Wednesday 13 September 2023 12:55 PM IST

‘മമ്മൂട്ടി ഡേറ്റ് തന്നിട്ടും നീയെന്തിനാണു വേണ്ടെന്നു പറഞ്ഞത്, അദ്ദേഹത്തിന് ഫീൽ ആയിട്ടുണ്ട്’: മനസിൽ കണ്ട കനവ്: ലാൽ ജോസ്

Baiju Govind

Sub Editor Manorama Traveller

oru-maravathoor-

സിനിമയുടെ ഫ്ലാഷ്ബാക് ആയിരുന്നെങ്കിൽ ‘25 വർഷം മുൻപ് ഒരു പ്രഭാതം’ എന്നെഴുതിക്കാണിക്കാമായിരുന്നു. ജീവിതത്തിന്റെ ഫ്ലാഷ്ബാക്കിനു ദൃശ്യാവിഷ്കാരം ഇല്ലാത്തതിനാൽ സംവിധായകൻ നേരിട്ടു കഥ പറയുകയാണ്. ഇതൊരു കനവിന്റെ കഥയാണ്; ലാൽജോസ് എന്ന ഒറ്റപ്പാലത്തുകാരൻ മലയാള സിനിമയിൽ സ്വന്തം പേര് അടയാളപ്പെടുത്തിയ ആദ്യ സിനിമയുടെ കഥ.

‘‘മറവത്തൂർ കനവ് ഇറങ്ങുന്നതിനു രണ്ടു വർഷം മുന്‍പേ കഥ അന്വേഷിച്ചു ദീർഘയാത്രകൾ നടത്തിയിരുന്നു. ശ്രീനിയേട്ടൻ അഭിനയിച്ചിരുന്ന സിനിമാ ലൊക്കേഷനുകളിലൂടെയായിരുന്നു ആ യാത്ര.’’ ലാല്‍ജോസ് പറയുന്നു. ‘‘അഭിനയം കഴിഞ്ഞു ശ്രീനിയേട്ടൻ എത്തുന്ന സമയത്താണ് എന്റെ സിനിമയെക്കുറിച്ചുള്ള ചർച്ച. അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലുകളിൽ മുറി വാടകയ്ക്കെടുത്തു ഞാൻ കാത്തിരിക്കും. നിരാശയിലൂടെയും പ്രതീക്ഷയിലൂടെയുമുള്ള രണ്ടു വർഷത്തെ അലച്ചിലിനൊടുവിലാണു മറവത്തൂർ കനവ് എന്ന കഥയിൽ ലാൻഡ് ചെയ്തത്.’’

മമ്മൂക്ക തന്ന വലിയ ഓഫർ

റിട്ടയർമെന്റിനു ശേഷം ഒരു പട്ടാളക്കാരൻ കേരളത്തിന്റെ അതിർത്തിയിൽ എത്തുന്നതാണു കഥ. അക്കാലത്തു മിലിട്ടറിയിൽ നിന്നു വിരമിക്കുന്നവർക്കു മിച്ചഭൂമി പതിച്ചു കിട്ടുമായിരുന്നു. അങ്ങനെ കുടിയേറുന്ന പട്ടാളക്കാരനായ കുടുംബനാഥനിൽ നിന്നാണു കഥ തുടങ്ങുന്നത്. കൃഷിസ്ഥലത്തു വച്ച് അയാൾക്കു പരിക്കേൽക്കുന്നു. അയാളെ സഹായിക്കാൻ നാട്ടിൽ നിന്ന് അനിയൻ വരുന്നു. നാട്ടിൻപുറത്തു രാഷ്ട്രീയം കളിച്ചു നടക്കുന്ന പൊടി വില്ലനാണ് അനിയൻ. പട്ടാളക്കാരനായി മുരളി, ഭാര്യയുെട റോളില്‍ ശോഭന, അനിയനായി ജയറാം. അങ്ങനെ കഥാപാത്രങ്ങളെയും നിശ്ചയിച്ചു. പക്ഷേ, ചില തടസ്സങ്ങൾ മൂലം ആ കഥ മുന്നോട്ടു പോകാതായി. ഞാനും ശ്രീനിയേട്ടനും അതു പൂർണമായും മറന്നുവെന്നു പറയാം.

