Monday 21 September 2020 11:57 AM IST

‘ആ ചിരി മതി ഓരോ ദിവസവും നമുക്ക് സ്കൂളിൽ പോകാൻ തോന്നാൻ; മറക്കില്ലൊരിക്കലും, എന്റെ രമ ടീച്ചറെ...’; സ്കൂളോർമകളുമായി മംമ്ത

Lakshmi Premkumar

Sub Editor

mamtha-mohandas

ലോകം ഇത്രയും വലിയൊരു മഹാമാരി നേരിടുമ്പോൾ കൂട്ടിനുള്ളത് കുറച്ച് ഓർമകളാണ്. പുതുമഴയുടേയും പുതിയ യൂണിഫോമിന്റെയും മണമുള്ള ഓർമ. ഓരോ ജൂണിലും ആ വാസനയിലേക്ക്  ഒന്ന് ഊളിയിടാത്തവരായി ആരുമുണ്ടാകില്ല. കളിച്ച് രസിച്ച് നടന്ന അവധിക്കാലത്തു നിന്നും വീണ്ടും പഠനത്തിന്റെ ലോകത്തേക്കുള്ള ചേക്കേറൽ. നമുക്ക് ഏറ്റവും പ്രിയങ്കരരായ സ്കൂളോർമകള്‍ ഒാര്‍ത്തെടുക്കുകയാണ് നടി മംമ്ത മോഹൻദാസ്.

മറക്കില്ലൊരിക്കലും, എന്റെ രമ ടീച്ചറെ...

സ്കൂൾ മെമ്മറിയെ കുറിച്ച് ചോദിച്ചാൽ എന്റെ ഓർമകൾ നേരെ ബഹ്റൈനിലേക്ക് ഫ്ലൈറ്റ് പിടിക്കും. എന്റെ പ്ലേ സ്കൂൾ മുതൽ പ്ലസ്ടു വരെയുള്ള കാലം അവിടെയാണ്. നാട്ടിലെ സ്കൂൾ സിസ്റ്റവും പുറം രാജ്യങ്ങളിലേതും വളരെ വ്യത്യസ്തമാണ്. ഞങ്ങൾക്ക് സ്കൂൾ അടയ്ക്കുന്ന സമയത്താണ് ഇവിടെ സ്കൂൾ തുറക്കുന്നത്. എന്നെ സംബന്ധിച്ച് ജൂൺ മാസം ടെൻഷൻ കാലമാണ്. ഫൈനൽ പരീക്ഷയും ബഹളവും എല്ലാം ജൂണിലാണ്. പിന്നെ, ആകെയുള്ള ആശ്വാസം അതു കഴിഞ്ഞാലുടൻ നാട്ടിലേക്ക് പുറപ്പെടാം എന്നതാണ്. അവിടെയും പ്രശ്നമാണ്. ഞാൻ കളിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പ്ലാനിങ്ങും എല്ലാം നടത്തി നാട്ടിലെത്തുമ്പോഴേക്കും എല്ലാ കസിൻസും പുതിയ ബാഗും കുടയുമൊക്കെയായി സ്കൂളിലേക്ക് പോകാൻ റെഡിയായിട്ടുണ്ടാകും. അതുകൊണ്ടു തന്നെ ഒാർമയിൽ സൂക്ഷിക്കുന്നൊരു അവധിക്കാലം നാട്ടിൽ നിന്നു കിട്ടിയിട്ടില്ല എന്നതാണ് സത്യം.

ബഹ്റൈനിലെ ഏഷ്യൻ സ്കൂളിലായിരുന്നു പഠനം. ഇപ്പോൾ നിങ്ങൾ കാണുന്ന പോലെയൊന്നുമല്ല. എനിക്കന്ന് നല്ല തടിയുണ്ടായിരുന്നു. ഭക്ഷണത്തോട് ഭയങ്കര സ്നേഹമായിരുന്നു അന്ന്. എപ്പോഴും എന്തേലും കഴിച്ചോണ്ടിരിക്കും. ഒമ്പതാം ക്ലാസിൽ എത്തിയപ്പോൾ എന്റെ തലയിൽ വെള്ളി വെളിച്ചം കത്തി. ഇങ്ങനെ കഴിച്ചാൽ ശരിയാകില്ല. തടി കുറയ്ക്കണം. അങ്ങനെ അന്നുമുതൽ സ്ലിം ആകാനുള്ള ശ്രമം തുടങ്ങി.

