Wednesday 27 March 2024 03:40 PM IST

നൂലൂപോലെ രൂപമുള്ള ഒരു ചെറുപ്പക്കാരൻ: ‘ഇത് ദിലീപ്’ –ജയറാമേട്ടൻ ആ യുവാവിനെ പരിചയപ്പെടുത്തി

Baiju Govind

Sub Editor Manorama Traveller

1 - laljose

ജീവിതയാത്രയുടെ പുസ്തകത്തിൽ അധ്യായങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. അജ്ഞാതനായ വലിയ എഴുത്തുകാരൻ ഓരോ അധ്യായങ്ങളേയും വ്യത്യസ്തവും മനോഹരവുമാക്കി.

കമൽസാറിനൊപ്പമുള്ള സിനിമായാത്ര ഏകദേശം രണ്ടര വർഷത്തോളമായി. അഞ്ചു സിനിമകൾ കഴിഞ്ഞു. ഒറ്റപ്പാലത്തെ എന്റെ സുഹൃത്തുക്കളുടെ ലിസ്റ്റിലേക്ക് സിനിമാ യാത്രകൾ തന്ന ഒരുപാട് പുതിയ കൂട്ടുകാർകൂടി കൂട്ടിച്ചേർക്കപ്പെട്ടു. നാട്ടിലെ കൂട്ടുകാരിൽ ചിലർ വിദേശത്തു തൊഴിൽ തേടിപ്പോയി. ചിലർക്കു നാട്ടിൽത്തന്നെ ജോലി കിട്ടി. പോക്കാൻ എന്നു ഞങ്ങൾ വിളിച്ചിരുന്ന വി.കെ. അനിൽകുമാർ വൈദ്യുതി വകുപ്പിൽ എൻജിനീയറായി. പാണനെന്നു വിളിച്ചിരുന്ന മുരളി മനോഹർ അമേരിക്കയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായി. കാട്ടാന സത്യനും കെ.പി. ദിനേഷും കൂടി ഒറ്റപ്പാലത്ത് സിമന്റ് കമ്പനിയുടെ ഏജൻസി തുടങ്ങി. ഇൻഷുറൻസുമായി ദേവൂട്ടി ഒറ്റപ്പാലത്തു തന്നെ ജീവിതമുറപ്പിച്ചു. കണ്ണി ബാലൻ പ്ലാന്ററായി. ഡച്ച് വിമാനക്കമ്പനിയിൽ ജോലിക്കാരനായി ഭാസി ആദ്യം ദുബായിയിലേക്കും പിന്നീട് ആഫ്രിക്കയിലേക്കും കൂടു മാറി. കുട്ടാട്ടെ മധു ഗൾഫിലേക്കു പോയി. പിന്നീട് മീശമാധവന്റെ നിർമാതാവായ കൊച്ചാപ്പി എന്നു ഞങ്ങൾ വിളിച്ചിരുന്ന സുധീഷ് എംബിഎ കഴിഞ്ഞ് കൺട്രക്‌ഷൻ കമ്പനിയിലെ ജോലിയുമായി എറണാകുളത്തേക്കു മാറി. സി.വി. സുഭാഷിനു സൗദി അറേബ്യയാണ് തിരഞ്ഞെടുക്കേണ്ടി വന്നത്. കുറുക്കനെന്നു വിളിച്ചിരുന്ന കൈപ്പഞ്ചേരി സുരേഷ് അഹമ്മബാദിലും ചെള്ളി സുരേഷ് ബോംബെയിലും ചൂടൻ രാജീവും സി. പോൾ കുരിയനും യഥാക്രമം േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും സൗത്ത് ഇന്ത്യൻ ബാങ്കിലും ഉദ്യോഗസ്ഥരായി. സുരേഷ് ബാബുവിന് ഡിഗ്രി കഴിഞ്ഞപ്പോൾത്തന്നെ ഇൻഷുറൻസ് കമ്പനിയിൽ ജോലി കിട്ടിയിരുന്നു.