ഈ സമയത്തു ലോഹിതദാസിന്‍റെ ‘ഉദ്യാനപാലകനി’ ൽ അഭിനയിക്കുകയാണ് മമ്മൂക്ക. ലാൽജോസും ശ്രീനിവാസനും ചേർന്നു പുതിയ സിനിമ എടുക്കാന്‍ ആലോചിക്കുന്ന കാര്യം ആരു വഴിയോ അറിഞ്ഞു മമ്മൂക്ക എന്നെ വിളിച്ചു പറഞ്ഞു, ‘നിന്റെ സിനിമയിലെ നായകന് എന്റെ ഛായയുണ്ടെങ്കിൽ അഭിനയിക്കാൻ ഞാൻ റെഡി. എന്റെ ഛായയുള്ള നായകനെക്കുറിച്ച് ആലോചിക്കുകയുമാകാം.’

അതൊരു തമാശയായിട്ടേ ഞാൻ കരുതിയുള്ളൂ. മമ്മൂക്കയെപ്പോലൊരു വലിയ താരത്തെ നായകനാക്കുന്ന കാര്യമൊന്നും എന്റെ സ്വപ്നത്തിൽപ്പോലും ഉണ്ടായിരുന്നില്ല. കഥ ആയിട്ടില്ലെന്നു പറഞ്ഞു തൽക്കാലത്തേക്ക് അദ്ദേഹത്തിന്റെ മുന്നിൽ നിന്നു രക്ഷപെട്ടു. മമ്മൂക്കയെ പോലൊരു സൂപ്പര്‍താരത്തെ വച്ചു സിനിമയെടുത്തു പരാജയപ്പെട്ടാൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളോര്‍ത്തുള്ള പേടി കാരണമാണ് അങ്ങനെ പറഞ്ഞത്. പിറ്റേന്നു രാവിലെ ശ്രീനിയേട്ടൻ വിളിക്കുന്നു. ‘മമ്മൂട്ടി ഡേറ്റ് തന്നിട്ടും നീയെന്തിനാണു വേണ്ടെന്നു പറഞ്ഞത്. അദ്ദേഹത്തിന് അൽപം ഫീൽ ചെയ്തിട്ടുണ്ട്. നീ ഉടൻ മമ്മൂട്ടിയെ കാണണം.’’ ശ്രീനിയേട്ടന്‍റെ ശബ്ദത്തില്‍ അല്‍പം പരിഭവം ഉള്ളതു പോലെ തോന്നി. അപ്പോൾത്തന്നെ മമ്മൂക്കയെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടു. അങ്ങനെ എന്റെ കനവിലുണ്ടായിരുന്ന മറവത്തൂരിൽ നായകനായി മമ്മൂക്ക എത്തി.

നല്ല കഥയാണ്, ലാലേട്ടൻ പറഞ്ഞു

പിൽക്കാലത്തു ‘മീശമാധവ’ന്റെ നിർമാതാവായി മാറിയ സുധീഷുമായി ഞാന്‍ ഇടയ്ക്കിടയ്ക്കു സിനിമാക്കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. മമ്മൂക്കയുെട ഡേറ്റ് കിട്ടിയ കാര്യം പറഞ്ഞപ്പോള്‍ സുധീഷ് ചോദിച്ചു, ‘പട്ടാളക്കാരന്റെ കഥയിൽ മാറ്റം വരുത്തിക്കൂടേ? കുടിയേറ്റ കർഷകനായി അനിയൻ. അദ്ദേഹവും ഭാര്യയും കൃഷിസ്ഥലത്തേക്കു വരുന്നു, അപകടം സംഭവിക്കുന്നു. അയാളുടെ ജ്യേഷ്ഠൻ സഹായത്തിനെത്തുന്നു. ജ്യേഷ്ഠന്റെ റോളിൽ മമ്മൂക്ക...’ ആ ത്രെഡ് ശ്രീനിയേട്ടനും ഇഷ്ടമായി.

‘ചന്ദ്രലേഖ’യുടെ ലൊക്കേഷനിൽ വച്ചു മോഹൻലാലിനൊപ്പമിരുന്നാണു മമ്മൂക്ക കഥ കേട്ടത്. പ്രിയൻ സാറിനും ലാലേട്ടനും വളരെ ഇഷ്ടമായി. സിയാദ് കോക്കർ നിർമാണം ഏറ്റെടുത്തു. ക്യാമറാമാനായി വിപിൻ മോഹൻ. ആർട്ട് ഡയറക്ടർ പ്രേമചന്ദ്രൻ. ഗാനവിഭാഗം ഗിരീഷ് പുത്തഞ്ചേരിയും വിദ്യാസാഗറും.

