മുത്തശ്ശിയുടെ രുചിക്കൂട്ടുകളോട് നമുക്കെല്ലാവർക്കും വല്ലാത്തൊരു ഇഷ്ടമുണ്ട് അല്ലേ? വളരെക്കാലങ്ങൾ കഴിഞ്ഞ് കുട്ടിക്കാല ഓർമകൾ വന്നു തൊടുമ്പോൾ, മുത്തശ്ശി വിളമ്പിയ സ്നേഹമധുരം നുണഞ്ഞിരിക്കുന്ന കുട്ടിക്കുറുമ്പാകാൻ തോന്നാറില്ലേ? എന്റെ കുട്ടിക്കാലം എനിക്കെന്തൊരിഷ്ടമാണെന്നോ! എന്റെ അമ്മൂമ്മയുടെ അതായത് അപ്പന്റെ അമ്മയുടെ പോലെയാണ് ഞാനെന്ന് ബന്ധുക്കള്‍ എന്നെ കാണുമ്പോഴൊക്കെ പറയും. കുട്ടിയായിരുന്നപ്പോൾ അതെന്നിൽ യാതൊരു വികാരവുമുണ്ടാക്കിയിരുന്നില്ലെങ്കിലും ഇപ്പോഴുള്ള ഒത്തുകൂടലുകളിൽ ആ ഓർത്തെടുക്കൽ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നും. അമ്മൂമ്മയെനിക്ക് ഉണ്ടാക്കി തരാറുള്ള പലഹാരങ്ങളോർമ വരും. ഒന്നുകൂടി ഒരു കുഞ്ഞുകുട്ടിയായി ആ മടിയിലിരിക്കാൻ തോന്നും.
ഇവിടെ ഷാജിയേട്ടന്റെ അമ്മയ്ക്കും പേരക്കുട്ടികളോട് വലിയ വാത്സല്യമാണ്. എത്ര വയ്യെങ്കിലും ഇടയ്ക്ക് അവർക്കു വേണ്ടി എന്തെങ്കിലും ഉണ്ടാക്കി വയ്ക്കും. ഏട്ടനൊക്കെ കുട്ടിയായിരുന്നപ്പോൾ സ്കൂളിൽ നിന്ന് വിശന്നു വരുന്ന സമയത്ത് നുണയാനായി എന്തെങ്കിലും ഉണ്ടാക്കി വയ്ക്കുമായിരുന്നത്രേ. അവരെല്ലാം മധുരപ്രിയരായിരുന്നതുകൊണ്ട് കറാഞ്ചിയാണ് കൂടുതലുണ്ടാക്കുന്നത്. ഒരാഴ്ചത്തേക്കു കണക്കാക്കി ഒരു വലിയ പാത്രം നിറയെ ഉണ്ടാക്കി വയ്ക്കും. പക്ഷേ, ഏട്ടനും സഹോദരങ്ങളും കൂടി രണ്ടു ദിവസം കൊണ്ടത് തീർക്കും. അമ്മ പിന്നെയും ഉണ്ടാക്കേണ്ടി വരും.
മക്കൾ വലുതായിട്ടും അവർക്ക് കുട്ടികളായിട്ടും ഇടയ്ക്കിടെ അമ്മയത് ഇ പ്പോഴും തയാറാക്കാറുണ്ട്. പേരക്കുട്ടികൾക്കു വേണ്ടിയാണുണ്ടാക്കുന്നതെങ്കിലും അവരെക്കാൾ കൂടുതൽ അതു കഴിക്കുന്നത് ഏട്ടനാണ്. ആ പലഹാരം ഏട്ടനെ കുട്ടിക്കാലത്തേക്കു കൂട്ടികൊണ്ടു പോകുന്നപോലെ എനിക്ക് തോന്നാറുണ്ട്. മക്കൾ ഇടയ്ക്കിടെ പറയും, ‘അമ്മൂമ്മേ ആ പലഹാരമൊന്നു ഉണ്ടാക്കൂ.’ അതു കേൾക്കുമ്പോൾ അമ്മയ്ക്ക് എവിടെനിന്നാണ് ഉത്സാഹം വരുന്നതെന്നറിയില്ല. പിന്നെയതുണ്ടാക്കി കൊടുത്ത് അവർ കഴിക്കുന്നത് കണ്ടാലേ അമ്മയുടെ മുഖത്ത് ചിരി വിടരുകയുള്ളൂ.