അങ്ങനെ കൗമാര കാലത്തെ സുഹൃത്തുക്കളെല്ലാം പലവഴിക്ക് ചിതറിയപ്പോൾ അവരിലൂടെ ലോകം എന്നിലേക്കണഞ്ഞു. ലോകത്തിന്റെ വിവിധ കോണുകളിലേക്കു ജീവിതം പറിച്ചു നട്ട അവരുടെ വിവരണങ്ങളിലൂടെ ഞാൻ യാത്ര ചെയ്തു. ഞാൻ കണ്ടിട്ടില്ലാത്ത, എനിക്കറിയാത്ത പ്രദേശങ്ങൾ എന്റെ ഭാവനയിൽ ചിത്രം വരച്ചു. അവർ എത്തിച്ചേർന്ന സ്ഥലങ്ങളിൽ എന്റെ യാത്രാമോഹങ്ങൾ ലക്ഷ്യം കണ്ടെത്തി.

വായിച്ചിട്ടുള്ള പുസ്തകങ്ങളിലെയും നോവലുകളിലെയും കഥാപാത്രങ്ങളും സ്ഥലങ്ങളുമെല്ലാം ഇതുപോലെ പുതിയ സ്ഥലങ്ങളിൽ ചെല്ലുമ്പോൾ നമ്മളുടെ മനസ്സിലേക്കു കടന്നു വരും.

3 - laljose

മുകുന്ദന്റെ മാഹിയിലേക്ക്

ഒരു വെള്ളിയാഴ്ചയുടെ സായാഹ്നത്തിൽ ഒറ്റപ്പാലത്തെ കുറച്ചു സുഹൃത്തുക്കളോടൊപ്പമാണു മാഹിയിലേക്കു പുറപ്പെട്ടത്. കോഴിക്കോടിനപ്പുറമുള്ള കേരളത്തിന്റെ രൂപം അന്നുവരെ സിനിമകളിൽ കണ്ടുള്ള പരിചയമേ ഉണ്ടായിരുന്നുള്ളൂ. തലശേരി കഴിഞ്ഞ് മാഹിയിലേക്കു കടന്നപ്പോൾ അദ്ഭുതംകൊണ്ട് സുഹൃത്തുക്കളുടെ കണ്ണുകൾ വിടർന്നു. ഒറ്റപ്പാലത്തെ പെട്ടിക്കടകൾ പോലെ മാഹിയിലെ വഴിയരികുകളിൽ മദ്യഷാപ്പുകൾ തുറന്നു പ്രവർത്തിക്കുന്നു. യാത്ര ചെയ്തു ക്ഷീണിച്ചിരുന്ന കൂട്ടുകാർ ആ കാഴ്ചയിൽ ഉന്മേഷവാന്മാരായി. എന്റെ കണ്ണുകളും കോളാമ്പിപ്പൂക്കൾ പോലെ വിടർന്നു. പക്ഷേ, അടുത്ത ഒരു നിമിഷത്തിൽ കൺമുന്നിലേക്ക് മറ്റു ചില ദൃശ്യങ്ങൾ കടന്നു വന്നു. മദ്യഷാപ്പിലെ തിരക്കിനിടയിൽ ഞാൻ അൽഫോൻസച്ചനെ തിരഞ്ഞു. കോട്ടും തൊപ്പിയുമണിഞ്ഞ് ജാല വിദ്യകൾ കാണിക്കുന്ന മെലിഞ്ഞു കൊലുന്നനെ രൂപമുള്ള അൽഫോൻസച്ചൻ എന്നെ നോക്കി പുഞ്ചിരിച്ചു. എന്നോടു യാതൊന്നും മിണ്ടാതെ ആ തിരക്കിനിടയിൽ നിന്ന് അദ്ദേഹം എങ്ങോട്ടോ നടന്നു പോയി. കണ്ണിൽ നിന്നു മറയുന്നതു വരെ നോക്കി നിൽക്കാനേ എനിക്കായുള്ളൂ. അവിടെ കണ്ട വീടുകളുടെ വരാന്തയിൽ മഗ്ഗി മദാമ്മ ഇരിപ്പുണ്ടോ എന്നു ഞാൻ നോക്കി. ഇടവഴിയിലൂടെ ഫ്രോക്കുമിട്ട് ഓടിവന്ന പെൺകുട്ടിയിൽ ഞാൻ എൽസിയുടെ മുഖം കണ്ടു.

