Saturday 04 January 2025 03:34 PM IST

‘ഞാൻ വിരമിച്ച് വീട്ടിലെത്തിയാൽ നിന്നെ ഓഫീസിൽ കൊണ്ടുവിടാൻ സമയം കിട്ടും’: ആ സ്വപ്നം ബാക്കിയാക്കി മടക്കം: ഓർമകളിൽ നവീൻ

Anjaly Anilkumar

Content Editor, Vanitha

naveen-babu-1

ഉമ്മറത്തൊരു ചൂരൽക്കസേര ഒഴിഞ്ഞു കിടക്കുന്നു.ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളോടു യാത്രപറഞ്ഞു കൂടണയാൻ മോഹിച്ചൊരു മനുഷ്യൻ. പത്തനംതിട്ട മലയാലപ്പുഴ കാരുവള്ളിൽ വീട്ടിൽ ന വീൻബാബു.

റിട്ടയർമെന്റിനു ശേഷം ഭാര്യക്കും മക്കൾക്കുമൊപ്പം മുന്നോട്ടുള്ള ജീവിതം ആഘോഷമാക്കാൻ ആശിച്ചൊരാൾ. അതൊക്കെയും പൊലിഞ്ഞുവെന്നറിയാം. എങ്കിലും ആ വേർപാട് നവീന്റെ ഭാര്യ മഞ്ജുഷയ്ക്കും മക്കൾ നിരഞ്ജനയ്ക്കും നിരുപമയ്ക്കും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ആ പെൺമക്കൾക്കു സന്തോഷത്തിലേക്കുള്ള പാലമായിരുന്നു അച്ഛൻ. അതാണ് ചിലർ തകർത്തു കളഞ്ഞത്.

ഉള്ളിലെ സങ്കടമത്രയും അടക്കി കണ്ണീരിന്റെ ആഴങ്ങളിലേക്കു വീണുപോകാതിരിക്കാൻ അവർ അമ്മയെ ചേർത്തു പിടിച്ചു. നവീന്റെ നിറഞ്ഞ ചിരിയുള്ള ഫോട്ടോയിലേക്കു നോക്കുമ്പോഴേ മഞ്ജുഷയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. കണ്ണീരിൽ മുടങ്ങുന്ന വാക്കുകൾ. ഒരുവിധം നിയന്ത്രിച്ച് മഞ്ജുഷ മെല്ലെ സംസാരിച്ചു തുടങ്ങി.

‘‘ ചേട്ടൻ ഇല്ലെന്നു വിശ്വസിക്കാൻ ഇപ്പോഴും ഞങ്ങൾക്കു സാധിക്കുന്നില്ല. ഇവിടെ അപ്പുറത്തെവിടെയോ ഉണ്ടെന്നൊരു തോന്നലാണ്. ഒരുപക്ഷേ, ചേട്ടന്റെ ആത്മാവ് ഞ ങ്ങൾക്കരികിൽ തന്നെയുണ്ടാകും. ഞങ്ങളെ ഒറ്റയ്ക്കാക്കി അങ്ങനെയങ്ങു പോകാൻ കഴിയുമോ?.’’ മഞ്ജുഷയുടെ വാക്കുകൾ തളർന്നു, കണ്ണീരിൽ നനയുന്ന നിശബ്ദത.

അമ്മയുടെ വലംൈക ചേർത്തുപിടിച്ച് മകൾ നിരഞ്ജന ഒപ്പമിരുന്നു. സങ്കടം വരുമ്പോൾ അച്ഛൻ അമ്മയ്ക്കരികിൽ ഇരിക്കാറുള്ളതു പോലെ.

അക്ഷരങ്ങളെ സ്നേഹിച്ച മനസ്സ്

‘‘ചേട്ടൻ ഇവിടെയുണ്ടായിരുന്നെങ്കിൽ നിവർത്തിപ്പിടിച്ച പത്രവുമായി ആ കസേരയിൽ ഇരിക്കുമായിരുന്നു. പത്രവായന പകുതിയിലെത്തുമ്പോൾ നീട്ടിയൊരു വിളി വരും.‘മ ഞ്ജൂ, ഒരു കട്ടൻ’. മക്കൾക്കൊപ്പം കാർഡ്സ് കളിക്കാനും ഒന്നിച്ചിരുന്നു സിനിമ കാണാനുമൊക്കെ വലിയ ഇഷ്ടമായിരുന്നു. വലിയ പുസ്തക പ്രേമിയായിരുന്നു. പിറന്നാളായാലും ആനിവേഴ്സറിയായാലുമൊക്കെ ഞാൻ പുസ്തകങ്ങൾ സമ്മാനിക്കും. സമ്മാനപ്പൊതി നിവർത്തി പുസ്തകം കാണുമ്പോൾ ആ മുഖത്ത് ഒരു ചിരി വിടരും. കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കമായൊരു ചിരി.

