Thursday 30 November 2023 04:01 PM IST

കള്ള് പോഷകാഹാരമാണോ? ഷാപ്പിൽ കയറും മുന്നേയുള്ള കള്ളിനൊപ്പം ഒരു യാത്ര

Vijeesh Gopinath

Senior Sub Editor

toody778 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, സിബു ഭുവനചന്ദ്രൻ

വായിച്ചു തുടങ്ങും മുൻപ്, ആരോഗ്യപരമായ മുന്നറിയിപ്പ്: ഈ ഫീച്ചർ മദ്യപാനത്തെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാനുള്ളതല്ല. മദ്യപാനം ആരോഗ്യത്തിനു ഹാനികരം.

‘ഫിറ്റാകാത്ത കള്ളിനെ’ കാണാനാണ് ആലപ്പുഴയിലെ കൈനകരിയിൽ നിന്നു തോണി കയറിയത്. ഏറ്റത്തിന്റെ സമയമാണ്. വട്ടക്കായലിലെ വെട്ടിമറിയുന്ന ഒാളത്തില്‍ തോണിക്കു ‘കാലുറയ്ക്കുന്നില്ല.’ രണ്ടു കുപ്പി അന്തി മോന്തിയതു പോ ലെ ആടിയാടി  ഒരു പോക്ക്.

ആടുന്ന തോണിയുടെ കയ്യും പിടിച്ചിരിക്കുമ്പോഴാണ് ഇടിവെട്ടി പെയ്ത ട്രോൾ മഴ ഒാർത്തത്. കള്ളു പോഷകാഹാരമാണെന്നു കമ്യൂണിസ്റ്റ് നേതാവ് സഖാവ് ഇ.പി. ജയരാജന്‍ പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ പുകിൽ. എന്നാൽ  സ്കൂളുകളില്‍ ഉച്ചക്കഞ്ഞിക്കു പകരം മൂന്നു നേരവും കള്ള് കൊടുക്കെന്ന പരിഹാസപ്പുളിപ്പ്, സർക്കാരിന്റെ മദ്യത്തിനേക്കാള്‍ ഭേദമെന്നു മറ്റു ചിലർ. ‘നായകൻ’ സിനിമയിൽ കമൽ‌ഹാസനോട് ഒരു കുട്ടി  ചോദിക്കും പോലെ, കള്ളിനോട് ചോദിക്കാം‘നീങ്ക നല്ലവരാ, കെട്ടവരാ?...’

ഒരുവിധത്തിൽ തോണി ഇരുമ്പനം ചിറയ്ക്കരികിലെ മോട്ടോർപുരയ്ക്കരികിൽ ചാരി നിന്നു. കായലിനോട് ഒടുക്കത്തെ പ്രേമം തോന്നിയതു കൊണ്ടാകാം വെള്ളത്തിലേക്കു മുഖം നോക്കി നോക്കി ഈ തെങ്ങുകളൊക്കെയും ‘വളഞ്ഞു’ പോയത്. കായൽക്കാറ്റിന്റെ ഉമ്മകള്‍ തെങ്ങോലകളിൽ രോമാഞ്ചമുണ്ടാക്കുന്നുണ്ട്. മുന്നിൽ കണ്ട തെങ്ങിന്റെ മണ്ടയിലേക്കൊന്നു നോക്കി. അതാ, ഇരിക്കുന്നു മാട്ടം. തെങ്ങിന്റെ തലയ്ക്കു വച്ച ആ തൊപ്പിക്കുള്ളിലേക്കു തുള്ളിതുള്ളിയായി കള്ള് ഇറങ്ങി വരുന്നുണ്ടാകും. എന്തൊരു അദ്ഭുതം ആണിത്.

ഇളനീരും തേങ്ങയും ഒക്കെ കിട്ടുന്ന ഫലവൃക്ഷത്തിന്റെ നെറുകം തലയ്ക്കിട്ടു കൊട്ടിയാൽ അതിനുള്ളിൽ കള്ളു നിറയുമെന്ന ശാസ്ത്രം ആരാണാവോ കണ്ടുപിടിച്ചത്?