വാഗ്ദത്ത ഭൂമിയായ ഫ്രാൻസിലേക്കു തിരിച്ചു പോയ ഒരായിരം മാഹിക്കാരുടെ സ്വത്വം ലയിച്ച മണ്ണിൽ എന്റെ ഹൃദയം ഓട്ടപ്പന്തയം നടത്തി. ജീവിതത്തിൽ ആദ്യമായി പ്രവേശിക്കുന്ന പ്രദേശം എനിക്കു പരിചിതമാണല്ലോ! ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത ഈ സ്ഥലത്ത് എനിക്കു പരിചയക്കാരുണ്ടായതെങ്ങനെ...? എന്തൊക്കെയോ തോന്നലുകൾ താത്കാലിക മതിഭ്രമമായി എന്റെ ഹൃദയത്തിലേക്കു കടന്നു. മഗ്ഗി മദാമ്മയേയും എൽസിയേയും അൽഫോൻസച്ചനെയുമൊക്കെ എനിക്കെങ്ങനെയാണു പരിചയമെന്നോർത്ത് കൺഫ്യൂഷനായി. മുകുന്ദന്റെ മയ്യഴിയിൽ സ്വയം നഷ്ടപ്പെട്ടിരുന്ന എന്നെ കൂട്ടുകാരിലൊരാൾ തട്ടിവിളിച്ചു. മാഹിയിൽ എനിക്കിറങ്ങാനുള്ള സ്ഥലമായി. ദീർഘകാല സുഹൃത്തുക്കളായ വിനയൻ, സുരേഷ്ബാബുവിന്റെ അളിയനായി മാറിയ സന്തോഷ്, വിക്കി എന്നിവർ അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അർദ്ധമയക്കത്തിൽ നിന്നു ഞാൻ ചൂടുപിടിച്ച മാഹിയുടെ പകലിലേക്കു ബസ്സിറങ്ങി.

ഞാൻ കണ്ടതു മയ്യഴിപ്പുഴയുടെ തീരങ്ങളിലെ കഥാപാത്രങ്ങളെയായിരുന്നു. എന്റെ കൺമുന്നിൽ വന്നു നിന്നത് ആ നോവലിൽ നിന്നു വായിച്ചറിഞ്ഞ രൂപങ്ങളായിരുന്നു. ഞാൻ തിരിച്ചറിഞ്ഞു. പാഷൻ ഷോ തൊപ്പി വച്ച പൊലീസുകാർ മാഹിയിലെ കാഴ്ചകളിൽ തങ്ങി നിൽക്കുന്ന ദൃശ്യമാണ്. പുതുച്ചേരി പൊലീസിന്റെ വേഷവൈവിധ്യം പോലെ മാഹിയെ വ്യത്യസ്തമാക്കുന്ന പലതും ആ നാട്ടിലുണ്ട്. എനിക്ക് ആ നാട് അപരിചിതമായിരുന്നില്ല. എം. മുകുന്ദന്റെ നോവലിലൂടെ ആ പ്രദേശങ്ങളെല്ലാം ഞാൻ നേരത്തേ പരിചയപ്പെട്ടിരുന്നു.

