Friday 09 February 2018 04:39 PM IST

ചിക്കൻ ഇൻ ചില്ലി ഓയിസ്റ്റർ

Annie

Cooking Expert

annie1 ആനി, പാചകവിദഗ്ധ

റെസിപ്പി എന്റെ പ്രിയപ്പെട്ടതായതിനു പിന്നിൽ ഒരു കഥയുണ്ട്. ഷാജിയേട്ടന്റെ കൂട്ടുകാരൻ സംവിധായകൻ ബി ഉണ്ണികൃഷ്ണനു തിരുവനന്തപുരത്ത് ‘ഗ്രാന്റ്മാസ്റ്റേഴ്സ് കിച്ചൻ’ എന്ന പേരിലൊരു റസ്റ്ററന്റ് ഉണ്ട്. ഇടയ്ക്കിടെ ഷാജിയേട്ടൻ ഞങ്ങളെ അവിടെ കൊണ്ടുപോകും. എന്നു ചെല്ലുമ്പോഴും അധികം പരീക്ഷണം നടത്താതെ നൂഡിൽസ്, പാസ്ത, റൈസ് തുടങ്ങിയവ ഓർഡർ ചെയ്യുന്നതു കണ്ട് ഒരിക്കൽ ഉണ്ണികൃഷ്ണൻ കളിയാക്കി. എന്നിട്ട് ‘ഇതൊന്നു പരീക്ഷിച്ചു നോക്കൂ’ എന്ന നിർദ്ദേശത്തോടെ മെനു കാർഡിലെ ഒരു വിഭവം ചൂണ്ടികാട്ടി എഴുന്നേറ്റു പോയി.


ആകാംക്ഷയോടെ ഇരുന്ന ഞങ്ങൾക്കു മുന്നിലേക്കു കൊണ്ടുവച്ച വിഭവം കണ്ടു ഞാനൊന്നു ഞെട്ടി. ഇതാണോ ചിക്കൻ ഇൻ ചില്ലി ഓയ്സ്റ്റർ? ചുവന്ന ഗ്രേവിയിൽ ചിക്കൻ വെളുത്തു കിടക്കുന്നു. എല്ലാവരുടെ മുഖത്തും കഴിക്കണോയെന്നൊരു സംശയഭാവം. സുഹൃത്തിനെ വിഷമിപ്പിക്കണ്ടാന്നു കരുതി ഷാജിയേട്ടൻ കഴിച്ചു തുടങ്ങി. കഴിച്ചു കഴിച്ചു വരുമ്പോഴുണ്ടല്ലോ നല്ല ടേസ്റ്റാണെന്നൊരു ഭാവം ഷാജിയേട്ടന്റെ മുഖത്ത് വിരിയുന്നു. അച്ഛൻ കഴിക്കുന്നതു കണ്ട് ‘കഴിക്കാൻ തോന്നുന്നു’ എന്നു പറഞ്ഞ് മക്കളും പാത്രത്തിൽ കൈവെച്ചു. അവരുടെ കഴിപ്പു കണ്ടപ്പോൾ എനിക്കും തോന്നി, ഒന്നു ട്രൈ ചെയ്താലോ?


ഉണ്ണികൃഷ്ണന്റെ ഷെഫ് തന്ന റെസിപ്പി വീട്ടിൽ പരീക്ഷിച്ച് ഷാജിയേട്ടന്റേയും മക്കളുടേയും സർട്ടിഫിക്കറ്റ് കിട്ടിയിട്ടേ എനിക്കു സമാധാനമുണ്ടായുള്ളൂ.അത്രയ്ക്കു രുചിയായിരുന്നു.
ഇതുതന്നെ ബീഫു വച്ചും തയാറാക്കാം. ബീഫ് പാകത്തിന് ഉപ്പും കുരുമുളകും വെള്ളവുമൊഴിച്ചു വേവിച്ചു സ്റ്റോക്കോടുകൂടി ചേർക്കാം.