ചെത്തുന്നതിന്റെ ഫിസിക്സും കെമിസ്ട്രിയും പറഞ്ഞു തരാന്‍ തോട്ടുവാത്തലയിലെ പ്രതാപൻചേട്ടനും ചങ്ങാതിമാരും എത്തുന്നതു വരെ  മാട്ടത്തെ തഴുകി വരുന്ന കാറ്റും കൊണ്ടിരിക്കാം. ആ കാറ്റിനുമുണ്ട്, കള്ളിന്റെ ഗന്ധം.

ഇണങ്ങുന്ന, പിണങ്ങുന്ന തെങ്ങ്

SUB_7095

പ്രതാപന്‍ചേട്ടന്‍ വന്നു. അരയിൽ കെട്ടിവച്ച കത്തിക്കൂട്. അതിൽ രണ്ടു തരം കത്തികൾ, കൈയിൽ കറുത്ത നിറത്തില്‍ ഊറ്റ് കുടം. ആ വരവു കാണുമ്പോഴേ തെങ്ങ് കള്ളു ചുരത്താൻ തുടങ്ങിയിട്ടുണ്ടാകും. കാൽനൂറ്റാണ്ടോളമായി തെങ്ങും ചേട്ടനും തമ്മിലുള്ള ചങ്ങാത്തം തുടങ്ങിയിട്ട്.

ചെത്താൻ ഉപയോഗിക്കുന്ന ടൂൾസിനെ കുറിച്ചു ചോദിച്ചു തുടങ്ങാമെന്നു കരുതിയപ്പോഴേക്കും പ്രതാപൻ ചേട്ടൻ തെങ്ങിന്റെ മണ്ടയിലെത്തി. മാട്ടം മാറ്റി ഒന്നു കൂടെ ചെത്തി പിന്നെയും  വച്ചു പറന്നിറങ്ങി. എന്നാൽ മാട്ടത്തെക്കുറിച്ചു  ചോദിക്കാമെന്നു കരുതിയപ്പോഴേക്കും അടുത്ത തെങ്ങിലേക്കു പാറി. അവിടെ നിന്നിറങ്ങി ചേട്ടൻ കാര്യം പറഞ്ഞു.

‘‘ഇപ്പോൾ സംസാരിക്കാൻ തുടങ്ങിയാൽ ചെത്താൻ വൈകും. തെങ്ങ് മനുഷ്യനെ പോലെയാണ്. ഇണങ്ങാനും പിണങ്ങാനും അറിയാം. കൃത്യസമയത്തു ചെത്തിയില്ലെങ്കിൽ കള്ളിന്റെ വരവിൽ ആ പിണക്കം ശരിക്കും മനസ്സിലാകും.  വെയിൽ  സമയമല്ലേ കൂമ്പുകൾ അടഞ്ഞു പോകും. മോട്ടോർ പുരയിൽ ഇരുന്നോ. ഞാനങ്ങോട്ടു വരാം.’’

ചെന്നു കയറിയതു രാജുവിന്റെയും ശരത്തിന്റെയും സുരാജിന്റെയും നബീഷിന്റെയും മുന്നിലേക്ക്. രണ്ടു തലമുറയിൽ പെട്ട ചെത്തുതൊഴിലാളികൾ. പിന്നെ കേട്ടത് എവിടെയും എഴുതിവയ്ക്കപ്പെടാത്ത ചെത്തിന്റെ പാഠങ്ങൾ.

കൂട്ടത്തിൽ ഏറ്റവും സീനിയറായ രാജു ആദ്യം ഒരു കൂജ അനുഭവം ഒഴിച്ചു. ‘‘86 മുതൽ ചെത്ത് തുടങ്ങിയതാണ്. അച്ഛനും അമ്മയും മരിച്ചാൽ പോലും ഈ തൊഴിൽ ചെയ്യാതിരിക്കാനാകില്ല. ചെത്തേണ്ട സമയത്തു തെങ്ങിൽ കയറിയിരിക്കണം. അല്ലെങ്കിൽ പകരം ആളെ കണ്ടെത്തണം. അല്ലെങ്കിൽ തെങ്ങിനാണു കേട്.’’