ഞാനും കൂട്ടുകാരും മാഹിയുടെ നാഡീഞരമ്പുകളിലൂടെ ഊളിയിട്ടു. ദാസനും അൽഫോൻസച്ചനും എൽസിയും സഞ്ചരിച്ച വഴികളിലൂടെ ഞങ്ങൾ നടന്നു. മയ്യഴിയുടെ മാതാവിന്റെ പള്ളിയിൽ പോയി. ഗ്രാമങ്ങളിൽ എത്താവുന്നിടമെല്ലാം സന്ദർശിച്ചു. തകർന്നു വീണ ഫ്രഞ്ച് അധിനിവേശത്തിന്റെ പഴയ പടയോട്ട വീഥികളിൽ ഞാനും കൂട്ടുകാരും സ്വപ്നക്കോട്ടകൾ കെട്ടിപ്പൊക്കി. വെള്ളിയാങ്കല്ലിലും മുകുന്ദന്റെ കഥാപാത്രങ്ങൾ നടന്നു പോയ ഇടവഴികളിലും ഞങ്ങൾ അലഞ്ഞു തിരിഞ്ഞു. റവയിൽ പൊരിച്ച കല്ലുമ്മക്കായ, പത്തിരി ഉന്നക്കായ തുടങ്ങി അന്നുവരെ രുചിച്ചിട്ടില്ലാത്ത വടക്കേ മലബാറിന്റെ രുചി ഇന്നും നാവിൻ തുമ്പിലുണ്ട്. നാട്ടിലേക്കു മടങ്ങാറായപ്പോഴേക്കും എല്ലാവരുടേയും പോക്കറ്റ് ഏകദേശം കാലിയായിരുന്നു. വീഞ്ഞിനു വേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ടി വന്ന അൽഫോൻസച്ചന്റെ മുഖം ഓർത്തെടുത്ത സന്ദർഭമായിരുന്നു അത്. ഗ്ലാസ് താഴെ വയ്ക്കുന്നതിനു മുമ്പ് വെടിയേറ്റതുപോലെ ആളുകൾ മയങ്ങി വീഴുന്ന പാനീയത്തിന്റെ പ്രഹരം ഈ ജന്മം മറക്കില്ല. ബോധമറ്റു കടത്തിണ്ണകളിൽ സുഖനിദ്രയിലാണ്ടവരും മുറുക്കാൻ കടപോലെയുള്ള മദ്യശാലകളും മാഹിയുടെ ചിത്രമായി അന്നത്തെ കാഴ്ചകളിൽ അവശേഷിക്കുന്നു.

lal and dileep

നൂലു പോലൊരു ദിലീപ്

ഒറ്റപ്പാലത്തു മടങ്ങിയെത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും കൊടുങ്ങല്ലൂരിലെത്തണമെന്നു കമൽ സാറിന്റെ ഫോൺ കോൾ. കൈരളി ഹോട്ടലിൽ ചെന്നപ്പോൾ താടിവച്ച്, മെലിഞ്ഞ്, ഗാംഭീര്യ ശബ്ദമുള്ള ഒരു ചെറുപ്പക്കാരനെ കമൽസാർ പരിചയപ്പെടുത്തി, രഞ്ജിത്ത്. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, കാലാൾപ്പട എന്നിവ ഉൾപ്പെടെ ഒരുപിടി വിജയചിത്രങ്ങൾ ചെയ്ത് സ്റ്റാർ ഇമേജിൽ രഞ്ജിത്ത് നിൽക്കുന്ന കാലമായിരുന്നു അത്. കമൽസാറും രഞ്ജിത്തും ചേർന്ന് ജയറാമിനെ നായകനാക്കിക്കൊണ്ടൊരു ചിത്രം ചർച്ചയിലെത്തി. മുരളിയേട്ടനും ഗീതയും സുനിതയുമൊക്കെ അഭിനയിക്കുന്ന സിനിമയിൽ പ്രധാനകഥാപാത്രമായി കണ്ടെത്തിയത് ബേബി ശാലിനിയുടെ അനിയത്തി ശ്യാമിലിയായിരുന്നു. ചിത്രം – പൂക്കാലം വരവായി. കമൽസാറും രഞ്ജിയുമായുള്ള ചർച്ചകളുടെ നോട്ട് കുറിക്കലും കോപ്പിയെഴുതലുമായിരുന്നു എന്റെ ഉത്തരവാദിത്തം. കൊടുങ്ങല്ലൂരിലെ ഹോട്ടലിൽ രണ്ടാഴ്ചയോളം ഞാനും രഞ്ജിത്തും ഒരുമിച്ചു താമസിച്ചു. കൊടുങ്ങല്ലൂരിന്റെ അതിരിലെ പാലത്തിലൂടെയുള്ള സായാഹ്ന സവാരികൾ ഞങ്ങളുടെ ബന്ധം ദൃഢപ്പെടുത്തി. രഞ്ജിത്തിന്റെ ബാലുശ്ശേരിയിലെ ബാല്യകാല കഥകളും എന്റെ ഒറ്റപ്പാലം കഥകളും ചേർന്ന് സൗഹൃദത്തിന്റെ കണ്ണികൾ ബലപ്പെട്ടു.