ഈ വർഷം പിറന്നാളിനു സമ്മാനിച്ചത് സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന പുസ്തകമാണ്. വായിച്ചതിനുശേഷം അനിയനെ വിളിച്ച് സമുദ്രശിലയുണ്ടോ എ ന്നു തിരക്കിയിരുന്നു.

1997ലാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസം.’’ ഒാർമയുടെ അടയാളം പോലെ മേശപ്പുറത്തിരിക്കുന്ന വിവാഹ ആൽബത്തിൽ മഞ്ജുഷ മെല്ലെ തൊട്ടു.

‘‘പത്തനംതിട്ട കലക്ട്രേറ്റിൽ എൽഡി ക്ലർക്കാ‌‌യിട്ടാണ് എന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. ആദ്യ ദിവസം അമ്മാവനാണ് ഒപ്പം വന്നത്. നവീൻ ചേട്ടന്‍ അന്ന് യുഡി ക്ലർക്ക് ആണ്. ചേട്ടനു കല്യാണാലോചനകൾ നടക്കുന്ന സമയം. പൊതുസുഹൃത്ത് വിവാഹം ആലോചിക്കാമെന്നു നവീൻ ചേട്ടനോടു പറഞ്ഞു. ഇതൊന്നുമറിയാതെയാണ് ഞാൻ ചേട്ടനെ പരിചയപ്പെടുന്നത്.

സത്യത്തിൽ ആദ്യ കാഴ്ചയിൽതന്നെ എനിക്ക് അദ്ദേഹത്തെ ഇഷ്ടമായി. അത് പിന്നീടുള്ള ദിനങ്ങളിൽ കൂടിക്കൂടി വന്നു. ആലോചന വിവാഹനിശ്ചയത്തിലെത്തി. പിന്നെയും മൂന്നുമാസം കഴിഞ്ഞായിരുന്നു കല്യാണം. ചേട്ടൻ ഒപ്പമുള്ളപ്പോൾ എനിക്കു വളരെ സുരക്ഷിതത്വബോധം അനുഭവപ്പെട്ടിരുന്നു. 1997 സെപ്റ്റംബർ 7ന് ഞങ്ങള്‍ വിവാഹിതരായി. 27 വർഷം ഒന്നിച്ചു ജീവിച്ചു. ഇന്നും ഞങ്ങൾക്കു പുതുമ നഷ്ടപ്പെട്ടിട്ടില്ല. എനിക്കു നഷ്ടമായതു ഭർത്താവിനെ മാത്രമല്ല. എന്തും തുറന്നു പറയാവുന്ന സുഹൃത്തിനെക്കൂടിയാണ്. ഏതു വെയിലിലും ഓടി കയറാവുന്ന തണൽ എന്നൊക്കെ പറയാറില്ലേ? അതുപോലെ.

എന്നേക്കാൾ അഞ്ചു വർഷം സീനിയറാണ് നവീൻ ചേട്ടൻ. ജോലിയെ ഇത്രയധികം സ്നേഹിക്കുന്ന ഒരു മനുഷ്യനെ ഞാൻ വേറെ കണ്ടിട്ടില്ല. ഒരു ഫയൽ മേശപ്പുറത്ത് എ ത്തിയാൽ വെറുതേ വായിച്ചുനോക്കി ഒപ്പിടുന്ന ശീലമില്ല. അതു കൃത്യമായി വായിച്ചു മനസ്സിലാക്കി അക്ഷരത്തെറ്റുകൾ വരെ തിരുത്തിയ ശേഷം മാത്രമേ ഒപ്പിടൂ. കണ്ണൂരേക്കു മാറ്റമായതിൽപിന്നെ ജോലിത്തിരക്കുകൾ കൂടുതലാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്. പക്ഷേ, ഒരിക്കൽപ്പോലും അതേക്കുറിച്ചു പരാതി പറഞ്ഞിട്ടില്ല. ഡിപാർട്മെന്റൽ ടെസ്റ്റുകൾക്കായി ഞാൻ ഒരുങ്ങുമ്പോൾ ആവശ്യമായ നിർദേശങ്ങൾ തരും. നന്നായി പഠിക്കുന്നുണ്ടോ എന്നു കൃത്യമായി തിരക്കാറുമുണ്ടായിരുന്നു. ഞാൻ ഇപ്പോൾ കോന്നി തഹസിൽദാരായാണുജോലി ചെയ്യുന്നത്.’’