കേട്ടു തുടങ്ങിയപ്പോഴാണു കാര്യങ്ങൾ മനസ്സിലായത്. ഒറ്റവലിക്കു മോന്തിയിട്ടു ചൂണ്ടുവിരൽ കറിപാത്രത്തിൽ മുക്കി നാവിൽ തൊടുന്ന അത്ര എളുപ്പമല്ല ഈ പരിപാടി.

ദിവസം മൂന്നു നേരം ഒരു തെങ്ങിൽ കയറണം. പിന്നെ ഇറങ്ങണം. ചുരുക്കത്തിൽ പത്ത് തെങ്ങു ചെത്തുന്ന ഒരാൾ മുപ്പത് പ്രാവശ്യം കയറണം.  

രാവിലെ ആറു മണിക്കു കയറി മാട്ടത്തിൽ നിറഞ്ഞ കള്ള് ഊറ്റുകുടത്തിൽ നിറയ്ക്കും. പിന്നെ കയ്യിലെ കരുവി കൊണ്ടു താളത്തില്‍ കൂമ്പിന്റെ നാലു വശത്തും തല്ലും. തല്ലെന്നു പറയാനാകില്ല, ഒരുതരം താളപ്പെരുക്കം. ചെത്തുകാരൻ മുട്ടിവിളിക്കുമ്പോൾ വേരുകൾ പോലുമറിയാതെ തെങ്ങിന്റെ ആത്മാവില്‍ കള്ളുണരും. പണ്ടുള്ളവർ കരുവി പോലും ഉപയോഗിക്കാതെ കൈകൊണ്ടു തഴുകിയാണത്രെ കൂമ്പിനെ ഉണര്‍ത്തിയിരുന്നത്.

അതുകഴിഞ്ഞു മൂർച്ചയുള്ള കത്തിയെടുത്തു പപ്പടക്കനത്തിൽ ഒരു ചെത്ത്. പിന്നെ ഒാല വലിച്ചു ചെത്തുമണ്ണ് കൊണ്ട് ഒട്ടിച്ചു മാട്ടത്തിലേക്കു വയ്ക്കും. കൂമ്പിന്റെ ഞരമ്പുകളിലൂടെ വരുന്ന കള്ള് പതുക്കെ മാടത്തിലേക്കു തുള്ളിയിട്ടു തുടങ്ങും.

തീർന്നില്ല, ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞു വീണ്ടുമെത്തും. മാട്ടം എടുത്ത് ഒന്നുകൂടി ചെത്തി പിന്നെയും കമഴ്ത്തും. രാവിലെ വീഴാൻ തുടങ്ങിയ കള്ളിലേക്ക് പിന്നെയും  ചുരത്തി തുടങ്ങും. ആറുമണി കഴിയുമ്പോൾ മാട്ടത്തില്‍ നിറഞ്ഞ കള്ളെടുത്ത് ഊറ്റുകുടത്തിലേക്കു പകരും. ഒന്നുകൂടി െചത്തി ഒാല വലിച്ചു മാട്ടം വയ്ക്കും. നിലാവ് കണ്ടുകണ്ടു രാത്രി മുഴുവൻ മധുരക്കള്ളു ചുരത്തിക്കൊണ്ടേയിരിക്കും തെങ്ങ്.

ചെത്തിന്റെ ‘സ്നേഹശാസ്ത്രം’

_DSC8803

തെങ്ങു ചുരത്തുന്നത് അതിൽ മുട്ടുന്ന ചെത്തുകാരന്റെ സ്നേഹത്തിനനുസരിച്ചാണ്. മാറിച്ചെത്തിയാൽ പതിവു കള്ളു കിട്ടാൻ സാധ്യതയില്ലെന്നാണു  വിശ്വാസം. ആർക്കു വേണമെങ്കിലും ചെത്താം. പക്ഷേ, ഒരിറ്റു കള്ളു പോലും  പുറത്തു പോകാതെ മുഴുവൻ മാട്ടത്തിൽ വീഴ്ത്തുന്നതാണു വിജയം. ഒരു തുള്ളി മണ്ടയിൽ വീണാൽ തെങ്ങിനാണു കേട്.