പൂക്കാലം വരവായി ഷൂട്ടിങ് എറണാകുളത്ത് കളമശ്ശേരിയിലായിരുന്നു. പിന്നീട് അക്കു അക്ബർ എന്ന പേരിൽ സംവിധായകനായി പ്രശസ്തനായ അക്ബർ ആ സിനിമയിൽ ഞങ്ങളോടൊപ്പം ചേർന്നു. ഈ സമയത്ത് ജയറാമിനെ കാണാൻ നൂലൂപോലെ രൂപമുള്ള ഒരു ചെറുപ്പക്കാരൻ ലൊക്കേഷനിലെത്തി. ജയറാമേട്ടൻ ആ യുവാവിനെ കമൽസാറിനു പരിചയപ്പെടുത്തുന്നതു കണ്ടു. ‘‘ഇത് ദിലീപ്. കലാഭവനിൽ എനിക്കു പകരം വന്നയാൾ. ഇപ്പോൾ ഹരിശ്രീയിൽ മിമിക്രി ആർട്ടിസ്റ്റ്. അടുത്ത പടം മുതൽ നിങ്ങളോടൊപ്പം അസിസ്റ്റന്റായി ഉണ്ടാകും. അവനു ക്ലാപ്പടിക്കാനൊക്കെ പറഞ്ഞു കൊടുക്കണം.’’ പിന്നീട് ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ആ ചെറുപ്പക്കാരനെ ജയറാമേട്ടൻ എനിക്കും പരിചയപ്പെടുത്തിത്തന്നു.

രഞ്ജിത്ത്, അക്കു, ദിലീപ് – എന്റെ കരിയറിലെ പ്രധാനപ്പെട്ട മൂന്നു സൗഹൃദങ്ങൾ ആരംഭിച്ചത് ആ സിനിമയുടെ ലൊക്കേഷനിലാണ്.

2 - laljose

ഇതിഹാസങ്ങളുടെ ഖസാക്ക്

പൂക്കാലം വരവായിയുടെ ബാക്കി സീനുകൾ മലമ്പുഴയിലാണു ചിത്രീകരിച്ചത്. പാലക്കാടിന്റെ ആ കിഴക്കൻ ഗ്രാമം എനിക്കു പരിചിതമായിരുന്നു. എങ്കിലും കുറേ ദിവസം ഒരിടത്തു തങ്ങുമ്പോഴാണ് ഒരു പ്രദേശത്ത് എന്തൊക്കെ കാണാനുണ്ടെന്നു വ്യക്തമായി മനസ്സിലാവുക. മനസ്സിൽ മായാതെ പതിഞ്ഞു കിടന്ന മലമ്പുഴയിലെ ഗ്രാമങ്ങൾ പിന്നീടു ഞാൻ സംവിധായകനായി മാറിയപ്പോൾ ഉപകാരപ്പെട്ടു. മീശമാധവനിലാണ് ആ ദൃശ്യങ്ങൾ ഏറ്റവും നന്നായി പശ്ചാത്തലമാക്കിയത്.