നായിക ആനിയുെട േറാളിലേക്കു മഞ്ജു വാരിയരെയാണു തീരുമാനിച്ചിരുന്നത്. റിക്കോർഡിങ് തുടങ്ങുന്നതിനു തൊട്ടു മുൻപ് അശനിപാതം പോലെ ആ വാർത്ത എ ത്തി. ‘എന്റെ സിനിമയിൽ അഭിനയിക്കാൻ മഞ്ജു വരില്ല.’ ദിലീപും മഞ്ജുവുമായുള്ള അടുപ്പം അപ്പോഴേക്കും സിനിമ െസറ്റുകളിൽ പാട്ടായിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാകാം ദിലീപിന്റെ സുഹൃത്തായ എന്റെ സിനിമയിൽ മകളെ അഭിനയിപ്പിക്കില്ലെന്നു മഞ്ജുവിെന്‍റ അച്ഛൻ വാശി പിടിച്ചത്. മഞ്ജു മാറിയാല്‍ മറ്റു പലരെയും മാറ്റേണ്ടിവരും. അഭിനേതാക്കളെ മാറ്റാതെ സിനിമ മുന്നോട്ടു കൊണ്ടു പോകാൻ പറ്റാത്ത സ്ഥിതി. വിഷമിച്ചിരിക്കാന്‍ േനരമില്ല. െപട്ടെന്നു തന്നെ തീരുമാനങ്ങളെടുത്തു. മഞ്ജുവിനു പകരം ദിവ്യ ഉണ്ണി. ബിജു മേനോെന്‍റ നായികയായി നിശ്ചയിച്ചിരുന്ന ശ്രീലക്ഷ്മിക്കു പകരം മോഹിനി.

മാറ്റങ്ങള്‍ അറിഞ്ഞപ്പോള്‍ മമ്മൂക്കയ്ക്കു സംശയം, ‘ദിവ്യയുമായുള്ള പ്രായവ്യത്യാസം പ്രണയരംഗങ്ങൾക്കു യോജിക്കാതെ വരുമോ?’ ഞാന്‍ സമാധാനിപ്പിച്ചു, ‘ഇല്ല മ മ്മൂക്ക. ഒന്നാമതു നായികയ്ക്കു നായകനോടു വൺ സൈ ഡ് പ്രേമമാണ്. പിന്നെ, ഇന്റിമസി സീനുകൾ ഒന്നും സിനി മയിലില്ല.’ അങ്ങനെ മഞ്ജുവിനു പകരം ദിവ്യ എത്തി.

എന്റെ മനസ്സിലുണ്ടായിരുന്ന ചാണ്ടിയുടെ വേഷം വെള്ള ഖദർ ഷർട്ടും മുണ്ടുമായിരുന്നു. കടും നിറമുള്ള ഷർട്ടും ഒറ്റമുണ്ടുമാണ് നന്നാവുകയെന്നു മമ്മൂക്ക പറഞ്ഞു. സിനിമയിലുടനീളം വെള്ള വസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്നതിനേക്കാൾ നായകനു ചേരുന്നതു കളർ ഷർട്ടാണെന്നു ചിത്രം റിലീസായപ്പോൾ ഞാൻ തിരിച്ചറിഞ്ഞു.

‘ഒരു ഇന്ത്യ കനവ്’ എന്ന പേരിലൊരു സിനിമ 1970ൽ തമിഴിൽ പുറത്തിറങ്ങിയിരുന്നു. ആ പേര് എന്നെ ആകർഷിച്ചു. മറവത്തൂരും കനവും ചേർത്തൊരു പേര് നമ്മുടെ സിനിമയ്ക്കു ചേരുമെന്നു ഞാൻ പറഞ്ഞിരുന്നു. പക്ഷേ, ആദ്യം ആര്‍ക്കുമതത്ര ഇഷ്ടപ്പെട്ടില്ല. പിന്നീടു വയനാടുള്ള ‘കനവ്’ എന്ന സ്കൂൾ സന്ദർശിച്ചെത്തിയ ശ്രീനിയേട്ടൻ ‘മറവത്തൂർ കനവ്’ എന്നു പേരിടാമെന്നു പറഞ്ഞു. മമ്മൂക്കയ്ക്കും അതിഷ്ടമായി.

