Wednesday 25 October 2023 12:19 PM IST

‘ഉമേ, നീ മരിച്ചു കഴിഞ്ഞേ ഞാൻ മരിക്കൂ... എനിക്കു നിന്നെ നോക്കണം, വേറെ ആരു നോക്കിയാലും ശരിയാകില്ല’

Tency Jacob

Sub Editor

pt-thomas

ഇന്ന് അതിരാവിലെയും ഞാൻ ഞെട്ടിയെഴുന്നേറ്റു. ‘അയ്യോ, അപ്പായ്ക്ക് മരുന്നു കൊടുക്കാൻ മറന്നു പോയെന്നു’ പറഞ്ഞു മരുന്നെടുക്കാന്‍ ചാടിയിറങ്ങുന്നതു കണ്ടു മക്കൾ അമ്പരന്നു. അവര്‍ തട്ടിവിളിച്ചപ്പോഴാണ് എനിക്കു ബോധം വീണത്, ‘ഈശ്വരാ... മരുന്നു കൊടുക്കേണ്ടയാള്‍ ഇപ്പോള്‍ ഞങ്ങളുെട കൂടെയില്ലല്ലോ. തൊട്ടനുഭവിച്ചിട്ടും പോയെന്ന് എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല...’’

കരച്ചിൽ വന്നു വാക്കുകളെ തൊട്ട നിമിഷം, പി.ടി.തോമസിന്റെ ഭാര്യ ഉമയുടെ ചുണ്ടുകൾ വിറച്ചു. വിതുമ്പലോെട അവര്‍ പറഞ്ഞു, ‘‘നിലച്ചത് എന്റെ ശ്വാസമാണ്.’’

‘നിലപാടെന്നൊരു വാക്കുണ്ടെങ്കില്‍, ആ വാക്കിനു പേ ര് പി.ടി. തോമസ്’ എന്ന് അണികൾ മുദ്രാവാക്യം വിളിച്ചു െകാണ്ടിരുന്നപ്പോള്‍, ‘െകാതിതീരും വരെ ഇവിെട ജീവിച്ചു മരിച്ചവരുണ്ടോ...’ എന്ന ഗാനം ഏവരുെടയും കണ്ണുകളെ നനയിച്ച് അലയടിച്ചു െകാണ്ടിരുന്നപ്പോള്‍ യാത്രയായ ജനനേതാവ്.

െകാച്ചി, പാലാരിവട്ടത്തുള്ള പുതിയാപ്പറമ്പ് വീടിെന്‍റ ഒാഫിസ് മുറിയില്‍ പി.ടി. തോമസിന്റെ ചിതാഭസ്മം നാലു കലശങ്ങളിലാക്കി സൂക്ഷിച്ചിട്ടുണ്ട്. പി.ടിയുടെ അമ്മയുടെ കല്ലറയിലും തിരുനെല്ലിയിലും ത്രിവേണിയിലും ഗംഗയിലും ഒഴുകിച്ചേരാനായി. നിലവിളക്കിലെ ഒറ്റത്തിരിക്കു മുന്നിലെ ഫോട്ടോയ്ക്കുള്ളിലിരുന്നു ചെറുപുഞ്ചിരിയോടെ പി.ടി. എല്ലാവരെയും ഉറ്റുനോക്കി.

‘‘കാലിൽ നീരു വരുന്നതായിരുന്നു തുടക്കം. കിടന്നു ക ഴിയുമ്പോൾ അതു മാറുകയും ചെയ്യും.’’ കഴിഞ്ഞുപോയ നാളുകളുെട ഓർമയിൽ ഉമ പറഞ്ഞു തുടങ്ങി. ‘‘രാത്രി പകലെന്നെന്നില്ലാതെ നിർത്താതെ യാത്രകളാണല്ലോ. അതു കൊണ്ടാണെന്നു കരുതി പി.ടി. അവഗണിച്ചു.

പിന്നീടു ഭക്ഷണം കഴിക്കാതായി തുടങ്ങി. നിയമസഭാ ജീവനക്കാരനായിരുന്ന രഞ്ജിത്തിന്റെ അമ്മയാണ് അസംബ്ലി നടക്കുമ്പോൾ പി.ടിക്ക് ഭക്ഷണം കൊടുത്തുവി ട്ടിരുന്നത്. ‘എന്തൊരു രുചിയാണ്’ എന്ന് എപ്പോഴും പറയും. പക്ഷേ, ഒക്ടോബറിൽ അസംബ്ലി തുടങ്ങിയപ്പോൾ ‘എ ന്തോ, എനിക്ക് ഭക്ഷണമൊന്നും കഴിക്കാൻ പറ്റുന്നില്ല’ എ ന്നു വിഷമം പറഞ്ഞിരുന്നു. വീട്ടിൽ ഇഷ്ടഭക്ഷണം പുട്ടു കൊടുക്കുമ്പോഴും കഴിക്കുന്നില്ല. എന്തോ ഒരു പ്രശ്നമുണ്ടെന്ന് തോന്നിത്തുടങ്ങിയത് അപ്പോഴാണ്.

