Tuesday 04 August 2020 04:14 PM IST : By സ്വന്തം ലേഖകൻ

‘എത്രകാലമായി പൂക്കളം ഒക്കെ ഇട്ടിട്ട്...’; ഇത്തവണ വില്ലനായി കോവിഡും മഴയും, ഓർമ്മയാകുന്ന ‘പിള്ളേരോണം’

pilleronam77886
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഇക്കഴിഞ്ഞ രണ്ടു വർഷങ്ങൾ കേരളക്കരയുടെ ഓണം പ്രളയദുരിതത്തിൽ നിറം മങ്ങി പോയിരുന്നു. ഇത്തവണത്തെ ആഘോഷം കൊറോണയുടെ പിടിയിലുമായി. വരും ദിവസങ്ങളിൽ മഴ കൂടുന്നതിന്റെ സൂചനയും ലഭിച്ചു കഴിഞ്ഞു. ഓണം ഓർമ്മയാകുമോ എന്ന ആശങ്കയിലാണ് ഏറെപ്പേരും. ഇന്നാണ് ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ടെത്തുന്ന ‘പിള്ളേരോണം’. ചിങ്ങത്തിലെ തിരുവോണത്തിന്‌ 27 ദിവസം മുൻപ് കര്‍ക്കടകത്തിലെ തിരുവോണ നാളിലാണ്‌ പിള്ളേരോണം കൊണ്ടാടിയിരുന്നത്‌. തിരുവോണത്തിന്റെ ഒരു കൊച്ചുപതിപ്പ്‌. 

ബാല്യകാലത്തിന്റെ അവകാശവും ഉത്സവവുമായിരുന്നു പിള്ളേരോണം. തൂശനിലയില്‍ എല്ലാ വിഭവങ്ങളുമുള്ള ഗംഭീരസദ്യയാണ് ഇന്നത്തെ ദിവസത്തെ സ്‌പെഷൽ. തോരാതെ പെയ്യുന്ന കര്‍ക്കടക മഴയ്‌ക്കിടെയാണ്‌ പിള്ളേരോണം വരുന്നത്‌. കളികളും ആര്‍പ്പുവിളികളും സദ്യയുണ്ണലുമായി വന്നുപോകുമായിരുന്ന പിള്ളേരോണം ഇന്നത്തെ കുട്ടികളിൽ പലർക്കും അറിയില്ല. മുതിർന്നവർ പോലും പിള്ളേരോണം മറന്നുപോയിരിക്കുന്നു. പിള്ളേരോണത്തെ കുറിച്ചുള്ള വനിതയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നിരവധിപേരാണ് കുട്ടിക്കാലത്തെ ഓർമ്മകൾ പങ്കുവച്ചത്. 

pilleronam899yihh

"ഞാനും അനിയത്തിയും പൂക്കളമിടാൻ അടിപിടി കൂടിയിട്ടുണ്ട്. എന്നാലോ ചാണകമിഴുകാൻ രണ്ടുപേർക്കും മടിയുമായിരുന്നു. അതിനു അമ്മയുടെ കയ്യിൽ നിന്നും വേറെ കിട്ടും. പൂക്കളമിട്ടാൽ പിന്നെ അതു നാട്ടുകാരൊക്കെ കാണണം. എന്റെ വീടിനു മുന്നിലൂടെ മരുന്നിനുപോലും ഒരു മനുഷ്യ കുഞ്ഞിനെ കാണാൻ കിട്ടില്ലായിരുന്നു. അതുകൊണ്ട് പൂക്കളം ഇട്ടു കഴിഞ്ഞാൽ ഞാനും അനിയത്തിയും ഗേറ്റ് തുറന്നു വയ്ക്കും. ആരെങ്കിലും പോകുകയാണെങ്കിൽ കണ്ടോട്ടെ ഞങ്ങളുടെ കഴിവ്. അങ്ങിനെ ഗേറ്റ് തുറന്നിടുന്നതിനു അച്ഛന്റെ കൈയിൽ നിന്നും നല്ലതു പോലെ കിട്ടും. 

pilleronam223

ഇനി പൂക്കളം മഴ പെയ്യുമ്പോൾ നനയരുതല്ലോ. അതിനു കുട നിവർത്തി വച്ചു കൊടുക്കും. ഇത്രയും അടിയും വാങ്ങിച്ചും, പൂക്കളം നനയാതെ കാത്തു വച്ചും കഷ്ടപെടുമ്പോൾ പൂക്കളമിട്ട ചാണകത്തിലെ പുഴുവിനെ പിടിക്കാൻ വീട്ടിൽ വളർത്തുന്ന കോഴിയും മക്കളും ചിനക്കി പരത്തിയിട്ടുണ്ടാകും. അതു കാണുമ്പോൾ ഉണ്ടാകുന്ന സങ്കടം ഉണ്ടല്ലോ എന്റെ സാറെ. അതുപോലെ വിഷമിച്ചിട്ടുള്ള സന്ദർഭങ്ങൾ കുട്ടിക്കാലത്തു വേറെയുണ്ടായിട്ടില്ല... ഇപ്പോൾ കാലം കുറച്ചായി പൂക്കളം ഒക്കെ ഇട്ടിട്ട്... ഓണത്തിനൊന്നും നാട്ടിൽ എത്താൻ പറ്റാറില്ല.. ഏതെങ്കിലും നാട്ടിൽ എവിടുന്നെങ്കിലും ഒന്നോ രണ്ടോ മലയാളികളെ കണ്ടുപിടിച്ച് പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ ചോറും കറിയും കഴിക്കും. ഇതാണിപ്പോൾ പതിവ്.."- ഇൻസ്റ്റാഗ്രാം പോസ്റ്റിനു താഴെ ഒരു വായനക്കാരി കുറിച്ചതിങ്ങനെ. 

pilleronam877tgugh

"പൂക്കളം ഇടാൻ കൂട്ടുകാരികളെ കൂട്ടി പറമ്പിലും പാടത്തും പൂ പറിക്കാൻ പോകും. എല്ലാവരും പൂക്കളം കാണാൻ വരുന്നതിനു മുൻപ് പൂക്കളം ഒരുക്കും, മാവേലിയും പുലി വരുന്നതും കാത്തുനിൽക്കും. പിന്നേ ഓണത്തിനുള്ള സ്പെഷ്യൽ സദ്യ, പാലട, ഓണക്കോടി... അതൊക്കെ ഓർമ്മകൾ മാത്രം."- മറ്റൊരാൾ ഇങ്ങനെ കുറിക്കുന്നു. നിങ്ങൾക്കും പിള്ളേരോണത്തെ കുറിച്ചുള്ള കുട്ടിക്കാലത്തെ മനോഹരമായ ഓർമ്മകൾ വനിതയുടെ ഇൻസ്റ്റാഗ്രാം പേജിൽ കമന്റായി പങ്കുവയ്ക്കാം. 

Tags:
  • Social Media Viral