സിനിമയില്‍ കണ്ട പൊള്ളാച്ചി

പൊള്ളാച്ചിയിലെ സേത്തുമട എന്ന ഗ്രാമത്തിലായിരുന്നു ചിത്രീകരണം. പ്രിയദർശന്‍ സിനിമകളിലൂടെ എന്റെ മനസ്സിൽ ഇടം നേടിയ സ്ഥലമാണു പൊള്ളാച്ചി. അവിടെയെത്തിയപ്പോൾ ഞാൻ അമ്പരന്നു. അദ്ദേഹത്തിന്റെ സിനിമയിൽ കണ്ടതു മുഴുവനായും അവിടെ കാണാനായില്ല. പ്രിയൻ സാറിന്റെ സിനിമകളിൽ ഫ്രെയിമിൽ ആവശ്യമുള്ളതെല്ലാം ക്രിയേറ്റ് ചെയ്തു ക്യാമറയിൽ പകർത്തുകയായിരുന്നു. ‘തേന്മാവിൻ കൊമ്പത്ത്’ ചിത്രീകരിച്ച ലൊക്കേഷനിൽ പോയപ്പോഴാണതു പൂര്‍ണമായും ബോധ്യമായത്.

‘തേന്മാവിൻ കൊമ്പത്തി’ല്‍ കവിയൂർ പൊന്നമ്മ താമസിക്കുന്ന വീടാണ് ‘മറവത്തൂർ കനവി’ൽ ചാണ്ടിയുടെ വീടായി മാറ്റിയത്. കളപ്പുര പോലെയൊരു വീടാണത്. ചാണ്ടി താമസിക്കുന്ന വീടിനു രണ്ടു നിലയുണ്ട്. രണ്ടാം നില പ്രേമചന്ദ്രൻ സെറ്റിട്ടു.

മറവത്തൂരിൽ ബസ് വന്നു നിൽക്കുന്ന കവല കണ്ടെത്താൻ ഒരുപാട് അലഞ്ഞു. പിന്നീട് അവിടെ എസ്‌റ്റേറ്റിന്റെ വഴിയോരത്ത് ഷെഡ്ഡുകൾ നിർമിച്ചു കവലയുണ്ടാക്കി. ചാണ്ടിച്ചായനും കൂട്ടുകാരും വന്നു ബസ്സിറങ്ങിയത് ആ കവലയിലാണ്. ചെലവു കുറയ്ക്കാന്‍ സമീപത്തുള്ള പല സ്ഥലങ്ങളും ലൊക്കേഷനുകളാക്കി മാറ്റി. ഒരു കോടി രൂപയിൽ താഴെയായിരുന്നു നിര്‍മാണച്ചെലവ്.

രണ്ടു ഷെഡ്യൂളിൽ മുപ്പത്തഞ്ചു ദിവസത്തിനുള്ളിൽ സിനിമ പൂർത്തിയായി. അതിനു ശേഷം ഒരു സിനിമ പോലും ഇത്രയും ചുരുങ്ങിയ കാലയളവിൽ ചെയ്തു തീർക്കാൻ എനിക്കു സാധിച്ചിട്ടില്ല. കഥയിൽ നിന്നു തിരക്കഥയിലേക്കുള്ള ദൂരത്തിന്റെ മീറ്ററിനെക്കുറിച്ചു ശ്രീനിയേട്ടന്റെ ധാരണയാണ് അതിനു സഹായമായത്.

maravathoor-2

പ്രമുഖ സംവിധായകരുടെ ഒൻപതു സിനിമകൾ റിലീസ് ചെയ്ത സീസണിലാണ് ‘മറവത്തൂർ കനവ്’ തിയറ്ററിലെത്തിയത്. മുപ്പതു ദിവസം കഴിഞ്ഞപ്പോള്‍ ജയിംസ് കാമറൂണിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ‘ടൈറ്റാനിക്’ റിലീസായി. ആ തിരമാലകളേയും മറികടന്നു ‘മറവത്തൂർ കനവ്’ കേരളം മുഴുവൻ നൂറു ദിവസം തുടർച്ചയായി പ്രദർശിപ്പിച്ചതോര്‍ക്കുമ്പോള്‍ ഇപ്പോള്‍ വലിയ സന്തോഷം തോന്നുന്നു. എറണാകുളം മൈമൂൺ തിയറ്ററിൽ 130–ാം ദിവസം പ്രത്യേക പോസ്റ്റർ പതിച്ചു. പിൽക്കാലത്തു ഭാരതപ്പുഴയുടെ തീരത്തു ഞാനൊരു വീടു വച്ചപ്പോള്‍ അതിനിട്ടതും മനസ്സില്‍ നിന്നു മായാത്ത ആ വാക്കാണ്, ‘കനവ്.’