സ്കൂളിനെക്കുറിച്ച് ഒാർക്കുമ്പോഴൊക്കെ സ്കൂൾ വിട്ടു വരുന്ന ചിത്രം മനസ്സിലേക്കോടിയെത്തും. സ്കൂൾ നേരത്തെ തുടങ്ങുന്നതു കൊണ്ട് ഉച്ചയ്ക്ക് തന്നെ ക്ലാസ് കഴിയും. ആ സമയത്ത് അച്ഛനും അമ്മയും ജോലിസ്ഥലത്ത് ആയിരിക്കും. ഞാൻ സ്കൂൾ ബസ്സിൽ നിന്ന് ഇറങ്ങി നേരെ ചുവന്ന നിറമുള്ള ഞങ്ങളുടെ കാർപെറ്റിന്റെ ചുവട്ടിൽ നിന്നും വീടിന്റെ കീ എടുത്ത് വീട് തുറക്കും. നേരെ ഡൈനിങ് ടേബിളിലേക്ക് ചെല്ലും. അതിനിടയിൽ വീട്ടിലെ ടേപ്പിൽ ഏതെങ്കിലും നഴ്സറി പാട്ട് വയ്ക്കും. അമ്മ നല്ല ടേസ്റ്റിൽ എന്തെങ്കിലും സ്പെഷൽ ലഞ്ച് ഉണ്ടാക്കിയിട്ടുണ്ടാകും. ആസ്വദിച്ച് അതു കഴിക്കുന്നത് ഇപ്പോഴും നല്ല ഓർമയാണ്. ആ രുചികളും.

കരഞ്ഞുകൊണ്ട് ക്ലാസിലേക്ക്

മെറൂൺ ആന്റ് വൈറ്റ് കോംപിനേഷനിലായിരുന്നു എന്റെ ആദ്യ യൂണിഫോം. എന്നെ മൂന്ന് വയസ്സിൽ കിന്റർഗാഡനിൽ വിട്ടു തുടങ്ങിയതാണ്. ഞാനാണെങ്കിൽ അമ്മയുമായി വളരെ അ റ്റാച്ച്ഡ് ആയിട്ടുള്ള മോളും. കിന്റർഗാഡനിൽ ആദ്യമായി പോയ ദിവസങ്ങളെല്ലാം നല്ല കരച്ചിലായിരുന്നു.

ഇത് എനിക്ക് ഓർമയില്ലാട്ടോ. അമ്മ പറഞ്ഞു കേട്ടുള്ള അറിവാ. പിന്നെയത് ശീലമായി. അതുകൊണ്ട് തന്നെ ഒന്നാം ക്ലാസിലേക്ക് പോയപ്പോൾ വലിയ മിസ്സിങ് ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ, പ്ലസ്ടു വരെ ആ സ്കൂളിൽ തന്നെ അടിച്ചു പൊളിച്ചു ജീവിച്ചു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ടീച്ചർമാരെ ലഭിച്ചതും സ്കൂളിങ്ങിന്റെ അവസാന വർഷങ്ങളിലാണ്. പത്ത് മുതൽ പ്ലസ്ടു വരെ. ഇംഗ്ലിഷ് പഠിപ്പിക്കുന്ന രമ നായർ എന്ന എന്റെ രമ ടീച്ചർ. ആ ചിരി മതി ഓരോ ദിവസവും നമുക്ക് സ്കൂളിൽ പോകാൻ തോന്നാൻ. ടീച്ചർ ഈ ലോകത്തു നിന്നു പോയി. കാൻസർ ആയിരുന്നു. സ്കൂൾ ലൈഫിനെ കുറിച്ച് ഓർക്കുമ്പോൾ ഏറ്റവും മിസ് ചെയ്യുന്ന മുഖം എന്റെ രമ ടീച്ചറുടേത് തന്നെ.

Tags:
  • Movies