എനിക്ക് ആസ്റ്റർ മെ‍ഡിസിറ്റിയിലാണു ജോലി. പി.ടിയെ നിർബന്ധിച്ച് അവിടെ െകാണ്ടുേപായി സിടി സ്കാൻ എടുത്തു. അതിലെന്തോ ചെറിയ സംശയം തോന്നി അഡ്മിറ്റാക്കി. നാലു വര്‍ഷം മുന്‍പ് പി.ടിക്ക് കാൻസറിന്റെ ചെറിയൊരു സർജറി നടന്നിരുന്നു. അന്നു മുതൽ കൃത്യമായ ചെക്കപ്പും നടത്താറുണ്ട്. പി.ടിയുടെ കാര്യം ആയതുകൊണ്ടു ഞാനാകെ പരിഭ്രമിച്ചു. ചോദ്യങ്ങള്‍ വല്ലതും വിട്ടുപോകുമോ എന്നോര്‍ത്ത് കൂട്ടുകാരെയും കൂട്ടിയാണ് ഞാൻ ഡോക്ടർമാരെ കാണാൻ പോയത്. കുടലിൽ ഒരു ഫൈബ്രോയിഡ് ഉണ്ടെന്നു േഡാക്ടര്‍ അറിയിച്ചു. കുറച്ചു വിഷമം പിടിച്ചതായതു കൊണ്ടു അവർക്ക് ബയോപ്സി ചെയ്യാൻ ഒരു ഭയപ്പാടുള്ളതു പോലെ തോന്നി.

ആദ്യം മുംബൈ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലേക്കാണു േപായത്. അവിെട കാര്യങ്ങൾ നടക്കാതെ വന്നപ്പോൾ വെല്ലൂർ സിഎംസി മെഡിക്കൽ കോളജിലേക്കു പോയി. ബയോപ്സിയുടെ ഫലം കാത്തിരിക്കുന്നതിനിടയിലായിരുന്നു പി.ടിയുടെ ചേട്ടൻ മരിക്കുന്നത്. അതിന്റെ കർമങ്ങൾക്കായി ഞങ്ങൾ ഇടുക്കിയിലേക്കു പോയി.

pt-thomas-fam

സന്തോഷത്തിന്റെ ദിനങ്ങൾക്കൊടുവിൽ

പെട്ടെന്നു പടരുന്ന ഒരു തരം കാൻസറായിരുന്നു പി.ടിയെ ബാധിച്ചത്. വെല്ലൂരിലെ ഓങ്കോളജി ഡോക്ടർ രാജു ടൈറ്റസും അദ്ദേഹത്തിന്റെ ജൂനിയേഴ്സും വളരെ നന്നായാണ് നോക്കിയത്. പി.ടിയെ ബാധിച്ച കാൻസറിനു തന്നെ പല വിഭാഗങ്ങളുണ്ട്. അതിലൊന്നിനു പൂർണമായും ഭേദപ്പെടുത്താവുന്ന രീതിയിൽ വിദേശത്തു മരുന്നു കണ്ടുപിടിച്ചിരുന്നു. പി.ടിയെ ബാധിച്ചിരിക്കുന്നതും ആ വകേഭദം തന്നെയാണെന്നറിഞ്ഞപ്പോള്‍ ഇളയമകൻ വിവേക് അപ്പായെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു പറഞ്ഞു, ‘എനിക്കു പടക്കം പൊട്ടിക്കാൻ തോന്നുന്നു.’

‘എന്താടാ’ എന്നു ചോദിച്ച് പി.ടി. ചിരിച്ചു. അവന്‍ പറഞ്ഞു, ‘ദേ, ദൈവം നമ്മുടെ കൂടെ വന്നിട്ടുണ്ട്. ഇനി അപ്പായും കൂടി പരിശ്രമിച്ചാൽ മതി.’

കെ.സി. ജോസഫിന്റെ നേതൃത്വത്തിൽ ഒരു ടീമായിട്ടാണ് കോൺഗ്രസുകാർ പി.ടിക്കു വേണ്ടി നിലകൊണ്ടത്. വിദേശത്തു നിന്നു മരുന്നു വരുത്താനെല്ലാം പെട്ടെന്നു കഴിഞ്ഞു. മരിക്കുന്നതിന്റെ തലേന്ന് പി.ടിക്ക് ശ്വാസതടസ്സമുണ്ടായി. ഡോക്ടർ വന്നപ്പോഴും ചോദിച്ചു, ‘എന്തോ, ആ കെ ക്ഷീണം പോലെയുണ്ടല്ലോ’

