Wednesday 30 September 2020 03:01 PM IST

‘ഒരു കൊല്ലം മുഴുവൻ ജീവിച്ചത് ഭീഷണി പേടിച്ചാണ്; ആ രഹസ്യം ഇപ്പോഴും ആർക്കും അറിയില്ല’: രസകരമായ സ്കൂളോർമ പങ്കുവച്ച് നവ്യ നായർ

Lakshmi Premkumar

Sub Editor

navyygg5433232

സ്കൂളുകള്‍ തുറന്നിട്ടില്ലെങ്കിലും സ്കൂളോർമകള്‍ എല്ലാവരുടെയും മനസ്സിലുണ്ട്. അവ പങ്കിടുന്നു നവ്യ നായർ... 

കായംകുളത്തെ ഞങ്ങളുടെ വീടിന്റെ തൊട്ടടുത്താണ് സെന്റ്മേരീസ് ഗേൾസ് ഹൈസ്കൂൾ. ഞങ്ങളുടെ വ രാന്തയിൽ നിന്നാൽ മുന്നിലെ റോഡിലൂടെ കുട്ടികൾ സ്കൂളിലേക്ക് പോകുന്നതൊക്കെ കാണാം. എന്റെ രണ്ടു വയസുമുതൽ ഞാൻ ഭയങ്കര ബഹളമാണ്,  സ്കൂളിൽ പോകാൻ. ബഹളം സഹിക്കാൻ പറ്റാതെ എന്നെ കൃത്യം പ്രായം ആകുന്നതിനു മുന്നേ സ്കൂളിൽ വിട്ടു തുടങ്ങി. ഇതൊക്കെ അച്ഛൻ പറഞ്ഞ കഥകളാണേ.

എന്നെ എൽകെജിയിൽ ആദ്യത്തെ ദിവസം ചേർക്കാൻ കൊണ്ടു പോയത് അച്ഛനാണ്.  അന്ന് രാവിലെ മുതൽ എനിക്ക് ഭയങ്കര ഉത്സാഹം. കാത്തുകാത്തിരുന്ന ദിവസമാണല്ലോ എത്തിയിരിക്കുന്നത്. അങ്ങനെ അച്ഛന്റെ കയ്യിൽ തൂങ്ങി നേരെ സ്കൂളിലെത്തി. ആദ്യത്തെ ദിവസം എന്നു പറയുന്നത് ചുറ്റും കരച്ചിൽ മഹാമഹമാണല്ലോ. ഞാനൊഴികെ ബാക്കി കുട്ടികളെല്ലാം ഭയങ്കര കരച്ചിൽ. ഞാനാണെങ്കിൽ ഇവരൊക്കെ എന്തിനാ കരയുന്നേ എന്ന മട്ടിൽ അവരെ നോക്കുന്നുമുണ്ടത്രേ. കരയുന്ന കുറേ കുട്ടികൾക്കിടയിൽ ഹൈവോൾട്ട് ചിരിയുമായി ഞാൻ. അച്ഛന് അതുകൊണ്ട് എന്നെ അവിടെയാക്കി പോരാൻ യാതൊരു ടെൻഷനും ഉണ്ടായില്ല.

ആദ്യ ദിവസം ഉച്ച വരെയേ മിക്കയിടത്തും ക്ലാസുള്ളൂ. എ ല്ലാ കുട്ടികളേയും പന്ത്രണ്ട് മണി ആകുമ്പോഴേക്കും വീട്ടുകാർ വന്ന് കൂട്ടും. ടീച്ചർ പറഞ്ഞതനുസരിച്ച് എന്റെ അച്ഛനും കൂട്ടാൻ വന്നു. പക്ഷേ, ഞാൻ പോവൂല. എനിക്ക് വൈകുന്നേരം വരെ ബാക്കി പഠിക്കുന്ന ചേച്ചിമാരെ പോലെ സ്കൂളിൽ ഇരിക്കണമെന്നാണ് എന്റെ ആവശ്യം.

