ഉമ്മച്ചൻ ഇപ്പോഴും ഓർക്കുന്നു, 25 വർഷം മുൻപു നടന്ന ആ അപകടത്തെക്കുറിച്ച്!
Mail This Article
25 വർഷം മുൻപു നടന്ന ആ അപകടത്തെപ്പറ്റി ഇപ്പോഴും ഓർമയുണ്ട് കെഎസ്ആർടിസി ഡ്രൈവറായ ഉമ്മച്ചന്. അതിനു കാരണമുണ്ട്. ഉമ്മച്ചൻ ഓടിച്ചിരുന്ന ബസിൽ വന്നിടിച്ചത് മലയാളത്തിന്റെ മുഖശ്രീ ആയിരുന്ന മോനിഷയാണ്. വെള്ളിത്തിരയിലെ ആ സുന്ദര മുഖം ഇപ്പോഴും അദ്ദേഹത്തിന്റെ ഓർമകളിലുണ്ട്. അറിഞ്ഞു കൊണ്ടല്ല എങ്കിലും താനും അതിന് ഉത്തരവാദി ആയതിന്റെ വേദനയാണ് ഇപ്പോൾ 70 വയസുകാരനായ ഉമ്മച്ചന്. ഒപ്പം ഒരു ഉറപ്പുമുണ്ട്, ഇനി ഈ ജന്മം ആ സങ്കടം മാറില്ല.
വണ്ടി ദേശീയപാതയിലേയ്ക്കു കയറുമ്പോള്‍ മോനിഷ സഞ്ചരിച്ച കാര്‍ വലിയ ശബ്ദത്തോടെ തിരിഞ്ഞു മറിയുകയായിരുന്നു. പിന്നീട് ബസിന്റെ പിന്‍ചക്രങ്ങള്‍ക്കു തൊട്ടു പിന്നില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഉലഞ്ഞ ബസിന്റെ ഡ്രൈവിങ്ങ് സീറ്റില്‍ നിന്നു ഉമ്മച്ചൻ തെറിച്ചു പോയി. നിയന്ത്രണം വിട്ട ബസ് റോഡുവക്കില്‍ നിന്നു താഴേയ്ക്കു പോകും മുമ്പ് സ്റ്റിയറിങ്ങ് കൈക്കലാക്കി ബസ് നിയന്ത്രിക്കാന്‍ കഴിഞ്ഞു. അപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു.
രാവിലെ ആദ്യ ട്രിപ്പ് ആയതിനാല്‍ കണ്ടക്ടര്‍ കൂടാതെ രണ്ടു യാത്രക്കാര്‍ മാത്രമായിരുന്നു ബസില്‍. അപകടത്തിനു ശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണു മരിച്ചതു മോനിഷയാണ് എന്നു തിരിച്ചറിഞ്ഞത്. സംഭവസമയം അമ്മ ശ്രീദേവി ഉണ്ണിയുടെ മടിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന മോനിഷ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. സംഭവത്തില്‍ ഡ്രൈവര്‍ ഉമ്മച്ചനെതിരെ കേസ് എടുത്തു എങ്കിലും പിന്നീട് ഒഴിവാക്കി.