കമൽസാർ സംവിധാനം ചെയ്ത വിഷ്ണുലോകവും പാലക്കാടാണ് ഷൂട്ട് ചെയ്തത്. ലൊക്കേഷൻ കണ്ടെത്താനുള്ള യാത്രയിൽ അദ്ദേഹത്തിനൊപ്പം ഞാനും പാലക്കാട്ടേക്കു പോയി. ഖസാക്കിന്റെ ഇതിഹാസത്തിനു പശ്ചാത്തലമായ തസ്രാക്കിലൂടെ ഞങ്ങൾ ചുറ്റിക്കറങ്ങി. യാത്രയിലുടനീളം ഒ.വി. വിജയൻ എന്ന എഴുത്തുകാരനെക്കുറിച്ചും ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചും കമൽസാർ പറഞ്ഞുകൊണ്ടിരുന്നു.

താമരക്കുളത്തിൽ നീരാടി മടങ്ങുന്ന സുന്ദരിയായ മൈമുന നടന്നു വരുന്നുണ്ടോ എന്നു നോക്കാൻ കാറിനു പുറത്തേക്ക് എന്റെ കണ്ണുകൾ പാഞ്ഞു. തണ്ണീർപ്പന്തലിൽ നിന്ന് ഇടത്തോട്ടുള്ള ചെമ്മൺപാതയിലേക്കു തിരിഞ്ഞപ്പോൾ രവി എന്ന ഏകാധ്യാപകൻ എന്നിലേക്കു പരകായ പ്രവേശം നടത്തി. കമൽസാർ രവിയെന്ന മാഷും ഞങ്ങൾ ഏകാധ്യാപക വിദ്യാലയത്തിലെ കുട്ടികളുമായി.

അകലത്തായി കൂമൻകാവിലെ മേൽപ്പുര കാണാം. പറമ്പും പാടങ്ങളും. നിറയെ കരിമ്പനകൾ. കാറ്റു വീശാൻ തുടങ്ങി. വളരെ ഉയരത്തിൽ ഒരു പക്ഷി ചൂളം വിളിച്ചു. കാവി മുണ്ടും നീളൻ ജൂബ്ബയുമുടുത്ത് ഞാറ്റു പുരയുടെ ഇറയത്തു കസേരയിട്ടിരിക്കുന്ന രവിയിലേക്ക് ദൂരം കുറഞ്ഞു. ചവിട്ടടിപ്പാത കോണോടു കോണായി മുറിച്ചു കടന്നു. മഞ്ഞയും തവിട്ടും ചുവപ്പുമായി മേൽപ്പുരകൾ. തോട്ടു വരമ്പത്തു മേഞ്ഞു നടന്ന കരിമ്പോത്ത് കൊമ്പുകളെടുത്തു പിടിച്ച് എന്നെ നോക്കി മുക്രയിട്ടു. ചിതലിമലയുടെ വാരികളിൽ കാട്ടു തേനിന്റെ വലിയ തവിട്ടു പാടുകൾ തെളിഞ്ഞു.

സയ്യദ് മിയാൻ ഷെയ്ഖ് തങ്ങളും മൊല്ലാക്കയും എവിടെ..? എവിടെ നൈസാമലിയുടെ ബീവിയായിരുന്ന തിത്തിബിയുമ്മ...?

ഇബിലീസുകളും മലക്കുകളും ഒരുമിച്ച് എന്റെ ചെവിയിലേക്ക് കാറ്റൂതിക്കയറി. കാടുകയറിയ മനസ്സിനെ ആവുന്നത്രയും ശക്തിയിൽ തിരിച്ചു പിടിച്ചു. ഇരുട്ടിന്റെ പൊത്തിലേക്ക് കണ്ണടച്ച് ആ ചിത്രങ്ങൾക്കു ഞാൻ കട്ട് പറഞ്ഞു.