കറാഞ്ചി
1. മൈദ – ഒന്നര കപ്പ്
ഉപ്പ് – പാകത്തിന്
2. റവ – ഒരു കപ്പ്
3. തേങ്ങ ചുരണ്ടിയത് – മുക്കാൽ കപ്പ്
4. പഞ്ചസാര – അരക്കപ്പ്
5. കശുവണ്ടിപരിപ്പ്, ഉണക്കമുന്തിരി – ഒരു വലിയ സ്പൂൺ വീതം
6. നെയ്യ് – ഒരു വലിയ സ്പൂൺ
7. ഏലയ്ക്ക പൊടിച്ചത് – രണ്ടു നുള്ള്
തയാറാക്കുന്ന വിധം
1. ചേരുവകൾ തയാറാക്കി വയ്ക്കുക.
2. മൈദ ഉപ്പും വെള്ളവുമൊഴിച്ച് ചപ്പാത്തിമാവിനെക്കാള്‍ അൽപം കൂടി അയവിൽ കുഴച്ച് മാറ്റിവയ്ക്കുക.
3. ഒരു പാത്രം ചൂടാക്കി റവ വറുത്ത് മാറ്റി വയ്ക്കുക.
4. തേങ്ങ ചിരകിയത് വെള്ളം വറ്റുന്നതു വരെ വറുത്ത് മാറ്റിവയ്ക്കുക. തേങ്ങയുടെ നിറം മാറരുത്.
5. ഇതേ പാത്രത്തിൽ പഞ്ചസാര ഒരു വലിയ സ്പൂണ്‍ വെള്ളമൊഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് തേങ്ങ വറുത്തതിടുക.
6. കശുവണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർക്കുക 4, 6
7. വറുത്ത റവ ചേർക്കുക.
8. നെയ്യൊഴിച്ച് നന്നായി വരട്ടിയെടുക്കുക.
9. ഏലയ്ക്ക പൊടിച്ചതു ചേർത്ത് അടുപ്പിൽ നിന്നു വാങ്ങി വയ്ക്കുക.
10. മൈദമാവ് ചെറിയ ഉരുളകളാക്കി ഓരോന്നും പപ്പടം വട്ടത്തിൽ പരത്തുക
11. ഇതിനു നടുവിൽ തേങ്ങാമാശ്രിതം വച്ച് രണ്ടായി മടക്കി അറ്റം ഒട്ടിക്കുക. ജലാംശം വലിയാനായി പത്തു മിനിറ്റ് പേപ്പറിൽ നിരത്തിയിടണം.
12. പിന്നീട് തിളച്ച വെളിച്ചെണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തുകോരുക.
Secret Tips
∙ പാലിനോടും പാലുൽപന്നങ്ങളോടും അലർജിയുള്ള കുട്ടികൾക്ക് നെയ്യ് ധൈര്യമായി കൊടുക്കാം. വെണ്ണയുരുക്കുമ്പോൾ അതിൽ നിന്ന് പാലിലെ അലർജിയുണ്ടാക്കുന്ന ഘടകങ്ങൾ നീക്കം ചെയ്യപ്പെടുന്നുണ്ട്.
∙വീട്ടിൽ നെയ്യ് തയാറാക്കുമ്പോൾ, നെയ്യ് അടുപ്പിൽ നിന്നു വാങ്ങി വച്ച് ചൂടാറി തുടങ്ങുമ്പോൾ ഒരു കഷണം ശർക്കരയും അൽപം കറിവേപ്പിലയും ഇട്ടു വയ്ക്കുക. ചൂടാറിയ ശേഷം അവയെടുത്തു മാറ്റി കുപ്പികളിലാക്കി അടച്ചു സൂക്ഷിച്ചാൽ ദീർഘനാൾ കേടുകൂടാതെയിരിക്കും.