ADVERTISEMENT

മലയാളത്തിന്റെ അമ്മ നക്ഷത്രങ്ങൾ ഒന്നിനു പുറകേ ഒന്നായി പോയ്മറയുകയാണ്. പക്ഷേ കെപിഎസി ലളിതയുടെ വിയോഗം നൽകുന്ന അത്രയും വലിയ വേദന മറ്റൊന്നുണ്ടാകുമോ എന്ന് സംശയം. ഇനിയും എന്തൊക്കെയോ ചെയ്യാനുണ്ടായിരുന്നു കെപിഎസി ലളിതയെന്ന ബഹുമുഖ പ്രതിഭയ്ക്ക്. അഭിനയത്തോടുള്ള തന്റെ അടങ്ങാത്ത കൊതി ഒരുഘട്ടത്തിൽ വനിതയോട് അവർ പങ്കുവച്ചിട്ടുമുണ്ട്. 2016ലെ വനിത ഫിലിം അവാർഡില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നെടുമുടി വേണുവിൽ നിന്ന് ഏറ്റുവാങ്ങവേയാണ് കെപിഎസി ലളിതയുടെ ചങ്കിൽ തൊടുന്ന വാക്കുകൾ.

‘ഏതോ ഒരു സ്വപ്നലോകത്തു നിൽക്കുന്ന പ്രതീതിയാണ്. ഒരുപാട് സന്തോഷം. ഈ വേദിയിൽ നിൽക്കുമ്പോൾ അഭിമാനവും തെല്ല് അഹങ്കാരവുമുണ്ട്. ലൈഫ് ടൈം അച്ചീവ്മെന്റ് മാത്രം തന്ന് എന്നെ ഒതുക്കേണ്ട. എന്റെ പ്രേക്ഷകർക്കായി ഇനിയും ഒരുപാട് വേഷങ്ങൾ എനിക്ക് ചെയ്യാനുണ്ട്. അവർക്ക് എന്നെ ഇഷ്ടപ്പെടുന്നതു വരെ ഒത്തിരി വേഷങ്ങൾ ചെയ്യും. എന്നിൽ അർപ്പിക്കുന്ന വേഷങ്ങള്‍ എനിക്കു കഴിവുള്ള കാലം വരെ, എന്നാലാകും വിധം ഭംഗിയാക്കാൻ ശ്രമിക്കും. ഇനിയും എനിക്ക് ഒത്തിരി ചെയ്യാൻ ബാക്കിയുണ്ട്യ അതുകൊണ്ട് തന്നെ ചെറിയ അവാർഡുകൾ തന്നാൽ മതി. നിവിൻ പോളിയെ പോലുള്ള താരങ്ങൾ ഈ സദസിലുണ്ട്. അവരെപ്പോലുള്ള യുവതാരങ്ങളോടൊപ്പം ഇനിയും ഒത്തിരി വേഷങ്ങൾ ചെയ്യണം. അമ്മയായോ, അമ്മൂമ്മയായോ മുത്തശ്ശിയായോ... ഏതി വേഷത്തിനു ഞാൻ റെഡി.’– കെപിഎസി ലളിത പറയുന്നു. ഹർഷാരവത്തോടെയാണ് കെപിഎസി ലളിതയുടെ വാക്കുകളെ പ്രേക്ഷകർ ഏറ്റെടുത്തത്.

ADVERTISEMENT

മലയാളത്തിന്റെ തിരശ്ശീലയിലെ അനുപമ വിസ്മയം കെപിഎസി ലളിത (74) കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. തൃപ്പൂണിത്തുറയിൽ മകന്റെ ഫ്ലാറ്റിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു.

ADVERTISEMENT
ADVERTISEMENT