പാലക്കാട്ടേക്കുള്ള യാത്രയിൽ കമൽസാർ ഞങ്ങൾക്കു ശരിക്കും കുഞ്ഞുണ്ണി മാഷായി. ഞങ്ങൾ അദ്ദേഹത്തിന്റെ വാക്കുകൾക്കു കാതോർത്തിരുന്ന കുട്ടികളായി. തസ്രാക്കിൽ എവിടെയോ വിജയന്റെ കഥാപാത്രങ്ങളുണ്ടെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു.

കിഴക്കൻ പാലക്കാടിന്റെ കരിമ്പനകളും ഉണങ്ങിയ പുൽമേടുകളും നിറഞ്ഞ മലമ്പ്രദേശം മാറ്റങ്ങളില്ലാത്ത ഗ്രാമച്ചന്തത്തിന് ഉദാഹരണമാണ്. ഒരു നൂറ്റാണ്ടു മുമ്പുള്ള കഥ ചിത്രീകരിക്കണമെങ്കിൽ ഇന്ന് ഏറ്റവും എളുപ്പത്തിൽ അതു ചെയ്യാവുന്ന സ്ഥലം പാലക്കാടൻ ഗ്രാമങ്ങളാണ്. ആധുനികതയുടെ കടന്നുകയറ്റം സംഭവിച്ചിട്ടില്ലാത്ത ഗ്രാമപ്രദേശങ്ങൾ, നാൽക്കവലകൾ, പനംകള്ള് കിട്ടുന്ന ഷാപ്പുകൾ, തമിഴിന്റെ കഠിന സ്വാധീനമുള്ള വിചിത്രമായ ഭാഷ സംസാരിക്കുന്ന നാട്ടിൻപുറത്തുകാർ, കർഷകരുടെ ലോകത്തെ വിശ്വാസങ്ങളും ആചാരങ്ങളും അവരുടെ രാഷ്ട്രീയവും.

തേവാരത്തു ശിവരാമൻ നായരുടെ ഞാറ്റു പുരയുടെ മുന്നിൽ ഞങ്ങളുടെ കാർ നിന്നു. രവി മാഷ് മണത്തറിഞ്ഞപോലെ നെല്ലിന്റെയും മണ്ണിന്റെയും മണം മുറിക്കുള്ളിൽ കെട്ടി നിന്നു. പാട വരമ്പത്തേക്കു കണ്ണെറിഞ്ഞ് ഈ കോലായയിൽ കാലു നീട്ടിയിരുന്നാണ് ഖസാക്കിന്റെ ചിത്രം രവി വാക്കുകളിലൂടെ വരച്ചത്. താമരക്കുളവും സ്ഥൂലമായ പള്ളിയും ചേർത്തു വേറൊരു രാജ്യം സൃഷ്ടിച്ചത് – കമൽ‌സാർ പറഞ്ഞു തന്നു.

ദീർഘയാത്രയിലെ കൂട്ടുകാർ

യാത്രകളിൽ നിങ്ങളോടൊപ്പമുള്ള ആളുകൾ ആരൊക്കെയാണെന്ന കാര്യം വളരെ പ്രധാനമാണ്. നിങ്ങളുടെ താത്പര്യങ്ങളിൽ നിന്നു വ്യത്യസ്തമായ കാഴ്ചകൾ ആഗ്രഹിക്കുന്നവരാകണം സഹയാത്രികരെന്നാണ് എന്റെ അഭിപ്രായം. നിങ്ങളെക്കാൾ വ്യത്യസ്തമായി, വിവിധ മേഖലകളെക്കുറിച്ച് അറിവുള്ള ആളുകളാണെങ്കിൽ വളരെ നന്നായി. അങ്ങനെയുള്ള ആളുകളോടൊപ്പമുള്ള യാത്രകൾ നൂറു പുസ്തകങ്ങൾ വായിക്കുന്നതിനെക്കാൾ ഗുണം ചെയ്യും. ഞങ്ങൾക്കു വഴി കാട്ടിയായി എത്തിയ പാലക്കാട്ടുകാരനിലൂടെ ആ നാടിന്റെ സംസ്കാരവും നാട്ടുപുരാണങ്ങളും മനസ്സിലാക്കി. മറവത്തൂർ കനവ്, മീശമാധവൻ, പട്ടാളം എന്നീ ചിത്രങ്ങളുടെ ലൊക്കേഷൻ പാലക്കാടാവണം എന്നു ഞാൻ പിന്നീട് തീരുമാനിക്കാനുള്ള കാരണം വിഷ്ണുലോകത്തിനു വേണ്ടി നടത്തിയ ലൊക്കേഷൻ ഹണ്ടിങ് യാത്രയാണ്.

