Friday 24 August 2018 03:38 PM IST

ഈ ഓണപായസം 15 മിനിറ്റിനുള്ളിൽ തയാറാക്കാം

Annie

Cooking Expert

annie-payasam1

ഓണം നിറവായി തീരണമെങ്കിൽ പൂക്കളവും ഓണക്കോടിയും ഓണക്കളികളും മാത്രമല്ല, ഓണസദ്യ കൂടി വേണം. സദ്യ എന്നു കേൾക്കുമ്പോൾ പതിനാലുക്കൂട്ടം കറികളൊന്നുമല്ല, എന്റെ മനസ്സിലേക്ക് ഓടിച്ചാടി വരുന്നത്. പഞ്ചസാരയും ശർക്കര യും പാലുമെല്ലാം കൂടിച്ചേരുന്ന പായസ മധുരമാണ്. സദ്യയുണ്ട് പായസം കൂടി കുടിച്ചെഴുന്നേറ്റാലേ മനസ്സിനു തൃപ്തി വരൂ. സദ്യയ്ക്ക് മാത്രമല്ല എന്നും ഊണിനുശേഷം അൽപം മധു   രം കിട്ടിയാൽ എനിക്ക് സന്തോഷമാണ്.

ഓരോ ഓണത്തിനും വ്യത്യസ്ത പായസങ്ങളുണ്ടാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ഇത്തവണ ഓണത്തിന് തയാറാക്കാൻ ഒരു അടിപൊളി പായസം കിട്ടിയിട്ടുണ്ട്. പാലും  പഴങ്ങളും ഡ്രൈഫ്രൂട്സുമെല്ലാം ചേരുന്ന ഫ്രൂട്ട് പായസം. 15 മിനിറ്റ് കൊണ്ടു തയാറാക്കാവുന്ന ഈസി പായസം. എന്റെ ഒരു ആന്റി സൗത് ആഫ്രിക്കയിൽ ഉണ്ട്. സോഫിയാന്റി. കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ആന്റി  ഞങ്ങളെ വിരുന്നിനു ക്ഷണിച്ചു. ഭക്ഷണത്തിനൊടുവിൽ മധുരമായി വിളമ്പിയത് ഈ പായസമായിരുന്നു. ഞങ്ങൾക്കെല്ലാം അതു നന്നായി ഇഷ്ടപ്പെട്ടു.

annie--payasam3

ഞാൻ വേഗം സോഫിയാന്റിയോട് റെസിപ്പിയൊക്കെ ചോദിച്ചു മനസ്സിലാക്കി. പിന്നീട് വീട്ടിൽ ഒരു വിശേഷം വന്നപ്പോൾ ഞാൻ ഫ്രൂട്ട് പായസമാണ് തയാറാക്കിയത്. നിമിഷങ്ങൾക്കുള്ളിൽ പായസപാത്രം കാലിയായി. പാലു പിരിഞ്ഞു പോകുമെന്നുള്ളതുകൊണ്ടാണ് പഴങ്ങൾ വേവിച്ചത് വെള്ളമൂറ്റിക്കളഞ്ഞ് ചൂടാറിയശേഷം ചേർക്കാൻ പറയുന്നത്.

1. ചേരുവകൾ തയാറാക്കി വയ്ക്കുക.
2. ഒരു പാത്രത്തിൽ പഞ്ചസാര അൽപം വെള്ളമൊഴിച്ച് പാനിയാക്കുക.
3. കഷണങ്ങളാക്കി വച്ച പഴങ്ങൾ ഇതിലേക്കു ചേർത്ത് തിളപ്പിച്ചൂറ്റി ചൂടാറാൻ വയ്ക്കുക.

annie-payasam2

4. പാലും കണ്ടൻസ്ഡ് മിൽക്കും പാൽപൊടിയും അരക്കപ്പ് വെള്ളത്തിൽ കലക്കിയത് തിളപ്പിച്ച് കുറുക്കുക.
5. ഇതിലേക്ക് ചൗവ്വരി വേവിച്ചത് ചേർക്കുക.
6. നന്നായി തിളയ്ക്കുമ്പോൾ പകുതി ഡ്രൈഫ്രൂട്സ് ചേർക്കുക.

7. പഞ്ചസാര ചേർത്ത് മധുരം പാകമാക്കുക.
8. ഏലയ്ക്കപ്പൊടി ചേർത്തു പാൽ ചൂടാറാൻ വയ്ക്കുക.
9. നന്നായി ചൂടാറിയശേഷം വേവിച്ചൂറ്റി വച്ചിരിക്കുന്ന പഴങ്ങളും  ഡ്രൈഫ്രൂട്സ്  നെയ്യിൽ മൂപ്പിച്ചതും ചേർത്തിളക്കുക.

annie-payasam4

ഫ്രൂട്ട് പായസം

1.    പഞ്ചസാര – രണ്ടു വലിയ സ്പൂൺ
2.    പൈനാപ്പിൾ – ഒന്നിന്റെ പകുതി, ചെറിയ കഷണങ്ങളാക്കിയത്
    മാതളനാരങ്ങ – ഒന്ന്, അല്ലികൾ അടർത്തിയത്
    ഏത്തപ്പഴം – ഒന്ന്, ചെറിയ കഷണങ്ങളാക്കിയത്
    ആപ്പിൾ – ഒന്ന്, ചെറിയ കഷണങ്ങളാക്കിയത്
3.    പാൽ – ഒരു ലീറ്റർ
    പാൽപൊടി – നാലു വലിയ സ്പൂൺ
    കണ്ടൻസ്ഡ് മിൽക്ക് – അര ടിൻ

annie-payasam5

4.    ചൗവ്വരി  – ഒരു ചെറിയ പാക്കറ്റ്, വേവിച്ചത്
5.    കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, പിസ്ത/ ബദാം – പതിനഞ്ചെണ്ണം വീതം
6.    നെയ്യ്, പഞ്ചസാര – പാകത്തിന്
7.    ഏലയ്ക്കാപൊടി – രണ്ടു നുള്ള്

Secret Tips

∙ ഉണക്കലരി, തേങ്ങാപ്പാൽ, ശർക്കര എന്നിവ ചേരുന്ന അടപ്രഥമൻ, പരിപ്പുപ്രഥമൻ, സൂചിഗോതമ്പു പായസം എന്നിവ വളരെയേറെ പോഷകഗുണങ്ങളുള്ള പായസങ്ങളാണ്.
∙ഒരു സദ്യ ഉണ്ടു കഴിയുമ്പോൾ 2000 കാലറി ഊർജം കിട്ടുന്നുണ്ട്.

annie-payasam8