എനിക്കാകെ പേടിയായി. ആശുപത്രിയിലെ ചാപ്പലിൽ പോയി പ്രാർഥനാ സഹായം ആവശ്യപ്പെടുന്ന പുസ്തകത്തിൽ എഴുതിയിട്ടു. മക്കളെല്ലാം അപ്പായ്ക്കു വേണ്ടി ഇടയ്ക്കിടെ അവിടെ എഴുതിയിടുമ്പോഴും ഞാൻ മാറി നില്‍ക്കാറായിരുന്നു പതിവ്. ഡിസ്ചാർജായി പോകുമ്പോൾ പി.ടിയുമൊത്തു നന്ദി പറഞ്ഞ് ഞാൻ എഴുതിക്കൊള്ളാം എന്നു ദൈവത്തിനു വാക്കു കൊടുത്തിരുന്നു. ചാപ്പലില്‍ കണ്ണടച്ചു നിന്നു ഞാന്‍ പ്രാർഥിച്ചു, ‘എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണേ... എനിക്കു തിരികെ തരണേ...’

pt-thomas-nostalgia

ആ സമയത്ത് ഡോക്ടറുടെ ഫോൺ വന്നു.‘പേടിക്കാനൊന്നുമില്ല. ഇന്ന് ഐസിയുവിൽ തന്നെ കിടക്കട്ടെ.’

രാത്രി പതിനൊന്നരയായപ്പോൾ വീണ്ടും നില വഷളായി തുടങ്ങി. ഞാനും ഇളയമകൻ വിവേകും അദ്ദേഹത്തെ വിളിച്ചു കൊണ്ടിരുന്നു. മയക്കത്തിൽ പോകുമ്പോഴും പി.ടി വിളി കേൾക്കുകയും ചെയ്തിരുന്നു. രാവിലെ മൂത്ത മകൻ വിഷ്ണു എത്തി. അവൻ വിളിച്ചപ്പോൾ കണ്ണുകൾ തുറക്കാനൊരു ശ്രമം നടത്തി. വെന്റിലേറ്ററിലേക്കു മാറ്റണോ എന്നു ഡോക്ടർമാർ ചോദിച്ചിരുന്നു. പി.ടി. അതൊരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. പി.ടിയെ വേദനിപ്പിക്കാൻ എനിക്കും പറ്റില്ലായിരുന്നു. മരണമെത്തുന്നതു വരെയും തിരിച്ചുവരും എന്നു തന്നെയാണ് ഞാൻ കരുതിയത്.’’ കരച്ചിലില്‍ പിടഞ്ഞു തുടങ്ങുകയാണ് ഉമ.

uma-thomas-pt

ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം

പി.ടിവക്കീലാണെന്നുള്ള ബോധ്യമായിരുന്നു ജീവിതത്തിന്റെ തുടക്കത്തിൽ. കുറച്ചുനാൾ കഴിഞ്ഞപ്പോൾ മനസ്സിലായി രാഷ്ട്രീയമല്ലാതെ പി.ടിക്ക് ഒന്നും മനസ്സുറപ്പിച്ചു ചെയ്യാനാകില്ല എന്ന്. ഞാൻ ജോലിക്കു പോകാനുറച്ചു. മൂത്തമകനു മൂന്നുവയസ്സാകുന്നതു വരെ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു.

നിലപാടുകളുടെ പേരിൽ ഒറ്റപ്പെടുന്നതു കാണുമ്പോ ൾ എനിക്കു സങ്കടം തോന്നും. ഞാനതു ചോദിക്കുമ്പോള്‍ എന്നെ സമാധാനിപ്പിക്കും, ‘എനിക്കത് പറയാതിരിക്കാൻ വയ്യ.’ കത്തോലിക്കാസഭയോട് പ്രത്യേകിച്ചൊരു ദേഷ്യവുമില്ലായിരുന്നു. ചില പുരോഹിതർ ഗാഡ്ഗിൽകരാറിന്റെ പേരിൽ പി.ടിയെ എതിർത്തെങ്കിലും എത്രയോ അച്ചൻമാരുമായി പി.ടിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. പളളിക്കാര്യങ്ങളിലൊന്നും വലിയ താൽപര്യമില്ലായിരുന്നു. ചാച്ചന്റെയും അമ്മയുടെയും ഓർമ ദിവസം മാത്രമാണ് പള്ളിയിൽ പോയിരുന്നത്. പി.ടിക്ക് പ്രശ്നങ്ങളോടായിരുന്നു എതിർപ്പ്, വ്യക്തികളോടല്ല.

‘ഉമേ, നീ മരിച്ചു കഴിഞ്ഞേ ഞാൻ മരിക്കൂ. എനിക്കു നിന്നെ നോക്കണം. വേറെ ആരു നിന്നെ നോക്കിയാലും എനിക്കു തൃപ്തിയാകില്ല.’ എന്ന് എപ്പോഴും പറയുമായിരുന്നു. പി.ടിക്ക് അസുഖം കൂടിയപ്പോൾ ഞാൻ ചോദിച്ചു, ‘എന്നെ നോക്കാമെന്നു വാക്കു തന്നിട്ട് ഇപ്പോഴെന്താ ഇങ്ങനെ ചെയ്യുന്നത്....?’ ഇമകൾ പിടഞ്ഞതല്ലാതെ പി.ടി. ഒന്നും പറഞ്ഞതില്ല.

വനിത 2022ൽ പ്രസിദ്ധീകരിച്ച ലേഖനം

ഫോട്ടോ: ബേസിൽ പൗലോ