എന്നുമോർക്കാൻ ഈ യാത്ര

‘‘ ആദ്യമായി യാത്ര പോകുന്നത് നവീൻ ചേട്ടനൊപ്പമാണ്, കുടകിലേക്ക്. പിന്നെ, ഇടവേളകളിലെല്ലാം ചെറുതും വലുതുമായ ഒരുപാടു യാത്രകൾ. അദ്ദേഹത്തിന്റെ അവസാന വെക്കേഷനും ഞങ്ങൾക്കൊപ്പമായിരുന്നു. പൂജാ അവധിക്കാണ് രാമേശ്വരം പോയത്.’’ കുറച്ചു സമയം കണ്ണടച്ചിരുന്ന ശേഷം മഞ്ജുഷ ഒരു ചിത്രം കാണിച്ചു. ‘‘അവസാന യാത്രയിൽ പാമ്പൻ പാലത്തിൽ നിന്നെടുത്തതാണ്. ചേട്ടനും ഞാനും ഒപ്പം നിന്നിയും ചിന്നുവും സിദ്ധുവും.

ചേട്ടന്റെ സഹോദരിയുടെ മകൾ ഡോ. സുഷമയും കുടുംബവും തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് താമസിക്കുന്നത്. പൂജാ അവധിക്കു ചേട്ടൻ നേരെ ട്രിച്ചിയിലെത്തി. ഇവിടെ നിന്നു ഞാനും മക്കളും ചെന്നു. ഞങ്ങളെ സ്വീകരിക്കാൻ സുഷമയും ചേട്ടനും സുഷമയുടെ മകൻ സിദ്ധാർഥും സ്റ്റേഷനിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം വളരെ സന്തോഷത്തിലായിരുന്നു. ട്രിച്ചിയിൽ നിന്ന് കാറിലായിരുന്നു സഞ്ചാരം. രാമേശ്വരവും ധനുഷ്കോടിയും കണ്ടു. ’’

‘‘ വിജയദശമി ദിവസം ഞങ്ങൾ ധനുഷ്കോടിയിലായിരുന്നു.’’ ആൽബത്തിലെ ചിത്രങ്ങൾ കാണിക്കുന്നതിനിടെ നിരുപമ പറഞ്ഞു. ‘‘ കടൽത്തീരത്തെ മണലിൽ ഞങ്ങളെല്ലാവരും ഹരിശ്രീ എഴുതി. കയറി വന്ന തിരകൾ അക്ഷരങ്ങൾ മായ്ച്ചു. അതോടെ അച്ഛനു രസമായി. അച്ഛനു വെളളം വലിയ ഇഷ്ടമാണ്. പുഴയോ കടലോ ആയാലും ഞങ്ങൾ പിള്ളേരേക്കാൾ മുന്നേ ചാടിയിറങ്ങും.

സത്യത്തിൽ ഇതു ഞങ്ങൾ കസിൻസ് പ്ലാൻ‍ ചെയ്ത ട്രിപ് ആണ്. പൊയ്ക്കോട്ടെ എന്ന് അനുവാദം ചോദിക്കാൻ വിളിച്ചതാണ്. പറഞ്ഞു തുടങ്ങിയപ്പോഴേക്കും അച്ഛൻ പറഞ്ഞു, ‘നിങ്ങൾ അങ്ങു വന്നാൽ മതി. ഞാൻ എത്തിയേക്കാം’ എന്ന്. തേങ്ങൽ മറച്ച് നിരുപമ ചിരിക്കാൻ ശ്രമിച്ചു.

naveen-babu-2

അവധിക്കാല യാത്ര കഴിഞ്ഞ് യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുക്കാൻ അവിടെ നിന്നു നേരേ കണ്ണൂർക്കു പോയതാണു നവീൻ. പക്ഷേ, തിരികെ വീട്ടിലെത്തിയത് നവീന്റെ ചേതനയറ്റ ശരീരം.