അച്ഛൻ നിർബന്ധിച്ച് കൂട്ടിയതോടെ വലിയ കരച്ചിലായി. എനിക്ക് സ്കൂളിൽ നിന്നു പോകണ്ട എന്ന് പറഞ്ഞ്. എല്ലാ പിള്ളാരും ചിരിച്ചു കൊണ്ട് വീട്ടിലേക്ക് പോകുമ്പോൾ അതു വരെ ചിരിച്ചോണ്ടിരുന്ന ഞാൻ കരഞ്ഞു കൊണ്ട് ഇറങ്ങി. ഇപ്പോഴും അച്ഛനും അമ്മയും ആ കഥ പറഞ്ഞ് ചിരിക്കും. ഏഴാം ക്ലാസുവരെ അവിടെ പഠിച്ചു. പക്ഷേ, എന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന മറ്റൊരു സ്കൂളോർമയും സെന്റ് മേരീസിൽ നിന്നു തന്നെയുള്ളതാണ്.  

ആ ഭീഷണി എന്നെ ഭയപ്പെടുത്തി

ഞാനന്ന് ഒന്നാം ക്ലാസിൽ. സ്കൂളിൽ എല്ലാവരും പരസ്പരം ഫുൾ നെയിം ആണ് വിളിക്കുന്നത്. എടീ, പോടീ, എടോ, ഇത്തരം വിളികൾ ഒന്നുമില്ല. ഒരു ദിവസം എന്തോ പറഞ്ഞപ്പോൾ  തൊട്ടടുത്തിരുന്ന കുട്ടിയോട് ‘താനൊന്ന് പോടോ’ എന്ന് വെറുതേ പറഞ്ഞു. അത് ആ കുട്ടി വലിയ പ്രശ്നമാക്കി. ഞാനെന്തോ തെറ്റ് ചെയ്തെന്ന ഭാവം എനിക്കും.

അത് ടീച്ചറോട് പറയാതിരിക്കാൻ കൊടുക്കേണ്ടി വന്നത് ഒരു വർഷത്തെ എന്റെ ഇന്റർവെൽ സ്നാക്സാണ്. ചെറിയ കുട്ടികൾക്ക് ഇന്റർവെല്ലിന് കഴിക്കാൻ സ്നാക്സ് കൊണ്ടുപോകുന്ന പതിവുണ്ടായിരുന്നു. ആ കൊല്ലം മുഴുവൻ ഞാൻ കൊണ്ടു വരുന്ന സ്നാക്സ് ആ കുട്ടിയുടെ ഭീഷണി ഭയന്ന് അവൾക്ക് കൊടുക്കും. ഞാൻ ഒന്നും കഴിക്കാതെയിരിക്കും. വീട്ടിൽ സ്പെഷൽ സ്നാക്സ് വാങ്ങുമ്പോൾ അമ്മ അതെടുത്ത് മാറ്റി വയ്ക്കും. എന്നിട്ട് എന്നോട് പറയും, നാളെ സ്കൂളിൽ പോകുമ്പോൾ തരാമെന്ന്.

‘എന്റെ പൊന്നമ്മേ കൊണ്ടു പോകുന്നതൊന്നും എനിക്ക് കഴിക്കാൻ പറ്റില്ല’ എന്ന് പറയണമെന്നുണ്ട്. അമ്മയുടെ കയ്യിൽ നിന്ന് കൂടി അടി കിട്ടുമോ എന്നായിരുന്നു എന്റെ പേടി. അതുകൊണ്ട് ആ രഹസ്യം ഞാൻ ആരോടും പറഞ്ഞില്ല.

ചുരുക്കി പറഞ്ഞാൽ ഒരു കൊല്ലം എന്റെ സ്നാക്സ് മുഴുവന്‍ അവൾ കഴിച്ചു, പരീക്ഷയൊക്കെ വരുമ്പോള്‍ അവൾക്കറിയാത്തതൊക്കെ ഞാൻ കാണിച്ചു കൊടുക്കണം. രണ്ടാം ക്ലാസായപ്പോൾ ആ കുട്ടി വേറെ ക്ലാസിലായി. അന്നു മുതലാണ് ഞാൻ ശ്വാസം നേരെ വിട്ടത്.

Tags:
  • Celebrity Interview
  • Movies