എങ്ങനെയാണ് ഈ കല പഠിക്കുന്നതെന്നു േചാദിച്ചപ്പോള്‍ കൂട്ടത്തില്‍ ജൂനിയറായ നബീഷ്  പറഞ്ഞു തുടങ്ങി, ‘‘ചെത്ത് എങ്ങനെയാണെന്ന് ഒരിടത്തും എഴുതിവച്ചിട്ടില്ല. വായിച്ചു പഠിക്കാന്‍ പുസ്തകങ്ങളും ഇല്ല. വായ്മൊഴിയായി പറഞ്ഞു കിട്ടുന്നതും തലമുറയായി കൈമാറി കിട്ടുന്നതുമായ അനുഭവങ്ങള്‍ മാത്രം. കാണുമ്പോൾ എളുപ്പമായി തോന്നും. പക്ഷേ, ബുദ്ധിയും മനസ്സും അളവുതെറ്റാതെ കൊണ്ടു പോകേണ്ട ജോലിയാണിത്. ആദ്യം ആശാനെ കണ്ടുപിടിക്കണം. ദക്ഷിണ വച്ച് തുടങ്ങും. പിന്നെ അദ്ദേഹത്തിന്റെ കൂടെ സഹായി ആയി കുറേ നാള്‍ നടക്കും. ചെത്തിയിറക്കുന്ന കള്ള് അളന്നു ഷാപ്പിൽ കൊണ്ടുപോയി കൊടുക്കുന്ന ജോലിയാകും ആദ്യം തരുന്നത്. ഇവൻ പഠിക്കും എന്നാശാനു തോന്നിക്കഴിഞ്ഞാലേ തെങ്ങിനെക്കുറിച്ച് അറിയുന്ന മനസ്സ് തുറന്നു വയ്ക്കൂ.

ഒരു തെങ്ങിന്‍പൂക്കുലയെടുത്തു മുന്നിൽ വച്ച്, തെങ്ങിനു മുകളിലിരുന്നു ചെയ്യേണ്ട കാര്യങ്ങളെല്ലാം താഴെയിരുന്നു പഠിപ്പിച്ചു തുടങ്ങും. പിന്നീട്, കൂമ്പു തല്ലേണ്ടതെങ്ങനെയെന്നു കാണിച്ചു തരും. പിന്നെ, ചെത്തുന്നതും ഒാലവലിച്ചു പശ വച്ച് ഒട്ടിക്കുന്നതും മാട്ടം വയ്ക്കുന്നതും ഒക്കെ പറഞ്ഞു തരും.

എല്ലാം പഠിച്ചെന്നു ബോധ്യമായാൽ തെങ്ങിനു ദക്ഷിണ വച്ചു മുകളിലേക്കു കയറാം. സ്ഥിരം ചെത്തുകാരന് എ ന്തെങ്കിലും തിരക്കു വന്നാൽ പകരം കയറുന്ന ആളായിട്ടാണു തുടക്കം. പിന്നെയും കുറേ നാള്‍ കഴിഞ്ഞേ സ്ഥിരമായി തെങ്ങു കിട്ടുകയുള്ളൂ.’’ നബീഷിനൊപ്പം സുരാജും ശരത്തും ചേർന്നപ്പോൾ  അനുഭവ നുരകൾ പതഞ്ഞു പൊങ്ങി.  

കത്തിക്കൂട്ടിലെ ആയുധങ്ങൾ

ചെത്തു കഴിഞ്ഞു പ്രതാപൻ ചേട്ടനെത്തി. അരയില്‍ െകട്ടിവച്ചിരുന്ന കത്തിക്കൂടെടുത്തു മുന്നില്‍ വച്ചു. കള്ളിന്റെ ‘ടൂൾ ബോക്സ്’ ആണിത്. അതിലെ പ്രധാന ആയുധം എടുത്തു കാണിച്ചു പ്രതാപന്‍ പറഞ്ഞു, ‘ഇതു കരുവി.’