‘‘റിട്ടയർമെന്റിനു ശേഷം നമുക്ക് ഒരുപാടു യാത്രകള്‍ പോകണം എന്ന് അദ്ദേഹം പറയുമായിരുന്നു. ആ ശബ്ദം ഇപ്പോഴും എനിക്കു കേൾക്കാം. ഒരു ജന്മംകൊണ്ടു തരേണ്ട സ്നേഹവും കരുതലുമെല്ലാമാണ് 27 വർഷം കൊണ്ട് എനിക്കു തന്നത്. ഇത്ര വേഗത്തിൽ പിരിയാനായിരുന്നോ അത്രമാത്രം സ്നേഹം വാരിക്കോരിത്തന്നത് എന്നോർക്കുമ്പോൾ...’’ അവർ കൈമാറിയ സ്നേഹകാലം മഞ്ജുഷയുടെ കവിളിൽ കണ്ണീരായി ഒഴുകി.

പൂർത്തിയാകാത്ത ആഗ്രഹങ്ങൾ

‘‘വീട്ടിലിരിക്കാൻ വലിയ ഇഷ്ടമായിരുന്നു. മുൻപൊക്കെ ഒരു ദിവസം അവധി കിട്ടിയാലും വീട്ടിൽ ഒാടിയെത്തുമായിരുന്നു. കണ്ണൂരേക്കു പോയതിൽ പിന്നെ, രണ്ടു ദിവസം അ വധിയുള്ളപ്പോഴേ വരൂ. തലേദിവസം മുതൽ അദ്ദേഹത്തിന്റെ ശബ്ദത്തിൽ സന്തോഷം നിറയും. കുഞ്ഞുങ്ങളെപ്പോലെ എക്സൈറ്റഡ് ആകും.

വീട്ടിലെത്തിയാലോ ഒരു നിമിഷം വെറുതേയിരിക്കില്ല. ഓരോ ജോലികൾ ചെയ്തും പറമ്പിലൂടെ നടന്നും സമയം ചെലവഴിക്കും. റിട്ടയർമെന്റിന് ഏഴുമാസം കൂടിയേ ഉണ്ടായിരുന്നുള്ളൂ. അതെക്കുറിച്ചു സംസാരിക്കുന്നതു വലിയ സങ്കടമാണ്. ജോലിയോട് അത്ര സ്നേഹമായിരുന്നു. പ ത്തനംതിട്ടയിൽ നിന്നു വിരമിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഇവിടേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ ഉണ്ടായിരുന്ന സന്തോഷങ്ങളിലൊന്ന് അതായിരുന്നു.

റിട്ടയർമെന്റിനു ശേഷം വീടിനോടു ചേർന്നു കൃഷി ചെയ്യാനായിരുന്നു പ്ലാൻ. നാട്ടിലെത്തിക്കഴിഞ്ഞ് ആരെയെങ്കിലും വിളിച്ചു പറമ്പു വൃത്തിയാക്കണം എന്നു പറഞ്ഞിരുന്നു. ഒപ്പമൊരു തമാശയും ‘ഇനിയിപ്പോ ചെടിക്ക് വെള്ളം കോരാനും നനയ്ക്കാനും ഞാന‍ിവിടെയുണ്ടാകുമല്ലോ’. എന്നെ ഓഫിസിൽ കൊണ്ടു വിടാനും വിളിച്ചുകൊണ്ടു വരാനുമൊക്കെ സമയം കിട്ടുമെന്നു പറഞ്ഞ് ഉറക്കെ ചിരിക്കും.

സർവീസിൽ ഉള്ളപ്പോൾ തന്നെ നിരഞ്ജനയുടെ വിവാഹം നടത്തണമെന്നായിരുന്നു മോഹം. അങ്ങനെ എത്രയെത്ര സ്വപ്നങ്ങൾ. ’’

naveen-babu-14

വായന വളർന്ന കാലം

ടി.എൻ. കിട്ടന്‍ നായരുടേയും വി.എൻ. രത്നമ്മയുടേയും മൂന്നു മക്കളിൽ രണ്ടാമനാണ് കെ. നവീൻ ബാബു. കാരുവള്ളിൽ തറവാടിന്റെ പഴയ ഓർമകളിലേക്കു നോക്കിയാൽ ഉമ്മറത്തിരുന്നു കൊതിയോടെ പുസ്തകങ്ങൾ വായിച്ചുകൂട്ടുന്ന ചേട്ടനേയും അനിയനേയും കാണാം.

