Saturday 18 September 2021 04:04 PM IST : By സ്വന്തം ലേഖകൻ

‘കണ്ട് ബോധ്യപ്പെട്ട ഫാമിലെ സാധനങ്ങളേ എടുക്കാറുള്ളൂ..’; വിഷരഹിത പച്ചക്കറി ബിസിനസിൽ താരമായി മാറിയ വിനയ

fresh-sadhyyyyyy

നിത്യവും അവിയലും സാമ്പാറും കഴിക്കണം എന്നതൊഴിച്ചാൽ പച്ചക്കറി ബിസിനസ് അടിപൊളിയാണ് വിനയയ്ക്ക്. ലോക്ഡൗൺ കാലത്ത് മനസിലുദിച്ച ഐഡിയയാണ് പച്ചക്കറി വ്യാപാരം. വിചാരിച്ചതിലും കൂടുതൽ സ്വീകാര്യതയാണ് ഇപ്പോൾ കോതമംഗലം സ്വദേശിനി വിനയയുടെ ഓൺലൈൻ കച്ചവടത്തിന്.

‘‘മൂവാറ്റുപുഴയ്ക്കടുത്ത് മണ്ണൂരാണ് ജനിച്ചത്. അമ്മയ്ക്ക് അത്യാവശ്യം കൃഷിയുണ്ടായിരുന്നു. അതുകൊണ്ട് കർഷകരുടെ അധ്വാനവും അവർ അനുഭവിക്കുന്ന പ്രശ്നങ്ങളും എല്ലാം അറിയാം. കൂടുതൽ ആളുകളിലേക്ക് ഫ്രഷ് പച്ചക്കറികൾ എങ്ങനെ എത്തിക്കാം എന്ന് ചിന്തിച്ചു തുടങ്ങിയിടത്തു നിന്നാണ് ബിസിനസിന്റെ തുടക്കം.

ഭർത്താവ് അമൽ കല്ലാട്ട് കോതമംഗലംകാരനാണ്. സോഫ്റ്റ്‌വെയർ ഡവലപ്പറായ അമലാണ് വെബ്സൈറ്റ് വഴിയുള്ള ബിസിനസ് ഐഡിയ തന്നത്. www.findfresh.in എന്നാണ് വെബ്സൈറ്റ്. ഇതേ പേരിൽ തന്നെ ആപ്ലിക്കേഷനും പ്ലേ സ്റ്റോറിൽ ലഭിക്കും.

ശുദ്ധമായത്

വിഷരഹിത പച്ചക്കറികള്‍ക്കാണ് പ്രാധാന്യം നൽകുന്നത്. കണ്ട് ബോധ്യപ്പെട്ട ഫാമിലെ സാധനങ്ങളേ എടുക്കാറുള്ളൂ. ഇതിൽ നാടൻ പച്ചക്കറികൾക്കും പഴങ്ങൾക്കുമാണ് കൂടുതൽ ഡിമാൻഡ്. ഓരോ ഫാമിൽ നിന്നും പറിച്ചെടുക്കുന്ന പച്ചക്കറികൾ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ആവശ്യക്കാരുടെ കൈകളിൽ എത്തിക്കും.

പെരിയാറിന്റെ തീരങ്ങളിലെ കൃഷിയിടങ്ങളിൽ നിന്നാണ് കൂടുതലും പച്ചക്കറികൾ എടുക്കുന്നത്. ഓരോ ദിവസവും വെബ്സൈറ്റിൽ വിലയും സാധനങ്ങളും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും.

ഓട്ടോറിക്ഷകൾ വഴിയാണ് കൃത്യസ്ഥലങ്ങളിൽ എത്തിക്കാറ്. ലോക്ഡൗൺ സമയത്ത് നിരവധി ഓട്ടോ തൊഴിലാളികൾക്ക് പണി നഷ്ടപ്പെട്ടു. അങ്ങനെയുള്ളവരും പച്ചക്കറി ഡെലിവറിക്ക് എത്താറുണ്ട്.

പാക്ക് ചെയ്യാനും അളവ് തിട്ടപ്പെടുത്താനുമെല്ലാം സ്ത്രീ തൊഴിലാളികളാണ് ഉള്ളത്. വീട്ടമ്മമാരെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് വിത്ത് നൽകി കൃഷി ചെയ്യിക്കുന്ന പദ്ധതി മനസ്സിലുണ്ട്.

വീട്ടിലും ഈ പച്ചക്കറികൾ തന്നെയാണ് ഉപയോഗിക്കുന്നത്. മുറിച്ചു വച്ച പച്ചക്കറികൾ ബാക്കി വന്നാൽ അവ ഫ്രിജിൽ വച്ച് സൂക്ഷിച്ച് വീണ്ടും കച്ചവടം ചെയ്യാറില്ല. അവ വീട്ടിലെ ആവശ്യത്തിനും സ്റ്റാഫ് ചേച്ചിമാർക്കും നൽകുകയാണ് പതിവ്. ആഘോഷങ്ങളൊന്നും ഇല്ലെങ്കിലും വീട്ടിൽ എന്നും സദ്യയാണ്.

MY OWN WAY

∙ പച്ചക്കറി വാങ്ങുമ്പോള്‍ ആരാണ് അതു കൃഷി ചെയ്തത് എന്ന വിവരം കൂടി കസ്റ്റമറിനു നൽകും.

∙ വില കുറയ്ക്കാൻ വേണ്ടി ഗുണമേന്മയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. 

∙ അധികമായി വരുന്ന പച്ചക്കറികൾ സംഭാവന നൽകാറുണ്ട്.

∙ ലാഭത്തെക്കാൾ വാങ്ങുന്നവരുടെ ആരോഗ്യമാണ് മുഖ്യം.  

Tags:
  • Columns