പോത്തിന്റെ കാൽ ആണ് സംഭവം. അങ്ങനെ ഒറ്റവരിയിൽ പറഞ്ഞാൽ കാര്യം തീരില്ല. കാൽ ‘കരുവി’യായി മാറുന്നതിൽ പ്രാർഥനയുടെയും വിശ്വാസത്തിന്റെയും എല്ലാം അംശമുണ്ട്. ഈ എല്ലിനുള്ളിൽ നെയ് ഉരുക്കി നിറയ്ക്കും. അത്രയും വിശ്വാസത്തോടെ ചെയ്യുന്ന കാര്യമാണത്. പണ്ട് ഏഴര വെളുപ്പിനുണർന്ന് നെ‍ഞ്ചൊപ്പം വെള്ളത്തിൽ മുങ്ങികിടന്നാണു നിറച്ചിരുന്നത്. നെയ്യൊഴിച്ച കരുവി കൊണ്ട് ത ല്ലിയെടുക്കുന്ന കള്ളിനു പ്രത്യേക രുചിയാണു പോലും. ചിലയിടത്തു നെയ്യിനൊപ്പം വെറ്റിലനീരും പഞ്ചസാരയും കുരുമുളകും പച്ചനെല്ലുമെല്ലാം നിറയ്ക്കും. കള്ളിന്റെ സ്വാദ് കൂടാനും പതയാനുമാണിത്.

പിന്നെ എടുത്തു കാണിച്ചത് വീതി കൂടിയ കത്തിയാണ്.  ചെത്തു കത്തി എന്നു പേര്. പ്രത്യേകതരം കല്ലുകൾ ഉരച്ച മണൽ ഉപയോഗിച്ചാണു മൂർ‌ച്ച കൂട്ടുന്നത്. ഒപ്പം ഒരു കുഞ്ഞു കത്തിയുമുണ്ട്. അത് ഒാലവെട്ടാൻ ഉപയോഗിക്കും. കത്തിക്കൂടിന്‍റെ അരികിൽ തൂക്കിയിട്ടിരിക്കുന്ന ചെറിയപാത്രത്തിൽ കറുത്ത നിറത്തിൽ കാണുന്നതാണു ചെത്തുമണ്ണ്. പശയുള്ള ചെളിയാണത്. ഒാല പിരിച്ചു വയ്ക്കുമ്പോൾ അകന്നു പോകാതിരിക്കാൻ ഈ മണ്ണു വച്ച് ഒട്ടിക്കും.

‘‘മനുഷ്യനെ പോലെയാണു തെങ്ങും. വെയിലും മഴയും മാറി മാറി വന്നാൽ നമുക്കു പനി പിടിക്കില്ലേ. അതു പോലെ തെങ്ങിനും അസ്വസ്ഥതകൾ ഉണ്ടാകും. കള്ളിന്റെ അളവു കുറയും. മറ്റു പ്രശ്നങ്ങളൊന്നുമില്ലാത്ത തെങ്ങില്‍ നിന്ന് ഒരു ദിവസം ഒന്നര ലീറ്ററെങ്കിലും കള്ള് കിട്ടണം. അതാണു കണക്ക്. കാലം മാറുന്നതിനനുസരിച്ചു തെങ്ങും മാറുന്നുണ്ട്. മണ്ഡരി രോഗം നാട്ടില്‍ പടര്‍ന്നു പിടിക്കും മുൻപു വരെ കള്ളിനു പൂവൻപഴത്തിന്റെ ഗന്ധമായിരുന്നു. ഇപ്പോഴതു  മാറി. കേരളത്തിലെ മറ്റു സ്ഥലങ്ങളിലെ കള്ളു വച്ചു നോക്കിയാൽ കുട്ടനാടൻ കള്ളിനു രുചിയും മധുരവും കൂടുതലാണ്. നാടിന്റെ ഗുണം.

