ആയിരം വർഷം അദ്ഭുതങ്ങൾ പ്രദക്ഷിണം നടത്തിയ ഒരു ദേശത്തിന്റെ കഥയാണിത്. കടലിലെ തിരമാല പോലെ ഐതിഹ്യങ്ങൾ വലംവയ്ക്കുന്ന ഒരു നാടിന്റെ കഥ. വിശ്വാസത്തിന്റെ അൾത്താരയിൽ മുട്ടുകുത്തി ഒന്നു തിരിഞ്ഞു നോക്കിയാൽ കാലത്തിന്റെ തിരശീലയിൽ ചിത്രങ്ങൾ തെളിയുകയായി. വിശുദ്ധ സെബസ്ത്യനോസിനു മുന്നിൽ നിറമിഴികളുമായി ഒരു ഭക്ത. വൃക്ഷത്തിൽ നിന്ന് അവർ അഴിച്ചു മാറ്റിയ സെബസ്ത്യനോസിന്റെ ശരീരത്തിൽ ഇപ്പോൾ മുറിപ്പാടുകൾ കാണാനില്ല. പാപമോചനം തേടി അലമുറയിട്ടു നിലവിളിക്കുകയാണ് ഡയക്ലീഷ്യൻ ചക്രവർത്തി. ഗബ്രിയേൽ മാലാഖ തെളിച്ച വഴിയിലൂടെ ഈ സമയത്ത് പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്കൊരു പായ്ക്കപ്പൽ നീങ്ങിക്കൊണ്ടിരുന്നു. അറബിക്കടലിന്റെ തീരമണഞ്ഞപ്പോൾ ആ കപ്പലിനുള്ളിലെ വിശുദ്ധന്റെ രൂപം വടക്കു കിഴക്കായി നിലകൊണ്ടു. മദ്ബഹായുടെ കമാനഗോപുരത്തിൽ പ്രവേശിച്ചപ്പോൾ തിരുരൂപം ദിവ്യനക്ഷത്രത്തിന്റെ ശോഭയിൽ തിളങ്ങി. അദ്ഭുതം കണ്ടു വണങ്ങാൻ കാഞ്ഞൂർ വാസികളെല്ലാം ആനവാതിലിനു മുന്നിൽ ഒത്തുകൂടി. ഈ നാട്ടിലും മറുദേശങ്ങളിലും കഥ പരന്നു. ഐതിഹ്യ പെരുമയുടെ നാൾവഴികളിൽ കാഞ്ഞൂർ പള്ളി അദ്ഭുതങ്ങളുടെ ദേവാലയമായി.
അദ്ഭുതങ്ങളുടെ അൾത്താര
ആയിരം വർഷങ്ങളുടെ ചരിത്രം വട്ടെഴുത്തു ലിപിയിൽ ആലേഖനം ചെയ്ത കാഞ്ഞൂർ പള്ളി വിശ്വാസികൾക്ക് ആശ്രയവും സഞ്ചാരികൾക്ക് കൗതുകവുമാണ്. ജനുവരി 19, 20 തീയതികളിൽ വീണ്ടുമൊരു തിരുനാളിന് അലങ്കാരമണിയുമ്പോൾ അൾത്താരയും ആനവിളക്കും കാണാൻ ആയിരങ്ങളെത്തും.
അങ്കമാലിക്കടുത്തു കാഞ്ഞൂരിലുള്ളത് സെന്റ് മേരീസ് ദേവാലയമാണ്. അതേസമയം വിശുദ്ധ സെബസ്ത്യനോസിന്റെ തീർഥാടന കേന്ദ്രവുമാണ്. വിശ്വാസത്തിന്റെ പാതയിൽ വരുന്നവർക്കും സന്ദർശകർക്കും ഈ പള്ളി കാഴ്ചയുടെ കേദാരമാകുന്നു. പേർഷ്യൻ ശൈലിയും ഭാരതീയ വാസ്തുവിദ്യയും ഒത്തു ചേരുന്ന മദ്ബഹാ മുതൽ ആനവിളക്കു വരെ കാഞ്ഞൂർ പള്ളിയിൽ ചരിത്രക്കാഴ്ചകളുടെ നിര തന്നെയുണ്ട്.
പള്ളിയുടെ ഉൾഭാഗത്ത് മധ്യത്തിലായി ഭിത്തിയോടു ചേർത്തു നിർമിച്ചിട്ടുള്ള പ്രസംഗപീഠം പുരാതന ദൃശ്യമാണ്. വൈദ്യുതിയും മൈക്കും എത്തുന്നതിനു മുൻപ് പുരോഹിതർ വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്ന പീഠത്തിലെ കൊത്തു പണികൾ അതിമനോഹരം. ആനയും പൂക്കളും മേലാപ്പുമെല്ലാം അപൂർവ കൊത്തുവേലകളായി നിലനിൽക്കുന്നു.