വിഷ്ണുലോകത്തിൽ കമൽ സാറിന്റെ അസിസ്റ്റന്റുമാരായ ഞാനും മറ്റുള്ളവരും ദേവപ്രഭ ഹോട്ടലിലായിരുന്നു താമസം. മോഹൻലാൽ ഉൾപ്പെടെ മറ്റു നടീനടന്മാരും കമൽസാറും ഫോർട്ട് പാലസിലും. അരവിന്ദൻ, ഗോപിമാഷ്, സൂര്യേട്ടൻ, സലിമിക്ക, അക്കു, ഞാൻ – അങ്ങനെ ആറ് അസിസ്റ്റന്റുമാർ. ഇതിനിടയിലേക്ക് പെട്ടിയും ബാഗും തൂക്കി ഒരു നട്ടുച്ചയ്ക്ക് ദിലീപും കയറി വന്നു. ഏഴാമനെക്കൂടി ഉൾപ്പെടുത്തിയാൽ ഉണ്ടാകുന്ന അധികച്ചെലവ് നിർമാതാവ് അംഗീകരിക്കില്ലെന്ന് കമൽ സാർ ഭയന്നു. ദിലീപിനെ ഇക്കാര്യം അറിയിക്കാനുള്ള ചുമതല എന്നെ ഏൽപ്പിച്ചു. പക്ഷേ, അപ്പോഴേക്കും മോഹൻലാൽ ഉൾപ്പെടെ ലൊക്കേഷനിലെ സകലരേയും മിമിക്രി കാണിച്ച് ദിലീപ് കൈയിലെടുത്തിരുന്നു.

എന്തായാലും ദിലീപിനോടു ഞാൻ കാര്യം പറഞ്ഞു. വലിയ ആഗ്രഹവുമായി വന്ന ദിലീപിനെ അതു വല്ലാതെ വിഷമിപ്പിക്കുമെന്ന് എനിക്കറിയാമായിരുന്നു. നിർമാതാക്കളായ സുരേഷ് കുമാറും സനൽകുമാറും പ്രൊഡക്‌ഷൻ എക്സിക്യൂട്ടിവായ രാധാകൃഷ്ണനും നിൽക്കുന്ന സമയത്ത് കമൽ സാറിനോട് യാത്ര പറയാൻ ഞാൻ ദിലീപിനെ ഉപദേശിച്ചു. എന്റെ പ്രതീക്ഷ തെറ്റിയില്ല. ദിലീപ് വളരെ ഭംഗിയായി തന്റെ അവസ്ഥ പറഞ്ഞു ഫലിപ്പിച്ചു. കാറും കോളും മൂടിയ അന്തരീക്ഷം പൊടുന്നനെ മാറി. ദിലീപിനെക്കൂടി കൂടെ കൂട്ടിയാലുണ്ടാകുന്ന അധികച്ചെലവിനെക്കുറിച്ച് ആലോചിക്കേണ്ടെന്ന് കമൽസാറിനോട് നിർമാതാക്കൾ പറഞ്ഞു. എന്റെയും അക്ബറിന്റെയും മുറിയിൽ ദിലീപിനും കിടക്കാൻ സ്ഥലമൊരുങ്ങി. തുടർന്നുള്ള ദീർഘയാത്രയിൽ ദിലീപ് എന്റെ സഹയാത്രികനായത് ബാക്കി കഥ.