ചെത്തിയിറക്കുന്ന കള്ളിന് ലഹരിയില്ല. ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞാലേ അത് മദ്യമാവൂ. രാവിലെ തെങ്ങില്‍ നിന്നെടുക്കുന്ന കള്ള് മഞ്ഞുകൊണ്ടു തണുത്തിട്ടുണ്ടാകും. ഒരു സർബത്ത് കുടിക്കുന്ന പോലെയാണ് തോന്നുക. പക്ഷേ, അന്തിക്കള്ളിന്റെ അവസ്ഥ അതല്ല.’’

കള്ളിന്റെ കഥ കേട്ടു വീണ്ടും തോണിയിൽ കയറി. വെറുതെയല്ല വട്ടക്കായലിന് ഇത്രയും ഒാളം. തെങ്ങിന്റെ പ്രണയത്തിലേക്ക് കള്ളിന്റെ മധുരവും നിറഞ്ഞാൽ  ഏതു കായലിന്റെ ഹൃദയമാണു തുള്ളാത്തത്. ഇനി പോകേണ്ടത് കേരളത്തിന്റെ കള്ളു സാമ്രാജ്യത്തിലേക്കാണ്. കുട്ടനാട്ടെ കള്ള് ഇവിടെ തന്നെയുള്ള ഷാപ്പിൽ കൊടുക്കാനേ കാണു. പക്ഷേ, പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ നിന്നുള്ളതു കേരളത്തിലെ എല്ലാ ജില്ലകളിലേക്കും. കള്ളൊഴുകുന്ന അന്തിക്ക് രണ്ടടിക്കാൻ ആക്രാന്തം കൂട്ടുന്ന കുടിയന്റെ ധൃതിയിൽ ട്രെയിൻ പാലക്കാടേക്ക് പാഞ്ഞു.

കേരളത്തിന്റെ കള്ളറ

SUB_7504

കൈനകരിയിലെ തെങ്ങുകൾ െെപ്രമറി ക്ലാസിലെ കുട്ടികളെ പോലെയാണ്. തെന്നിയും തെറിച്ചും നിൽക്കുന്നു. ചിറ്റൂരിലെ കഥയതല്ല. അസംബ്ലിയില്‍ അറ്റൻഷനായി നിൽക്കുന്ന പത്താംക്ലാസ്സുകാരെ പോലെ നേരേ നിവര്‍ന്നൊരു നില്‍പ്പ്. ഇത്ര അച്ചടക്കത്തോടെ നിൽക്കുന്ന തെങ്ങിൽ നിന്ന് ഇറങ്ങി പോകുന്ന കള്ളാണോ ഷാപ്പിൽ കിടന്ന് അലമ്പുണ്ടാക്കുന്നതെന്ന് ഒാർത്താൽ അദ്ഭുതം തോന്നും.

ചിറ്റൂർ ആറാം മൈലിലുള്ള മലക്കാട് എത്തി. നാട്ടുറോഡിന് ഇരുവശത്തുമായുള്ള ഈ തെങ്ങിൻ തോപ്പുകൾ ചെത്താനുള്ള കോൺട്രാക്ട്  സന്തോഷാണ് എടുത്തിരിക്കുന്നത്. പല ജില്ലകളിൽ നിന്നുമുള്ള ചെത്തുകാർ ഇവിടെ ജോലി ചെയ്യുന്നു. റോഡരികിലെ മതിലിൽ എഴുതിവച്ചതില്‍ നിന്ന് ഈ തോട്ടത്തിലെ കള്ളു പോകുന്നതു ചേർത്തലയിലേക്കാണെന്നു മനസ്സിലായി.

‘‘മൂന്നു മക്കളെയും നല്ല രീതിയിൽ വിവാഹം ചെയ്തയക്കാനായി. ഒരു മകൾ ബാങ്ക് ഉദ്യോഗസ്ഥയാണ്. അവരെ പഠിപ്പിച്ചതും വളർത്തിയതും എല്ലാം ഈ തൊഴിലിൽ നിന്നു കിട്ടിയ പണം കൊണ്ടാണ്.’’ നാൽപതുവർഷമായി ചെത്ത് തൊഴിലാളിയായ പ്രസന്നന്‍ പറയുന്നു.