ചിക്കൻ ഇൻ ചില്ലി ഓയ്സ്റ്റർ


1.    ചിക്കൻ ബ്രെസ്റ്റ് – 200 ഗ്രാം
2.    എണ്ണ – രണ്ടു വലിയ സ്പൂൺ
3.    ഇഞ്ചി,  വെളുത്തുള്ളി അരിഞ്ഞത് – 40 ഗ്രാം വീതം
    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 40 ഗ്രാം
4.    സവാള – രണ്ട്, ഇടത്തരം
    കാപ്സിക്കം (പച്ച, ചുവപ്പ്, മഞ്ഞ) – ഒന്നിന്റെ പകുതി വീതം
    സെലറി – ഒരു തണ്ട്
5.    ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
    ഗ്രീൻ ചില്ലി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ
6.    ടുമാറ്റോ സോസ് –  ഒരു വലിയ സ്പൂൺ
    ഓയ്സ്റ്റർ സോസ് – ഒരു  ചെറിയ സ്പൂൺ
    സോയാ സോസ് – അര ചെറിയ സ്പൂണ്‍
7.    സ്പ്രിങ് ഒണിയൻ, കനം കുറച്ച് നീളത്തിൽ മുറിച്ചത് – നാലു വലിയ സ്പൂൺ
    മല്ലിയില – രണ്ടു വലിയ സ്പൂൺ
കൂട്ടുകള്‍ എല്ലാമായി. ഇനി വണ്‍, ടൂ, ത്രീ... ഒന്‍പതു സ്റ്റെപ്പുകളില്‍ ചിക്കന്‍കറി െറഡി. ചിത്രങ്ങള്‍ നോക്കി ഉണ്ടാക്കി തുടങ്ങിക്കോളൂ...

1.    ചേരുവകളെല്ലാം തയാറാക്കി വയ്ക്കുക.  

annie2


2.    ചിക്കൻ ചെറിയ ചതുരകഷണങ്ങളായി മുറിച്ചു നെയ്മയം പോകുന്നതു വരെ കഴുകി വെള്ളം വാലാൻ വയ്ക്കണം.

annie3


3.    പാനിൽ എണ്ണ ചൂടാക്കി  വെളുത്തുള്ളിയും ഇഞ്ചിയും വെളുത്തുള്ളി – ഇഞ്ചി പേസ്റ്റും ചേർത്ത് ചെറുതായി വഴറ്റുക.

annie4

4.     സവാള, കാപ്സിക്കം, സെലറി എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.

annie5


5.    ചിക്കൻ ചേർത്ത് അൽപസമയം ഇളക്കുക.

annie6


6.    ചിക്കൻ നിറം മാറി വെളുത്തു വരുമ്പോൾ ഉപ്പും കുരുമുളകും ഗ്രീൻ ചില്ലി പേസ്റ്റും  ചേർക്കുക.

annie7

7.     സോസുകൾ ചേർക്കുക.

annie8


8.     വെള്ളമൊഴിച്ച് ചിക്കൻ വേവിക്കുക. ഗ്രേവി കുറുകാൻ അൽപം കോൺഫ്ലോർ വെള്ളത്തിൽ കലക്കി ചേർക്കാം.

annie9


9.     വിളമ്പുന്നതിനു തൊട്ടു മുമ്പ് സ്പ്രിങ് ഒണിയനും മല്ലിയിലയും മുകളിൽ വിതറി അലങ്കരിക്കുക.

annie10

Super Tips


∙ഗ്രേവി കുറുകിയിരിക്കാൻ കോൺഫ്ലോറിനു പകരം കാഷ്യൂ പേസ്റ്റ് അധികം കട്ടിയില്ലാതെ ചേർത്താല്‍ മതി.
∙ബാക്കിയുള്ള മൂന്നു കളർ കാപ്സിക്കം, ഒരു സവാള, സെലറി, സ്പ്രിങ് ഒണിയൻ, മ ല്ലിയില ഇവ അരിഞ്ഞ് അരമുറി നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് രണ്ടു കുരുമുളകും പൊടിച്ചിട്ട് ഉപ്പും ചേർത്താൽ ഫാറ്റ് ഉരുക്കിക്കളയും ഗ്രീൻ സാലഡ് ആയി.