‘‘ചേട്ടനും ഞാനും സുഹൃത്തുക്കളെപ്പോലെയാണ്. ചേച്ചി പ്രായത്തിൽ കുറച്ചൂകൂടി മുതിർന്നതായതുകൊണ്ട് അമ്മയുടെ സ്ഥാനമായിരുന്നു. ഞങ്ങൾ കൂട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നതു ചേട്ടൻ ബാബു, അനിയൻ ബാബു എന്നാണ്. ’’ പഴയ ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോ ആൽബം തുറന്നു കുട്ടിക്കാല ചിത്രങ്ങൾ കാണിക്കുമ്പോ ൾ അഡ്വ. പ്രവീൺ ബാബുവിന്റെ കണ്ണുകൾ നിറഞ്ഞു.

‘‘അച്ഛനും അമ്മയും അധ്യാപകരായതു കൊണ്ട് പുസ്തകങ്ങൾ വീട്ടിൽ ധാരാളമുണ്ടായിരുന്നു. ഞങ്ങൾ മ ക്കൾ മൂന്നുപേരും നന്നായി വായിക്കും. വേനലവധി തുടങ്ങും മുൻപ് ഒരുകെട്ടു പുസ്തകങ്ങൾ അച്ഛൻ കൊണ്ടുവരും. രണ്ടുമാസത്തേക്ക് എന്ന കണക്കിലാണെങ്കിലും ആ ദ്യരണ്ടാഴ്ച കൊണ്ടു തന്നെ ഞങ്ങൾ വായിച്ചു തീർക്കും.

ആദ്യം ആര് ആയിരം പുസ്തകങ്ങൾ വായിച്ചു തീർക്കും എന്നൊരു മത്സരം ഞങ്ങൾക്കിടയിലുണ്ടായിരുന്നു. ആദ്യം ജയിച്ചതു ചേട്ടനാണ്. രണ്ടാംവട്ടം ഞാനും. അതിങ്ങനെ മാറി മാറി വന്നു. വായിക്കുന്ന പുസ്തകങ്ങളുടെ പേരും വിവരവും കഥാസാരവുമൊക്കെ നോട്ട് ബുക്കിൽ എഴുതിവയ്ക്കുന്നതാണു പതിവ്.

ആ പുസ്തകങ്ങൾ ചേർത്തു ഞങ്ങൾ ചെറിയ ലൈബ്രറിയുണ്ടാക്കി. ലൈബ്രറിയിൽ രണ്ടുപേരുടെയും ചുരുക്കപ്പേരിൽ കെഎൻബി, കെപിബി എന്ന് രണ്ട് വിഭാഗങ്ങളു ണ്ടായിരുന്നു. ഇതിനു പുറമേ വിവിധ പ്രസിദ്ധീകരണങ്ങളിൽ വരുന്ന കഥകളും ഫീച്ചറുകളും വെട്ടി സൂക്ഷിക്കുന്ന പതിവും ചേട്ടനുണ്ടായിരുന്നു. അക്കൂട്ടത്തിൽ വനിതയിൽ വന്ന ലേഖനങ്ങളുമുണ്ട്. കൂടുതലും യാത്രാ ഫീച്ചറുകളാണ്.’’ ഒരു ഫയൽ നീട്ടിക്കൊണ്ട് പ്രവീണ്‍ പറഞ്ഞു. വനിതയിലെ ഹാപ്പി ജേണി വിഭാഗത്തിൽ പ്രസിദ്ധീകരിച്ച വിവിധ ലേഖനങ്ങൾ നവീൻ മനോഹരമായി പിൻ ചെയ്തു സൂക്ഷിച്ചിരിക്കുന്നു.

‘‘ഡിസ്റ്റിങ്ഷനോടെയാണ് ചേട്ടൻ പത്താംക്ലാസ് പാ സ് ആയത്. പിന്നീട് ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടി. 23ാം വയസിലാണ് സർവീസിൽ കയറുന്നത്. റാന്നി താലൂക്ക് ഓഫിസിൽ എൽഡി ക്ലർക്ക് ആയി ആദ്യ നിയമനം. സർവീസിലിരിക്കെ പ്രൈവറ്റായി ഡിഗ്രി നേടി.

