ബോംബെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിൽ ഹവിൽദാറായിരുന്നു ദാവൂദിന്റെ അച്ഛൻ ഇബ്രാഹിം കസ്കർ. പൊലീസ് കോൺസ്റ്റബിളിന്റെ പദവിയാണ് സിഐഡി വിഭാഗത്തിൽ ഹവിൽദാറിന്. ആശ്ചര്യമെന്നു പറയട്ടെ, പൊലീസിന്റെ ശത്രുക്കളുടെ വിജയത്തിലാണ് ഹവിൽദാറുടെ മകൻ ഹരം കണ്ടെത്തിയത്. അവൻ ചേരിയുടെ പിന്നാമ്പുറങ്ങളിൽ കൈക്കരുത്തു കാട്ടിയവരുടെ കാൽപാടു പിൻതുടർന്നു. അടിപിടിയിലൂടെയും പെറ്റി കേസുകളിലൂടെയും കുപ്രസിദ്ധനായി.
ഹാജി മസ്താൻ, കരിംലാല, വരദരാജ മുതലിയാർ ത്രയം അധോലോകം ഭരിച്ചിരുന്ന കാലത്തായിരുന്നു ദാവൂദിന്റെ രംഗപ്രവേശം. പക്ഷേ, അയാൾ ചെന്നെത്തിയത് അന്നത്തെ മറ്റു രണ്ടു ഗ്യാങ്സ്റ്റർമാരുടെ മടയിലാണ്. ആമിർസാദാ പഠാൻ, ആലം സേബ് പഠാൻ എന്നിവരുടെ സംഘത്തിൽ. പിന്നീട് ‘പഠാൻ സഹോദരന്മാരുടെ’ നിർദേശപ്രകാരം കരിംലാലാ ഗ്രൂപ്പിൽ ചേർന്നെങ്കിലും വെറും രണ്ടു മാസമേ അവിടെ നിന്നുള്ളൂ. ‘സ്വാതന്ത്ര്യം പ്രഖ്യാപിച്ച’ ദാവൂദ് ഒറ്റയ്ക്ക് ബിസിനസ് തുടങ്ങി. മസ്താൻ, ലാല, മുതലിയാർ ത്രയത്തിൽ നിന്നു വ്യത്യസ്തമായിരുന്നു ദാവൂദിന്റെ പ്രവർത്തനം. തട്ടിക്കൊണ്ടുപോകൽ, വാടകക്കൊല, പണപ്പിരിവ്... അങ്ങനെയനങ്ങനെ. സ്വർണം, ഡയമണ്ട് കള്ളക്കടത്ത് ആരംഭിച്ചതോടെ സാമ്രാജ്യത്തിന്റെ അധിപനായി. ഗോൾഡ് മാൻ, ഡോക്ടർ എന്നീ പേരുകളിൽ അറിയപ്പെട്ടു.
മുംബൈ അധോലോകം ഭരിക്കുന്ന ഡോക്ടർ! അയാളെ അന്വേഷിച്ച് വന്നവരെയെല്ലാം പിന്നെ കണ്ടത് ചരമ കോളത്തിൽ
ദാവൂദിന്റെ സഹോദരൻ ഷബീർ വെടിയേറ്റു മരിച്ചതിന്റെ പിറ്റേന്ന് പഠാൻ സഹോദരന്മാരിൽ മൂത്തയാൾ, ആമിർസാദാ കൊല്ലപ്പെട്ടു. സഹോദരന്റെ കൊലയ്ക്കു പ്രതികാരമായി സ്വന്തം ഗുരുക്കന്മാരിൽ ഒരാളുടെ വധശിക്ഷ ദാവൂദ് നടപ്പാക്കുകയായിരുന്നു. കൃത്യത്തിനു ശേഷം ദുബായിയിലേക്കു പറന്നു. അയാളുടെ ജീവിതത്തിലെ ആദ്യത്തെ പ്രവാസം.