വല്ലാത്ത റിസ്കാണ് ഏറ്റെടുത്തത്

സിനിമ കണ്ട ശേഷം സംവിധായകൻ തമ്പി കണ്ണന്താനം വിളിച്ചു പറഞ്ഞു, ‘വല്ലാത്ത റിസ്കാണ് നീ ഏറ്റെടുത്തത്. അതും മമ്മൂട്ടിയെ നായകനാക്കി.’

മറവത്തൂർ കനവിന്റെ കഥ ഫ്ലാഷ്ബാക്കിലാണു പുരോ ഗമിക്കുന്നത്. കഥയിലെ ഫ്ലാഷ്ബാക്കിൽ മറ്റൊരു ഫ്ലാഷ്ബാക്കുണ്ട്. ചാണ്ടിയുടെ കഥയും അനിയന്റെ കഥയും അനിയന്റെ ജീവിതത്തിലെ സംഭവവികാസങ്ങളും ഓർമകളിലൂടെയാണു പുരോഗമിക്കുന്നത്. മലയാള സിനിമയിൽ ‘നോൺ ലിനിയർ’ ആവിഷ്കാര രീതി പ്രചരിക്കുന്നതിനു മുൻപു നടത്തിയ പരീക്ഷണമായിരുന്നു അത്. കമൽ – ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ‘മഴയെത്തും മുൻപേ’യുടെ തിരക്കഥയും സമാനസ്വഭാവമുള്ളതായിരുന്നു. ആ സിനിമയിൽ ഞാൻ അസിസ്റ്റന്റ് ഡയറക്ടറാണ്. അവിടെ നിന്നു കിട്ടിയ ഉൾക്കരുത്തായിരിക്കാം പരിചയസമ്പന്നനായ തമ്പി കണ്ണന്താനത്തെ പോലും ആശ്ചര്യപ്പെടുത്തും വിധം റിസ്ക് എടുക്കാനുള്ള ധൈര്യം എനിക്കു നൽകിയത്.

മറവത്തൂർ കനവിന്റെ സെൻസറിങ്ങിനു തിരുവനന്തപുരത്തു വന്ന ശേഷം തിരിച്ചു വീട്ടിലേക്കു പോയില്ല. റിലീസ് ദിവസം ആദ്യ ഷോ തിയറ്ററിൽ പോയി കാണാൻ ധൈര്യം തോന്നിയില്ല. ആർട്ട് ഡയറക്ടർ പ്രേമചന്ദ്രൻ കുറേ നിർബന്ധിച്ചു. ‘വെട്ടുകാടുള്ള മാതാവിന്റെ പള്ളിയിൽ കൊണ്ടു പോകണമെ’ന്നായിരുന്നു എെന്‍റ ആവശ്യം.

കടപ്പുറത്തുള്ള പള്ളിയിലേക്കു പോകുംവഴി അദ്ദേഹം പദ്മനാഭ തിയറ്ററിലേക്കു കാർ തിരിച്ചു. ടിക്കറ്റ് കൗണ്ടറിനു മുന്നിൽ ‘ഹൗസ്ഫുൾ’ ബോർഡ്. പ്രേക്ഷകരുടെ പ്രതികരണം ഒന്നറിയാമെന്നു പറഞ്ഞു പ്രേമേട്ടൻ കാറില്‍ നിന്നിറങ്ങി. ബാൽക്കണിയിൽ വാതിലിന്റെ കർട്ടന്റെ പിന്നിൽ ഞാൻ ഒളിഞ്ഞു നിന്നു.

മമ്മൂക്ക രംഗപ്രവേശം ചെയ്യുമ്പോൾ വാരിയെറിയാൻ പൂക്കളുമായി എത്തിയ ഫാൻസ് ആദ്യരംഗം കണ്ടു നിരാശരായി. സാദാ സാത്വിക വേഷത്തിലാണ് മമ്മൂട്ടി ആദ്യം വരുന്നത്. സിനിമ തുടങ്ങി പതിനഞ്ചു മിനിറ്റിനു ശേഷം പുതിയ ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടും. തലമുടി ചുരുക്കി വെട്ടിയ ചാണ്ടിച്ചായൻ കൈകൾ തെറുത്തുകയറ്റി സ്ക്രീനിലെത്തിയതോടെ തിയറ്റർ ആർത്തിരമ്പി.

maravathoor-1

ഇന്റർവെലിനു പുറത്തിങ്ങിയ ഒരാൾ എന്നെ തിരിച്ചറിഞ്ഞു. ‘ഇതാണു സംവിധായകൻ’ എന്നു പറഞ്ഞ് എന്നെ തോളിലേന്തി അവർ പ്രദക്ഷിണം നടത്തി. മമ്മൂക്കയുടെ ആരാധകർ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള കഥയും ആവിഷ്കാരവുമായിരുന്നു ആ സിനിമ.