കാഞ്ഞൂർ പള്ളിയിലെ മദ്ബഹാ ചുവർ ചിത്രങ്ങളാൽ അലംകൃതമാണ്. ഉണ്ണിയേശുവിനെ ദേവാലയത്തിൽ കാഴ്ച വയ്ക്കുന്നത്, ഗബ്രിയേൽ മാലാഖ മാതാവിനെ മംഗള വാർത്ത അറിയിക്കുന്നത്, അന്ത്യ അത്താഴം തുടങ്ങിയ മുഹൂർത്തങ്ങൾ ജീവൻ തുളുമ്പുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു. ഇലച്ചാറും തങ്കഭസ്മവും ചെങ്കൽപ്പൊടിയും ചേർത്തു വരച്ചതിനാലാണ് നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ചുവർ ചിത്രങ്ങൾക്കു മങ്ങൽ ഏൽക്കാത്തതെന്നു പറയപ്പെടുന്നു. ഒറ്റക്കല്ലിൽ നിർമിച്ച മാമോദീസ തൊട്ടി, കരിങ്കൽ തൂണുകൾ, കൊത്തുപണികളോടുകൂടിയ മേൽക്കൂര തുടങ്ങിയവയാണ് പള്ളിയുടെ ഉൾഭാഗത്തെ മറ്റു കൗതുകങ്ങൾ. അൾത്താരയിലും മദ്ബഹയിലും സ്ഥാപിച്ചിട്ടുള്ള അലങ്കാര വിളക്കുകൾ ദേവാലയത്തിന്റെ പ്രൗഢി ഉയർത്തുന്നു.
പന്തീരടി ഉയരമുള്ള പള്ളിയുടെ പ്രധാന വാതിൽ ആനവാതിൽ എന്നാണ് അറിയപ്പെടുന്നത്. തിരുവിതാംകൂർ ആക്രമിക്കാനെത്തിയ ടിപ്പു സുൽത്താന്റെ സൈന്യവും അവരെ എതിർക്കുന്ന പീരങ്കിപ്പടയും വാതിലിന്റെ ഇരുവശത്തും ചിത്രങ്ങളായി നിറഞ്ഞു നിൽക്കുന്നു. ‘‘ചുവർ ചിത്രങ്ങൾ ഉൾപ്പെടെ പള്ളിയിലെ ഓരോന്നിനും വിശ്വാസികളുടെ ഹൃദയത്തിലാണ് സ്ഥാനം.’’ കാഞ്ഞൂർ പള്ളി വികാരി ഫാ. ജോസഫ് കണിയാംപറമ്പിൽ പറഞ്ഞു.
ടിപ്പു സുൽത്താൻ തിരുവിതാംകൂറിലേക്കു നടത്തിയ പടയോട്ടങ്ങളെ അതിജീവിച്ച പള്ളിയാണ് കാഞ്ഞൂരിലേത്. ടിപ്പുവിന്റെ പടയുടെ ആക്രമണങ്ങളിൽ നിന്നു ജന്മനാടിനെ രക്ഷിക്കാൻ കാഞ്ഞൂർ നിവാസികൾ വിശുദ്ധ സെബസ്ത്യനോസിനു മുന്നിൽ പ്രാർഥനയ്ക്ക് ഒത്തു ചേർന്നത് കാഞ്ഞൂർ പള്ളിയുടെ ചരിത്രത്തിന്റെ ഭാഗമാണ്. ടിപ്പു സുൽത്താൻ എത്തിയ സമയത്ത് ‘എന്നെ ഇവിടെ ഇരിക്കാൻ അനുവദിക്കില്ലേ’ എന്ന് അശരീരി ഉണ്ടായെന്നും അതു കേട്ട് പള്ളി ആക്രമിക്കാതെ ടിപ്പു സുൽത്താൻ മടങ്ങിയെന്നുമാണ് ഐതിഹ്യം.
ആനവിളക്ക്
കാഞ്ഞൂരിലെ സെബസ്ത്യനോസ് വിശ്വാസികൾക്ക് അദ്ഭുതങ്ങളുടെ പുണ്യാളനാണ്. വിളിച്ചു വിളികേട്ട പുണ്യാളനെന്നു പ്രദേശവാസികളുടെ വിശേഷണം. പെരിയാറിൽ ഒഴുക്കിൽ പെട്ടയാൾ കരകയറിയതും ജന്മനാ കേൾവി ശക്തിയില്ലാത്ത കുഞ്ഞിനു കേൾവി ശക്തി കിട്ടിയതുമായി ഒട്ടേറെ അനുഭവ കഥകൾ ഈ നാട്ടിലുള്ളവർക്കു പറയാനുണ്ട്.