രണ്ടര വർഷം മുൻപാണ് എഡിഎം ആയി പ്രമോഷൻ കിട്ടിയത്. ഒപ്പം ജോലി ചെയ്യുന്നവരോടൊക്കെ സ്നേഹവും ബഹുമാനവുമാണ്. നാട്ടിലോ വീട്ടിലോ ജോലി ചെയ്യുന്ന ഇടങ്ങളിലോ ആർക്കും അദ്ദേഹത്തെക്കുറിച്ച് എതിരഭിപ്രായമില്ല. അധികം സുഹൃത്തുക്കളില്ല. എന്നാൽ ഉള്ള സുഹൃത്തുക്കളുമായി ഇപ്പോഴും നല്ല അടുപ്പമാണ്. മുൻ മുഖ്യമന്ത്രി അച്യുതാനന്ദന്റെ മൂന്നാർ ഒഴിപ്പിക്കൽ ടീമിൽ ചേട്ടനുമുണ്ടായിരുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെട്ട സ്പെഷൽ ടീം ആയിരുന്നു അത്. ആ ചേട്ടനാണ് ഈ അവസ്ഥയുണ്ടായിരിക്കുന്നത്.’’

ഡിക്‌ഷനറി കാണാതെ പഠിച്ച അച്ഛൻ

‘‘വായനയെക്കുറിച്ച് കൊച്ചച്ഛൻ പറഞ്ഞില്ലേ. അതുപോ ലെ രസകരമായ മറ്റൊരു കഥയുണ്ട്.’’ വാക്കുകളിലേക്ക് അ ച്ഛൻ കയറിവന്നപ്പോൾ നിരുപമയുടെ സ്വരത്തിൽ ഉത്സാഹം കൂടിയതു പോലെ തോന്നി.

‘‘എന്റച്ഛനില്ലേ, ചെറിയൊരു എൻസൈക്ലോപീഡിയ ആയിരുന്നു. ഡിക്‌ഷനറിയിലെ വാക്കുകളും അർഥവും മ നഃപാഠമാക്കി അച്ഛനും കൊച്ചച്ഛനും മത്സരിക്കുമായിരുന്നു. പ്രോജക്ട് ചെയ്യുമ്പോൾ എനിക്കതു പ്രയോജനപ്പെട്ടിട്ടുണ്ട്. സംശയം വന്നാൽ അച്ഛനാണ് ആദ്യ റഫറൻസ് ബുക്. ഓണവും വിഷുവുമൊക്കെ ആഘോഷിക്കാൻ അച്ഛന് ഇഷ്ടമായിരുന്നു. പക്ഷേ, പിറന്നാളൊന്നും ആ ഘോഷമാക്കാൻ വലിയ താൽപര്യമില്ല. ഒരാൾക്ക് ഒരു ജന്മദിനമേ ഉള്ളൂ എന്നായിരുന്നു അച്ഛന്റെ തിയറി.’’ മകളുടെ വാക്കുകളിൽ തിളങ്ങുന്നുണ്ടിപ്പോഴും അച്ഛന്റെ ചിരി.

‘‘പ്രകൃതിയോടു ചേർന്നു നിൽക്കുന്ന വീട് എന്നതു വ ലിയ സ്വപ്നമായിരുന്നു. അങ്ങനെ 2007ൽ ഹാബിറ്റാറ്റ് ഗ്രൂപ് ആണ് ഈ വീടു നിർമിച്ചത്.’’ മഞ്ജുഷ പറഞ്ഞു.

‘‘മണ്ണിൽ ചവിട്ടി നടക്കണം, മഴയും വെയിലും കൊള്ളണം എന്നൊക്കെ ഞങ്ങളോടു പറയുമായിരുന്നു. പിന്നെ, പ്ലാസ്റ്റിക് വിരോധിയാണ്. യാത്ര പോകുമ്പോൾ പ്ലാസ്റ്റിക് കവറുകളും കുപ്പികളുമൊക്കെ ശേഖരിച്ചു വയ്ക്കും. കൃത്യമായി പ്ലാസ്റ്റിക് കളക്‌ഷൻ പോയിന്റിൽ നിക്ഷേപിക്കും. ചായ കുടിക്കാൻ കേറിയാൽപ്പോലും അച്ഛൻ ചോദി ക്കും, ഗ്ലാസിലാണോ പേപ്പർ കപ്പിലാണോ ചായ തരുകയെന്ന്. പ്ലാസ്റ്റിക് കപ് ആണെങ്കിൽ അച്ഛൻ ചായ കുടിക്കില്ല. അല്ലേ അമ്മാ...’’ നിരുപമ മഞ്ജുഷയെ നോക്കി.