ബോംബെയിലെ കാര്യങ്ങളുടെ നിയന്ത്രണം ഛോട്ടാ ഷക്കീലിനെ എൽപിച്ചാണ് ദാവൂദ് ദുബായിയിലേക്കു കടന്നത്. ‘ഡോക്ടറുടെ’ അസാന്നിധ്യത്തിൽ ‘ഓപ്പറേഷനുകൾ’ വിജയിപ്പിക്കാൻ ഷക്കീൽ ഉത്തർപ്രദേശിൽ നിന്നു ഗൂണ്ടകളെ ഇറക്കി. അധികാര പരിധി പത്തായി തിരിച്ചു. അവയുടെ മേൽനോട്ടം ലോക്കൽ ഗ്യാങ്ങുകളെ ഏൽപിച്ചു. ഷക്കീലിന്റെ കണക്കു കൂട്ടൽ തെറ്റിച്ച് ലോക്കൽ സംഘങ്ങൾ തന്നിഷ്ടപ്രകാരം പ്രവർത്തനം തുടങ്ങി. ദുബായിയിൽ നിന്നോ ഛോട്ടയിൽ നിന്നോ ഉത്തരവില്ലാതെ അവർ പണപ്പിരിവു നടത്തി. ദാരിദ്രരെന്നോ സമ്പന്നരെന്നോ വ്യത്യാസമില്ലാതെ ആളുകൾ ആക്രമിക്കപ്പെട്ടു.
സ്വർണക്കടത്തിന് മുൻപ് ഫണ്ട് സോഴ്സ് ചൂതാട്ടവും ഡാൻസ് ബാറും: മസ്താൻ, കരിം ലാല, മുതലിയാർ; അധോലോകത്തെ ആദ്യ രാജാക്കന്മാർ
അതേസമയം, ദുബായിൽ ദാവൂദിനെ സ്വീകരിക്കാനും സഹായിക്കാനും പലരും മത്സരിച്ചു. ഇന്ത്യൻ സിനിമയുടെ ഇന്റർനാഷനൽ ഫോക്കസ് അവിടെ വച്ചാണ് ദാവൂദ് മനസ്സിലാക്കിയത്. പണ്ട് ഹാജി മസ്താൻ തുറന്നിട്ട പാതയിലൂടെ അയാൾ നടന്നു. അബു സലിം, അനീസ് ഇബ്രാഹിം എന്നിവരുടെ സഹായത്തോടെ ബോളിവുഡിൽ സ്വാധീനം ചെലുത്തി. സഞ്ജയ് ദത്ത്, മന്ദാകിനി, മോണിക്ക ബേദി തുടങ്ങിയവർ ഡി കമ്പനിയുടെ വലയിൽ കുരുങ്ങി. കേസുകളിൽ അകപ്പെട്ടു. ദുബായിൽ നിന്നുള്ള ക്ഷണം നിരസിച്ച നടീനടന്മാർക്ക് സിനിമയിൽ അവസരം നഷ്ടപ്പെട്ടു. കോൾ ഷീറ്റുകൾ കീറിയെറിയപ്പെട്ടു. ആര് നായകനാവണം, ഏതു സിനിമ ആദ്യം റിലീസാവണം, എവിടെ ഷൂട്ട് ചെയ്യണം തുടങ്ങിയ കാര്യങ്ങളുടെ തീരുമാനത്തിനായി നിർമാതാക്കൾക്ക് ദുബായ് കോൾ കാത്തു നിൽക്കേണ്ടി വന്നു. പലപ്പോഴും കഥയുടെ പ്രമേയം പോലും അധോലോകത്തിന്റെ താൽപര്യത്തിനൊത്തു മാറിമറിഞ്ഞു. അധോലോക പ്രവർത്തനങ്ങൾ സിനിമകളിൽ മഹത്വവൽകരിക്കപ്പെട്ടു. കള്ളക്കടത്തു നടത്തി ഗ്യാങ്സ്റ്ററായി മാറുന്ന ആൻഡി ഹീറോ വേഷങ്ങൾ സൂപ്പർഹിറ്റായി.
ഇതിനിടെ ക്രിക്കറ്റിന്റെ പിന്നാമ്പുറത്തു വാതുവയ്പ്പുകൾക്കും ദാവൂദ് കളമൊരുക്കി. ഒത്തുകളിക്കു വേണ്ടി കോടികൾ എറിഞ്ഞു. അക്കാലത്തെ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളേറെയും ദാവൂദിന്റെ സുഹൃത്തുക്കളായിരുന്നു. മുൻ പാക് ക്രിക്കറ്റ് ക്യാപ്റ്റൻ ജാവേദ് മിയാൻ ദാദിന്റെ മകൻ വിവാഹം കഴിച്ചത് ദാവൂദിന്റെ മകളെയാണെന്നു റിപ്പോർട്ടുണ്ടായിരുന്നു.
(അടുത്ത ദിവസം: ദാവൂദിന്റെ ഇടംവലം നിന്നിരുന്ന ഛോട്ടാ രാജനും ഛോട്ടാ ഷക്കീലും നേർക്കുനേർ. മുംബൈ സ്ഫോടനം, ദാവൂദ് പാക്കിസ്ഥാനിലേക്ക്)