‘‘സത്യമുള്ള ജോലിയാണിത്. തെങ്ങും ചെത്തുകാരനും ഒന്നാകുന്ന അവസ്ഥയുണ്ട്. അപ്പോഴെ മാട്ടം നിറയൂ.  എല്ലാ തെങ്ങും ഒരുപോലെ തെളിഞ്ഞു കൊടുക്കില്ല. തെങ്ങിനൊരു മനസ്സുണ്ട്. അതു കണ്ടുകിട്ടണം.’’  മുകളിലേക്കു നോക്കി പ്രസന്നൻ കൈ കൂപ്പി.

വെളുപ്പിന് അഞ്ചു മണി. കുറുനരി എന്ന ഇരട്ടപ്പേരുള്ള കള്ളുവണ്ടി തീക്കണ്ണും മിഴിച്ച് പാഞ്ഞു വന്നു. പ്രസന്നനും മുരളിയും ജയപ്രകാശുമെല്ലാം കള്ള് അളന്നൊഴിച്ചു. ഗൗരവത്തോടെ വണ്ടി ഷാപ്പിലേക്കു പറന്നു.

തെങ്ങിന്റെ പ്രണയ മധുരം  ഇതാ ഇതുവരെയേയുള്ളൂ, ഷാപ്പിലെത്തിക്കഴിഞ്ഞാൽ പാവം കള്ളിനു കാലുറയ്ക്കാതാവും. അത് ഉള്ളിലെത്തിക്കഴിഞ്ഞാൽ....

വട്ടക്കായലിലൂടെ തോണിയില്‍ മടങ്ങിയപ്പോള്‍ മനസ്സിലേക്കു വന്ന ആ ചോദ്യം ചിറ്റൂരിലെ പ്രസന്നേട്ടനോടു ചോദിച്ചു, ‘കള്ള് നല്ലവരാ കെട്ടവരാ...?’

സിനിമയിലെ പോലെ ചിരിച്ച് ചേട്ടൻ പറഞ്ഞു, ‘‘തമ്പീ, അതു ലക്കും ലഗാനുമില്ലാെത കുടിക്കുന്നവരോടു ചോദിക്ക്. ഞങ്ങൾക്കിതു സത്യമുള്ള പാനീയം.’’

SUB_7196

മധുരക്കള്ളും അന്തിക്കള്ളും

പോഷകാഹാരമാണോ കള്ള്? എന്നു ചോദിച്ചാല്‍ ഏതു സമയത്തെ കള്ള് എന്ന മറുചോദ്യം േവണ്ടിവരും. കാരണം തെങ്ങില്‍ നിന്നു ഫ്രഷ് ആയി െചത്തിയിറക്കുന്ന മധുരക്കള്ള് പോഷകങ്ങളുെട കലവറ തന്നെയാണ്. പുളിക്കുന്നതിനു മുൻപായതിനാൽ അതില്‍ ആൽക്കഹോളിന്റെ അളവ് ഒട്ടും തന്നെയില്ല. ആരോഗ്യകരമായ മൃദു പാനീയം എന്നു പറയാം.  

ചെത്തിയിറക്കിയ കള്ളിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വൈറ്റമിൻ സി, സിങ്ക്, മഗ്‌നീഷ്യം, അയൺ, പൊട്ടാസ്യം, വൈറ്റമിൻ B1, B2 എ ന്നീ പോഷകങ്ങളും ധാതുലവണങ്ങളും വൈറ്റമിനുകളും അടങ്ങിയിട്ടുണ്ട്. ആരോഗ്യവും സൗഖ്യവും നിലനിർത്തുന്നതിനും ശരീരകോശങ്ങളുടെ ശരിയായ പ്രവർത്തനത്തിനും  സഹായിക്കുന്ന വൈറ്റമിൻ സി, തയാമിൻ (B1) എന്നിവയാൽ സമൃദ്ധമാണു പുളിച്ചു മദ്യമായി മാറും മുന്നേയുള്ള കള്ള്. ഹൃദയാരോഗ്യത്തിനു വേണ്ട പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദം കുറയ്ക്കുന്നതിനും നല്ലതാണ്.