അദൃശ്യശക്തിയുടെ ഇടപെടല്‍

ആദ്യ സീൻ ക്ലാപ്പടിച്ചത് അപ്പച്ചന്റെ ചേട്ടൻ എ.എം. ജോൺ ആണ്. അധ്യാപകനായിരുന്ന അദ്ദേഹം നാടകങ്ങളിൽ അ ഭിനയിച്ചിരുന്നു. വലപ്പാട് അദ്ദേഹം ജോണി മാഷ് എന്നാണറിയപ്പെട്ടിരുന്നത്. സിനിമ ഇറങ്ങി മൂന്നു വർഷം കഴിഞ്ഞപ്പോൾ ജോണിയങ്കിൾ അകാലത്തിൽ വിടപറഞ്ഞു. അദ്ദേഹത്തെക്കൊണ്ടു ക്ലാപ്പടിപ്പിക്കാൻ തോന്നിച്ചത് അദൃശ്യശക്തിയാണെന്നു ഞാൻ വിശ്വസിക്കുന്നു.

അപ്പച്ചൻ എന്നോടു പറയാതെ പാലക്കാട് പ്രിയദർശിനി തിയറ്ററിൽ പോയി ആദ്യ ദിവസം ആദ്യ ഷോ കണ്ടു. ‘നല്ല സിനിമയാണ്. അവൻ നന്നായി ചെയ്തിട്ടുണ്ട്’ എന്ന അപ്പച്ചന്‍റെ അഭിപ്രായം കേട്ട് അമ്മയും ഭാര്യ ലീനയും മക്കളും പോയി സിനിമ കണ്ടു. സംവിധായകന്റെ റോളിലേക്കു ഞാൻ നടന്നു കയറിയപ്പോൾ പ്രാർഥനാനുഗ്രഹം നൽകിയ അപ്പച്ചനും അമ്മച്ചിയും ഇപ്പോൾ എന്നോടൊപ്പമില്ല.

മറവത്തൂർ കനവ് ഓർക്കുമ്പോൾ വലിയ വേർപാടുകളുടെ വിങ്ങൽ നെഞ്ചിൽ അനുഭവപ്പെടുന്നുണ്ട്. കലാഭവൻ മണി, ജയിംസ്, അഗസ്റ്റിൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി... കണ്ണീരിന്റെ നനവോടെയല്ലാതെ അവരെയൊന്നും ഓർക്കാനാവുന്നില്ല.

മറ്റൊരോര്‍മ ഇന്നസന്‍റേട്ടന്‍റെയാണ്. ‘ഒരു മറവത്തൂർ കനവ്’ റിലീസ് ചെയ്ത ദിവസം ഇന്നസന്റ് ഒറ്റപ്പാലത്ത് ഉണ്ടായിരുന്നു. ഒറ്റപ്പാലം ഗസ്റ്റ് ഹൗസിന്റെ എതിർവശത്താണ് എന്റെ തറവാട്. ഞാൻ അവിടെയുണ്ടാകുമെന്നു കരുതി ഇന്നസെന്റേട്ടൻ അവിടെ പോയി.

നിലവിളക്കു കൊളുത്തി പ്രാർഥിക്കുന്ന അമ്മയെയാണു കണ്ടത്. ശല്യം ചെയ്യേണ്ടെന്നു കരുതി അദ്ദേഹം മടങ്ങി. പിന്നീടു നേരിൽക്കണ്ടപ്പോള്‍ തുറന്നു പിടിച്ച കണ്ണുകളോടെ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്. ‘‘നിന്റെ പടം ഹിറ്റാകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. വിളക്കു കൊളുത്തി പ്രാർഥിക്കാനൊരു അമ്മ വീട്ടിലുള്ളപ്പോൾ മറ്റെന്താണു പേടിക്കാനുള്ളത്.’’