഞും കൂടെയുണ്ടാകും. ഇക്കാര്യത്തിൽ ഞങ്ങളിലാർക്കും അവനോടു ഒരു ഈർഷ്യ തോന്നിയിട്ടില്ല. സ്നേഹവും സഹതാപവും മാത്രമായിരുന്നു. ആ കുഞ്ഞിന് പത്തു വയസ്സു കഴിഞ്ഞിട്ടാണെന്നു തോന്നുന്നു സുധി പിന്നെ, വിവാഹം കഴിച്ചത്.
ആ വിവാഹം അവനു വലിയ ആശ്വാസവും സന്തോഷവുമായിരുന്നു. അത്രയ്ക്കും സ്നേഹമുള്ള കുട്ടിയാണ് രേഷ്മ. അതുകൊണ്ടാണ് കോട്ടയത്ത് താമസമാക്കിയത്. എങ്കിലും കൊല്ലവും അവനു പ്രിയപ്പെട്ട ഇടമായിരുന്നു.
കുട്ടനെന്നാണ് അമ്മ ഗോമതി അവനെ വിളിച്ചിരുന്നത് മമ്മൂട്ടിയായും മോഹൻലാലായും സുധി അമ്മയെ വിളിക്കുമായിരുന്നു. ‘ഇനി യഥാർഥ മമ്മൂട്ടിയോ മോഹൻലാലോ അമ്മയെ വിളിച്ചാൽ പോലും അമ്മ വിശ്വസിക്കില്ലെ’ന്ന് അവൻ തമാശ പറയും.
സുധിയെക്കുറിച്ച് ഒരുപാടു ഓർക്കാനുണ്ട്. എങ്കിലും ‘കൊല്ലം സുധി കോട്ടയം മെഡിക്കൽ കോളജിൽ സുഖമില്ലാതെ കിടക്കുകയാണോ’ എന്നു ചോദിച്ച് എന്നെ വിളിച്ചത് ആരാണ് ?