രാവിലെ തെങ്ങില്‍ നിന്നെടുക്കുന്ന കള്ള് അ ന്തിയാകുന്നതോെട പുളിച്ച്, ആൽക്കഹോൾ നിറയുകയും മദ്യമായി മാറുകയും ചെയ്യും. 100 മില്ലി ക ള്ളിൽ ഏകദേശം 8.7% വരെ ആൽക്കഹോൾ സാന്നിധ്യം ഉണ്ട്. 100 മില്ലി മധുരക്കള്ളിൽ 55 കാലറിയും 15 ഗ്രാം കാർബോഹൈഡ്രേറ്റും ആണുള്ളത്. പുളിക്കുന്നതോെട 100 മില്ലിയിലെ കാലറിയുടെ അളവ്  80 ആയും കാർബോഹൈഡ്രേറ്റ് 19 ആയും ഉയരും. കൂടാതെ അമിത ഉപയോഗവും നല്ല കള്ളിന്റെ ലഭ്യതക്കുറവും കൃത്രിമക്കള്ളും എല്ലാം കൂടി നോക്കുമ്പോൾ ദോഷഫലങ്ങളാണു കൂടുതലായി ഉണ്ടാകാൻ സാധ്യത.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. അനിത മോഹൻ        

മുൻ സ്റ്റേറ്റ് ന്യുട്രീഷ്യൻ ഒാഫിസർ, തിരുവനന്തപുരം.

പലതരം ചെത്തുകൾ

ഒരുപാടു തെങ്ങുകളില്‍ കയറിയിറങ്ങുന്നതിന്‍റെ ആയാസം കുറയ്ക്കാന്‍ ചിറ്റൂരിലെ തോട്ടത്തില്‍ ഒരു വേലയുണ്ട്. അവിടെ തെങ്ങുകൾ തമ്മിൽ കയറുകൾ കെട്ടി ബന്ധിപ്പിച്ചിരിക്കുന്നു. തെങ്ങിന്റെ മണ്ടയ്ക്ക് തൊട്ടു താഴെയായിട്ടാണ് കെട്ടിയിരിക്കുന്നത്.  ഒരു തെങ്ങിൽ കയറിയാൽ അടുത്ത തെങ്ങിലേക്കു കയർ വഴി നടന്നു പോകാം. ചെത്തി കഴിഞ്ഞ് അടുത്ത തെങ്ങിലേക്ക്...   

‌‘‘പരമാവധി പതിനഞ്ചു തെങ്ങിലേ ഒരു സമയത്തു കയറിയിറങ്ങാൻ പറ്റൂ. വലിയ കഠിനാധ്വാനം വേണ്ട ജോലിയാണ്. ഇങ്ങനെ കയറു െകട്ടിയിട്ടുണ്ടെങ്കില്‍ ഒറ്റ തെങ്ങിൽ കയറിയാൽ മതി. കയറില്‍ പിടിച്ച്, കയറിലൂെട നടന്ന് എല്ലാ തെങ്ങുകളിലുമെത്താം. അവസാനത്തെ തെങ്ങിലെ ചെത്തും കഴിഞ്ഞ് ഒറ്റ ഇറക്കം മതി.’’ ചിറ്റൂരിലെ ദിനേശന്‍ കാര്യങ്ങള്‍ വിശദമാക്കി.

തെങ്ങു ചെത്താന്‍ രണ്ടു രീതികളുണ്ട്. ചെളിച്ചെത്തും പാണ്ടിച്ചെത്തും. പാണ്ടിച്ചെത്തിൽ കരുവിക്കു പകരം മരത്തിന്റെ കുറ്റിയാണ് ഉപയോഗിക്കുക. ചെത്തുകത്തിയ്ക്കു പകരം അരിവാളിന്റെ രൂപത്തിലുള്ള കത്തി. പന ചെത്താന്‍ ഉപയോഗിക്കുന്നത് ഇതു രണ്ടുമല്ലാത്ത മറ്റൊരു രീതിയാണ്. എടുത്താലും വീണ്ടും നിറയുകയാണ്, കള്ളുകഥയുടെ മാട്ടം.