‘‘ശക്തൻ തമ്പുരാനുമായി ബന്ധപ്പെട്ടതാണ് മറ്റൊരു കഥ. എഴുന്നള്ളത്തിനിറങ്ങിയ തമ്പുരാനെ കണ്ടിട്ടും പള്ളിയുടെ മുന്നിലിരുന്നയാൾ എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല. കോപിഷ്ടനായ രാജാവ് പള്ളിയുടെ പടിപ്പുര പൊളിക്കാൻ ഉത്തരവിട്ടു. മടങ്ങിയെത്തിയ ശക്തൻ തമ്പുരാന് സ്വന്തം കോവിലകത്തിന്റെ പടിപ്പുര ഒരു ആന കുത്തി മറിക്കുന്നതു കാണേണ്ടി വന്നു. പുണ്യാളന്റെ ശക്തിയാണെന്നു മനസിലാക്കിയ രാജാവ് കാഞ്ഞൂർ പള്ളിയിൽ ആനവിളക്കും തുടൽ വിളക്കും കാണിക്കയായി സമർപ്പിച്ചു. അതിന്റെ ഓർമ പുതുക്കലായി ഇന്നും പള്ളിയിലെ പ്രധാന തിരുനാൾ ദിവസം ആനവിളക്ക് പൊതുജന വണക്കത്തിനു വയ്ക്കാറുണ്ട്. വിളക്കിലെ എണ്ണ ഔഷധമാണെന്നു വിശ്വാസം. മുത്തുക്കുടയും പഞ്ചവാദ്യവും അകമ്പടി സേവിക്കുന്ന പ്രദക്ഷിണം ഏഷ്യയിലെ വലിയ പ്രദക്ഷിണമെന്നാണ് അറിയപ്പെടുന്നത്. മതഭേദമില്ലാതെ പ്രദേശവാസികൾ ഒത്തൊരുമിക്കുന്ന പ്രദക്ഷിണം കാഞ്ഞൂരിന്റെ സാഹോദര്യം വിളിച്ചോതുന്നു. ’’ പള്ളി വികാരി പറഞ്ഞു.
അമ്പെഴുന്നള്ളിക്കലാണ് കാഞ്ഞൂർ പള്ളി തിരുനാളിലെ പ്രധാന ചടങ്ങ്. വെള്ളിക്കുരിശുകളും മുത്തുക്കുടകളും വാദ്യമേളത്തിന്റെ അകമ്പടിയോടെ ഈ സമയത്ത് പ്രദക്ഷിണം നടത്തും. നെടുമ്പാശേരി വിമാനത്താവളത്തിന്റെ സമീപത്താണെങ്കിലും കാഞ്ഞൂർ പള്ളിയുടെ ഐതിഹ്യ പെരുമ നിലനിർത്താനായി വെടിക്കെട്ടു നടത്താൻ അനുമതി നൽകാറുണ്ട്.
ഡയക്ലീഷ്യൻ ചക്രവർത്തിയുടെ സേവകർ ഗദയ്ക്കടിച്ചു കൊലപ്പെടുത്തിയ സെബസ്ത്യനോസിന്റെ മൃതദേഹത്തിന് പരുന്തുകൾ കാവൽ നിന്നുവെന്നാണു വിശ്വാസം. കാഞ്ഞൂർ പള്ളിയിൽ തിരുനാൾ പ്രദക്ഷിണം നടക്കുമ്പോൾ ആകാശത്തു പരുന്തുകൾ വട്ടമിട്ടു പറക്കുമെന്നും സെബസ്ത്യനോസിന്റെ സാന്നിധ്യം അറിയിക്കുമെന്നും വിശ്വാസത്തിന്റെ ദീപം സാക്ഷിയാക്കി ഇവിടത്തുകാർ പറയുന്നു.
കാഞ്ഞൂർ പള്ളി:
അങ്കമാലിക്കടുത്താണ് കാഞ്ഞൂർ സെന്റ് മേരീസ് പള്ളി. സെന്റ് മേരീസ് ദേവാലയവും സെബാസ്ത്യനോസിന്റെ തീർഥാടന കേന്ദ്രവുമാണ്. പെരിയാർ പാലത്തിനു സമീപത്തു നിന്ന് മൂന്നു കി.മീ. സഞ്ചരിച്ചാൽ പള്ളിയിലെത്താം.