‘‘വീടിനടുത്തുള്ള കടകളിൽ നിന്നു മാത്രമേ സാധനം വാങ്ങുകയുള്ളൂ. ഇപ്പോഴും അവിടെ എല്ലാം പേപ്പറിൽ പൊതിഞ്ഞാണു തരുന്നത്. ഞാൻ എങ്ങാനും സൂപ്പർ മാർക്കറ്റിൽ പോയി എന്നറിഞ്ഞാൽ പിന്നെ, പറയണ്ട.’’ മഞ്ജുഷയുടെ മുഖത്തു നോവുകലർന്നൊരു ചിരി.

‘‘വല്യമ്മാവനു പാട്ട് വലിയ ഇഷ്ടമായിരുന്നു. യാത്രകളിൽ ഞങ്ങൾ അന്താക്ഷരി കളിക്കും. പാട്ടിന്റെ സ്റ്റോക്കു തീരാതിരിക്കാനായി ഓരോ അക്ഷരങ്ങളിലും തുടങ്ങുന്ന ഗാനങ്ങൾ വല്യമ്മാവൻ പ്രത്യേകം എഴുതിവച്ച് പഠിക്കും. ഓരോ യാത്രകൾ അവസാനിക്കാറാകുമ്പോഴും ചോദിക്കും, ഇനിയെപ്പോഴാ അടുത്ത യാത്ര.’’ സംസാരം പൂർത്തിയാക്കാന്‍ നവീന്റെ സഹോദരി പുത്രി സുഷമയ്ക്കായില്ല. അവർ നിരഞ്ജനയുടെ തോളിലേക്കു ചാഞ്ഞു.

‘‘അച്ഛനെക്കുറിച്ച് മറ്റുള്ളവർ പറയുന്ന നല്ല വാക്കുകൾ അതിരില്ലാത്ത സന്തോഷമാണ് ഞങ്ങൾക്ക് തരുന്നത്. അദ്ദേഹത്തിന്റെ മക്കളായി പിറന്നത് ഭാഗ്യമാണ്. അങ്ങു ദൂരെ മേഘങ്ങൾക്കിടയിലിരുന്ന് അച്ഛൻ എല്ലാം കാണുന്നുണ്ട്. അച്ഛന്‍ ആഗ്രഹിച്ചതുപോലെ ഞങ്ങൾ ജീവിക്കും, സ്വതന്ത്രരായി, മിടുക്കരായി. അച്ഛൻ പകർന്നു ത ന്ന ജീവിതാനുഭവങ്ങൾ എല്ലാക്കാലവും ഞങ്ങൾക്കു താങ്ങാകും എന്നെനിക്ക് ഉറപ്പുണ്ട്.’’ നിരഞ്ജന ദൃഢമായ സ്വരത്തിൽ പറഞ്ഞു. എൻജിനീയറിങ് ബിരുദധാരിയായ നിരഞ്ജന ഇപ്പോൾ പിഎസ്‍സി പരീക്ഷകൾക്കായുള്ള തയാറെടുപ്പിലാണ്. ബിഡിഎസ് സ്വപ്നം കാണുന്ന നിരുപമ നീറ്റ് പരീക്ഷയ്ക്കായുള്ള ഒരുക്കത്തിലും.

മറ്റുള്ളവർക്കു തോന്നാം ആ വരാന്തയിലുള്ളത് ഒരു ഒ ഴിഞ്ഞ ചൂരൽകസേരയാണെന്ന്. പക്ഷേ, മക്കളുടെ മനസ്സിന്റെ കസേരയിൽ അദ്ദേഹം എന്നുമുണ്ടാകും. അങ്ങനെ പിരിയാൻ കഴിയുമോ? അവരുടെ ഭാവിദിനങ്ങളുടെ റഫറൻസ് ബുക്കായി ഒപ്പമുണ്ടാകും എന്നും.

അഞ്ജലി അനിൽകുമാർ

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